ഒരു സന്തോഷാവസരം—104-ാമത് ഗിലെയാദ് ക്ലാസ്സിന്റെ ബിരുദദാനം
“ഇത് സന്തോഷത്തിന്റെ ഒരു ദിനമാണ്, നാമെല്ലാം സന്തോഷമുള്ളവരാണ്.” ആ വാക്കുകളോടെയാണ് യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായ ക്യാരി ബാർബർ 1998 മാർച്ച് 14-ന് വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 104-ാമത് ക്ലാസ്സിന്റെ സന്തോഷകരമായ ബിരുദദാന ചടങ്ങിന് തുടക്കം കുറിച്ചത്. “ഒരു ആനന്ദഗീതം” എന്ന ശീർഷകത്തോടു കൂടിയ 208-ാമത്തെ രാജ്യഗീതം ആലപിച്ചുകൊണ്ട് പരിപാടി ആരംഭിക്കാൻ 4,945 പേരടങ്ങിയ സദസ്സ് ക്ഷണിക്കപ്പെട്ടു.
സന്തുഷ്ടരായി നിലകൊള്ളാനുള്ള പ്രായോഗിക ബുദ്ധ്യുപദേശം
ഹ്രസ്വമായ അഞ്ചു ബൈബിളധിഷ്ഠിത പ്രസംഗങ്ങളുടെ ഒരു പരമ്പരയായിരുന്നു പരിപാടിയുടെ പ്രാരംഭ ഭാഗം. ബിരുദദാന ദിനത്തിൽ പ്രകടമായിരുന്ന സന്തുഷ്ട ഭാവം എങ്ങനെ നിലനിർത്താം എന്നതിനെ കുറിച്ചുള്ള ചില പ്രായോഗിക ബുദ്ധ്യുപദേശങ്ങൾ അത് നൽകി.
ആദ്യത്തെ പ്രസംഗം നടത്തിയത് എഴുത്തു വിഭാഗത്തിലെ ജോസഫ് ഇംസ് ആയിരുന്നു. “വിശ്വസ്തരുടെ മനോഭാവം അനുകരിക്കുക” എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗവിഷയം. 2 ശമൂവേൽ 15-ഉം 17-ഉം അധ്യായങ്ങളിലെ ബൈബിൾ വിവരണത്തിൽ അധിഷ്ഠിതമായിരുന്നു അത്. ദാവീദിന്റെ പുത്രനായ അബ്ശാലോം ഒരു കിടമത്സരം ഇളക്കിവിട്ടുകൊണ്ട് തന്റെ പിതാവിന്റെ ദൈവദത്ത രാജ്യം കയ്യടക്കാൻ ഗൂഢാലോചന നടത്തിയതിനെ കുറിച്ചുള്ളതാണ് ആ വിവരണം. എന്നാൽ, യഹോവയുടെ അഭിഷിക്തനായ ദാവീദ് രാജാവിനോട് വിശ്വസ്തരായി നിലകൊണ്ടവർ ഉണ്ടായിരുന്നു. ഇതിൽ നിന്ന് പുതിയ മിഷനറിമാർക്ക് എന്തു പാഠമാണ് ഉൾക്കൊള്ളാൻ കഴിയുന്നത്? “നിങ്ങളുടെ നിയമനത്തിന്റെ ഭാഗമായി നിങ്ങൾ എവിടെ പോയാലും, സഹകരണ മനോഭാവവും ദിവ്യാധിപത്യ അധികാരത്തോടുള്ള ആദരവും വിശ്വസ്തമായി ഉന്നമിപ്പിക്കുക. അങ്ങനെ ചെയ്യാൻ മറ്റുള്ളവരെയും സഹായിക്കുക” എന്നു പറഞ്ഞുകൊണ്ട് ഇംസ് സഹോദരൻ ഉപസംഹരിച്ചു.
