എന്തുമാത്രം കഷ്ടപ്പാടുകൾ
വ്യക്തിപരമായും മൊത്തത്തിലും ഇത്രമാത്രം ഭയങ്കര കഷ്ടപ്പാടുകൾ . . . ഉള്ളത് എന്തുകൊണ്ട്? സകല പൊരുളിന്റെയും ആളത്വമായാണ് ദൈവത്തെ കരുതുന്നത്. എന്നിട്ടും ഈ ലോകത്തിൽ നിരർഥകമായ എന്തുമാത്രം സംഗതികൾ. അർഥശൂന്യമായ എത്രയെത്ര കഷ്ടപ്പാടുകൾ. വിവേകശൂന്യമായ എന്തുമാത്രം പാപങ്ങൾ. ഒരുപക്ഷേ നീഷേ കുറ്റപ്പെടുത്തിയതുപോലെയുള്ള ഒരുവനായിരിക്കുമോ ഈ ദൈവം—സ്വേച്ഛാധിപതി, തട്ടിപ്പുകാരൻ, വഞ്ചകൻ, വധനിർവാഹകൻ?”—ഹാൻസ് ക്യുങ്ങിന്റെ ഒരു ക്രിസ്ത്യാനി ആയിരിക്കുന്നതിനെക്കുറിച്ച് (ഇംഗ്ലീഷ്).
നിങ്ങൾക്കറിയാം, കത്തോലിക്കാ ദൈവശ്ശാസ്ത്രജ്ഞനായ ഹാൻസ് ക്യുങ് അനേകരെയും കുഴപ്പിക്കുന്ന ഒരു പ്രശ്നം അവതരിപ്പിക്കുന്നുവെന്നേയുള്ളൂ—സർവശക്തനും സ്നേഹവാനുമായ ഒരു ദൈവം ഇത്രമാത്രം കഷ്ടപ്പാടുകൾ അനുവദിക്കുന്നത് എന്തുകൊണ്ട്? ആളുകൾ അത്തരം ചോദ്യം ചോദിക്കുന്നതു നിങ്ങൾ കേട്ടിട്ടില്ലേ? അനുകമ്പയുള്ള ആർക്കും ദുഃഖം തോന്നുന്ന പല സംഗതികളുമുണ്ട്. ക്യുങ് അവയെ വർണിക്കുന്നത് “രക്തം, വിയർപ്പ്, കണ്ണുനീർ, വേദന, ദുഃഖം, ഭയം, ഏകാന്തത, മരണം എന്നിവയുടെ ഒടുങ്ങാത്ത പ്രവാഹം” എന്നാണ്. വാസ്തവത്തിൽ, അതു ചരിത്രത്തിലുടനീളം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിനു പുഴുക്കുത്ത് വരുത്തിയിട്ടുള്ള ഭീതിയുടെയും കൊടുംവേദനയുടെയും കുത്തൊഴുക്ക്, മലവെള്ളപ്പാച്ചൽ, പോലെയാണ്.—ഇയ്യോബ് 14:1.
നിറയെ “പ്രയാസവും ദുഃഖ”വും
യുദ്ധം വരുത്തിക്കൂട്ടുന്ന കഷ്ടപ്പാടുകളെക്കുറിച്ചു ചിന്തിക്കുക. അതിനു നേരിട്ട് ഇരയാകുന്നവർ മാത്രമല്ല വേദന അനുഭവിക്കുന്നത്, മൃഗീയ പെരുമാറ്റത്തിന് ഇരകളാകുന്ന കുട്ടികളുടെയും മറ്റുള്ളവരുടെയും മാതാപിതാക്കൾ, ബന്ധുക്കൾ എന്നിങ്ങനെ ശേഷിക്കുന്നവരും ദുഃഖിക്കുന്നു. “കഴിഞ്ഞ 10 വർഷ കാലയളവിൽ, സായുധ പോരാട്ടങ്ങളിൽ 15 ലക്ഷം കുട്ടികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്” എന്ന് റെഡ്ക്രോസ് അടുത്ത കാലത്തു റിപ്പോർട്ട് ചെയ്യുകയുണ്ടായി. 1994-ൽ റുവാണ്ടയിൽ, “ലക്ഷക്കണക്കിനു സ്ത്രീപുരുഷന്മാരും കുട്ടികളും ഒന്നൊന്നായി മൃഗീയമായ വിധത്തിൽ കശാപ്പുചെയ്യപ്പെട്ടു,” റെഡ്ക്രോസ് റിപ്പോർട്ടു ചെയ്യുന്നു.
