നിങ്ങളുടെ പ്രാർഥനകൾ എങ്ങനെ ധന്യമാക്കാം?
യഹോവയാം ദൈവത്തിന്റെ സ്നേഹപുരസ്സരമായ കരുതലുകളിൽ അനുപമമായ ഒരു സംഗതിയാണു പ്രാർഥന. എതിരാളികൾ നിങ്ങളുടെ ബൈബിളുകൾ പിടിച്ചെടുക്കുകയോ സഹാരാധകരുമൊത്തുള്ള യോഗങ്ങളിൽനിന്നു നിങ്ങളെ തടയുകയോ ചെയ്തേക്കാം. എന്നാൽ നിങ്ങളെക്കൊണ്ടു പ്രാർഥിപ്പിക്കാതിരിക്കാൻ ആരു വിചാരിച്ചാലും നടക്കില്ല. പ്രാർഥനയുടെ മൂല്യം എത്ര പറഞ്ഞാലും അധികമാവില്ല. അപ്പോൾ ഈ പദവിയെ മതിപ്പോടെ കാത്തുകൊള്ളേണ്ടതും അതിൽനിന്നു മുഴുപ്രയോജനവും നേടേണ്ടതും നാം ഓരോരുത്തരെ സംബന്ധിച്ചും എത്ര പ്രധാനമാണ്. നിങ്ങളുടെ പ്രാർഥനയെ ധന്യമാക്കാൻ നിങ്ങളെ സഹായിക്കാൻ എന്തിനു കഴിയും?
ബൈബിൾ ഒരു പ്രാർഥനാപുസ്തകമല്ല. എങ്കിലും, അതു പ്രാർഥനയെ സംബന്ധിച്ച മനുഷ്യവർഗത്തിന്റെ ഏററവും മഹത്തായ പുസ്തകമാണെന്നു പറയാം. എബ്രായ തിരുവെഴുത്തുകളിൽമാത്രം 150-ലധികം പ്രാർഥനകളുണ്ട്. ചിലതു ഹ്രസ്വമെങ്കിൽ മററുള്ളവ ദീർഘമാണ്. വിജയാഹ്ലാദങ്ങളിലോ വിപത്തുകളിലോ രാജാക്കൻമാരോ തടവുകാരോ പരസ്യമായോ സ്വകാര്യമായോ നടത്തിയ പ്രാർഥനകൾ. സങ്കീർത്തനം 65:2-ൽ ദാവീദ് പാടിയതുപോലെ, ‘സകല ജഡവും പ്രാർത്ഥന കേൾക്കുന്നവനായ’ യഹോവയിലേക്കു തിരിയുന്നു. ഇത്രമാത്രം വ്യത്യസ്ത പ്രാർഥനകൾ രേഖപ്പെടുത്താൻ ദൈവം ബൈബിളെഴുത്തുകാരെ നിശ്വസ്തരാക്കിയത് എന്തുകൊണ്ട്?
ആ ചോദ്യത്തിന് ഉത്തരം ലഭിക്കാൻ 2 തിമൊഥെയൊസ് 3:16 പരിചിന്തിക്കുക. ‘എല്ലാതിരുവെഴുത്തും ദൈവശ്വാസീയവും പ്രയോജനപ്രദവുമാകുന്നു’ എന്ന് അതു പറയുന്നു. അങ്ങനെ, തിരുവെഴുത്തു പ്രവചനങ്ങളും തത്ത്വങ്ങളും ചരിത്രവും നമുക്കു ലഭിച്ചിരിക്കുന്നതുപോലെ, നമ്മെ നയിക്കുന്നതിനു ബൈബിൾ പ്രാർഥനയും നമുക്കായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ പ്രാർഥനകൾ നമുക്കു പ്രയോജനമായിത്തീരുന്നതെങ്ങനെ?
