മഹാനായ കോൺസ്റ്റന്റയ്ൻ—ക്രിസ്ത്യാനിത്വത്തിന്റെ മുന്നണിപ്പോരാളിയോ?
“മഹാനായ” എന്ന പദപ്രയോഗംകൊണ്ട് ചരിത്രം പേരിന് ചാരുതയേകിയ ചുരുക്കം ചിലരിൽപ്പെടുന്നു റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റയ്ൻ. “പുണ്യവാളൻ,” “പതിമൂന്നാം അപ്പോസ്തലൻ,” “അപ്പോസ്തലന്മാർക്കു തുല്യനായ വിശുദ്ധൻ,” ‘മുഴുലോകത്തിന്റെയും ഏറ്റവും വലിയ വഴിത്തിരിവിനായി ദൈവത്തിന്റെ മാർഗനിർദേശത്താൽ തിരഞ്ഞെടുക്കപ്പെട്ടവൻ’ തുടങ്ങിയ പദപ്രയോഗങ്ങൾ ക്രൈസ്തവലോകം കൂട്ടിച്ചേർത്തിരിക്കുന്നു. മറുവശത്ത്, ചിലർ കോൺസ്റ്റന്റയ്നെ “രക്തപാതകി, അസംഖ്യം കൊടിയ അപരാധങ്ങളുടെ ദുഷ്കീർത്തിയുള്ളവൻ, വഞ്ചന നിറഞ്ഞവൻ, . . . ഒരു കരാളസ്വേച്ഛാധിപതി, ഭീകരമായ കുറ്റകൃത്യങ്ങൾ നടത്തിയവൻ” എന്നിങ്ങനെ വിവരിക്കുന്നു.”
മഹാനായ കോൺസ്റ്റന്റയ്ൻ ക്രിസ്ത്യാനിത്വത്തിന് പ്രയോജനം ചെയ്ത അതിപ്രമുഖരിൽ ഒരുവനാണെന്ന്, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന അനേകർ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ക്രിസ്ത്യാനികളെ റോമൻ പീഡനത്തിന്റെ ദുരനുഭവത്തിൽനിന്ന് വിടുവിച്ച് അവർക്കു മതസ്വാതന്ത്ര്യം നൽകിയതിന്റെ ബഹുമതി അവർ അദ്ദേഹത്തിനു നൽകുന്നു. അതിനുപുറമേ, അദ്ദേഹം ക്രിസ്തീയ പ്രസ്ഥാനത്തെ ഉന്നമിപ്പിക്കാൻ അതിയായി ആഗ്രഹിച്ചവനും യേശുക്രിസ്തുവിന്റെ വിശ്വസ്ത പാദാനുഗാമിയും ആയിരുന്നുവെന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. പൗരസ്ത്യ ഓർത്തഡോക്സ് സഭയും കോപ്റ്റിക് സഭയും കോൺസ്റ്റന്റയ്നെയും അമ്മ ഹെലീനയെയും “വിശുദ്ധ”രായി പ്രഖ്യാപിച്ചിരിക്കുന്നു. ജൂൺ 3-നോ അല്ലെങ്കിൽ സഭാ കലണ്ടർ അനുസരിച്ച് മേയ് 21-നോ അവരുടെ പെരുന്നാൾ ആഘോഷിക്കുന്നു.
മഹാനായ കോൺസ്റ്റന്റയ്ൻ വാസ്തവത്തിൽ ആരായിരുന്നു? അപ്പോസ്തലാനന്തര ക്രിസ്ത്യാനിത്വത്തിന്റെ വികാസത്തിൽ അദ്ദേഹത്തിന്റെ പങ്കെന്തായിരുന്നു? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ചരിത്രത്തെയും പണ്ഡിതന്മാരെയും അനുവദിക്കുന്നത് വിജ്ഞാനപ്രദമാണ്.
ചരിത്രത്തിലെ കോൺസ്റ്റന്റയ്ൻ
കോൺസ്റ്റാൻറിയസ് ക്ലോറസിന്റെ പുത്രനായ കോൺസ്റ്റന്റയ്ൻ ജനിച്ചത് പൊ.യു. ഏകദേശം 275-ൽ സെർബിയയിലെ നയിസ്സസിലാണ്. അദ്ദേഹത്തിന്റെ പിതാവ് പൊ.യു. 293-ൽ റോമിന്റെ പശ്ചിമപ്രവിശ്യയിൽ ചക്രവർത്തിയായ സമയത്ത് അദ്ദേഹം ഗാലെറിയസ് ചക്രവർത്തിയുടെ ഉത്തരവനുസരിച്ച് ഡനുബെയിൽ യുദ്ധം ചെയ്യുകയായിരുന്നു. പൊ.യു. 306-ൽ കോൺസ്റ്റന്റയ്ൻ ബ്രിട്ടനിലുള്ള മരണാസന്നനായ തന്റെ പിതാവിന്റെ അടുത്തേക്കു മടങ്ങി. പിതാവിന്റെ മരണാനന്തരം പട്ടാളം കോൺസ്റ്റൻറയ്നെ ചക്രവർത്തിപദത്തിലേക്ക് ഉയർത്തി.
