വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w94 8/1 പേ. 15-20
  • ന്യായയുക്തത നട്ടുവളർത്തുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ന്യായയുക്തത നട്ടുവളർത്തുക
  • വീക്ഷാഗോപുരം—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “ക്ഷമിക്കാൻ മനസ്സു​ള്ളവൻ”
  • സാഹച​ര്യ​മാ​റ​റ​ത്തി​നൊ​ത്തുള്ള വഴക്കം
  • അധികാ​രം പ്രയോ​ഗി​ക്കു​ന്ന​തിൽ ന്യായ​യു​ക്തത
  • യഹോ​വയെ അനുക​രി​ക്കുക, വഴക്കം കാണി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • യഹോവ ന്യായയുക്തനാണ്‌!
    വീക്ഷാഗോപുരം—1994
  • യഹോവയുടെ ഉദാരമനസ്‌കതയും ന്യായബോധവും വിലമതിക്കുക
    2013 വീക്ഷാഗോപുരം
  • “ഹൃദയത്തിൽ ജ്ഞാനി”—എങ്കിലും താഴ്‌മയുള്ളവൻ
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
കൂടുതൽ കാണുക
വീക്ഷാഗോപുരം—1994
w94 8/1 പേ. 15-20

ന്യായ​യു​ക്തത നട്ടുവ​ളർത്തു​ക

“നിങ്ങളു​ടെ ന്യായ​യു​ക്തത സകല മനുഷ്യ​രും അറിയട്ടെ. കർത്താവ്‌ അടു​ത്തെ​ത്തി​യി​രി​ക്കു​ന്നു.”—ഫിലി​പ്യർ 4:5, NW.

1. ഇന്നത്തെ ലോക​ത്തിൽ ന്യായ​യു​ക്ത​രാ​യി​രി​ക്കുക ഒരു വെല്ലു​വി​ളി​യാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

“ന്യായ​യു​ക്ത​നായ മനുഷ്യൻ”—അതൊരു സാങ്കൽപ്പിക കഥാപാ​ത്ര​മാ​ണെ​ന്നാണ്‌ ഇംഗ്ലീഷ്‌ പത്ര​പ്ര​വർത്ത​ക​നായ സർ അലൻ പാട്രിക്‌ ഹെർബർട്ട്‌ പറഞ്ഞത്‌. തീർച്ച​യാ​യും, ചില​പ്പോ​ഴൊ​ക്കെ തോന്നും, കലാപ​ക​ലു​ഷി​ത​മായ ഈ ലോകത്ത്‌ ന്യായ​യു​ക്ത​രായ ആളുക​ളേ​യില്ല എന്ന്‌. ദുർഘ​ട​മായ ഈ “അന്ത്യനാ​ളു​ക​ളിൽ” ആളുകൾ “ഉഗ്രൻമാ​രും” “വഴങ്ങാ​ത്ത​വ​രും” “യോജി​പ്പി​ലെ​ത്താൻ മനസ്സി​ല്ലാ​ത്ത​വ​രും”—മററു വാക്കു​ക​ളിൽ പറഞ്ഞാൽ ന്യായ​യു​ക്ത​മാ​യ​തൊ​ഴിച്ച്‌ എന്തും ചെയ്യു​ന്നവർ—ആയിരി​ക്കു​മെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (2 തിമോ​ത്തി 3:1-5, NW) എന്നിരു​ന്നാ​ലും, ദിവ്യ​ജ്ഞാ​ന​ത്തി​ന്റെ മുഖമു​ദ്ര​യാണ്‌ ന്യായ​യു​ക്തത എന്ന്‌ അറിഞ്ഞു​കൊണ്ട്‌ സത്യ​ക്രി​സ്‌ത്യാ​നി​കൾ അതിനെ വളരെ ഉത്‌കൃ​ഷ്ട​മായ ഒന്നായി കരുതു​ന്നു. (യാക്കോബ്‌ 3:17) ന്യായ​യു​ക്ത​ത​യി​ല്ലാത്ത ഒരു ലോകത്ത്‌ ന്യായ​യു​ക്ത​രാ​യി​രി​ക്കുക എന്നത്‌ അസാധ്യ​മാ​ണെന്ന തോന്നൽ നമുക്കില്ല. മറിച്ച്‌, ഫിലി​പ്യർ 4:5-ൽ കാണുന്ന അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ നിശ്വസ്‌ത ബുദ്ധ്യു​പ​ദേ​ശ​ത്തിൽ അടങ്ങി​യി​രി​ക്കുന്ന വെല്ലു​വി​ളി​യെ നാം പൂർണ​മാ​യും സ്വീക​രി​ക്കു​ന്നു: “നിങ്ങളു​ടെ ന്യായ​യു​ക്തത സകല മനുഷ്യ​രും അറിയട്ടെ.”

2. ഫിലി​പ്യർ 4:5-ലെ പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ വാക്കുകൾ നാം ന്യായ​യു​ക്ത​രാ​ണോ എന്നു നിർണ​യി​ക്കാൻ നമ്മെ സഹായി​ക്കു​ന്ന​തെ​ങ്ങനെ?

2 നാം ന്യായ​യു​ക്ത​രാ​ണോ എന്ന്‌ പരി​ശോ​ധി​ച്ചു​നോ​ക്കാൻ പൗലോ​സി​ന്റെ വാക്കുകൾ നമ്മെ എങ്ങനെ സഹായി​ക്കു​ന്നു​വെന്ന്‌ ശ്രദ്ധി​ക്കുക. നാം നമ്മെ എങ്ങനെ വീക്ഷി​ക്കു​ന്നു എന്നതല്ല പ്രശ്‌നം; മററു​ള്ളവർ നമ്മെ എങ്ങനെ വീക്ഷി​ക്കു​ന്നു​വെ​ന്ന​തും നാം എങ്ങനെ അറിയ​പ്പെ​ടു​ന്നു​വെ​ന്ന​തു​മാണ്‌ പ്രശ്‌നം. ഫിലി​പ്‌സി​ന്റെ പരിഭാ​ഷ​യിൽ ഈ വാക്യം ഇങ്ങനെ​യാണ്‌: “ന്യായ​യു​ക്ത​രാ​ണെ​ന്ന​തി​നു സൽപ്പേ​രു​ണ്ടാ​യി​രി​ക്കുക.” ‘ഞാൻ അറിയ​പ്പെ​ടു​ന്ന​തെ​ങ്ങ​നെ​യാണ്‌’ എന്ന്‌ നമുക്ക്‌ ഓരോ​രു​ത്തർക്കും ചോദി​ക്കാ​വു​ന്ന​താണ്‌. ‘ന്യായ​യു​ക്തൻ, വഴങ്ങു​ന്നവൻ, കുലീനൻ എന്നൊ​ക്കെ​യാ​ണോ ഞാൻ നേടി​യെ​ടു​ത്തി​രി​ക്കുന്ന പേര്‌? അല്ലെങ്കിൽ അയവി​ല്ലാ​ത്ത​വ​നെ​ന്നോ പരുക്ക​നെ​ന്നോ വഴങ്ങാ​ത്ത​വ​നെ​ന്നോ ആണോ ഞാൻ അറിയ​പ്പെ​ടു​ന്നത്‌?’

3. (എ) “ന്യായ​യുക്ത”മെന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു പദത്തിന്റെ അർഥ​മെന്ത്‌, ഈ ഗുണം ആകർഷ​ക​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) കൂടുതൽ ന്യായ​യു​ക്ത​നാ​കാൻ ഒരു ക്രിസ്‌ത്യാ​നിക്ക്‌ എങ്ങനെ പഠിക്കാ​നാ​വും?

