വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ഫെലിസ്ത്യർ ആരായിരുന്നു?
ഫെലിസ്ത്യർ എന്നറിയപ്പെടുന്ന ഒരു ജനത്തെ ബൈബിൾ കൂടെക്കൂടെ പരാമർശിക്കുന്നുണ്ട്. ദൈവത്തിന്റെ പുരാതന ജനത വാഗ്ദത്തദേശം കയ്യടക്കിയപ്പോൾ കനാനിൽ ജീവിച്ചിരുന്നവരായിരുന്നു ഫെലിസ്ത്യർ. ദീർഘകാലത്തോളം ഈ പുരാതന ഫെലിസ്ത്യർ ദൈവജനത്തെ എതിർത്തിരുന്നു. ഇക്കാര്യം നന്നായി വ്യക്തമാക്കുന്നതാണ് ഗോലിയാത്ത് എന്നു പേരായ രാക്ഷസീയ രണവീരനുമായുള്ള ദാവീദിന്റെ ഏററുമുട്ടലിനെക്കുറിച്ചുള്ള വിവരണം.—1 ശമൂവേൽ 17:1-3, 23-53.
പുരാതന ഫെലിസ്ത്യർ കഫ്തോറിൽനിന്നു കനാന്റെ തെക്കുപടിഞ്ഞാറെ തീരത്തേക്കു കുടിയേറിപ്പാർത്തുവെന്നു ബൈബിൾ സൂചിപ്പിക്കുന്നു. (യിരെമ്യാവു 47:4) കഫ്തോർ എവിടെയായിരുന്നു? ദി ഇൻറർനാഷണൽ സ്ററാൻഡേഡ് ബൈബിൾ എൻസൈക്ലോപീഡിയ (1979) ഇങ്ങനെ രേഖപ്പെടുത്തുന്നു: “കൃത്യമായി പറയാൻ മതിയായ തെളിവുകളില്ലെങ്കിലും, തീർച്ചയായും ഏററവും സാധ്യതയുള്ള സ്ഥലമായി ഇപ്പോൾ പണ്ഡിതൻമാർ വിരൽചൂണ്ടുന്നതു ക്രേത്ത ദ്വീപിലേക്കാണ് (അല്ലെങ്കിൽ സാംസ്കാരികമായി ഒന്നായിരിക്കുന്ന ക്രേത്തയും ഏജിയൻ ദ്വീപുകളും ഉൾപ്പെടെയുള്ള സ്ഥലത്തേക്കാണ്).”—വാല്യം 1, പേജ് 610.
ഇതിനോടുള്ള യോജിപ്പിൽ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽ ആമോസ് 9:7 വായിക്കുന്നത് ഇങ്ങനെയാണ്: “‘അല്ലയോ ഇസ്രായേൽ മക്കളേ, നിങ്ങൾ എനിക്കു കൂശ്യ മക്കളെപ്പോലെ അല്ലയോ?’ എന്നു യഹോവയുടെ അരുളപ്പാട്. ‘ഞാൻ ഇസ്രായേലിനെ ഈജിപ്തിൽനിന്നും ഫെലിസ്ത്യരെ ക്രേത്തയിൽനിന്നും സിറിയക്കാരെ കീറിൽനിന്നും കൊണ്ടുവന്നില്ലയോ?’”
സമുദ്രതീരവാസികളായ ഈ പുരാതന ജനത ക്രേത്തയിൽനിന്നു കനാന്റെ ഒരു ഭാഗത്തേക്കു കുടിയേറിയത് എപ്പോഴെന്ന് അറിയില്ല. യോപ്പയ്ക്കും ഗാസയ്ക്കും ഇടയിലുള്ള തെക്കുപടിഞ്ഞാറെ കടൽത്തീരമായ ഈ കനാൻപ്രദേശമാണ് ഫെലിസ്ത്യ എന്ന് അറിയപ്പെടാനിടയായത്. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും നാളുകളിൽ അവർ സമുദ്രതീരപ്രദേശമായ ഈ താഴ്ന്ന സ്ഥലത്തു പാർത്തിരുന്നതായി തോന്നുന്നു.—ഉല്പത്തി 20:1, 2; 21:32-34; 26:1-18.