ആ സമയത്ത് മറ്റ് അഞ്ചുപേർ തങ്ങൾ ചക്രവർത്തിമാരാണെന്ന് അവകാശപ്പെട്ടു. പൊ.യു. 306-നും 324-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ തുടർച്ചയായി ആഭ്യന്തരയുദ്ധം അരങ്ങേറി. അതേത്തുടർന്ന്, കോൺസ്റ്റന്റയ്ൻ അദ്വിതീയ ചക്രവർത്തിയായി. രണ്ടു സൈനികനീക്കങ്ങളിലെ വിജയം കോൺസ്റ്റന്റയ്ന് റോമൻ ചരിത്രത്തിൽ ഒരു സ്ഥാനം ഉറപ്പാക്കുകയും അദ്ദേഹത്തെ റോമൻ സാമ്രാജ്യത്തിന്റെ അദ്വിതീയ ഭരണാധികാരിയാക്കുകയും ചെയ്തു.
പൊ.യു. 312-ൽ റോമിനുവെളിയിലെ മിൽവിയൻ ബ്രിഡ്ജ് യുദ്ധത്തിൽ കോൺസ്റ്റന്റയ്ൻ തന്റെ ശത്രുവായ മാക്സെൻഷിയസിനെ പരാജയപ്പെടുത്തി. “ഈ ചിഹ്നത്തിൽ കീഴടക്കുക” എന്നർഥമുള്ള ഇൻ ഹോക് സിഗ്നോ വിൻകെസ് എന്നീ ലത്തീൻ പദങ്ങൾ വഹിക്കുന്ന ഒരു ജ്വലിക്കുന്ന കുരിശ് ആ യുദ്ധസമയത്ത് സൂര്യനു കീഴെ പ്രത്യക്ഷപ്പെട്ടെന്ന് ക്രിസ്തീയ താർക്കികന്മാർ അവകാശപ്പെടുന്നു. സൈനികരുടെ പടച്ചട്ടയുടെമേൽ ക്രിസ്തുവിന്റെ ഗ്രീക്ക് പേരിന്റെ ആദ്യത്തെ രണ്ട് അക്ഷരങ്ങൾ ആലേഖനം ചെയ്യാൻ ഒരു സ്വപ്നത്തിൽ കോൺസ്റ്റന്റയ്നോട് പറയപ്പെട്ടെന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ ഈ കഥയിൽ കാലഗണനാപരമായ അനേകം പാളിച്ചകളുണ്ട്. ക്രിസ്ത്യാനിത്വത്തിന്റെ ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിക്കുന്നു: “ഈ ദർശനത്തിന്റെ കൃത്യമായ സമയവും സ്ഥലവും വിശദാംശങ്ങളും സംബന്ധിച്ചു പൂർവാപര വൈരുദ്ധ്യമുണ്ട്.” റോമിൽ കോൺസ്റ്റന്റയ്നു സ്വാഗതമരുളിക്കൊണ്ട് ഒരു പുറജാതീയ സെനറ്റ് അദ്ദേഹത്തെ മുഖ്യ ചക്രവർത്തിയും പൊൻറിഫെക്സ് മാക്സിമസും—അതായത് സാമ്രാജ്യത്തിലെ പുറജാതീയ മതത്തിന്റെ മുഖ്യപുരോഹിതൻ—ആയി പ്രഖ്യാപിച്ചു.
പൊ.യു. 313-ൽ കോൺസ്റ്റന്റയ്ൻ പൗരസ്ത്യ പ്രവിശ്യയുടെ ഭരണാധിപനായ ലിസിനിയസ് ചക്രവർത്തിയുമായി ഒരു പങ്കാളിത്തം സ്ഥാപിച്ചു. നാൻറീസിലെ രാജ്യശാസനത്തിലൂടെ (എഡിറ്റ് ഓഫ് മിലാൻ) അവർ ഇരുവരും എല്ലാ മത സമൂഹങ്ങൾക്കും ആരാധനാ സ്വാതന്ത്ര്യവും തുല്യ അവകാശങ്ങളും നൽകി. എന്നാൽ ആ ശാസനം ക്രിസ്ത്യാനിത്വത്തോടുള്ള നയപരമായ മാറ്റത്തെ സൂചിപ്പിക്കുന്ന ഒരു പ്രമുഖ രാജ്യശാസനമൊന്നുമല്ല പ്രത്യുത പതിവുപോലെ പുറത്തിറക്കിയ വെറുമൊരു ഔദ്യോഗിക എഴുത്തായിരുന്നുവെന്നു പറഞ്ഞുകൊണ്ട് അനേകം ചരിത്രകാരന്മാർ അതിനു കാര്യമായ പ്രാധാന്യം നൽകുന്നില്ല.