3 ഇക്കാര്യ​ത്തിൽ നാം നേടി​യെ​ടു​ത്തി​രി​ക്കുന്ന പേര്‌ നാം യേശു​ക്രി​സ്‌തു​വി​നെ എത്രമാ​ത്രം അനുക​രി​ക്കു​ന്നു എന്നു പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. (1 കൊരി​ന്ത്യർ 11:1) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ തന്റെ സ്വർഗീയ പിതാ​വി​ന്റെ ന്യായ​യു​ക്ത​ത​യു​ടെ പരമോ​ന്നത മാതൃ​കയെ യേശു പരിപൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു. (യോഹ​ന്നാൻ 14:9) വാസ്‌ത​വ​ത്തിൽ, ‘ക്രിസ്‌തു​വി​ന്റെ സൗമ്യ​ത​യെ​യും ദയയെ​യും’ കുറിച്ചു പൗലോസ്‌ എഴുതി​യ​പ്പോൾ ദയയ്‌ക്ക്‌ (എപ്പീക്കീ​യാസ്‌) ഉപയോ​ഗിച്ച ഗ്രീക്കു പദത്തിനു “ന്യായ​യു​ക്തത,” അല്ലെങ്കിൽ അക്ഷരീ​യ​മാ​യി “വഴങ്ങുന്ന സ്വഭാവം” എന്നും അർഥമുണ്ട്‌. (2 കൊരി​ന്ത്യർ 10:1, NW) “പു[തിയ] നി[യമത്തി]ൽ സ്വഭാവ വർണന​യ്‌ക്ക്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഉത്‌കൃഷ്‌ട പദങ്ങളിൽ ഒന്ന്‌” എന്നാണ്‌ ദി എക്‌സ്‌പോ​സി​റേ​റ​ഴ്‌സ്‌ ബൈബിൾ കമെൻററി ഇതിനെ വിളി​ക്കു​ന്നത്‌. അത്യധി​കം ആകർഷ​ണീ​യ​മായ ഒരു ഗുണ​ത്തെ​യാണ്‌ ഇത്‌ വർണി​ക്കു​ന്നത്‌. കാരണം ഒരു പണ്ഡിതൻ ഈ പദത്തെ പരിഭാ​ഷ​പ്പെ​ടു​ത്തി​യത്‌ “മാധു​ര്യ​മുള്ള ന്യായ​യു​ക്തത” എന്നാണ്‌. അതു​കൊണ്ട്‌, തന്റെ പിതാ​വായ യഹോ​വ​യെ​പ്പോ​ലെ യേശു ന്യായ​യു​ക്തത പ്രകട​മാ​ക്കിയ മൂന്നു വിധങ്ങൾ നമുക്കു പരി​ശോ​ധി​ക്കാം. അതുവഴി, നമുക്ക്‌ എങ്ങനെ കൂടുതൽ ന്യായ​യു​ക്ത​രാ​യി​ത്തീ​രാം എന്നു പഠിക്കാം.—1 പത്രൊസ്‌ 2:21.

“ക്ഷമിക്കാൻ മനസ്സു​ള്ളവൻ”

4. “ക്ഷമിക്കാൻ മനസ്സുള്ളവ”നാണു താനെന്ന്‌ യേശു പ്രകട​മാ​ക്കി​യ​തെ​ങ്ങനെ?

4 തന്റെ പിതാ​വി​നെ​പ്പോ​ലെ, പലയാ​വർത്തി “ക്ഷമിക്കാൻ മനസ്സുള്ളവ”നായി​രു​ന്നു​കൊണ്ട്‌ യേശു ന്യായ​യു​ക്തത പ്രകട​മാ​ക്കി. (സങ്കീർത്തനം 86:5, NW) യേശു​വി​നെ അറസ്‌റ​റു​ചെ​യ്‌തു വിസ്‌ത​രിച്ച രാത്രി​യിൽ ആത്മമി​ത്ര​മായ പത്രോസ്‌ യേശു​വി​നെ മൂന്നു പ്രാവ​ശ്യം തള്ളിപ്പറഞ്ഞ സമയം​തന്നെ എടുക്കുക. യേശു​തന്നെ മുമ്പ്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചി​രു​ന്നു: “മനുഷ്യ​രു​ടെ മുമ്പിൽ എന്നെ തള്ളിപ്പ​റ​യു​ന്ന​വ​നെ​യോ എന്റെ പിതാ​വിൻമു​മ്പിൽ ഞാനും തള്ളിപ്പ​റ​യും.” (മത്തായി 10:33) യാതൊ​രു അയവോ കരുണ​യോ കൂടാതെ യേശു ഈ നിയമം പത്രോ​സി​ന്റെ കാര്യ​ത്തിൽ ബാധക​മാ​ക്കി​യോ? ഇല്ല. തന്റെ പുനരു​ത്ഥാ​ന​ത്തി​നു ശേഷം യേശു​തന്നെ പത്രോ​സി​നെ സന്ദർശി​ച്ചു. നിസ്സം​ശ​യ​മാ​യും, അതു മനസ്‌താ​പ​മുള്ള, ഹൃദയം​ത​കർന്ന ഈ അപ്പോ​സ്‌ത​ലനെ ആശ്വസി​പ്പിച്ച്‌ ധൈര്യം പകരാ​നാ​യി​രു​ന്നു. (ലൂക്കൊസ്‌ 24:34; 1 കൊരി​ന്ത്യർ 15:5) അതു കഴിഞ്ഞു താമസി​യാ​തെ, യേശു പത്രോ​സി​നു വൻ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പി​ച്ചു​കൊ​ടു​ത്തു. (പ്രവൃ​ത്തി​കൾ 2:1-41) ഇതു മാധു​ര്യ​മുള്ള ന്യായ​യു​ക്ത​ത​യു​ടെ ഏററവും ഉത്‌കൃ​ഷ്ട​മായ വിധമാ​യി​രു​ന്നു! സകല മനുഷ്യ​വർഗ​ത്തിൻമേ​ലും യഹോവ യേശു​വി​നെ ന്യായാ​ധി​പ​നാ​യി നിയമി​ച്ചി​രി​ക്കു​ന്നു എന്നു ചിന്തി​ക്കു​ന്നത്‌ ആശ്വാ​സ​ദാ​യ​ക​മല്ലേ?—യെശയ്യാ​വു 11:1-4; യോഹ​ന്നാൻ 5:22.

5. (എ) ചെമ്മരി​യാ​ടു​കൾക്കി​ട​യിൽ മൂപ്പൻമാർക്ക്‌ എന്തു സൽപ്പേ​രു​ണ്ടാ​യി​രി​ക്കണം? (ബി) നീതി​ന്യാ​യ കേസുകൾ കൈകാ​ര്യം​ചെ​യ്യു​ന്ന​തി​നു മുമ്പ്‌ മൂപ്പൻമാർ ഏതു വിവരങ്ങൾ പുനര​വ​ലോ​കനം ചെയ്‌തേ​ക്കാം, എന്തു​കൊണ്ട്‌?

5 മൂപ്പൻമാർ സഭയിൽ ന്യായാ​ധി​പൻമാ​രാ​യി പ്രവർത്തി​ക്കു​മ്പോൾ അവർ യേശു​വി​ന്റെ ന്യായ​യു​ക്ത​മായ മാതൃക പിൻപ​റ​റാൻ ശ്രമി​ക്കു​ന്നു. തങ്ങൾ ശിക്ഷി​ക്കു​ന്ന​വ​രാ​ണെന്ന്‌ ചെമ്മരി​യാ​ടു​കൾ ഭയപ്പെ​ടാൻ അവർ ആഗ്രഹി​ക്കു​ന്നില്ല. അതിനു​പ​കരം, അവർ യേശു​വി​നെ അനുക​രി​ക്കാൻ ശ്രമി​ക്കു​ന്നു. അങ്ങനെ, സ്‌നേ​ഹ​മുള്ള ഇടയൻമാ​രെന്ന നിലയിൽ അവരു​മാ​യി ഇടപെ​ടു​മ്പോൾ ചെമ്മരി​യാ​ടു​കൾക്കു സുരക്ഷി​ത​ത്വ​ബോ​ധം തോന്നു​ന്നു. നീതി​ന്യാ​യ കേസു​ക​ളിൽ ന്യായ​യു​ക്ത​രാ​കാ​നും ക്ഷമിക്കാൻ മനസ്സു​ള്ള​വ​രാ​കാ​നും അവർ സർവ ശ്രമവും ചെയ്യുന്നു. അത്തര​മൊ​രു കാര്യം കൈകാ​ര്യം​ചെ​യ്യു​ന്ന​തി​നു മുമ്പ്‌, 1992 ഒക്‌ടോ​ബർ 1 വീക്ഷാ​ഗോ​പു​ര​ത്തി​ലെ ‘യഹോവ, സർവഭൂ​മി​യു​ടെ​യും നിഷ്‌പക്ഷ ന്യായാ​ധി​പൻ,’ “മൂപ്പൻമാ​രേ, നീതി​യോ​ടെ വിധി​ക്കുക” എന്നീ ലേഖനങ്ങൾ പുനര​വ​ലോ​കനം ചെയ്യു​ന്നതു സഹായ​ക​മാ​ണെന്ന്‌ ചില മൂപ്പൻമാർ മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. അങ്ങനെ, യഹോ​വ​യു​ടെ ന്യായം​വി​ധി​ക്കൽവി​ധ​ത്തി​ന്റെ ഈ രത്‌ന​ചു​രു​ക്കം അവർ മനസ്സിൽ സൂക്ഷി​ക്കു​ന്നു: “ആവശ്യ​മാ​യി​രി​ക്കു​ന്നി​ടത്ത്‌ ദൃഢത, സാധ്യ​മാ​യി​രി​ക്കു​ന്നി​ടത്ത്‌ കരുണ.” ന്യായം​വി​ധി​ക്കൽ നടത്തു​മ്പോൾ കരുണ കാണി​ക്കാ​നുള്ള ചായ്‌വു തോന്നി​യാൽ, ന്യായ​മായ അടിസ്ഥാ​ന​മു​ണ്ടെ​ങ്കിൽ അപ്രകാ​രം ചെയ്യു​ന്ന​തിൽ തെററില്ല. (മത്തായി 12:7) പരുഷ​മോ നിർദ​യ​മോ ആയി ഇടപെ​ടു​ന്നെ​ങ്കിൽ അതു വലിയ അബദ്ധമാ​യി​രി​ക്കും. (യെഹെ​സ്‌കേൽ 34:4) അങ്ങനെ, നീതി​യു​ടെ അതിർവരമ്പുകൾക്കു​ള്ളിൽ നിന്നു​കൊണ്ട്‌ ഏററവും സ്‌നേ​ഹ​നിർഭ​ര​മായ, ദയാപൂർവ​ക​മായ ഗതി പിൻപ​റ​റാൻ ആവും​വി​ധം സജീവ​മാ​യി ശ്രമി​ച്ചു​കൊണ്ട്‌ മൂപ്പൻമാർ അബദ്ധം പററു​ന്നത്‌ ഒഴിവാ​ക്കു​ന്നു.—താരത​മ്യം ചെയ്യുക: മത്തായി 23:23; യാക്കോബ്‌ 2:13.

