നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ സമീപകാല ലക്കങ്ങൾ വായിച്ചതു നിങ്ങൾ വിലമതിച്ചുവോ? കൊള്ളാം, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കു കഴിയുമോയെന്നു കാണുക:
◻ “ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നുവോ [“ക്ഷമിക്കുന്നുവോ,” NW] അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു” എന്ന യേശുവിന്റെ വാക്കുകൾ ക്രിസ്ത്യാനികൾക്കു പാപങ്ങൾ മോചിക്കാൻ കഴിയുമെന്ന് അർഥമാക്കുന്നുവോ? (യോഹന്നാൻ 20:23)
ക്രിസ്ത്യാനികൾക്കു പൊതുവേ, അല്ലെങ്കിൽ സഭകളിലെ നിയമിത മൂപ്പന്മാർക്കു പോലും, പാപങ്ങൾ മോചിക്കുന്നതിനുള്ള ദിവ്യാധികാരമുണ്ടെന്നു നിഗമനം ചെയ്യുന്നതിനു തിരുവെഴുത്തുപരമായ യാതൊരു അടിസ്ഥാനവുമില്ല. എന്നാൽ, അപ്പോസ്തലന്മാർക്ക് ആത്മാവിന്റെ പ്രവർത്തനത്തിലൂടെ പാപങ്ങൾ മോചിക്കുന്നതിനോ നിലനിർത്തുന്നതിനോ ഉള്ള പ്രത്യേക അധികാരം ഉണ്ടായിരുന്നുവെന്നു യേശുവിന്റെ വാക്കുകളുടെ സന്ദർഭം സൂചിപ്പിക്കുന്നതായി തോന്നുന്നു. (പ്രവൃത്തികൾ 5:1-11-ഉം 2 കൊരിന്ത്യർ 12:12-ഉം കാണുക.)—4/15, പേജ് 28.
◻ 1864-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ജെ. ജെ. സ്റ്റ്യുവാർട്ട് പെറോണിന്റെ സങ്കീർത്തനപുസ്തക പരിഭാഷ സംബന്ധിച്ചു ശ്രദ്ധേയമായിരിക്കുന്നതെന്ത്?
“ശൈലിയിലും വാക്യാംശ ഘടനയിലും എബ്രായ രൂപത്തോട് അടുത്തു” പറ്റിനിൽക്കാൻ തന്റെ പരിഭാഷയിൽ പെറോൺ ശ്രമിച്ചു. അങ്ങനെ ചെയ്യവേ, “യഹോവ” എന്ന രൂപത്തിലുള്ള ദിവ്യനാമത്തിന്റെ പുനഃസ്ഥിതീകരണത്തെ അദ്ദേഹം അനുകൂലിച്ചു.—4/15, പേജ് 31.
◻ ലോകത്തിലെ ഗവൺമെൻറുകളോടുള്ള ഇടപെടലുകൾ സംബന്ധിച്ച് യേശു തന്റെ അനുഗാമികൾക്ക് എന്തു മാർഗനിർദേശം പ്രദാനം ചെയ്തു?
“കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്നു യേശു പറഞ്ഞു. (മത്തായി 22:21) അവൻ ഇങ്ങനെയും പറഞ്ഞു: “[അധികാരത്തിൻ കീഴുള്ള] ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.” (മത്തായി 5:41) മനുഷ്യബന്ധങ്ങളിലാകട്ടെ, ദൈവനിയമത്തോടു ചേർച്ചയിലുള്ള ഗവൺമെൻറ് വ്യവസ്ഥകളിലാകട്ടെ, നിയമാനുസൃത ആവശ്യങ്ങൾക്കു മനസ്സാലേ കീഴ്പെടുക എന്ന തത്ത്വം യേശു ഇവിടെ ഉദാഹരിക്കുകയായിരുന്നു. (ലൂക്കൊസ് 6:27-31; യോഹന്നാൻ 17:14, 15)—5/1, പേജ് 12.
◻ ‘സത്യത്തിൽ നടക്കുക’യെന്നാൽ എന്തർഥമാക്കുന്നു? (സങ്കീർത്തനം 86:11)
ദൈവത്തിന്റെ വ്യവസ്ഥകൾ അനുസരിക്കുന്നതും വിശ്വസ്തതയോടെയും ആത്മാർഥതയോടെയും അവനെ സേവിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. (സങ്കീർത്തനം 25:4, 5; യോഹന്നാൻ 4:23, 24)—5/15, പേജ് 18.