തുടർന്നുവന്ന പത്തുവർഷക്കാലത്ത്, കോൺസ്റ്റന്റയ്ൻ തന്റെ അവസാന ശത്രുവായ ലിസിനിയസിനെ പരാജയപ്പെടുത്തി റോമൻ ലോകത്തിന്റെ അനിഷേധ്യ ഭരണാധിപനായി. പൊ.യു. 325-ൽ, അപ്പോഴും സ്നാപനമേറ്റിട്ടില്ലായിരുന്ന അദ്ദേഹം “ക്രിസ്തീയ” സഭയുടെ ആദ്യത്തെ വലിയ സഭൈക്യ കൗൺസിലിൽ അധ്യക്ഷത വഹിച്ചു. ആ കൗൺസിൽ അറിയൂസ്വാദത്തെ കുറ്റം വിധിക്കുകയും നിഖ്യാ വിശ്വാസപ്രമാണം എന്നു വിളിക്കപ്പെടുന്ന അടിസ്ഥാന വിശ്വാസങ്ങളുടെ ഒരു പ്രഖ്യാപനത്തിന്റെ കരടുരൂപം തയ്യാറാക്കുകയും ചെയ്തു.
പൊ.യു. 337-ൽ കോൺസ്റ്റന്റയ്ൻ മാരകമായി രോഗബാധിതനായി. ജീവിതത്തിന്റെ ആ അവസാന നാഴികയിൽ അദ്ദേഹത്തെ സ്നാപനപ്പെടുത്തുകയും തുടർന്ന് അദ്ദേഹം മരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷം സെനറ്റ് അദ്ദേഹത്തെ റോമൻ ദൈവങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി.
കോൺസ്റ്റന്റയ്ൻ തന്ത്രങ്ങളിൽ മതത്തിന്റെ പങ്ക്
മൂന്നും നാലും നൂറ്റാണ്ടുകളിലെ റോമൻ ചക്രവർത്തിമാർക്കു മതത്തോടുണ്ടായിരുന്ന പൊതുവായ മനോഭാവത്തോടുള്ള ബന്ധത്തിൽ ഇസ്റ്റോറിയാ ടൂ എലിനികൂ എത്ത്നൂസ് (ഗ്രീക്ക് രാഷ്ട്ര ചരിത്രം) എന്ന പുസ്തകം പറയുന്നു: “സിംഹാസനസ്ഥരായ ചക്രവർത്തിമാരിൽ ചിലർ മതാനുഭാവികളല്ലായിരുന്നെങ്കിലും, തങ്ങളുടെ പ്രവർത്തനങ്ങൾക്ക് മതപരമായ മട്ടും ഭാവവും നൽകുന്നതിന് രാഷ്ട്രീയ പദ്ധതികളുടെ ചട്ടക്കൂടിനുള്ളിൽ മതത്തിന് ഒരു പ്രധാന സ്ഥാനം കൊടുക്കേണ്ടത് അനിവാര്യമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് സമകാലിക ചിന്താഗതിക്കു വഴങ്ങി.”
തീർച്ചയായും, കാലത്തിനൊത്തു നീങ്ങിയവനായിരുന്നു കോൺസ്റ്റന്റയ്ൻ. തന്റെ ഭരണത്തിന്റെ തുടക്കത്തിൽ അദ്ദേഹത്തിന് അൽപ്പം “ദിവ്യ” രക്ഷാകർതൃത്വം ആവശ്യമായിരുന്നു. സ്വാധീനം നഷ്ടപ്പെട്ടുകൊണ്ടിരുന്ന റോമൻ ദൈവങ്ങൾക്ക് അതു കഴിയുമായിരുന്നില്ല. സാമ്രാജ്യം അതിന്റെ മതത്തോടും ഇതര സ്ഥാപനങ്ങളോടുമൊപ്പം അധഃപതനത്തിന്റെ പാതയിലായിരുന്നു. അതിനെ പുനരുദ്ധരിക്കുന്നതിന് നവീനവും ജീവദായകവുമായ എന്തെങ്കിലും ആവശ്യമായിരുന്നു. ഇഡ്രിയാ വിജ്ഞാനകോശം പറയുന്നു: “കോൺസ്റ്റന്റയ്ൻ ക്രിസ്ത്യാനിത്വത്തിൽ വിശേഷിച്ചും തത്പരനായിരുന്നു. കാരണം അത് അദ്ദേഹത്തിന്റെ വിജയങ്ങളെ മാത്രമല്ല സാമ്രാജ്യ പുനരേകീകരണത്തെയും പിന്താങ്ങി. എല്ലായിടത്തുമുണ്ടായിരുന്ന ക്രിസ്തീയ സഭകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്തുണക്കാരായി. . . . അക്കാലത്തെ പ്രമുഖ ബിഷപ്പുമാർ അദ്ദേഹത്തെ ചുറ്റിനിന്നു. . . , ഐക്യം കാത്തുസൂക്ഷിക്കാൻ അദ്ദേഹം അവരോട് അഭ്യർഥിച്ചു.”