കുട്ടികളെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്നവർ വരുത്തിക്കൂട്ടുന്ന വേദനയും നാം അവഗണിക്കരുത്. ശിശുസംരക്ഷണവിഭാഗത്തിലെ ഒരു ജോലിക്കാരന്റെ ലൈംഗിക ദുഷ്പെരുമാറ്റത്തിന് ഇരയായി തന്റെ പുത്രൻ ആത്മഹത്യചെയ്തുവെന്ന് ഒരു മാതാവ് അതീവ ദുഃഖത്തോടെ പ്രസ്താവിച്ചു: “എന്റെ പുത്രനോടു ദുഷ്പെരുമാറ്റം കാട്ടിയ ആ മനുഷ്യൻ . . . അവനെയും മറ്റു പല ആൺകുട്ടികളെയും ഒന്നൊന്നായി അങ്ങേയറ്റം നിഷ്ഠുരമായ വിധത്തിൽ നശിപ്പിച്ചു.” കഠിന ഹൃദയരായ കൊലയാളികളുടെയോ ബ്രിട്ടനിൽ പിടിയിലായ, “25 വർഷത്തോളം പിടികൊടുക്കാതെ ഇരകളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തു പീഡിപ്പിച്ചു കൊന്ന” തുടർക്കൊലയാളികളുടെയോ ഇരകൾക്ക് അനുഭവപ്പെട്ട വേദനയെക്കുറിച്ചുള്ള പേക്കിനാവിന്റെ കാര്യമോ? ചരിത്രത്തിലുടനീളം, സ്ത്രീപുരുഷന്മാർ പരസ്പരം ഏൽപ്പിച്ചിട്ടുള്ള വേദനയ്ക്കും കഷ്ടപ്പാടിനും അതിരില്ലെന്നു തോന്നുന്നു.—സഭാപ്രസംഗി 4:1-3.
അതിനെല്ലാം പുറമേ, വൈകാരികവും ശാരീരികവുമായ രോഗങ്ങളും പ്രിയപ്പെട്ടവരുടെ അകാലമരണം കുടുംബങ്ങൾക്ക് ഏൽപ്പിക്കുന്ന ഭയങ്കര കദനഭാരം നിമിത്തമുള്ള കഷ്ടപ്പാടുകളുമുണ്ട്. ക്ഷാമത്തിന്റെയും മറ്റു പ്രകൃതി ദുരന്തങ്ങളുടെയും ഇരകൾക്ക് അനുഭവപ്പെടുന്ന മനഃപീഡയുമുണ്ട്. 70-ഓ 80-ഓ വർഷങ്ങളുള്ള നമ്മുടെ ആയുസ്സ് “പ്രയാസവും ദുഃഖ”വും നിറഞ്ഞതാണെന്ന മോശയുടെ പ്രസ്താവനയോട് ആരും വിയോജിക്കാൻ പോകുന്നില്ല.—സങ്കീർത്തനം 90:10.
ദൈവോദ്ദേശ്യത്തിന്റെ ഭാഗമോ?
ചിലർ അവകാശപ്പെട്ടിരിക്കുന്നതുപോലെ, അന്തമില്ലാത്ത ഈ കഷ്ടപ്പാടുകൾ ദൈവത്തിന്റെ ഏതോ ദുർഗ്രാഹ്യ ഉദ്ദേശ്യത്തിന്റെ ഭാഗമായിരിക്കുമോ? ‘പരലോകത്തിലെ’ ജീവിതം ആസ്വദിക്കുന്നതിനു നാം ഇപ്പോൾ കഷ്ടപ്പാടുകൾ കണിശമായും അനുഭവിക്കണമോ? ഫ്രഞ്ച് തത്ത്വശാസ്ത്രജ്ഞനായ തെയ്യാർ ദെ ഷർദാൻ വിശ്വസിച്ചതുപോലെ, “മനുഷ്യൻ ജീവിക്കുകയും ആത്മവ്യക്തി ആയിത്തീരുകയും ചെയ്യുന്നതിനു കൊല്ലുകയും ജീർണിപ്പിക്കുകയും ചെയ്യുന്ന കഷ്ടപ്പാട് അവന് അത്യാവശ്യമാണ്” എന്നതു സത്യമാണോ? (തെയ്യാർ ദെ ഷർദാന്റെ മതം [ഇംഗ്ലീഷ്]; ചെരിച്ചെഴുത്തു ഞങ്ങളുടേത്.) തീർച്ചയായും അല്ല!
അനുകമ്പയുള്ള ഒരു രൂപകൽപ്പിതാവ് ഒരു മാരക പരിസ്ഥിതി മനഃപൂർവം സൃഷ്ടിച്ചിട്ട് ആളുകളെ അതിന്റെ ഭവിഷ്യത്തുകളിൽനിന്നു രക്ഷപ്പെടുത്തുമ്പോൾ താൻ സഹാനുഭൂതിയുള്ളവനാണെന്ന് അവകാശപ്പെടുമോ? തീർച്ചയായും ഇല്ല! സ്നേഹസമ്പന്നനായ ഒരു ദൈവം അത്തരമൊരു സംഗതി എന്തിനു ചെയ്യണം? അങ്ങനെയെങ്കിൽ ദൈവം എന്തിനു കഷ്ടപ്പാടുകൾ അനുവദിക്കണം? കഷ്ടപ്പാടുകൾ എന്നെങ്കിലും അവസാനിക്കുമോ? അടുത്ത ലേഖനം ഈ ചോദ്യങ്ങൾ ചർച്ചചെയ്യുന്നതാണ്.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
WHO photo by P. Almasy