പരിപാടിയിലെ അടുത്ത ഇനം നടത്തിയത് ഡേവിഡ് സിംഗ്ലെയർ ആയിരുന്നു. ‘യഹോവയുടെ കൂടാരത്തിൽ’ അതിഥിയായിരിക്കാൻ ആവശ്യമായ, സങ്കീർത്തനം 15-ൽ പരാമർശിച്ചിരിക്കുന്ന, പത്തു നിബന്ധനകൾ അദ്ദേഹം വിശദീകരിച്ചു. “നിങ്ങളുടെ മിഷനറി കൂടാരത്തിൽ അതിഥികളായി തുടരുവിൻ” എന്ന ശീർഷകത്തോടു കൂടിയ അദ്ദേഹത്തിന്റെ പ്രസംഗം, തങ്ങൾ അതിഥികൾ ആയിരിക്കുന്ന മിഷനറി നിയമനങ്ങളിൽ പ്രസ്തുത സങ്കീർത്തനം ബാധകമാക്കാൻ ബിരുദം നേടുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. എല്ലാ അവസരങ്ങളിലും ദൈവിക നിലവാരങ്ങൾ അനുസരിച്ച് ജീവിക്കേണ്ടതിന്റെ പ്രാധാന്യം സിംഗ്ലെയർ സഹോദരൻ എടുത്തുകാട്ടി. അങ്ങനെ ചെയ്യുന്നതിന്റെ ഫലമോ? സങ്കീർത്തനം 15:5 പ്രസ്താവിക്കുന്നു: “ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല.”
തുടർന്ന്, ഭരണസംഘത്തിലെ ഒരു അംഗമായ ജോൺ ബാർ ക്രിസ്തീയ യോഗങ്ങളിലെ ഗാനാലാപനത്തിനത്തിന്റെ ഉത്തേജക ഫലങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു. എന്നാൽ ഇന്ന് ഭൂമിക്കു ചുറ്റും ആലപിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും സന്തോഷകരമായ ഗീതം ഏതാണ്? ദൈവത്തിന്റെ മിശിഹൈക രാജ്യത്തിന്റെ സുവാർത്തയാണ് അത്. ഈ ഗാനാലാപനത്തിന്റെ അഥവാ രാജ്യപ്രസംഗത്തിന്റെ ഫലം എന്താണ്? 208-ാം നമ്പർ ഗീതത്തിന്റെ രണ്ടാം പാദം സംക്ഷിപ്തമായി ഇപ്രകാരം പറയുന്നു: “രാജ്യപ്രസംഗാൽ ക്രിസ്ത്യോപദേശാൽ, യാഹിൻ പക്ഷത്തനേകർ ചേരുന്നു. ഇവരും പാടുന്നാനന്ദഗീതം, അതിന്നലകൾ ദൂരവ്യാപകം!” അതേ, ഓരോ ദിവസവും ഏകദേശം 1,000 പുതിയ ശിഷ്യന്മാർ സ്നാപനമേൽക്കുന്നു. ബാർ സഹോദരൻ ഇപ്രകാരം ഉപസംഹരിച്ചു: “നിങ്ങളുടെ സ്തുതിഗീതം കേൾക്കാനായി കാത്തിരിക്കുന്ന ആളുകളെ കണ്ടുമുട്ടുന്നതിന് വ്യത്യസ്ത പ്രദേശങ്ങളിലേക്ക് അയയ്ക്കപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് അതിശയകരമല്ലേ, സഹോദരന്മാരേ?”
എഴുത്തു വിഭാഗത്തിലെ ജയിംസ് മാൻസ് നടത്തിയ തുടർന്നുവന്ന പ്രസംഗത്തിന്റെ വിഷയം “അനുഭവസമ്പന്നരുടെ ശബ്ദത്തിനു ശ്രദ്ധ കൊടുപ്പിൻ” എന്നതായിരുന്നു. വ്യക്തിപരമായ അനുഭവത്തിലൂടെ മാത്രമേ ചില കാര്യങ്ങൾ പഠിക്കാൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. (എബ്രായർ 5:8) എന്നിരുന്നാലും, ‘ജ്ഞാനികളുടെ,’ അതായത് അനുഭവസമ്പന്നരുടെ ‘വചനങ്ങളെ ചെവിചായിച്ചു കേൾക്കാൻ’ സദൃശവാക്യങ്ങൾ 22:17 നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ഇപ്പോൾ ബിരുദം നേടുന്ന വിദ്യാർഥികൾക്ക് തങ്ങൾക്കു മുമ്പേ ബിരുദം നേടിയിട്ടുള്ളവരിൽനിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയും. “പ്രാദേശിക കച്ചവടക്കാരുമായി എങ്ങനെ വിലപേശാമെന്ന് അവർക്ക് അറിയാം. ശാരീരികവും ധാർമികവുമായ അപകടങ്ങൾ നിമിത്തം നഗരത്തിന്റെ ഏതു ഭാഗങ്ങൾ ഒഴിവാക്കണമെന്ന് അവർക്ക് അറിയാം. തദ്ദേശവാസികളെ എളുപ്പം വ്രണപ്പെടുത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അവർക്ക് അറിയാം. നിങ്ങളുടെ നിയമനത്തിൽ സന്തുഷ്ടരും വിജയപ്രദരും ആയിരിക്കുന്നതിന് ആവശ്യമായിരിക്കുന്നത് എന്താണെന്ന് ദീർഘകാലമായി മിഷനറിമാർ ആയിരിക്കുന്നവർക്ക് അറിയാം,” എന്ന് മാൻസ് സഹോദരൻ പറഞ്ഞു.