സാഹച​ര്യ​മാ​റ​റ​ത്തി​നൊ​ത്തുള്ള വഴക്കം

6. ഭൂതബാ​ധ​യുള്ള മകളു​ണ്ടാ​യി​രുന്ന വിജാ​തീയ സ്‌ത്രീ​യു​മാ​യി ഇടപെ​ട്ട​പ്പോൾ യേശു എങ്ങനെ​യാണ്‌ ന്യായ​യു​ക്തത പ്രകടി​പ്പി​ച്ചത്‌?

6 പുതിയ സ്ഥിതി​വി​ശേഷം ഉടലെ​ടു​ത്ത​പ്പോൾ യഹോ​വ​യെ​പ്പോ​ലെ യേശു ശീഘ്രം ഗതിമാ​റ​റു​ക​യോ അനുരൂ​പ​പ്പെ​ടു​ക​യോ ചെയ്‌തു. ഒരു സന്ദർഭ​ത്തിൽ, ഒരു വിജാ​തീയ സ്‌ത്രീ ഭൂതബാധ നിമിത്തം ശരിക്കും വിഷമി​ക്കു​ക​യാ​യി​രുന്ന തന്റെ മകളെ സുഖ​പ്പെ​ടു​ത്ത​ണ​മേ​യെന്ന്‌ അവനോ​ടു യാചിച്ചു. താൻ അവളെ സഹായി​ക്കാൻ ഉദ്ദേശി​ക്കു​ന്നി​ല്ലെന്ന്‌ ആദ്യ​മേ​തന്നെ യേശു അവളോ​ടു മൂന്നു വിധത്തിൽ സൂചി​പ്പി​ച്ചു. ഒന്ന്‌, അവളോട്‌ ഉത്തരം പറയാൻ കൂട്ടാ​ക്കാ​തി​രു​ന്നു​കൊണ്ട്‌; രണ്ട്‌, തന്നെ അയച്ചി​രി​ക്കു​ന്നത്‌ വിജാ​തീ​യ​രു​ടെ അടു​ത്തേക്കല്ല, യഹൂദ​രു​ടെ അടു​ത്തേ​ക്കാണ്‌ എന്നു വളച്ചു​കെ​ട്ടി​ല്ലാ​തെ പ്രസ്‌താ​വി​ച്ചു​കൊണ്ട്‌; മൂന്ന്‌, അതേ ആശയം ദയാപു​ര​സ്സരം വ്യക്തമാ​ക്കുന്ന ഒരു ദൃഷ്ടാ​ന്തം​കൊണ്ട്‌. എന്നുവ​രി​കി​ലും, ആ സ്‌ത്രീ പിൻമാ​റി​യില്ല. അതാകട്ടെ, അസാധാ​രണ വിശ്വാ​സ​ത്തി​ന്റെ തെളിവു നൽകു​ക​യും ചെയ്‌തു. ഈ പ്രത്യേക സാഹച​ര്യം കണക്കി​ലെ​ടു​ത്ത​പ്പോൾ യേശു​വി​നു മനസ്സി​ലാ​യി, അത്‌ ഒരു പൊതു​നി​യമം നടപ്പാ​ക്കാ​നുള്ള സമയമല്ല, മറിച്ച്‌ കൂടുതൽ ഉത്‌കൃ​ഷ്ട​മായ തത്ത്വങ്ങ​ളെ​പ്രതി വഴക്കമു​ള്ള​വ​നാ​യി​രി​ക്കേണ്ട സമയമാണ്‌ എന്ന്‌.a അങ്ങനെ, താൻ ചെയ്യില്ല എന്നു മൂന്നു പ്രാവ​ശ്യം സൂചി​പ്പി​ച്ച​തു​തന്നെ യേശു കൃത്യ​മാ​യും ചെയ്‌തു. ആ സ്‌ത്രീ​യു​ടെ മകളെ അവൻ സുഖ​പ്പെ​ടു​ത്തി!—മത്തായി 15:21-28.

7. മാതാ​പി​താ​ക്കൾ ഏതെല്ലാം വിധങ്ങ​ളിൽ ന്യായ​യു​ക്തത പ്രകടി​പ്പി​ച്ചേ​ക്കാം, എന്തു​കൊണ്ട്‌?

7 അതു​പോ​ലെ, ഉചിത​മാ​യി​രി​ക്കു​മ്പോൾ വഴക്കമു​ള്ള​വ​രാ​കാൻ മനസ്സു​ള്ള​വ​രാ​ണു നാം എന്നുള്ള ഒരു ധാരണ നമ്മെക്കു​റി​ച്ചു മററു​ള്ള​വർക്കു​ണ്ടോ? മാതാ​പി​താ​ക്കൾ അത്തരം ന്യായ​യു​ക്തത കൂടെ​ക്കൂ​ടെ പ്രകട​മാ​ക്കേ​ണ്ട​തുണ്ട്‌. ഓരോ കുട്ടി​യും വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ ഒരാളു​ടെ കാര്യ​ത്തിൽ വിജയ​ക​ര​മാ​യി​രുന്ന സംഗതി മറെറാ​രാ​ളു​ടെ കാര്യ​ത്തിൽ അനുചി​ത​മാ​യി​രു​ന്നേ​ക്കാം. അതിലു​മു​പരി, കുട്ടികൾ വളരു​ന്തോ​റും അവരുടെ ആവശ്യ​ങ്ങൾക്കും മാററം​വ​രു​ന്നു. വീട്ടി​ലെ​ത്തി​ച്ചേ​രാൻ ഒരു സമയം നിശ്ചയി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ അതിന്‌ അൽപ്പസ്വൽപ്പ​മൊ​ക്കെ മാററം വരുത്ത​ണ​മോ? കൂടുതൽ ഊർജ​സ്വ​ല​മായ വിധം അവലം​ബി​ച്ചാൽ കുടും​ബാ​ധ്യ​യനം പ്രയോ​ജ​ന​പ്ര​ദ​മാ​കു​മോ? ഏതെങ്കി​ലും നിസ്സാര ലംഘന​ങ്ങ​ളോട്‌ ഒരു മാതാ​വോ പിതാ​വോ ആവശ്യ​ത്തി​ലേറെ പ്രതി​ക​രി​ക്കു​ന്നെ​ങ്കിൽ ആ മാതാ​വോ പിതാ​വോ താഴ്‌മ​യു​ള്ള​വ​രാ​യി കാര്യങ്ങൾ നേരെ​യാ​ക്കാ​നുള്ള മനസ്സൊ​രു​ക്ക​മാ​ണോ പ്രകട​മാ​ക്കു​ന്നത്‌? അത്തരം സന്ദർഭ​ങ്ങ​ളിൽ വഴക്കമു​ള്ള​വ​രാ​യി​രി​ക്കുന്ന മാതാ​പി​താ​ക്കൾ തങ്ങളുടെ കുട്ടി​കളെ അനാവ​ശ്യ​മാ​യി പ്രകോ​പി​പ്പി​ക്കു​ന്ന​തും അവർ യഹോ​വ​യിൽനിന്ന്‌ അകന്നു​പോ​കു​ന്ന​തും ഒഴിവാ​ക്കു​ന്നു.—എഫേസ്യർ 6:4.