ദൈവം വാഗ്ദത്തം ചെയ്ത ദേശത്ത് ഇസ്രായേൽ പ്രവേശിച്ചു കഴിഞ്ഞ് ദീർഘനാളുകൾക്കുശേഷവും ഫെലിസ്ത്യർ ആ മേഖലയിൽ ഒരു ശക്തമായ സ്വാധീനമായിത്തന്നെ തുടർന്നു. (പുറപ്പാടു 13:17; യോശുവ 13:2; ന്യായാധിപൻമാർ 1:18, 19; 3:3, 4; 15:9, 10; 1 ശമൂവേൽ 4:1-11; 7:7-14; 13:19-23; 1 രാജാക്കൻമാർ 16:15) യഹൂദാ രാജാവായ ഉസ്സിയാവിന്റെ ഭരണകാലത്തോളവും ഫെലിസ്ത്യർ തങ്ങളുടെ നഗരമായ ഗാത്ത്, യബ്നെ, അസ്തോദ് എന്നിവിടങ്ങളിൽ പാർത്തിരുന്നു. (2 ദിനവൃത്താന്തം 26:6) അവരുടെ മററു പ്രമുഖ നഗരങ്ങളായി ബൈബിൾ വിവരണങ്ങളിൽ വേറെയും കാണുന്നുണ്ട്, എക്രോൻ, അഷ്കെലോൻ, ഗാസ എന്നിവ.
മഹാനായ അലക്സാണ്ടർ ഫെലിസ്ത്യ നഗരമായ ഗാസ പിടിച്ചടക്കി, എന്നാൽ കാലക്രമേണ ഫെലിസ്ത്യർ ഒരു വ്യതിരിക്ത ജനമല്ലാതായിത്തീർന്നുവെന്നതു വ്യക്തമാണ്. ബിബ്ലിക്കൽ ആർക്കെയോളജി റിവ്യൂ (1991 മേയ്⁄ജൂൺ)-ൽ പ്രൊഫസ്സർ ലോറൻസ് ഇ. സ്റേറാജർ എഴുതി: “ഫെലിസ്ത്യരും ബാബിലോനിലേക്കു നാടുകടത്തപ്പെട്ടു. . . . പ്രവാസത്തിലായ ഫെലിസ്ത്യർക്ക് എന്തു സംഭവിച്ചുവെന്നതിനൊന്നും യാതൊരു രേഖകളുമില്ല. നെബുക്കഡ്നെസ്സറുടെ പിടിച്ചടക്കലിനുശേഷം അഷ്കെലോനിൽത്തന്നെ താമസിച്ചവർക്ക് വംശീയ സ്വഭാവവും നഷ്ടപ്പെട്ടു. അതോടെ അവർ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലായി.”
പാലസ്തീൻ എന്ന ആധുനിക നാമം ഉത്ഭവിച്ചതു ലത്തീൻ, ഗ്രീക്ക് എന്നീ ഭാഷാപദങ്ങളിൽനിന്നാണ്. ഇനിയും പുറകോട്ടു ചെന്നാൽ അത് എബ്രായ പദമായ “ഫെലിസ്ത്യ”യിൽ എത്തുന്നു. അറബി ഭാഷയിലുള്ള ചില പരിഭാഷകൾ “ഫെലിസ്ത്യർ” എന്നതിന് ഉപയോഗിക്കുന്ന പദം ആധുനിക പാലസ്തീൻകാർക്ക് ഉപയോഗിക്കുന്ന പദവുമായി എളുപ്പം കൂടിക്കുഴഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. എന്നിരുന്നാലും, ടുഡേയ്സ് അറബിക് വേർഷൻ ഒരു വ്യത്യസ്ത അറബി വാക്കാണ് ഉപയോഗിക്കുന്നത്. അങ്ങനെ അതു പുരാതന ഫെലിസ്ത്യരെയും ആധുനിക പാലസ്തീനെയും തമ്മിൽ വേർതിരിച്ചുപറയുന്നു.
[31-ാം പേജിലെ ചിത്രം]
അഷ്കെലോനിൽ കുറച്ചു നാശാവശിഷ്ടങ്ങൾ
[ചിത്രങ്ങൾക്കു കടപ്പാട്]
Pictorial Archive (Near Eastern History) Est.