ഗിലെയാദ് സ്കൂളിന്റെ രജിസ്ട്രാർ ആയ വാലസ് ലിവറൻസ്, “നിങ്ങളുടെ ദിവ്യാധിപത്യ നിയമനത്തെ വിലമതിക്കുക” എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ചു. പൗലൊസ് അപ്പോസ്തലൻ, തിമൊഥെയൊസ്, ബർന്നബാസ് തുടങ്ങിയ ചില മിഷനറിമാർ പരിശുദ്ധാത്മാവിലൂടെയോ അത്ഭുതകരമായ മറ്റെന്തെങ്കിലും വെളിപ്പാടുകളിലൂടെയോ ദൈവത്തിൽനിന്ന് തങ്ങളുടെ നിയമനങ്ങൾ സ്വീകരിച്ചു. എന്നാൽ, ഗിലെയാദ് പരിശീലിത മിഷനറിമാർ ലോകവ്യാപക വയലിലെ ഒരു സ്ഥാനത്ത് നിയമിക്കപ്പെടുന്നത് “വിശ്വസ്തനും വിവേകിയുമായ അടിമ”യാലാണെന്ന് അദ്ദേഹം വിശദീകരിച്ചു. (മത്തായി 24:45-47, NW) മിദ്യാന്യരുമായി യുദ്ധം ചെയ്യേണ്ടിയിരുന്ന തന്റെ ആളുകൾക്കു ഗിദെയോൻ നിയമിച്ചു കൊടുത്ത സ്ഥാനങ്ങളോടു മിഷനറിമാരുടെ നിയമനത്തെ അദ്ദേഹം താരതമ്യം ചെയ്തു. (ന്യായാധിപന്മാർ 7:16-21) “നിങ്ങളുടെ ദിവ്യാധിപത്യ മിഷനറി നിയമനത്തെ വിലമതിക്കുക. ഗിദെയോന്റെ പടയാളികൾ ‘ഓരോരുത്തനും താന്താന്റെ നിലയിൽ [“സ്ഥാനത്തു” NW] തന്നേ നിന്ന’തുപോലെ, നിങ്ങളുടെ നിയമനത്തെ നിങ്ങൾ ആയിരിക്കേണ്ട സ്ഥാനമായി കാണുക. ഗിദെയോന്റെ മുന്നൂറ് പടയാളികളെ യഹോവ ഉപയോഗിച്ചതു പോലെതന്നെ നിങ്ങളെയും അവന് ഉപയോഗിക്കാൻ കഴിയുമെന്ന വിശ്വാസമുള്ളവർ ആയിരിക്കുക,” ലിവറൻസ് സഹോദരൻ ഉദ്ബോധിപ്പിച്ചു.
ജനതത്പരർ ആയിരിക്കുന്നത് സന്തുഷ്ടിയിൽ കലാശിക്കുന്നു
വീക്ഷാഗോപുരം ഒരിക്കൽ ഇങ്ങനെ അഭിപ്രായപ്പെട്ടു: “നിലനിൽക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത, ഈ ലോകത്തിലെ നിർമിത വസ്തുക്കളിലും ഉപകരണങ്ങളിലും നമ്മുടെ താത്പര്യങ്ങളും ജീവിതവും കെട്ടിപ്പടുക്കുന്നതിനു പകരം ജനങ്ങളെ നമ്മുടെ യഥാർഥ താത്പര്യമാക്കുകയും മറ്റുള്ളവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യുന്നതിൽ യഥാർഥ സന്തോഷം കണ്ടെത്താൻ പഠിക്കുകയും ചെയ്യുന്നത് എത്രയോ മെച്ചവും ജ്ഞാനപൂർവകവുമാണ്.” അതിനോടുള്ള ചേർച്ചയിൽ, ഗിലെയാദ് സ്കൂൾ അധ്യാപകരിൽ ഒരാളായ മാർക്ക് നൂമാർ വിദ്യാർഥികളുടെ ഒരു കൂട്ടവുമായി അവരുടെ വയൽസേവന അനുഭവങ്ങൾ ചർച്ച ചെയ്തിട്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു: “മറ്റുള്ളവരിൽ വ്യക്തിപരമായ താത്പര്യമെടുക്കുന്നതാണ് നിങ്ങളെ നല്ല മിഷനറിമാരാക്കുന്നത്.”