സാമ്രാജ്യ മേധാവിത്വത്തിനായുള്ള തന്റെ ബൃഹത്തായ പദ്ധതിയെ പുനരുജ്ജീവിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്യുന്ന ഒരു ശക്തിയെന്നനിലയിൽ “ക്രിസ്തീയ” മതത്തെ—അപ്പോഴേക്കും അതിന് വിശ്വാസത്യാഗം ഭവിക്കുകയും അത്യധികം ദുഷിക്കപ്പെടുകയും ചെയ്തിരുന്നെങ്കിലും—ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന് കോൺസ്റ്റന്റയ്ൻ മനസ്സിലാക്കി. തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ ഉന്നമിപ്പിക്കുന്നതിന് പിന്തുണ നേടാനായി, വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ സ്വീകരിച്ചുകൊണ്ട് അദ്ദേഹം ജനങ്ങളെ ഒരു “കത്തോലിക്ക” അഥവാ സാർവലൗകിക, മതത്തിൻ കീഴിൽ ഏകീകരിക്കാൻ തീരുമാനിച്ചു. പുറജാതീയ ആചാരങ്ങൾക്കും ഉത്സവങ്ങൾക്കും “ക്രിസ്തീയ” പേരുകൾ നൽകി. “ക്രിസ്തീയ” പുരോഹിതന്മാർക്കു പുറജാതീയ പുരോഹിതന്മാരുടെ അതേ സ്ഥാനവും ശമ്പളവും സ്വാധീനശക്തിയും നൽകി.
രാഷ്ട്രീയ ലക്ഷ്യങ്ങളെപ്രതി മത ഐക്യം കാംക്ഷിച്ചുകൊണ്ട് കോൺസ്റ്റന്റയ്ൻ ഏതൊരു ഭിന്നാഭിപ്രായത്തെയും സത്വരം അടിച്ചമർത്തി, ഉപദേശപരമായ സത്യത്തിൽ അധിഷ്ഠിതമായിട്ടല്ല, മറിച്ച് ഭൂരിപക്ഷ സമ്മതത്തിന്റെ അടിസ്ഥാനത്തിൽ. അങ്ങേയറ്റം വിഭജിതമായിരുന്ന “ക്രിസ്തീയ” സഭയിലെ രൂക്ഷമായ ഉപദേശഭിന്നതകൾ, “ദൈവ-നിയമിത” മധ്യസ്ഥനെന്നപോലെ കാര്യാദികളിൽ ഇടപെടാൻ അദ്ദേഹത്തിന് അവസരം ഒരുക്കിക്കൊടുത്തു. വടക്കേ ആഫ്രിക്കയിലെ ഡൊണാറ്റിസ്റ്റുകളോടും സാമ്രാജ്യത്തിന്റെ പൗരസ്ത്യ പ്രവിശ്യയിലെ അറിയൂസിന്റെ അനുഗാമികളോടുമുള്ള ഇടപെടലുകളിൽനിന്ന്, പ്രേരണചെലുത്തുന്നതുകൊണ്ടു മാത്രം ശക്തവും ഏകീകൃതവുമായ ഒരു വിശ്വാസം രൂപപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പെട്ടെന്നുതന്നെ മനസ്സിലാക്കി.a അറിയൂസ്വിവാദം പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം സഭയുടെ ചരിത്രത്തിലെ ആദ്യത്തെ സഭൈക്യ കൗൺസിൽ വിളിച്ചുകൂട്ടിയത്.—“കോൺസ്റ്റന്റയ്നും നിഖ്യാ കൗൺസിലും” എന്ന ചതുരം കാണുക.
കോൺസ്റ്റന്റയ്നെക്കുറിച്ച് ചരിത്രകാരനായ പോൾ ജോൺസൺ ഇങ്ങനെ പറയുന്നു: “കോൺസ്റ്റന്റയ്ൻ ക്രിസ്ത്യാനിത്വത്തെ വെച്ചുപൊറുപ്പിച്ചതിന്റെ പ്രമുഖ കാരണങ്ങളിലൊന്ന്, സഭയുടെ ഉപദേശപരമായ നയത്തെ നിയന്ത്രിക്കാനുള്ള അവസരം അദ്ദേഹത്തിനും രാഷ്ട്രത്തിനും അതു നൽകിയെന്നതായിരിക്കാം.”
അദ്ദേഹം എന്നെങ്കിലും ഒരു ക്രിസ്ത്യാനിയായോ?
ജോൺസൺ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “കോൺസ്റ്റൻറയ്ൻ ഒരിക്കലും സൂര്യാരാധന ഉപേക്ഷിച്ചില്ല, അദ്ദേഹം തന്റെ നാണയത്തിലെ സൂര്യബിംബം നിലനിർത്തി.” കാത്തലിക്ക് എൻസൈക്ലോപീഡിയാ പ്രസ്താവിക്കുന്നു: “രണ്ടു മതങ്ങളോടും കോൺസ്റ്റന്റയ്ൻ തുല്യമായ പ്രീതി കാട്ടി. പൊൻറിഫെക്സ് മാക്സിമസ് എന്നനിലയിൽ അദ്ദേഹം പുറജാതീയ ആരാധനയ്ക്കായി കരുതൽ ചെയ്യുകയും അതിന്റെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്തു.” “കോൺസ്റ്റന്റയ്ൻ ഒരിക്കലും ഒരു ക്രിസ്ത്യാനിയായിത്തീർന്നില്ല” എന്ന് ഹിഡ്രിയാ വിജ്ഞാനകോശം പ്രസ്താവിക്കുന്നു. അതിപ്രകാരം കൂട്ടിച്ചേർക്കുന്നു: “അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലാണു ക്രിസ്ത്യാനിയായിത്തീർന്നതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയ കൈസര്യയിലെ യൂസിബിയസ് പറയുന്നു. ആ സ്നാപനത്തിൽ കഴമ്പില്ല. കാരണം, തനിക്ക് പൊൻറിഫെക്സ് മാക്സിമസ് എന്ന പദവിനാമം ഉണ്ടായിരുന്നതിനാൽ, തലേദിവസം [കോൺസ്റ്റന്റയ്ൻ] സീയൂസിന് ബലിയർപ്പിച്ചിരുന്നു.”