◻ നിനെവേയിലേക്കു യഹോവ യോനായെ അയച്ചതിനാൽ എന്താണു സാധിച്ചത്?
യോനായുടെ നിനെവേയിലെ പ്രസംഗപ്രവർത്തനം അനുതാപമുള്ള നിനെവേക്കാരും വിശ്വാസവും താഴ്മയും തീരെയില്ലാതിരുന്ന ശാഠ്യക്കാരായ ഇസ്രായേല്യരും തമ്മിലുള്ള വൈപരീത്യം പ്രകടമാക്കാനുതകി. (ആവർത്തനപുസ്തകം 9:6, 13; യോനാ 3:4-10 താരതമ്യം ചെയ്യുക.)—5/15, പേജ് 28.
◻ ഉല്പത്തി 3:15-ൽ പരാമർശിക്കുന്ന സർപ്പം ആര്, “സ്ത്രീ” ആര്?
സർപ്പം ഒരു താണ പാമ്പല്ല, മറിച്ച് അതിനെ ഉപയോഗിച്ച പിശാചായ സാത്താനാണ്. (വെളിപ്പാടു 12:9) “സ്ത്രീ” ഹവ്വായല്ല, മറിച്ച് ഭൂമിയിലെ തന്റെ ആത്മാഭിഷിക്ത ദാസന്മാരുടെ അമ്മയായ യഹോവയുടെ സ്വർഗീയ സ്ഥാപനമാണ്. (ഗലാത്യർ 4:26)—6/1, പേജ് 9.
◻ മഹാബാബിലോനു പുറത്തുകടന്നു സുരക്ഷിതത്വം കണ്ടെത്താൻ ഒരുവന് എങ്ങനെ കഴിയും? (വെളിപ്പാടു 18:4)
വ്യാജമത സംഘടനകളിൽനിന്നും കൂടാതെ അവയുടെ ആചാരങ്ങളിൽനിന്നും അവ സൃഷ്ടിക്കുന്ന മനോഭാവങ്ങളിൽനിന്നും അയാൾ തന്നെത്തന്നെ പൂർണമായി വേർപെടുത്തിയിട്ട് യഹോവയുടെ ദിവ്യാധിപത്യ സ്ഥാപനത്തിനുള്ളിൽ സുരക്ഷിതത്ത്വം കണ്ടെത്തണം. (എഫെസ്യർ 5:7-11)—6/1, പേജ് 18.
◻ തിരുവെഴുത്തുകളിൽ കൂടെക്കൂടെ കഴുകനെ പരാമർശിച്ചിരിക്കുന്നത് എന്തുകൊണ്ട്?
ജ്ഞാനം, ദിവ്യ സംരക്ഷണം, വേഗം തുടങ്ങിയവയെ പ്രതീകവത്കരിക്കാൻ ബൈബിൾ എഴുത്തുകാർ കഴുകന്റെ സ്വഭാവഗുണങ്ങളെ പരാമർശിച്ചിരിക്കുന്നു.
◻ ഭൗമിക പ്രത്യാശയുള്ള ഇന്നത്തെ ദൈവദാസർക്ക് ആത്മാഭിഷിക്ത ക്രിസ്ത്യാനികൾക്കുള്ള അത്രയും ദൈവാത്മാവുണ്ടെന്നു നമുക്കു പറയാൻ സാധിക്കുമോ?
അടിസ്ഥാനപരമായി പറഞ്ഞാൽ, ഉത്തരം ഉവ്വ് എന്നാണ. ഇരു വർഗങ്ങൾക്കും ദൈവത്തിന്റെ ആത്മാവു തുല്യമായ അളവിൽ ലഭ്യമാണ്, അറിവും ഗ്രാഹ്യവും ഇരു കൂട്ടർക്കും ഒരേപോലെ ലഭിക്കുന്നു, അതുപോലെതന്നെ അതു ഗ്രഹിക്കുന്നതിനുള്ള തുല്യ അവസരങ്ങളും.—6/15, പേജ് 31.
◻ യെരുശലേമിലെ ആലയത്തിൽ ഇസ്രായേല്യ പുരോഹിതൻമാർ നിർവഹിച്ചിരുന്ന വിശുദ്ധസേവനം പരിശോധിക്കുന്നത് നമുക്കിന്നു പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
അപ്രകാരം ചെയ്യുന്നതിനാൽ പാപികളായ മനുഷ്യർക്കു ദൈവവുമായി അനുരഞ്ജനത്തിൽ വരാൻ കഴിയുന്ന യഹോവയുടെ കരുണാമയമായ ക്രമീകരണത്തെ നാം കൂടുതൽ തികവോടെ വിലമതിക്കാനിടയാകും. (എബ്രായർ 10:1-7)—7/1, പേജ് 8.