വിദേശ വയലിലെ സന്തുഷ്ടിയുടെ താക്കോലുകൾ
മിഷനറി വേലയിലെ വിജയത്തിന്റെയും സന്തുഷ്ടിയുടെയും ചില താക്കോലുകൾ ഏവയാണ്? സേവന വിഭാഗത്തിലെ ചാൾസ് വൂഡി സഹോദരനും ലാറ്റിൻ അമേരിക്കയിലെ ഒരു മുൻ മിഷനറിയും ഇപ്പോൾ പഠിപ്പിക്കൽ കമ്മിറ്റിയിലെ ഒരു സഹായിയുമായ ഹരോൾഡ് ജാക്സൺ സഹോദരനും ബ്രാഞ്ച് അംഗങ്ങൾക്കു വേണ്ടിയുള്ള സ്കൂളിന്റെ ഒമ്പതാമത്തെ ക്ലാസ്സിൽ പങ്കെടുത്തിരുന്ന വ്യത്യസ്ത ബ്രാഞ്ച് കമ്മിറ്റികളിൽനിന്നുള്ള അംഗങ്ങളുമായി അഭിമുഖം നടത്തി. അവർക്ക് നൽകാൻ ഉണ്ടായിരുന്ന ഉപദേശങ്ങളുടെ ചില ദൃഷ്ടാന്തങ്ങളാണ് പിൻവരുന്നവ:
സാംബിയയിൽനിന്നുള്ള ആൽബെട്ട് മുസോൻഡ ഇങ്ങനെ അഭിപ്രായപ്പെട്ടു: “മുന്നോട്ടു ചെന്ന് സഹോദരന്മാരെ അഭിവാദ്യം ചെയ്യാൻ മിഷനറിമാർ മുൻകൈ എടുക്കുന്നത് നല്ലൊരു മനോഭാവം ഉളവാക്കുന്നു. കാരണം സഹോദരന്മാർക്കു മിഷനറിമാരുമായും തിരിച്ചും ഒരു അടുത്ത ബന്ധം വികാസം പ്രാപിക്കും.”
സൗഹൃദമുള്ളവർ പുതിയ മിഷനറിമാർക്ക് കുടിക്കാൻ എന്തെങ്കിലും പ്രാദേശിക പാനീയങ്ങൾ കൊടുക്കുമ്പോൾ അവർക്ക് ദയാപൂർവവും നയപൂർവവും ഇങ്ങനെ മറുപടി പറയാൻ കഴിയുമെന്ന് ഗ്വാട്ടിമാലയിലെ റൊളാൻഡോ മോറൽസ് നിർദേശിച്ചു: “ഞാൻ ഈ രാജ്യത്ത് പുതിയ ആളാണ്. ഇത് കുടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. പക്ഷേ, നിങ്ങൾക്കുള്ള സ്വാഭാവിക പ്രതിരോധ ശക്തി എന്റെ ശരീരത്തിനില്ല. ഒരിക്കൽ എനിക്കും ഇത് സ്വീകരിക്കാൻ സാധിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു, അത് എനിക്കു സന്തോഷമുള്ള കാര്യമാണ്.” അത്തരത്തിലുള്ള മറുപടിയുടെ പ്രയോജനങ്ങൾ എന്തൊക്കെയാണ്? “ആളുകളുടെ വികാരങ്ങൾ വ്രണപ്പെടുകയില്ല, മിഷനറിമാർ മറ്റുള്ളവരോടു ദയയുള്ളവരും ആയിരിക്കും.”