പൊ.യു. 337-ൽ മരിക്കുന്നതുവരെ കോൺസ്റ്റന്റയ്ൻ, മതകാര്യങ്ങളുടെ പരമോന്നത തലവനെന്ന് അർഥമുള്ള പൊൻറിഫെക്സ് മാക്സിമസ് എന്ന പുറജാതീയ സ്ഥാനപ്പേർ വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്നാപനത്തെക്കുറിച്ച് ഇപ്രകാരം ചോദിക്കുന്നത് ന്യായയുക്തമായിരിക്കും, അത് തിരുവെഴുത്തുകൾ നിഷ്കർഷിക്കുന്നതുപോലെയുള്ള യഥാർഥ അനുതാപത്തിന്റെയും പരിവർത്തനത്തിന്റെയും ഫലമായിരുന്നോ? (പ്രവൃത്തികൾ 2:38, 40, 41) അത് യഹോവയാം ദൈവത്തിനുള്ള കോൺസ്റ്റന്റയ്ന്റെ സമർപ്പണത്തിന്റെ പ്രതീകമായ ഒരു സമ്പൂർണ ജലനിമജ്ജനമായിരുന്നോ?—പ്രവൃത്തികൾ 8:36-39 താരതമ്യം ചെയ്യുക.
ഒരു ‘പുണ്യവാളനോ’?
എൻസൈക്ലോപീഡിയാ ബ്രിട്ടാനിക്കാ പ്രസ്താവിക്കുന്നു: “ഒരു വ്യക്തിയെന്നനിലയിൽ താൻ ആരായിരുന്നു എന്നതു നിമിത്തമല്ല, മറിച്ച് താൻ നിർവഹിച്ച കാര്യങ്ങളെപ്രതി കോൺസ്റ്റന്റയ്ൻ മഹാൻ എന്നു വിളിക്കപ്പെടാൻ അർഹനായിരുന്നു. സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, പുരാതന കാലത്തോ ആധുനിക കാലത്തോ [മഹാൻ എന്ന] ആ വിശേഷണം നൽകപ്പെട്ടിട്ടുള്ളവർക്കിടയിൽ ഏറ്റവും പുറകിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം.” ക്രിസ്ത്യാനിത്വത്തിന്റെ ചരിത്രം എന്ന പുസ്തകം നമ്മോട് ഇങ്ങനെ പറയുന്നു: “അദ്ദേഹത്തിന്റെ അക്രമാസക്ത സ്വഭാവത്തെയും കോപാകുലനായിരിക്കുമ്പോഴത്തെ ക്രൂരതയെയും കുറിച്ചുള്ള ആദിമ റിപ്പോർട്ടുകളുണ്ട്. . . . അദ്ദേഹത്തിന് മാനുഷ ജീവനോട് യാതൊരു ആദരവും ഉണ്ടായിരുന്നില്ല. . . . വൃദ്ധനായപ്പോഴേക്കും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം അതിനിഷ്ഠുരമായിത്തീർന്നു.”
വ്യക്തമായും കോൺസ്റ്റന്റയ്ന് ഗുരുതരമായ വ്യക്തിത്വപ്രശ്നങ്ങൾ ഉണ്ടായിരുന്നു. “അദ്ദേഹം ചെയ്ത കുറ്റകൃത്യങ്ങൾക്ക് മിക്കപ്പോഴും കാരണം അദ്ദേഹത്തിന്റെ പെട്ടെന്നുവികാരംകൊള്ളുന്ന സ്വഭാവമായിരുന്നു” എന്ന് ഒരു ചരിത്ര ഗവേഷകൻ പറയുന്നു. (“രാജകുല കൊലപാതകങ്ങൾ” എന്ന ചതുരം കാണുക.) കോൺസ്റ്റന്റയ്ൻ “ക്രിസ്തീയ സ്വഭാവമുള്ളവൻ” ആയിരുന്നില്ലെന്ന് യൂറോപ്പിന്റെ ചരിത്രം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ചരിത്രകാരനായ എച്ച്. ഫിഷെർ സമർഥിക്കുന്നു. വസ്തുതകൾ അദ്ദേഹത്തെ ഒരു സത്യക്രിസ്ത്യാനിയായി, “പുതിയ വ്യക്തിത്വം” ധരിച്ച, ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം എന്നിവ പ്രകടമായിരുന്ന ഒരു വ്യക്തിയായി, ചിത്രീകരിക്കുന്നില്ല.—കൊലൊസ്സ്യർ 3:9, 10, NW; ഗലാത്യർ 5:22, 23.
അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഭവിഷ്യത്തുകൾ
പുറജാതീയ പൊൻറിഫെക്സ് മാക്സിമസ് എന്നനിലയിൽ—തത്ഫലമായി റോമൻ സാമ്രാജ്യത്തിന്റെ മതമേധാവി എന്നനിലയിൽ—കോൺസ്റ്റന്റയ്ൻ വിശ്വാസത്യാഗംഭവിച്ച സഭയിലെ ബിഷപ്പുമാരുമായി സൗഹൃദത്തിലാകാൻ ശ്രമിച്ചു. റോമൻ രാഷ്ട്രമതത്തിന്റെ ഓഫീസർമാർ എന്നനിലയിലുള്ള അധികാരസ്ഥാനങ്ങളും പ്രാമുഖ്യതയും ധനവും അദ്ദേഹം അവർക്കു വാഗ്ദാനം ചെയ്തു. കാത്തലിക്ക് എൻസൈക്ലോപീഡിയാ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “രാജസദസ്സിന്റെ പ്രൗഢിയാൽ അന്ധരാക്കപ്പെട്ട ചില ബിഷപ്പുമാർ, ചക്രവർത്തിയെ ദൈവത്തിന്റെ മാലാഖയായും പവിത്ര വ്യക്തിയായും പ്രകീർത്തിക്കുകയും ദൈവപുത്രനെപ്പോലെ അദ്ദേഹം സ്വർഗത്തിൽ ഭരിക്കുമെന്നു പ്രവചിക്കുകയും ചെയ്യുന്ന ഘട്ടത്തോളംപോലും പോയി.”
വിശ്വാസത്യാഗംഭവിച്ച ക്രിസ്ത്യാനിത്വം രാഷ്ട്രീയ ഭരണകൂടങ്ങളുമായി ചങ്ങാത്തത്തിലായതോടെ, അത് അധികമധികം ഈ ലോകത്തിന്റെ, ഈ മതേതരവ്യവസ്ഥിതിയുടെ ഭാഗമായിത്തീരുകയും യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളിൽനിന്ന് അകന്നുപോകുകയും ചെയ്തു. (യോഹന്നാൻ 15:19; 17:14, 16; വെളിപ്പാടു 17:1, 2) തത്ഫലമായി, ത്രിത്വം, ദേഹിയുടെ അമർത്ത്യത, നരകാഗ്നി, ശുദ്ധീകരണസ്ഥലം, മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥന, കൊന്തയുടെ ഉപയോഗം, വിഗ്രഹങ്ങൾ, പ്രതിമകൾ എന്നിങ്ങനെയുള്ള വ്യാജ ഉപദേശങ്ങളെയും ആചാരങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു “ക്രിസ്ത്യാനിത്വം” നിലവിൽവന്നു.—2 കൊരിന്ത്യർ 6:14-18 താരതമ്യം ചെയ്യുക.
കോൺസ്റ്റന്റയ്നിൽനിന്ന് സഭയ്ക്ക് ഏകാധിപത്യ പ്രവണതകളും കിട്ടി. പണ്ഡിതന്മാരായ ഹെൻഡെഴ്സനും ബക്കും പറയുന്നു: “സുവിശേഷത്തിന്റെ ലാളിത്യം ദുഷിപ്പിക്കപ്പെട്ടു, ആർഭാടപരമായ ആചാരാനുഷ്ഠാനങ്ങളും മതകർമങ്ങളും അവതരിപ്പിക്കപ്പെട്ടു, ക്രിസ്ത്യാനിത്വത്തിന്റെ ഉപദേഷ്ടാക്കൾക്കു ലൗകിക സ്ഥാനമാനങ്ങളും വേതനവും നൽകപ്പെട്ടു, ക്രിസ്തുവിന്റെ രാജ്യം മുഖ്യമായും ഈ ലോകത്തിന്റെ രാജ്യമായിത്തീർന്നു.”
യഥാർഥ ക്രിസ്ത്യാനിത്വം എവിടെ?
ചരിത്ര വസ്തുതകൾ കോൺസ്റ്റന്റയ്ന്റെ “മാഹാത്മ്യ”ത്തിനു പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തുന്നു. ക്രൈസ്തവലോകം സത്യക്രിസ്തീയ സഭയുടെ ശിരസ്സായ യേശുക്രിസ്തുവിനാൽ സ്ഥാപിക്കപ്പെട്ടതല്ല. മറിച്ച് അതു ഭാഗികമായി, ഒരു പുറജാതീയ ചക്രവർത്തിയുടെ രാഷ്ട്രീയ അവസരവാദത്തിന്റെയും കുടില തന്ത്രങ്ങളുടെയും ഫലമാണ്. സമുചിതമായി, ചരിത്രകാരനായ പോൾ ജോൺസൺ ചോദിക്കുന്നു: “സാമ്രാജ്യം ക്രിസ്ത്യാനിത്വത്തിനു കീഴടങ്ങിയോ, അതോ ക്രിസ്ത്യാനിത്വം സാമ്രാജ്യവുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ടോ?”
ശുദ്ധമായ ക്രിസ്ത്യാനിത്വത്തോടു പറ്റിനിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇന്നത്തെ സത്യക്രിസ്തീയ സഭയെ തിരിച്ചറിയുന്നതിനും അതുമായി സഹവസിക്കുന്നതിനും സഹായം ലഭിക്കുന്നതാണ്. സത്യക്രിസ്ത്യാനിത്വത്തെ തിരിച്ചറിയുന്നതിനും ദൈവത്തെ അവനു സ്വീകാര്യമായ വിധത്തിൽ ആരാധിക്കുന്നതിനും ആത്മാർഥഹൃദയരായ ആളുകളെ സഹായിക്കാൻ ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ ഏറ്റം സന്നദ്ധരാണ്.—യോഹന്നാൻ 4:23, 24.