8. പ്രദേ​ശ​ത്തി​ന്റെ ആവശ്യ​ങ്ങ​ളു​മാ​യി അനുരൂ​പ​പ്പെ​ടു​ന്ന​തിൽ മൂപ്പൻമാർക്ക്‌ എങ്ങനെ നേതൃ​ത്വ​മെ​ടു​ക്കാ​നാ​വും?

8 പുതിയ സാഹച​ര്യ​ങ്ങൾ ഉടലെ​ടു​ക്കു​മ്പോൾ മൂപ്പൻമാ​രും അനുരൂ​പ​പ്പെ​ടേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌. എന്നാൽ അതേസ​മയം ദൈവ​ത്തി​ന്റെ വ്യക്തമായ നിയമ​ങ്ങ​ളിൽ ഒരിക്ക​ലും വിട്ടു​വീഴ്‌ച ചെയ്യാ​തി​രി​ക്കു​ക​യും വേണം. പ്രസം​ഗ​വേ​ല​യിൽ മേൽനോ​ട്ടം വഹിക്കു​മ്പോൾ പ്രദേ​ശത്തെ മാററങ്ങൾ നിങ്ങൾ ശ്രദ്ധി​ക്കാ​റു​ണ്ടോ? ചുററു​പാ​ടു​മുള്ള ആളുക​ളു​ടെ ജീവി​ത​രീ​തി​ക്കു മാററം​വ​രു​മ്പോൾ ഒരുപക്ഷേ സായാഹ്ന സാക്ഷീ​ക​ര​ണ​മോ തെരുവു സാക്ഷീ​ക​ര​ണ​മോ ടെലി​ഫോൺ സാക്ഷീ​ക​ര​ണ​മോ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ടി​വ​രും. ആ വിധങ്ങ​ളിൽ അനുരൂ​പ​പ്പെ​ടു​ന്നെ​ങ്കിൽ നമ്മുടെ പ്രസം​ഗ​നി​യോ​ഗം ഫലപ്ര​ദ​മാ​യി നിവർത്തി​ക്കാൻ അതു നമ്മെ സഹായി​ക്കും. (മത്തായി 28:19, 20; 1 കൊരി​ന്ത്യർ 9:26) തന്റെ ശുശ്രൂ​ഷ​യിൽ സകലത​ര​ത്തി​ലു​മുള്ള ആളുക​ളോട്‌ അനുരൂ​പ​പ്പെ​ടാൻ പൗലോ​സും പ്രത്യേ​കം ശ്രദ്ധിച്ചു. ദൃഷ്ടാ​ന്ത​മാ​യി, ആളുകളെ സഹായി​ക്കാ​നാ​യി പ്രാ​ദേ​ശിക മതങ്ങ​ളെ​യും സംസ്‌കാ​ര​ങ്ങ​ളെ​യും കുറിച്ചു വേണ്ട​പോ​ലെ പഠിച്ചു​കൊണ്ട്‌ നാമും അതേ​പോ​ലെ ചെയ്യു​ന്നു​ണ്ടോ?—1 കൊരി​ന്ത്യർ 9:19-23.

9. പ്രശ്‌നങ്ങൾ കൈകാ​ര്യം​ചെ​യ്യു​മ്പോൾ താൻ പണ്ടു ചെയ്‌തി​രു​ന്ന​പോ​ലെ മാത്രമേ ചെയ്യു​ക​യു​ള്ളൂ എന്ന്‌ ഒരു മൂപ്പൻ നിർബന്ധം പിടി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

9 ഈ അന്ത്യനാ​ളു​കൾ എക്കാല​ത്തെ​ക്കാ​ളും കൂടു​ത​ലാ​യി ദുർഘ​ട​മാ​യി​ത്തീ​രു​ക​യാണ്‌. അതു​കൊണ്ട്‌, തങ്ങളുടെ ചെമ്മരി​യാ​ടു​കളെ ഇപ്പോൾ അഭിമു​ഖീ​ക​രി​ക്കുന്ന ചില പ്രശ്‌ന​ങ്ങ​ളു​ടെ അന്ധാളി​പ്പി​ക്കുന്ന സങ്കീർണ​ത​യോ​ടും മുഷി​ച്ചി​ലി​നോ​ടും ഇടയൻമാ​രും അനുരൂ​പ​പ്പെ​ടേ​ണ്ട​യാ​വ​ശ്യം വന്നേക്കാം. (2 തിമൊ​ഥെ​യൊസ്‌ 3:1) മൂപ്പൻമാ​രേ, കർക്കശ​രാ​യി​രി​ക്കാ​നുള്ള സമയമല്ല ഇത്‌! വിഷയങ്ങൾ കൈകാ​ര്യം ചെയ്‌ത പണ്ടത്തെ വിധങ്ങൾ ഫലപ്ര​ദ​മ​ല്ലാ​താ​യി​ത്തീർന്നി​ട്ടു​ണ്ടെ​ങ്കിൽ, അല്ലെങ്കിൽ അത്തരം വിഷയങ്ങൾ സംബന്ധിച്ച്‌ അനു​യോ​ജ്യ​മെന്നു കണ്ട്‌ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” പുതിയ വിവരങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ തീർച്ച​യാ​യും, താൻ മുമ്പു ചെയ്‌തി​രു​ന്ന​പോ​ലെ​തന്നെ കാര്യങ്ങൾ കൈകാ​ര്യം​ചെ​യ്യാൻ ഒരു മൂപ്പൻ നിർബന്ധം പിടി​ക്കില്ല. (മത്തായി 24:45, NW; താരത​മ്യം ചെയ്യുക: സഭാ​പ്ര​സം​ഗി 7:10; 1 കൊരി​ന്ത്യർ 7:31.) വിഷാ​ദ​മ​ഗ്ന​യായ ഒരു സഹോ​ദ​രി​ക്കു തന്റെ കാര്യങ്ങൾ തുറന്നു​പ​റ​യാൻ പററിയ ഒരാളു​ടെ ആവശ്യം കലശലാ​യി തോന്നിയ ഒരു സമയത്ത്‌ വിശ്വ​സ്‌ത​നായ ഒരു മൂപ്പൻ അവരെ ആത്മാർഥ​മാ​യി സഹായി​ക്കാൻ ശ്രമിച്ചു. പക്ഷേ, അവരുടെ വിഷാ​ദത്തെ നിസ്സാ​ര​മ​ട്ടിൽ കണ്ട അദ്ദേഹം ലളിത​മായ പരിഹാ​രങ്ങൾ നിർദേ​ശി​ക്കു​ക​യാ​ണു ചെയ്‌തത്‌. അങ്ങനെ​യി​രി​ക്കു​മ്പോ​ഴാണ്‌, ആ സഹോ​ദ​രി​യു​ടെ അതേ പ്രശ്‌നം കൈകാ​ര്യം​ചെ​യ്യുന്ന ബൈബി​ള​ധി​ഷ്‌ഠിത വിവരങ്ങൾ വാച്ച്‌ ടവർ സൊ​സൈ​ററി പ്രസി​ദ്ധീ​ക​രി​ച്ചത്‌. ഒരിക്കൽക്കൂ​ടെ അവരു​മാ​യി സംസാ​രി​ക്കാൻ ഉറച്ച മൂപ്പൻ ഇപ്രാ​വ​ശ്യം പുതിയ വിവരങ്ങൾ ബാധക​മാ​ക്കു​ക​യും അവരുടെ ദുരി​താ​വ​സ്ഥ​യിൽ സമാനു​ഭാ​വം പ്രകടി​പ്പി​ക്കു​ക​യും ചെയ്‌തു. (താരത​മ്യം ചെയ്യുക: 1 തെസ്സ​ലൊ​നീ​ക്യർ 5:14, 15.) ന്യായ​യു​ക്ത​ത​യു​ടെ എന്തൊരു നല്ല ദൃഷ്ടാന്തം!

10. (എ) തമ്മിൽത്ത​മ്മി​ലും മൂപ്പൻമാ​രു​ടെ മുഴു സംഘ​ത്തോ​ടും വഴങ്ങുന്ന ഒരു മനോ​ഭാ​വം മൂപ്പൻമാർ പ്രകടി​പ്പി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌? (ബി) ന്യായ​യു​ക്ത​ത​യി​ല്ലാ​ത്ത​വരെ മൂപ്പൻമാ​രു​ടെ സംഘം എങ്ങനെ​യാണ്‌ വീക്ഷി​ക്കേ​ണ്ടത്‌?