തങ്ങളുടെ നിയമനത്തിൽ നിലനിൽക്കാൻ മിഷനറിമാരെ എന്തിനു സഹായിക്കാനാകും? 12 വർഷമായി ലൈബീരിയയിൽ സേവിക്കുന്ന, 79-ാമതു ഗിലെയാദ് ക്ലാസ്സിൽനിന്നു ബിരുദം നേടിയ പോൾ ക്രൂഡസ് സഹോദരൻ ഇപ്രകാരം അഭിപ്രായപ്പെട്ടു: “മക്കളുടെ അസാന്നിധ്യം മാതാപിതാക്കൾക്ക് വിഷമം ഉളവാക്കുമെന്നതു സത്യമാണെന്ന് എനിക്ക് അറിയാം. എന്നാൽ, പുതിയ രാജ്യം, ചുറ്റുപാടുകൾ, സംസ്കാരം, ആളുകൾ എന്നിങ്ങനെയുള്ള കാര്യങ്ങളുമായി പരിചയത്തിലാകാൻ മിഷനറി യത്നിക്കുന്ന ഒരു സമയമുണ്ട്. നിയമനം ഉപേക്ഷിച്ചാലോ എന്ന് അദ്ദേഹത്തിന് തോന്നിയേക്കാം. ‘ഞങ്ങൾക്ക് നിന്റെ അസാന്നിധ്യം വല്ലാതെ അനുഭവപ്പെടുന്നു; നിന്നെക്കൂടാതെ എങ്ങനെ ജീവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല’ എന്നിങ്ങനെ പറഞ്ഞുകൊണ്ട് വീട്ടിൽനിന്നുള്ള ഒരു കത്ത് അപ്പോൾ ലഭിക്കുന്നെങ്കിൽ, വീട്ടിലേക്കു മടങ്ങാൻ അതു മാത്രം മതിയാകും. ഇന്ന് ഇവിടെ ഹാജരായിരിക്കുന്ന ബന്ധുക്കളെ സംബന്ധിച്ചിടത്തോളം ഇത് ഓർമയിൽ വെക്കേണ്ടത് വളരെ പ്രധാനമാണ്.”
അഭിമുഖങ്ങൾക്കു ശേഷം, ഭരണസംഘത്തിലെ ഒരു അംഗമായ തിയോഡർ ജാരറ്റ്സ് പരിപാടിയിലെ അവസാന പ്രസംഗം നടത്തി. അദ്ദേഹത്തിന്റെ പ്രതിപാദ്യ വിഷയം, “നിങ്ങളുടെ ജീവിതത്തിൽ രാജ്യം പ്രഥമ സ്ഥാനത്തു വെക്കുക” എന്നതായിരുന്നു. മിഷനറിമാർക്ക് ദൃഷ്ടികേന്ദ്രീകരിക്കാനും തങ്ങളുടെ വേലയിൽനിന്ന് വ്യതിചലിക്കാതിരിക്കാനും എങ്ങനെ സാധിക്കും? വ്യക്തിപരമായ ബൈബിൾ പഠനത്തിന് ഒരു പട്ടിക ഉണ്ടാക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. രാജ്യതാത്പര്യങ്ങൾ ജീവിതത്തിൽ പ്രഥമ സ്ഥാനത്തു വെക്കാൻ അത് അവരെ സഹായിക്കും. ഈ കാലോചിത ഓർമിപ്പിക്കൽ അദ്ദേഹം നൽകി: “ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇലക്ട്രോണിക് തപാൽ, കമ്പ്യൂട്ടർ എന്നിവയിൽ മുഴുകിയിരുന്നതു നിമിത്തം ചില മിഷനറിമാർ വ്യക്തിപരമായ പഠനം അവഗണിച്ചിട്ടുണ്ട്. ഏതെങ്കിലും ഉപകരണം ഉപയോഗിക്കുന്ന കാര്യത്തിലും ദൈവവചനത്തിന്റെ വ്യക്തിപരമായ പഠനത്തെ കടന്നാക്രമിക്കുംവിധം എന്തിലെങ്കിലും അമിതമായി സമയം ചെലവഴിക്കുന്നത് ഒഴിവാക്കുന്ന കാര്യത്തിലും സമനിലയുള്ളവർ ആയിരിക്കാൻ നമുക്ക് നല്ല വിവേകം ആവശ്യമാണ്.”