◻ യെരുശലേമിൽ പണിയപ്പെട്ട രണ്ടാമത്തെ ആലയത്തിനു ശലോമോൻ പണികഴിപ്പിച്ച ആലയത്തെക്കാൾ കൂടുതൽ മഹത്ത്വം ലഭിച്ചതെങ്ങനെ?
രണ്ടാമത്തെ ആലയം ശലോമോന്റെ ആലയത്തെക്കാൾ 164 വർഷം കൂടുതൽ നിലനിന്നു. വളരെയധികം രാജ്യങ്ങളിൽനിന്നായി കൂടുതൽ ആളുകൾ അതിന്റെ പ്രാകാരങ്ങളിൽ തടിച്ചുകൂടുകയും ചെയ്തു. കൂടുതൽ പ്രധാനമായി, ദൈവപുത്രനായ യേശുക്രിസ്തു ആലയത്തിന്റെ പ്രാകാരങ്ങളിൽ വെച്ചു പഠിപ്പിച്ചുവെന്നതിന്റെ മഹത്തായ സവിശേഷതയും രണ്ടാമത്തെ ആലയത്തിനുണ്ടായിരുന്നു.—7/1, പേജുകൾ 12, 13.
◻ ദൈവം തന്റെ ആത്മീയ ആലയം അസ്തിത്വത്തിലേക്കു കൊണ്ടുവന്നതെപ്പോൾ?
ഇതു പൊ.യു. 29-ൽ യേശുവിന്റെ സ്നാപന പ്രാർഥനയ്ക്കു ദൈവം തന്റെ അംഗീകാരം പ്രകടമാക്കിയപ്പോഴായിരുന്നു. (മത്തായി 3:16, 17) യേശുവിന്റെ ശരീരത്തിന്റെ സമർപ്പണം ദൈവം സ്വീകരിച്ചുവെന്നത്, ഒരു ആത്മീയ അർഥത്തിൽ, യെരുശലേം ദേവാലയത്തിൽ ഉണ്ടായിരുന്നതിനെക്കാൾ വലിയ ഒരു യാഗപീഠം പ്രവർത്തനത്തിൽ വന്നിരിക്കുന്നുവെന്ന് അർഥമാക്കി.—7/1, പേജുകൾ 14, 15.
◻ നാം എന്തുകൊണ്ട് ക്ഷമിക്കുന്നവരായിരിക്കണം?
നാം ക്രിസ്തീയ ഐക്യം നിലനിർത്തണമെങ്കിൽ ക്ഷമാപണം നടത്തിയ കുറ്റക്കാരനോടു ക്ഷമിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വൈരാഗ്യവും വിദ്വേഷവും വെച്ചുകൊണ്ടിരിക്കുന്നതും നമ്മുടെ മനസ്സമാധാനം കവർന്നുകളയും. നാം ക്ഷമിക്കുന്നവരല്ലെങ്കിൽ, യഹോവയാം ദൈവം മേലാൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കാത്ത ഒരു ദിവസം ഉണ്ടായിരിക്കുന്നതിന്റെ അപകടമുണ്ട്. (മത്തായി 6:14, 15)—7/15, പേജ് 18.
◻ ഇസ്രായേല്യർക്ക് വിശുദ്ധരായിത്തീരാൻ കഴിയുമായിരുന്നതെങ്ങനെ?
വിശുദ്ധ ദൈവമായ യഹോവയുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കുന്നതിനാലും അവന്റെ നിർമലാരാധനയിൽ ഏർപ്പെടുന്നതിനാലും മാത്രമായിരുന്നു വിശുദ്ധി സാധ്യമായിരുന്നത്. വിശുദ്ധിയിൽ, ശാരീരികവും ആത്മീയവുമായ ശുദ്ധിയിൽ, “അതിപരിശുദ്ധ”നെ ആരാധിക്കുന്നതിന് അവനെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം അവർക്ക് ആവശ്യമായിരുന്നു. (സദൃശവാക്യങ്ങൾ 2:1-6; 9:10, NW)—8/1, പേജ് 11.