10 തമ്മിൽത്ത​മ്മി​ലും വഴങ്ങുന്ന ഒരു മനോ​ഭാ​വം മൂപ്പൻമാർ പ്രകടി​പ്പി​ക്കേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌. മൂപ്പൻമാ​രു​ടെ സംഘം യോഗം ചേരു​മ്പോൾ ഏതെങ്കി​ലും ഒരു മൂപ്പൻ നടപടി​ക്ര​മ​ങ്ങ​ളിൽ മേധാ​വി​ത്വം പുലർത്താ​തി​രി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌! (ലൂക്കൊസ്‌ 9:48) അധ്യക്ഷം വഹിക്കു​ന്ന​യാൾക്ക്‌ ഇക്കാര്യ​ത്തിൽ വിശേ​ഷാൽ സംയമനം ആവശ്യ​മാണ്‌. മൂപ്പൻമാ​രിൽ ഭൂരി​ഭാ​ഗ​ത്തി​ന്റെ തീരു​മാ​ന​ത്തോട്‌ ഒന്നോ രണ്ടോ മൂപ്പൻമാർക്കു യോജി​ക്കാ​നാ​വു​ന്നി​ല്ലെ​ങ്കിൽ തങ്ങളുടെ വിധം​തന്നെ നടത്തി​ക്കി​ട്ടാൻ അവർ നിർബന്ധം പിടി​ക്കില്ല. അതിനു​പ​കരം, ബൈബിൾ തത്ത്വങ്ങ​ളൊ​ന്നും ലംഘി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കിൽ മൂപ്പൻമാർക്കു ന്യായ​യു​ക്തത ആവശ്യ​മാണ്‌ എന്ന സംഗതി ഓർത്തു​കൊണ്ട്‌ അവർ അതിനു വഴങ്ങി​ക്കൊ​ടു​ക്കും. (1 തിമൊ​ഥെ​യൊസ്‌ 3:2, 3) അതേസ​മയം, “അതി​ശ്രേ​ഷ്‌ഠ​രായ അപ്പോ​സ്‌ത​ലൻമാ”രായി സ്വയം ചമഞ്ഞ ‘ന്യായ​ര​ഹി​ത​രായ വ്യക്തി​ക​ളോ​ടു’ സഹിഷ്‌ണുത പുലർത്തി​യ​തി​നു കൊരി​ന്ത്യ സഭയെ പൗലോസ്‌ ശാസി​ച്ചു​വെന്ന്‌ മൂപ്പൻമാ​രു​ടെ സംഘം ഓർക്കു​ക​യും വേണം. (2 കൊരി​ന്ത്യർ 11:5, 19, 20, NW) അതു​കൊണ്ട്‌, ശാഠ്യ​പൂർവ​വും ന്യായ​ര​ഹി​ത​വു​മായ വിധത്തിൽ പെരു​മാ​റുന്ന ഒരു സഹമൂ​പ്പനെ ബുദ്ധ്യു​പ​ദേ​ശി​ക്കാൻ അവർ തയ്യാറാ​കണം. എന്നാൽ അങ്ങനെ ചെയ്യു​മ്പോൾ അവർത​ന്നെ​യും സൗമ്യ​രും ദയയു​ള്ള​വ​രു​മാ​യി​രി​ക്കണം.—ഗലാത്യർ 6:1.

അധികാ​രം പ്രയോ​ഗി​ക്കു​ന്ന​തിൽ ന്യായ​യു​ക്തത

11. യേശു​വി​ന്റെ നാളിലെ യഹൂദ മതനേ​താ​ക്കൻമാർ അധികാ​രം പ്രയോ​ഗിച്ച വിധവും യേശു പ്രയോ​ഗിച്ച വിധവും തമ്മിൽ എന്തു വൈരു​ദ്ധ്യ​മുണ്ട്‌?

11 യേശു ഭൂമി​യി​ലാ​യി​രുന്ന സമയത്ത്‌ ദൈവ​ദ​ത്ത​മായ തന്റെ അധികാ​രം പ്രയോ​ഗിച്ച വിധത്തിൽ അവന്റെ ന്യായ​യു​ക്തത ശരിക്കും വെട്ടി​ത്തി​ള​ങ്ങു​ക​യു​ണ്ടാ​യി. അവന്റെ നാളിലെ മതനേ​താ​ക്കൻമാ​രിൽനിന്ന്‌ അവൻ എത്ര വ്യത്യ​സ്‌ത​നാ​യി​രു​ന്നു! ഒരു ദൃഷ്ടാന്തം പരിചി​ന്തി​ക്കുക. ശബത്തു ദിവസം യാതൊ​രു വേലയും, വിറകു പെറു​ക്കൽപോ​ലും, പാടി​ല്ലെന്നു ദൈവ​നി​യമം അനുശാ​സി​ച്ചി​രു​ന്നു. (പുറപ്പാ​ടു 20:10; സംഖ്യാ​പു​സ്‌തകം 15:32-36) ആ നിയമം ജനങ്ങൾ ബാധക​മാ​ക്കിയ വിധത്തിൻമേൽ നിയ​ന്ത്രണം ചെലു​ത്താൻ മതനേ​താ​ക്കൻമാർ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌, ശബത്തു ദിവസം ഒരു വ്യക്തിക്ക്‌ എടുത്തു​പൊ​ക്കാൻ കഴിയു​ന്നത്‌ എന്ത്‌ എന്നതു സംബന്ധി​ച്ചു ചട്ടങ്ങൾ ഏർപ്പെ​ടു​ത്താൻ അവർ സ്വയം തീരു​മാ​നി​ച്ചു. അവർ വിധിച്ചു: രണ്ട്‌ ഉണക്ക അത്തി​യെ​ക്കാൾ കൂടുതൽ ഭാരമുള്ള യാതൊ​ന്നും പൊക്കാൻ പാടില്ല. ആണിയു​ടെ കൂടു​ത​ലായ ഭാരം പൊക്കു​ന്നത്‌ ജോലി​യാ​യി​ത്തീ​രും എന്നു പറഞ്ഞു​കൊണ്ട്‌ ലാടം കെട്ടിയ വാർച്ചെ​രി​പ്പി​ന്റെ കാര്യ​ത്തിൽപ്പോ​ലും അവർ നിരോ​ധനം ഏർപ്പെ​ടു​ത്തി! ശബത്തു സംബന്ധിച്ച ദൈവ​നി​യ​മ​ത്തോ​ടൊ​പ്പം മൊത്തം 39 നിയമ​ങ്ങൾകൂ​ടി റബ്ബിമാർ കൂട്ടി​ച്ചേർക്കു​ക​യും ആ നിയമ​ങ്ങൾക്ക്‌ എണ്ണമറ​റ​വി​ധം ഉപനി​യ​മങ്ങൾ ഉണ്ടാക്കു​ക​യും ചെയ്‌തു. എന്നാൽ അതേസ​മയം, അയവി​ല്ലാത്ത, അപ്രാ​യോ​ഗി​ക​മായ കൂച്ചു​വി​ല​ങ്ങി​ടുന്ന കണക്കററ നിയമ​ങ്ങ​ളോ നിലവാ​ര​ങ്ങ​ളോ വെച്ചു​കൊണ്ട്‌ ആളുകളെ നിയ​ന്ത്രി​ക്കാൻ യേശു ശ്രമി​ച്ചില്ല.—മത്തായി 23:2-4; യോഹ​ന്നാൻ 7:47-49.

12. യഹോ​വ​യു​ടെ നീതി​നി​ഷ്‌ഠ​മായ നിലവാ​ര​ങ്ങ​ളു​ടെ കാര്യ​ത്തിൽ യേശു അചഞ്ചല​മാ​യി നില​കൊ​ണ്ടു എന്നു നമുക്കു പറയാ​നാ​വു​ന്ന​തെ​ന്തു​കൊണ്ട്‌?