ജാരറ്റ്സ് സഹോദരന്റെ പ്രസംഗത്തെ തുടർന്ന് ഡിപ്ലോമകൾ നൽകുകയും വിലമതിപ്പു പ്രകടമാക്കിക്കൊണ്ടുള്ള ക്ലാസ്സിന്റെ കത്ത് വായിക്കുകയും ചെയ്തു. ക്ലാസ്സ് പ്രതിനിധി എല്ലാവരുടെയും വികാരങ്ങൾ ഈ വിധത്തിൽ പ്രകടിപ്പിച്ചു: “തന്റെ ശിഷ്യന്മാരെ തിരിച്ചറിയിക്കുമെന്ന് യേശു പറഞ്ഞ സ്നേഹത്തിന്റെ വ്യക്തമായ തെളിവു ഞങ്ങൾ കണ്ടു. ഞങ്ങൾ എവിടെ ആയിരുന്നാലും ഞങ്ങളെ പിന്തുണയ്ക്കുന്ന ഊഷ്മളവും സ്നേഹപൂർവകവുമായ ഒരു മാതൃസമാന സ്ഥാപനം ഉണ്ടെന്ന് അതു ഞങ്ങൾക്ക് ഉറപ്പേകിയിരിക്കുന്നു. അത്തരം പിന്തുണയോടെ ഭൂമിയുടെ വിദൂര ഭാഗങ്ങളിലേക്ക് പോകാൻ ഞങ്ങൾ സന്നദ്ധരാണ്.” 104-ാമത് ഗിലെയാദ് ക്ലാസ്സിന്റെ സന്തോഷകരമായ ബിരുദദാന ദിനത്തിനുള്ള ഹൃദയസ്പർശിയായ ഒരു ഉപസംഹാരമായിരുന്നു അത്.
[24-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവരക്കണക്ക്
പ്രതിനിധീകരിച്ച രാജ്യങ്ങളുടെ എണ്ണം: 9
നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 16
വിദ്യാർഥികളുടെ എണ്ണം: 48
ദമ്പതികളുടെ എണ്ണം: 24
ശരാശരി വയസ്സ്: 33
സത്യത്തിലായിരുന്ന ശരാശരി വർഷം: 16
മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 12
[25-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ ബിരുദം നേടുന്ന 104-ാമത്തെ ക്ലാസ്സ്
ചുവടെ ചേർത്തിരിക്കുന്ന ലിസ്ററിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക് എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു
(1) റൊമേറോ, എം.; ഹോവർത്ത്, ജെ.; ബ്ലാക്ക്ബൺ-കേൻ, ഡി.; ഹോഗാവൻസർ, ഇ.; വെസ്റ്റ്, എസ്.; തോം, എസ്. (2) കോളോൻ, ഡബ്ല്യൂ.; ഗ്ലാൻസി, ജെ.; കോണോ, വൈ.; ഡ്രൂസ്, പി.; റ്റാം, എസ്.; കോണോ, റ്റി. (3) റ്റാം, ഡി.; സെഷ്മൈസ്റ്റർ, എസ്.; ഗർഡെൽ, എസ്.; എൽവെൽ, ജെ.; ഡനെക്, പി.; റ്റിബഡോ, എച്ച്. (4) ടെയ്ലർ, ഇ.; ഹിൽഡ്രെഡ്, എൽ.; സാഞ്ചെസ്, എം.; ആൻഡേഴ്സൻ, സി.; ബക്ക്നൊർ, റ്റി.; ഹോഗാവൻസർ, ഇ. (5) ഹോവർത്ത്, ഡി.; വാർഡ്, സി.; ഹിൻഞ്ച്, പി.; മക്ഡൊണാൾഡ്, വൈ.; സാഞ്ചെസ്, റ്റി.; തോം, ഒ. (6) ഡ്രൂസ്, റ്റി.; റ്റിബഡോ, ഇ.; എൽവെൽ, ഡി.; ഡനെക്, ഡബ്ല്യൂ.; ബ്ലാക്ക്ബൺ-കേൻ, ഡി.; വാർഡ്, ഡബ്ല്യൂ. (7) ആൻഡേഴ്സൻ, എം.; സെഷ്മൈസ്റ്റർ, ആർ.; മക്ഡൊണാൾഡ്, ആർ.; ബക്ക്നൊർ, ആർ.; ഗ്ലാൻസി, എസ്.; ഗർഡെൽ, ജി. (8) റൊമേറോ, ഡി.; ഹിൻഞ്ച്, ആർ.; ഹിൽഡ്രെഡ്, എസ്.; ടെയ്ലർ. ജെ.; കോളോൻ എ.; വെസ്റ്റ്, ഡബ്ല്യൂ.
[26-ാം പേജിലെ ചിത്രം]
104-ാമത് ക്ലാസ്സിനെ പഠിപ്പിക്കുന്നതിൽ പങ്കെടുത്ത സഹോദരന്മാർ: (ഇടത്തു നിന്ന്) ഡബ്ല്യു. ലിവറൻസ്, യൂ. ഗ്ലാസ്സ്, കെ. ആഡംസ്, എം. നൂമാർ