[അടിക്കുറിപ്പുകൾ]
a ഡൊണാറ്റിസം പൊ.യു. നാലും അഞ്ചും നൂറ്റാണ്ടുകളിലെ ഒരു “ക്രിസ്തീയ” മതവിഭാഗമായിരുന്നു. കൂദാശകളുടെ സാധുത ശുശ്രൂഷകന്റെ സദാചാര സ്വഭാവത്തിൽ അധിഷ്ഠിതമാണെന്നും ആയതിനാൽ ഗുരുതരമായ പാപം സംബന്ധിച്ചു കുറ്റക്കാരായവരെ സഭയിൽനിന്നു പുറത്താക്കണമെന്നും അതിന്റെ അനുയായികൾ വാദിച്ചിരുന്നു. ക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിച്ച നാലാം നൂറ്റാണ്ടിലെ ഒരു “ക്രിസ്തീയ” പ്രസ്ഥാനമായിരുന്നു അറിയൂസ്വാദം. ദൈവം ജനിക്കാത്തവനും ആരംഭം ഇല്ലാത്തവനുമാണെന്ന് അറിയൂസ് പഠിപ്പിച്ചു. പുത്രൻ ജനിച്ചവനാകയാൽ, അവന് പിതാവ് ദൈവമായിരിക്കുന്ന അതേ അർഥത്തിൽ ദൈവമായിരിക്കാൻ കഴിയില്ല. പുത്രൻ എല്ലാക്കാലത്തും ആസ്തിക്യത്തിൽ ഉണ്ടായിരുന്നില്ല, പകരം അവൻ സൃഷ്ടിക്കപ്പെടുകയും പിതാവിന്റെ ഹിതത്താൽ അസ്തിത്വത്തിലായിരിക്കുകയും ചെയ്യുന്നു.
[28-ാം പേജിലെ ചതുരം]
കോൺസ്റ്റന്റയ്നും നിഖ്യാ കൗൺസിലും
സ്നാപനമേൽക്കാത്ത കോൺസ്റ്റന്റയ്ൻ ചക്രവർത്തി നിഖ്യാ കൗൺസിലിൽ എന്ത് പങ്കാണു വഹിച്ചത്? എൻസൈക്ലോപീഡിയാ ബ്രിട്ടാനിക്കാ പ്രസ്താവിക്കുന്നു: “കോൺസ്റ്റന്റയ്ൻതന്നെ ചർച്ചകളെ സജീവമായി നയിച്ചുകൊണ്ട് അധ്യക്ഷത വഹിച്ചു. . . . ചക്രവർത്തിയെ ഭയന്ന് ബിഷപ്പുമാർ, രണ്ടുപേർ ഒഴികെ, വിശ്വാസപ്രമാണത്തിൽ ഒപ്പിട്ടു, അവരിൽ അനേകർ ഏറെയും തങ്ങളുടെ ചായ്വിനെതിരായി തന്നെ.”
രണ്ടു മാസത്തെ ഉഗ്രമായ മത വാദപ്രതിവാദത്തിനുശേഷം, ഈ പുറജാതി രാജ്യതന്ത്രജ്ഞൻ ഇടപെടുകയും യേശു ദൈവമാണെന്ന് പറഞ്ഞവർക്കനുകൂലമായി തീരുമാനമെടുക്കുകയും ചെയ്തു. എന്തുകൊണ്ട്? “കോൺസ്റ്റന്റയ്ന് ഗ്രീക്കു ദൈവശാസ്ത്രത്തിൽ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ സംബന്ധിച്ച് അടിസ്ഥാനപരമായി യാതൊരു ഗ്രാഹ്യവുമുണ്ടായിരുന്നില്ല” എന്ന് ക്രിസ്തീയ ഉപദേശത്തിന്റെ ഒരു ഹ്രസ്വ ചരിത്രം (ഇംഗ്ലീഷ്) പറയുന്നു. അദ്ദേഹത്തിന് മനസ്സിലായ സംഗതി, മത ഭിന്നത തന്റെ സാമ്രാജ്യത്തിന് ഒരു ഭീഷണി ആണെന്നുള്ളതായിരുന്നു. തന്റെ സാമ്രാജ്യത്തെ ഒരുമിച്ചുനിർത്താൻ അദ്ദേഹം നിശ്ചയദാർഢ്യമുള്ളവനായിരുന്നു.
കോൺസ്റ്റന്റയ്ന്റെ മാർഗനിർദേശത്തിൻ കീഴിൽ തയ്യാറാക്കപ്പെട്ട അന്തിമ പ്രമാണത്തെക്കുറിച്ച് ഇസ്റ്റോറിയാ ടൂ എലിനികൂ എത്ത്നൂസ് (ഗ്രീക്ക് രാഷ്ട്ര ചരിത്രം) ഇങ്ങനെ അഭിപ്രായപ്പെടുന്നു: “അത് ഉപദേശപരമായ കാര്യങ്ങളോടുള്ള [കോൺസ്റ്റന്റയ്ന്റെ] ഉദാസീനതയും . . . എന്തു വിലകൊടുത്തും സഭയിൽ ഐക്യം പുനഃസ്ഥാപിക്കാനുള്ള ഉദ്യമത്തിലെ അദ്ദേഹത്തിന്റെ മർക്കടമുഷ്ടിയും ഒടുവിൽ, ‘പുറജാതീയരുടെ ബിഷപ്പ്’ എന്നനിലയിൽ ഏതൊരു മതവിഷയത്തെക്കുറിച്ചും അവസാന വാക്കു പറയേണ്ടത് താനാണെന്നുള്ള അദ്ദേഹത്തിന്റെ ശക്തമായ വിശ്വാസവും പ്രകടമാക്കുന്നു.” ആ കൗൺസിലിൽ എടുത്ത തീരുമാനങ്ങളുടെ പിന്നിൽ ദൈവാത്മാവുണ്ടായിരുന്നിരിക്കുമോ?—പ്രവൃത്തികൾ 15:28, 29, താരതമ്യം ചെയ്യുക.
[29-ാം പേജിലെ ചതുരം]
രാജകുല കൊലപാതകങ്ങൾ
ഈ ശീർഷകത്തിനു കീഴിൽ, ഇസ്റ്റോറിയാ ടൂ എലിനികൂ എത്ത്നൂസ് (ഗ്രീക്ക് രാഷ്ട്ര ചരിത്രം) “കോൺസ്റ്റന്റയ്ൻ ചെയ്ത മ്ലേച്ഛമായ ഗാർഹിക കുറ്റകൃത്യങ്ങൾ” എന്ന് അതു വിളിക്കുന്നതിനെക്കുറിച്ച് വിവരിക്കുന്നു. രാജവംശം സ്ഥാപിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം ആ അവിചാരിത നേട്ടങ്ങൾ എങ്ങനെ ആസ്വദിക്കണമെന്ന് മറന്നുപോകുകയും തനിക്കു ചുറ്റുമുള്ള അപകടങ്ങളെക്കുറിച്ച് ജാഗരൂകനാകുകയും ചെയ്തു. സംശയാലുവായ അദ്ദേഹം ആദ്യം, ഒരുപക്ഷേ മുഖസ്തുതിക്കാരുടെ പ്രേരണയാൽ തന്റെ അനന്തരവനായ ലിസിനിയസ്—താൻ നേരത്തേ വധിച്ച ഒരു സഹചക്രവർത്തിയുടെ പുത്രൻ—തന്റെ എതിരാളിയായേക്കുമെന്നു സംശയിച്ചുതുടങ്ങി. അയാളുടെ വധത്തെത്തുടർന്ന് കോൺസ്റ്റന്റയ്ന്റെ ആദ്യജാതനായ ക്രിസ്പ്പസ് അവന്റെ രണ്ടാനമ്മയായ ഫൗസ്റ്റാ ഒരുക്കിയ ചതിയുടെ ഫലമായി വധിക്കപ്പെട്ടു. തന്റെ സ്വന്തം മകന്റെ സമ്പൂർണ അധികാരത്തിന് ക്രിസ്പ്പസ് ഒരു തടസ്സമാണെന്നു തോന്നിയതു നിമിത്തമാണ് അവൾ അപ്രകാരം ചെയ്തത്.
ഫൗസ്റ്റായുടെ ഈ നടപടിയായിരുന്നു ഒടുവിൽ അവളുടെതന്നെ നാടകീയ മരണത്തിനു നിദാനം. അവസാനംവരെ തന്റെ പുത്രനായ കോൺസ്റ്റന്റയ്ന്റെമേൽ സ്വാധീനമുണ്ടായിരുന്ന അഗസ്റ്റാ ഹെലീന ഈ കൊലപാതകത്തിൽ ഉൾപ്പെട്ടിരുന്നതായി തോന്നുന്നു. കോൺസ്റ്റന്റയ്നെ മിക്കപ്പോഴും നിയന്ത്രിച്ചിരുന്ന യുക്തിഹീനമായ വികാരങ്ങൾ അദ്ദേഹത്തിന്റെ അനേകം സുഹൃത്തുക്കളുടെയും സഹകാരികളുടെയും പെട്ടെന്നുള്ള കൊലപാതകങ്ങൾക്കു കാരണമായി. മധ്യയുഗ ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ നിഗമനം ചെയ്യുന്നു: “സ്വന്തം പുത്രന്റെയും ഭാര്യയുടെയും വധനിർവഹണം—കൊലപാതകമെന്ന് എടുത്തുപറയേണ്ടതില്ല—ക്രിസ്ത്യാനിത്വത്തിന്റെ ആത്മീയ സ്വാധീനം അദ്ദേഹത്തെ തൊട്ടുതീണ്ടിയിരുന്നില്ലെന്നു പ്രകടമാക്കുന്നു.
[30-ാം പേജിലെ ചിത്രം]
റോമിലുള്ള ഈ കമാനം കോൺസ്റ്റന്റയ്നെ മഹത്ത്വീകരിക്കാനായി ഉപയോഗിച്ചിരിക്കുന്നു
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Musée du Louvre, Paris