12 അപ്പോൾ, ദൈവ​ത്തി​ന്റെ നീതി​നി​ഷ്‌ഠ​മായ നിലവാ​രങ്ങൾ യേശു അചഞ്ചല​മാ​യി ഉയർത്തി​പ്പി​ടി​ച്ചി​ല്ലെന്നു നാം വിചാ​രി​ക്ക​ണ​മോ? അവൻ തീർച്ച​യാ​യും ഉയർത്തി​പ്പി​ടി​ച്ചു! നിയമ​ങ്ങൾക്കു പിന്നിലെ തത്ത്വങ്ങൾ മനുഷ്യർ ഗ്രഹി​ക്കു​മ്പോൾ നിയമങ്ങൾ അങ്ങേയ​ററം ഫലപ്ര​ദ​മാ​യി​ത്തീ​രു​ന്നു എന്ന്‌ അവൻ മനസ്സി​ലാ​ക്കി. പരീശൻമാർ കണക്കററ നിയമ​ങ്ങ​ളു​മാ​യി ജനങ്ങളെ നിയ​ന്ത്രി​ക്കു​ന്ന​തിൽ മുഴു​കി​യി​രു​ന്ന​പ്പോൾ യേശു ഹൃദയ​ങ്ങ​ളി​ലേക്കു കടക്കാ​നാ​ണു ശ്രമി​ച്ചത്‌. ഉദാഹ​ര​ണ​ത്തിന്‌, “ദുർന്ന​ടപ്പു വിട്ടു ഓടു​വിൻ” എന്നതു​പോ​ലുള്ള ദിവ്യ​നി​യ​മ​ങ്ങ​ളു​ടെ കാര്യം വരു​മ്പോൾ വഴങ്ങി​ക്കൊ​ടു​ക്കുന്ന പ്രശ്‌ന​മി​ല്ലെന്ന്‌ അവനു നന്നായി അറിയാ​മാ​യി​രു​ന്നു. (1 കൊരി​ന്ത്യർ 6:18) അതു​കൊണ്ട്‌, അധാർമി​ക​ത​യി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന ചിന്തകളെ സംബന്ധി​ച്ചു യേശു ജനങ്ങൾക്കു മുന്നറി​യി​പ്പു കൊടു​ത്തു. (മത്തായി 5:28) അയവി​ല്ലാത്ത, ചിട്ടയി​ല​ധി​ഷ്‌ഠി​ത​മായ നിയമങ്ങൾ വയ്‌ക്കു​ന്ന​തി​നെ​ക്കാ​ളും അത്യധി​കം ജ്ഞാനവും വിവേ​ച​ന​യും അത്തരം പ്രബോ​ധ​ന​ത്തിന്‌ ആവശ്യ​മാ​യി​രു​ന്നു.

13. (എ) മൂപ്പൻമാർ വഴക്കമി​ല്ലാത്ത നിയമ​ങ്ങ​ളും നിബന്ധ​ന​ക​ളും ഉണ്ടാക്ക​രു​താ​ത്ത​തെ​ന്തു​കൊണ്ട്‌? (ബി) വ്യക്തി​യു​ടെ മനസ്സാ​ക്ഷി​യെ ആദരി​ക്കേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കുന്ന ചില മേഖലകൾ ഏതെല്ലാം?

13 ഹൃദയ​ങ്ങ​ളി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലു​ന്ന​തിൽ ഇന്ന്‌ ഉത്തരവാ​ദി​ത്വ​ബോ​ധ​മുള്ള സഹോ​ദ​രൻമാർ സമാന​മായ താത്‌പ​ര്യം കാട്ടുന്നു. അങ്ങനെ, തന്നിഷ്ട​പ്ര​കാ​ര​മുള്ള, വഴക്കമി​ല്ലാത്ത നിയമങ്ങൾ വയ്‌ക്കു​ന്ന​തോ തങ്ങളുടെ വ്യക്തി​പ​ര​മായ കാഴ്‌ച​പ്പാ​ടു​ക​ളെ​യോ അഭി​പ്രാ​യ​ങ്ങ​ളെ​യോ നിയമ​ങ്ങ​ളാ​ക്കി മാററു​ന്ന​തോ അവർ ഒഴിവാ​ക്കു​ന്നു. (താരത​മ്യം ചെയ്യുക: ദാനീ​യേൽ 6:7-16.) വസ്‌ത്ര​ധാ​രണം, ചമയം എന്നിങ്ങ​നെ​യുള്ള സംഗതി​കളെ സംബന്ധി​ച്ചു കാലാ​കാ​ല​ങ്ങ​ളി​ലുള്ള ദയാപു​ര​സ്സ​ര​മായ ഓർമി​പ്പി​ക്ക​ലു​കൾ ഉചിത​വും സമയോ​ചി​ത​വു​മാ​യി​രു​ന്നേ​ക്കാം. എന്നാൽ ഒരു മൂപ്പൻ അത്തരം സംഗതി​ക​ളിൻമേൽ കടിച്ചു​തൂ​ങ്ങു​ക​യോ മുഖ്യ​മാ​യും തന്റെ വ്യക്തി​പ​ര​മായ അഭിരു​ചി​ക​ളി​ലൂ​ന്നിയ കാര്യങ്ങൾ അടി​ച്ചേൽപ്പി​ക്കാൻ ശ്രമി​ക്കു​ക​യോ ചെയ്യു​ന്നെ​ങ്കിൽ അദ്ദേഹം അപകട​പ്പെ​ടു​ത്തു​ന്നത്‌ ന്യായ​യു​ക്ത​നാ​ണെ​ന്നുള്ള തന്റെ സൽപ്പേ​രി​നെ​ത്ത​ന്നെ​യാ​വും. വാസ്‌ത​വ​ത്തിൽ, സഭയിലെ സകലരും മററു​ള്ള​വരെ നിയ​ന്ത്രി​ക്കാൻ ശ്രമി​ക്കു​ന്നത്‌ ഒഴിവാ​ക്കണം.—താരത​മ്യം ചെയ്യുക: 2 കൊരി​ന്ത്യർ 1:24; ഫിലി​പ്പി​യർ 2:12.

14. മററു​ള്ള​വ​രിൽനി​ന്നു പ്രതീ​ക്ഷി​ക്കേ​ണ്ടതു സംബന്ധി​ച്ചു താൻ ന്യായ​യു​ക്ത​നാ​യി​രു​ന്നു എന്ന്‌ യേശു പ്രകട​മാ​ക്കി​യ​തെ​ങ്ങനെ?

14 സ്വയം പരി​ശോ​ധന നടത്താൻ മൂപ്പൻമാർ ആഗ്രഹി​ച്ചേ​ക്കാ​വുന്ന വേറൊ​രു സംഗതി​യുണ്ട്‌: ‘മററു​ള്ള​വ​രിൽനി​ന്നു ഞാൻ എന്തു പ്രതീ​ക്ഷി​ക്ക​ണ​മെന്ന കാര്യ​ത്തിൽ എനിക്കു ന്യായ​യു​ക്ത​ത​യു​ണ്ടോ?’ തീർച്ച​യാ​യും യേശു​വി​നു​ണ്ടാ​യി​രു​ന്നു. മുഴു​ദേ​ഹി​യോ​ടു​കൂ​ടി​യുള്ള ശ്രമങ്ങ​ളാ​ണു താൻ പ്രതീ​ക്ഷി​ക്കു​ന്ന​തെ​ന്നും താൻ അവയെ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു​വെ​ന്നും അവൻ തന്റെ അനുഗാ​മി​കൾക്ക്‌ യുക്തി​സ​ഹ​മാം​വി​ധം വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു. നിസ്സാര വിലയുള്ള നാണയങ്ങൾ നൽകി​യ​തിന്‌ അവൻ ദരി​ദ്ര​യായ വിധവയെ പുകഴ്‌ത്തി. (മർക്കൊസ്‌ 12:42, 43) മറിയ​ത്തി​ന്റെ വിലപി​ടിച്ച സംഭാ​വ​നയെ ശിഷ്യൻമാർ വിമർശി​ച്ച​പ്പോൾ “ഇവളെ വിടു​വിൻ; . . . അവൾ തന്നാൽ ആവതു ചെയ്‌തു” എന്നു പറഞ്ഞു​കൊണ്ട്‌ അവൻ അവരെ ശാസിച്ചു. (മർക്കൊസ്‌ 14:6, 8) യേശു​വി​ന്റെ അനുഗാ​മി​കൾ അവനെ തളർത്തി​യ​പ്പോൾപ്പോ​ലും അവനു ന്യായ​യു​ക്ത​ത​യു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, തന്നെ അറസ്‌ററു ചെയ്യാ​നി​രുന്ന രാത്രി​യിൽ തന്റെ ഏററവും അടുത്ത അപ്പോ​സ്‌ത​ലൻമാ​രോട്‌ ഉണർവോ​ടെ ജാഗരൂ​ക​രാ​യി​രി​ക്കാൻ അവൻ ആവശ്യ​പ്പെ​ട്ടി​രു​ന്നു. പക്ഷേ, പലവട്ടം ഉറങ്ങി​പ്പോയ അവർ അവനെ നിരാ​ശ​പ്പെ​ടു​ത്തി. എന്നിട്ടും അവൻ സഹതാ​പ​പൂർവം ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ആത്മാവു ഒരുക്ക​മു​ള്ളതു, ജഡമോ ബലഹീ​ന​മ​ത്രേ.”—മർക്കൊസ്‌ 14:34-38.