തിരുവെഴുത്തുപരമായ പ്രാർഥനകളെ അടുത്തു പരിശോധിച്ചുകൊണ്ട്, നമ്മുടേതിനോടു സമാനമായ സാഹചര്യങ്ങളിൽ നടത്തിയ പ്രാർഥനകളെ നമുക്കു തിരിച്ചറിയാം. രൂപത്തിലും ഭാവത്തിലും പ്രാർഥനകൾക്ക് എത്ര വ്യത്യാസമുണ്ടെന്നു നമുക്കു മനസ്സിലാക്കാം. അതിലുപരി, സ്തുതിക്കുന്നതിനും കൃതജ്ഞതയർപ്പിക്കുന്നതിനുമുള്ള പുതിയ വാക്കുകൾ കണ്ടെത്തുകയും നമ്മുടെ അപേക്ഷകൾക്കും യാചനകൾക്കും ജീവൻതുടിക്കുന്ന വാക്കുകൾ സംഘടിപ്പിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ പ്രാർഥനയെ ധന്യമാക്കാൻ ബൈബിൾപ്രാർഥനകൾ നമ്മെ സഹായിക്കും.
യേശുവിന്റെ അമ്മയായിത്തീർന്ന മറിയ, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പ്രാർഥനയിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളിൽനിന്നു പ്രയോജനം നേടിയ ഒരു വ്യക്തിയാണെന്നു തോന്നുന്നു. മറിയ അവളുടെ ബന്ധുവായ എലിസബെത്തിനെ സന്ദർശിച്ച സമയം. രണ്ടുപേരും ദിവ്യസഹായത്താൽ ഓരോ പുത്രനെ വീതം ഗർഭംധരിച്ചിരിക്കുകയായിരുന്നു അപ്പോൾ. ദൈവത്തിനു സ്തുതിയും കൃതജ്ഞതയും അർപ്പിച്ച മറിയയുടെ ചില വാക്കുകൾക്ക് എബ്രായ തിരുവെഴുത്തുകളിലുള്ള ഒരു പ്രാർഥനയിലെ വാക്കുകളുമായി എടുത്തുപറയത്തക്ക സാമ്യമുണ്ട്. ശമുവേൽ പ്രവാചകന്റെ അമ്മയായ ഹന്നാ നടത്തിയ പ്രാർഥന മറിയയ്ക്കു പരിചിതമായിരുന്നുവെന്നു തോന്നുന്നു. 1,000-ത്തിലധികം വർഷങ്ങൾക്കുമുമ്പ് ഹന്നായ്ക്കും ഒരു പുത്രൻ ജനിച്ചത് ദൈവസഹായത്താലായിരുന്നു. തന്റെതന്നെ വികാരങ്ങൾ പ്രതിഫലിച്ചിരുന്നതിനാൽ, മറിയ ഈ പ്രാർഥനയെക്കുറിച്ചു ധ്യാനിച്ചിരിക്കുമോ?—1 ശമൂവേൽ 2:1-10; ലൂക്കൊസ് 1:46-55.
നിങ്ങളുടെ കാര്യമോ? നിങ്ങളുടേതിനു സമാനമായ സാഹചര്യത്തിൽ നടത്തിയ ഒരു ബൈബിൾ പ്രാർഥന ഓർക്കാൻ നിങ്ങൾക്കു കഴിയുമോ? അത്തരം പ്രാർഥനകൾ കണ്ടെത്തി വായിക്കുന്നതും അവയെക്കുറിച്ചു ധ്യാനിക്കുന്നതും ദൈവവുമായുള്ള നിങ്ങളുടെ ആശയവിനിമയത്തെ ധന്യമാക്കാൻ നിങ്ങളെ സഹായിക്കും. അടുത്ത ലേഖനത്തിൽ, വിശുദ്ധ തിരുവെഴുത്തുകളിൽനിന്നുള്ള മൂന്നു പ്രാർഥനകൾ പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ അർപ്പിക്കപ്പെട്ടതാണ് ആ പ്രാർഥനകൾ. ഒരുപക്ഷേ, നിങ്ങളുടേതുമായി അവയ്ക്കു സാമ്യമുണ്ടായേക്കാം.