15, 16. (എ) ആടുക​ളു​ടെ​മേൽ സമ്മർദം പ്രയോ​ഗി​ക്കാൻ അല്ലെങ്കിൽ അവരെ കണ്ണുരു​ട്ടി പേടി​പ്പി​ക്കാ​തി​രി​ക്കാൻ മൂപ്പൻമാർ ശ്രദ്ധാ​ലു​ക്ക​ളാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) മററു​ള്ള​വ​രിൽനി​ന്നു പ്രതീ​ക്ഷി​ക്കേ​ണ്ടതു സംബന്ധിച്ച്‌ ഒരു വിശ്വസ്‌ത സഹോ​ദരി എങ്ങനെ​യാണ്‌ ക്രമ​പ്പെ​ടു​ത്ത​ലു​കൾ വരുത്തി​യത്‌?

15 ‘കഠിന​മാ​യി യത്‌നി​ക്കാൻ’ യേശു തന്റെ അനുഗാ​മി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു എന്നതു ശരിതന്നെ. (ലൂക്കോസ്‌ 13:24, NW) എന്നാൽ അങ്ങനെ ചെയ്യാൻ അവൻ അവരു​ടെ​മേൽ സമ്മർദം ചെലു​ത്തി​യില്ല! അവൻ അവരെ ഉത്തേജി​പ്പി​ച്ചു, നേതൃ​ത്വ​മെ​ടു​ത്തു, അവരുടെ ഹൃദയ​ങ്ങ​ളി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലാൻ ശ്രമിച്ചു. സംഗതി​ക​ളു​ടെ പൂർത്തീ​ക​ര​ണ​ത്തി​നാ​യി അവൻ യഹോ​വ​യു​ടെ ആത്മാവി​ന്റെ ശക്തിയിൽ ആശ്രയി​ച്ചു. സമാന​മാ​യി, യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കാൻ ഇന്നു മൂപ്പൻമാ​രും ആട്ടിൻകൂ​ട്ടത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കണം. എന്നാൽ യഹോ​വ​യു​ടെ സേവന​ത്തിൽ അവർ ഇപ്പോൾ ചെയ്യു​ന്നത്‌ ഏതെങ്കി​ലും വിധത്തിൽ പോ​രെ​ന്നോ അസ്വീ​കാ​ര്യ​മാ​ണെ​ന്നോ ധ്വനി​പ്പി​ക്കും​വി​ധം കണ്ണുരു​ട്ടി പേടി​പ്പിച്ച്‌ അവരിൽ കുററ​ബോ​ധ​മോ ലജ്ജയോ ഉളവാ​ക്കു​ന്നത്‌ മൂപ്പൻമാർ ഒഴിവാ​ക്കണം. “കൂടുതൽ ചെയ്യൂ, കൂടുതൽ ചെയ്യൂ, കൂടുതൽ ചെയ്യൂ!” എന്ന അയവി​ല്ലാത്ത എരിവു​കേ​ററൽ സമീപനം തങ്ങളാൽ ആവുന്നതു ചെയ്യു​ന്ന​വ​രു​ടെ മനംമ​ടു​പ്പി​ച്ചേ​ക്കാം. ന്യായ​യു​ക്ത​ത​യു​മാ​യി ഒരു ബന്ധവു​മി​ല്ലാത്ത “പ്രസാ​ദി​പ്പി​ക്കാൻ പ്രയാ​സ​ക​ര​മായ”വൻ എന്നാണ്‌ ഒരു മൂപ്പൻ പേരെ​ടു​ത്തി​രി​ക്കു​ന്ന​തെ​ങ്കിൽ അത്‌ എത്ര സങ്കടക​ര​മാ​യി​രി​ക്കും!—1 പത്രോസ്‌ 2:18, NW.

16 മററു​ള്ള​വരെ കുറി​ച്ചുള്ള നമ്മുടെ പ്രതീ​ക്ഷ​യിൽ നമു​ക്കെ​ല്ലാം ന്യായ​യു​ക്ത​ത​യു​ണ്ടാ​യി​രി​ക്കണം! രോഗി​യായ അമ്മയെ ശുശ്രൂ​ഷി​ക്കാൻ ഭർത്താ​വി​നോ​ടൊ​പ്പം മിഷനറി സേവനം നിർത്തി​പ്പോ​ന്ന​ശേഷം ഒരു സഹോ​ദരി എഴുതി: “പ്രസാ​ധ​ക​രായ ഞങ്ങൾക്ക്‌ ഇവിടെ സഭകളിൽ ശരിക്കും പ്രയാ​സ​മേ​റിയ സമയമാണ്‌. സർക്കിട്ട്‌, ഡിസ്‌ട്രി​ക​ററ്‌ വേലക​ളി​ലാ​യി​രു​ന്ന​പ്പോൾ ഇതു​പോ​ലുള്ള പല സമ്മർദ​ങ്ങ​ളും ഞങ്ങൾക്കു​ണ്ടാ​യി​രു​ന്നില്ല. എന്നാൽ പെട്ടെ​ന്നി​താ വേദനാ​ജ​ന​ക​മാം​വി​ധം ഞങ്ങൾക്ക്‌ ഇതി​നെ​ക്കു​റി​ച്ചു ബോധം​വ​ന്നി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഞാൻ എന്നോ​ടു​തന്നെ പറയു​മാ​യി​രു​ന്നു, ‘ആ സഹോ​ദരി എന്താ ഈ മാസ​ത്തേ​ക്കുള്ള ശരിയായ സാഹി​ത്യ​സ​മർപ്പണം നടത്താ​ത്തത്‌? അവർ എന്താ രാജ്യ ശുശ്രൂഷ വായി​ക്കാ​റി​ല്ലേ?’ എന്നാൽ അതിന്റെ കാരണം ഞാൻ ഇപ്പോ​ഴല്ലേ അറിയു​ന്നത്‌. ചിലരെ സംബന്ധി​ച്ചു [സേവന​ത്തിന്‌] എത്തി​ച്ചേ​രു​ന്ന​തു​തന്നെ അവർക്കു സാധി​ക്കു​ന്ന​തി​ന്റെ പരമാ​വ​ധി​യാ​യി​രി​ക്കും.” നമ്മുടെ സഹോ​ദ​രങ്ങൾ ചെയ്യാത്ത സംഗതി​കൾക്ക്‌ അവരെ കുററം​വി​ധി​ക്കാ​തെ അവർ ചെയ്യുന്ന സംഗതി​കൾക്ക്‌ അവരെ പ്രശം​സി​ക്കു​ന്നെ​ങ്കിൽ അത്‌ എത്ര നന്നായി​രി​ക്കും!

17. ന്യായ​യു​ക്തത സംബന്ധി​ച്ചു യേശു നമുക്കു മാതൃക വെച്ച​തെ​ങ്ങനെ?

17 ന്യായ​യു​ക്ത​മായ വിധത്തിൽ യേശു തന്റെ അധികാ​രം എങ്ങനെ​യാണ്‌ പ്രയോ​ഗി​ച്ചത്‌ എന്നതിന്റെ ഒരു മാതൃക കൂടി പരിചി​ന്തി​ക്കുക. തന്റെ പിതാ​വി​നെ​പ്പോ​ലെ, യേശു തന്റെ അധികാ​രത്തെ ശങ്കാശീ​ല​ത​യോ​ടെ മുറു​കെ​പ്പി​ടി​ക്കു​ന്നില്ല. ചുമത​ലകൾ മററു​ള്ള​വരെ ഭരമേൽപ്പി​ക്കു​ന്ന​തിൽ അവനും ഒന്നാന്തരം ദൃഷ്ടാ​ന്ത​മാണ്‌. ഭൂമി​യിൽ “തനിക്കുള്ള സകലത്തി”ന്റെയും പരിപാ​ല​ന​യ്‌ക്കു​വേണ്ടി അവൻ വിശ്വസ്‌ത അടിമ​വർഗത്തെ നിയമി​ച്ചു. (മത്തായി 24:45-47) മററു​ള്ള​വ​രു​ടെ ആശയങ്ങൾ ശ്രദ്ധി​ക്കു​ന്ന​തിന്‌ അവന്‌ ഒരു ഭയവു​മില്ല. “നിങ്ങൾക്കു എന്തു തോന്നു​ന്നു?” എന്ന്‌ അവൻ തന്റെ ശ്രോ​താ​ക്ക​ളോ​ടു പലപ്പോ​ഴും ചോദി​ച്ചു. (മത്തായി 17:25; 18:12; 21:28; 22:42) ക്രിസ്‌തു​വി​ന്റെ ഇന്നത്തെ അനുഗാ​മി​ക​ളു​ടെ ഇടയി​ലും സംഗതി അങ്ങനെ​തന്നെ ആയിരി​ക്കണം. എത്രമാ​ത്രം അധികാ​രം ഉണ്ടായി​രു​ന്നാ​ലും അത്‌ അവരെ മററു​ള്ള​വരെ ശ്രദ്ധി​ക്കാൻ വൈമ​ന​സ്സ്യ​മു​ള്ള​വ​രാ​ക്ക​രുത്‌. മാതാ​പി​താ​ക്കളേ, ശ്രദ്ധി​ക്കു​വിൻ! ഭർത്താ​ക്കൻമാ​രേ, ശ്രദ്ധി​ക്കു​വിൻ! മൂപ്പൻമാ​രേ, ശ്രദ്ധി​ക്കു​വിൻ!

18. (എ) ന്യായ​യു​ക്തത സംബന്ധി​ച്ചു നമുക്ക്‌ ഒരു സൽപ്പേ​രു​ണ്ടോ എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? (ബി) നാമെ​ല്ലാം എന്തു ചെയ്യാൻ ദൃഢനി​ശ്ചയം ചെയ്‌തേ​ക്കാം?

18 “ന്യായ​യു​ക്ത​രാ​ണെ​ന്ന​തി​നു സൽപ്പേ​രു​ണ്ടാ​യി​രി​ക്കാൻ” നാം ഓരോ​രു​ത്ത​രും ആഗ്രഹി​ക്കു​ന്നു എന്നതിന്‌ ഒരു സംശയ​വു​മില്ല. (ഫിലി​പ്പി​യർ 4:5, ഫിലി​പ്‌സ്‌) എന്നാൽ അത്തരം സൽപ്പേ​രു​ണ്ടെന്ന്‌ നാം എങ്ങനെ അറിയും? കൊള്ളാം, ആളുകൾ തന്നേപ്പ​ററി എന്താണ്‌ പറയു​ന്ന​തെന്ന്‌ അറിയാൻ ആകാം​ക്ഷ​യു​ണ്ടാ​യി​രുന്ന യേശു തന്റെ വിശ്വ​സ്‌ത​രായ സഹകാ​രി​ക​ളോട്‌ അതേപ്പ​ററി ചോദി​ച്ചു. (മത്തായി 16:13) എന്തു​കൊണ്ട്‌, അവന്റെ മാതൃക പിൻപ​റ​റി​ക്കൂ​ടാ? ന്യായ​യു​ക്ത​നായ, വഴക്കമു​ള്ള​വ​നായ ഒരു വ്യക്തി​യാണ്‌ താൻ എന്ന സൽപ്പേര്‌ നിങ്ങൾക്ക്‌ ഉണ്ടോ​യെന്ന്‌ ഉള്ളത്‌ ഉള്ളതു​പോ​ലെ പറയുന്ന, ആശ്രയ​യോ​ഗ്യ​നായ ആരോ​ടെ​ങ്കി​ലും നിങ്ങൾക്കു ചോദി​ക്കാം. തീർച്ച​യാ​യും, യേശു​വി​ന്റെ ന്യായ​യു​ക്ത​ത​യു​ടെ പൂർണ​ത​യുള്ള മാതൃക കൂടുതൽ അടുത്ത്‌ അനുക​രി​ക്കു​ന്ന​തി​നു നമുക്കു ചെയ്യാൻ കഴിയുന്ന പല സംഗതി​ക​ളുണ്ട്‌! വിശേ​ഷിച്ച്‌, മററു​ള്ള​വ​രു​ടെ​മേൽ കാര്യ​മായ അധികാ​ര​മു​ള്ള​വ​രാണ്‌ നാം എങ്കിൽ എല്ലായ്‌പോ​ഴും ന്യായ​യു​ക്ത​മായ വിധത്തിൽ അധികാ​രം പ്രയോ​ഗി​ച്ചു​കൊണ്ട്‌, ഉചിത​മാ​യി​രി​ക്കുന്ന എല്ലാ അവസര​ങ്ങ​ളി​ലും ക്ഷമിക്കാൻ മനസ്സു​ള്ള​വ​രാ​യി​രു​ന്നു​കൊണ്ട്‌, ഇണങ്ങു​ക​യോ വഴങ്ങു​ക​യോ ചെയ്‌തു​കൊണ്ട്‌ യഹോ​വ​യു​ടെ​യും യേശു​വി​ന്റെ​യും മാതൃക നമുക്ക്‌ എല്ലായ്‌പോ​ഴും പിൻപ​റ​റാം. നിശ്ചയ​മാ​യും, നാം ഓരോ​രു​ത്ത​രും “ന്യായ​യു​ക്ത​രാ​യി​രി​ക്കാൻ” കഠിന​പ്ര​യ​ത്‌നം ചെയ്യു​ന്ന​വ​രാ​യി​രി​ക്കട്ടെ!—തീത്തോസ്‌ 3:2, NW.

[അടിക്കു​റിപ്പ്‌]

a ന്യൂ ടെസ്‌റ​റ​മെൻറ്‌ വേർഡ്‌സ്‌ എന്ന പുസ്‌തകം അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ഒരു സംഗതി നിയമ​പ​ര​മാ​യി പൂർണ​മാ​യും ന്യായീ​ക​രി​ക്കാ​വു​ന്ന​താ​യി​രി​ക്കെ​തന്നെ ധാർമി​ക​മാ​യി പൂർണ​മാ​യും തെററാ​യി​രി​ക്കു​ന്ന​തായ സമയങ്ങൾ ഉണ്ടെന്നു എപ്പീ​ക്കെസ്‌ [ന്യായ​യു​ക്തൻ] ആയ മനുഷ്യന്‌ അറിയാം. നിയമ​ത്തെ​ക്കാൾ ഉയർന്ന​തും ഉത്‌കൃ​ഷ്ട​വു​മായ ഒരു ശക്തിയു​ടെ നിർബ​ന്ധ​ത്തിൻ കീഴിൽ നിയമ​ത്തിന്‌ എപ്പോൾ അയവു വരുത്തണം എന്ന്‌ എപ്പീ​ക്കെസ്‌ ആയ മനുഷ്യന്‌ അറിയാം.”

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

◻ ക്രിസ്‌ത്യാ​നി​കൾ ന്യായ​യു​ക്ത​രാ​കാൻ ആഗ്രഹി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

◻ ക്ഷമിക്കാൻ മനസ്സു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിൽ മൂപ്പൻമാർക്കു യേശു​വി​നെ അനുക​രി​ക്കാ​നാ​വു​ന്ന​തെ​ങ്ങനെ?

◻ യേശു​വി​നെ​പ്പോ​ലെ നാമും വഴക്കമു​ള്ള​വ​രാ​കാൻ കഠിന പ്രയത്‌നം ചെയ്യേ​ണ്ട​തെ​ന്തു​കൊണ്ട്‌?

◻ അധികാ​രം പ്രയോ​ഗി​ക്കുന്ന വിധത്തിൽ നമുക്ക്‌ എങ്ങനെ ന്യായ​യു​ക്തത പ്രകടി​പ്പി​ക്കാ​നാ​വും?

◻ നാം വാസ്‌ത​വ​ത്തിൽ ന്യായ​യു​ക്ത​രാ​ണോ എന്ന്‌ നമുക്കു സ്വയം പരി​ശോ​ധി​ക്കാ​വു​ന്ന​തെ​ങ്ങനെ?

[15-ാം പേജിലെ ചിത്രം]

മനസ്‌താപം പ്രകട​മാ​ക്കിയ പത്രോ​സി​നോ​ടു യേശു ക്ഷണത്തിൽ ക്ഷമിച്ചു

[16-ാം പേജിലെ ചിത്രം]

ഒരു സ്‌ത്രീ അസാധാ​രണ വിശ്വാ​സം കാട്ടി​യ​പ്പോൾ ഒരു പൊതു​നി​യമം നടപ്പാ​ക്കാ​നുള്ള സമയമല്ല അത്‌ എന്ന്‌ യേശു മനസ്സി​ലാ​ക്കി

[18-ാം പേജിലെ ചിത്രം]

മാതാപിതാക്കളേ ശ്രദ്ധി​ക്കു​വിൻ!

[18-ാം പേജിലെ ചിത്രം]

ഭർത്താക്കൻമാരേ ശ്രദ്ധി​ക്കു​വിൻ!

[18-ാം പേജിലെ ചിത്രം]

മൂപ്പൻമാരേ ശ്രദ്ധി​ക്കു​വിൻ!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക