മരണാനന്തര ജീവിതം—ആളുകൾ എന്തു വിശ്വസിക്കുന്നു?
“മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?”—ഇയ്യോബ് 14:14.
1, 2. പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ പലരും ആശ്വാസം കണ്ടെത്തുന്നത് എങ്ങനെ?
ന്യൂയോർക്ക് നഗരത്തിലെ ഒരു മരണവീട്. തുറന്നുവെച്ച ഒരു ശവപ്പെട്ടിക്കരികിലൂടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മൂകരായി നീങ്ങുന്നു. അതിനുള്ളിൽ 17 വയസ്സുള്ള ഒരു യുവാവിന്റെ ജഡമായിരുന്നു. കാൻസറാണ് അവന്റെ ജീവൻ അപഹരിച്ചത്. അതിദുഃഖിതയായ അവന്റെ അമ്മ കണ്ണീരോടെ ഇങ്ങനെ വിലപിക്കുന്നു: “ടോമി ഇപ്പോൾ ഏറെ സന്തോഷവാനാണ്. സ്വർഗത്തിൽ തന്നോടൊപ്പം ആയിരിക്കാൻ ദൈവം അവനെ എടുത്തു.” അങ്ങനെ വിശ്വസിക്കാനാണ് ആ മാതാവ് പഠിപ്പിക്കപ്പെട്ടത്.
2 അവിടെനിന്ന് ഏകദേശം 11,000 കിലോമീറ്റർ അകലെ ഇന്ത്യയിലുള്ള ജാംനഗർ എന്ന സ്ഥലം. അവിടെ ഒരു കുടുംബത്തിലെ മൂന്നു പുത്രന്മാരിൽ മൂത്തവൻ, തന്റെ പിതാവിന്റെ ചിതയ്ക്കു തീ കൊളുത്തുന്നു. വിറകിൻ കഷണങ്ങൾ കത്തിയെരിയുന്ന ശബ്ദത്തിനിടയിൽ ഒരു പൂജാരി, “ഈ അമർത്യ ആത്മാവ് പരബ്രഹ്മത്തിൽ ലയിക്കുമാറാകട്ടെ” എന്ന സംസ്കൃത മന്ത്രം ഉരുവിടുന്നതു കേൾക്കാം.
3. യുഗങ്ങളായി മനുഷ്യമനസ്സിൽ ഉയർന്നുവന്നിട്ടുള്ള ചോദ്യങ്ങൾ ഏവ?
3 നമുക്കു ചുറ്റും ദർശിക്കുന്ന ഒരു യാഥാർഥ്യമാണ് മരണം. (റോമർ 5:12) മരണത്തോടെ സകലവും അവസാനിക്കുന്നുവോ എന്ന് ആളുകൾ ചോദിക്കുന്നതു തികച്ചും സാധാരണമാണ്. സസ്യങ്ങളുടെ സ്വാഭാവിക പരിവൃത്തിയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് യഹോവയുടെ പുരാതനകാല വിശ്വസ്ത ദാസനായ ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ടു; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടികിളുർക്കും; അതു ഇളങ്കൊമ്പുകൾ വിടാതിരിക്കയില്ല.” അപ്പോൾ മനുഷ്യന്റെ കാര്യമോ? “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?” എന്ന് ഇയ്യോബ് ചോദിച്ചു. (ഇയ്യോബ് 14:7, 14) യുഗങ്ങളിലുടനീളം, എല്ലാ സമൂഹങ്ങളിലെയും ആളുകളുടെ മനസ്സിൽ പിൻവരുന്ന ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്: മരണാനന്തരം ഒരു ജീവിതമുണ്ടോ? ഉണ്ടെങ്കിൽ, അത് എങ്ങനെയുള്ള ജീവിതമാണ്? തത്ഫലമായി, ആളുകൾ എന്തു വിശ്വസിക്കുന്നു? എന്തുകൊണ്ട്?
പല ഉത്തരങ്ങൾ, ഒരു വിഷയം
4. നാനാ മതവിഭാഗക്കാർ മരണാനന്തര ജീവിതത്തെ കുറിച്ച് എന്തു വിശ്വസിക്കുന്നു?
4 മരണശേഷം ആളുകൾ സ്വർഗത്തിലേക്കോ നരകത്തിലേക്കോ പോകുന്നു എന്നാണ് നാമധേയ ക്രിസ്ത്യാനികളിൽ അനേകരും വിശ്വസിക്കുന്നത്. ഹിന്ദുക്കൾ പുനർജന്മത്തിൽ വിശ്വസിക്കുന്നവരാണ്. മരണാനന്തരം ഒരു ന്യായവിധി ദിവസം ഉണ്ടെന്നാണ് ഇസ്ലാമിക വിശ്വാസം. അന്ന് അള്ളാഹു എല്ലാവരുടെയും ജീവിതഗതി പരിശോധിച്ച് ഓരോരുത്തരെയും ജന്നത്തിലേക്കോ (സ്വർഗം) ദോസക്കിലേക്കോ (നരകം) അയയ്ക്കുന്നത്രേ. ചില ദേശങ്ങളിൽ, മരിച്ചവരെ കുറിച്ചുള്ള വിശ്വാസങ്ങൾ പ്രാദേശിക പാരമ്പര്യങ്ങളും നാമധേയ ക്രിസ്ത്യാനിത്വത്തിന്റെ വശങ്ങളും കൂടിച്ചേർന്ന് ഉണ്ടായതാണ്. ഉദാഹരണത്തിന്, വീട്ടിൽ ആരെങ്കിലും മരിച്ചാൽ വാതിലുകളും ജാലകങ്ങളും മലർക്കെ തുറന്നിടുകയും മരിച്ച ആളുടെ കാലുകൾ മുൻവാതിലിന് അഭിമുഖമായി വരത്തക്കവിധം ശവപ്പെട്ടി വെക്കുകയും ചെയ്യുന്ന രീതി ശ്രീലങ്കയിലെ ബുദ്ധമതക്കാരുടെയും കത്തോലിക്കരുടെയും ഇടയിലുണ്ട്. മരിച്ച ആളുടെ ആത്മാവ് പുറത്തേക്കു പോകാൻ ഇതെല്ലാം സഹായിക്കും എന്നാണ് അവരുടെ വിശ്വാസം. വീട്ടിൽ ആരെങ്കിലും മരിച്ചാൽ കണ്ണാടികൾ മൂടിയിടുന്നതാണ് പശ്ചിമ ആഫ്രിക്കയിലെ അനേകം കത്തോലിക്കരുടെയും പ്രൊട്ടസ്റ്റന്റുകാരുടെയും ഇടയിലുള്ള രീതി. മരിച്ച ആളുടെ ആത്മാവിനെ കണ്ണാടിയിൽ ആരും കാണാതിരിക്കാനാണത്രേ അവർ ഇങ്ങനെ ചെയ്യുന്നത്. 40 ദിവസം കഴിഞ്ഞ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആ ആത്മാവിന്റെ സ്വർഗാരോഹണം ആഘോഷിക്കും.
5. മിക്ക മതങ്ങൾക്കും യോജിപ്പുള്ള ഒരു പ്രമുഖ വിശ്വാസം എന്താണ്?
5 ഈ വൈജാത്യങ്ങളെല്ലാം ഉണ്ടെങ്കിലും, മിക്ക മതങ്ങളും ഒരു കാര്യത്തിൽ യോജിക്കുന്നതായി കാണാം. മനുഷ്യന്റെ ഉള്ളിൽ അമർത്യമായ എന്തോ ഒന്ന് ഉണ്ടെന്നും ശരീരത്തിന്റെ മരണശേഷവും അത് അസ്തിത്വത്തിൽ തുടരുന്നുവെന്നും അവർ വിശ്വസിക്കുന്നു. ക്രൈസ്തവലോകത്തിലെ നൂറുകണക്കിനു മതങ്ങളെയും മതവിഭാഗങ്ങളെയും എടുത്താൽ, അവയിൽ എല്ലാംതന്നെ മനുഷ്യന്റെ ഉള്ളിൽ അമർത്യമായ എന്തോ ഒന്ന് ഉണ്ടെന്നു വിശ്വസിക്കുന്നവയാണ്. യഹൂദ മതത്തിലെ ഒരു ഔദ്യോഗിക പഠിപ്പിക്കലായ ഈ വിശ്വാസം, ഹിന്ദുമതത്തിലെ പുനർജന്മ പഠിപ്പിക്കലിന്റെ അടിസ്ഥാനവുമാണ്. ശരീരത്തിന്റെ മരണശേഷവും റൂഹ് (ആത്മാവ്) ജീവിച്ചിരിക്കുന്നുവെന്നു മുഹമ്മദീയർ വിശ്വസിക്കുന്നു. ഓസ്ട്രേലിയയിലെ ആദിവാസികളും ആഫ്രിക്കയിലെ പ്രപഞ്ചാത്മവാദികളും ഷിന്റോ മതക്കാരും, എന്തിന് ബുദ്ധമതക്കാർ പോലും, ഈ വിശ്വാസത്തിന്റെ ഭിന്ന രൂപങ്ങൾ തന്നെയാണു പഠിപ്പിക്കുന്നത്.
6. മനുഷ്യന് ഒരു അമർത്യ ആത്മാവ് ഉണ്ടെന്ന ആശയത്തെ ചില പണ്ഡിതന്മാർ എങ്ങനെ വീക്ഷിക്കുന്നു?
6 നേരെമറിച്ച്, ബോധപൂർവകമായ ജീവിതം മരണത്തോടെ അവസാനിക്കുന്നു എന്ന വീക്ഷണം പുലർത്തുന്ന ആളുകളുമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം, ശരീരത്തിൽനിന്നു വേറിട്ട അമൂർത്തവും നിഴൽപോലുള്ളതുമായ എന്തോ ഒന്നിൽ വ്യക്തിയുടെ വൈകാരികവും ബൗദ്ധികവുമായ ജീവിതം തുടരുന്നു എന്ന ആശയം ന്യായരഹിതമാണ്. മനുഷ്യന്റെ അമർത്യതയിൽ വിശ്വസിക്കാൻ കൂട്ടാക്കാഞ്ഞവരിൽ പുരാതന കാലത്തെ പ്രസിദ്ധ തത്ത്വചിന്തകരായ അരിസ്റ്റോട്ടിലും എപ്പിക്കൂറസും, അതുപോലെതന്നെ ഭിഷഗ്വരനായ ഹിപ്പോക്രാറ്റിസ്, സ്കോട്ടിഷ് തത്ത്വചിന്തകനായ ഡേവിഡ് ഹ്യൂം, അറേബ്യൻ പണ്ഡിതനായ അവെരൊവിസ്, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റു എന്നിവരും ഉൾപ്പെടുന്നു.
7. ആത്മാവിനെ സംബന്ധിച്ച പഠിപ്പിക്കലിനെ കുറിച്ചു പരിചിന്തിക്കേണ്ട പ്രധാന ചോദ്യങ്ങൾ ഏവ?
7 ഭിന്നമായ ഇത്തരം ആശയങ്ങളും വിശ്വാസങ്ങളും ഉള്ളതിനാൽ, നാം ഇങ്ങനെ ചോദിക്കണം: വാസ്തവത്തിൽ, അമർത്യമായ ഒരു ആത്മാവ് നമ്മുടെ ഉള്ളിൽ ഉണ്ടോ? ഇല്ലെങ്കിൽ, അത്തരമൊരു വ്യാജോപദേശം ഇന്ന് അനേകം മതങ്ങളുടെയും ഒരു അവിഭാജ്യ ഘടകം ആയിത്തീർന്നത് എങ്ങനെയാണ്? ആ ആശയം എവിടെനിന്നു വന്നു? ഈ ചോദ്യങ്ങൾക്കു സത്യസന്ധവും തൃപ്തികരവുമായ ഉത്തരങ്ങൾ കണ്ടെത്തുന്നത് അടിയന്തിരമാണ്. കാരണം, നമ്മുടെ ഭാവി അവയെ ആശ്രയിച്ചിരിക്കുന്നു. (1 കൊരിന്ത്യർ 15:19) എന്നാൽ, ആത്മാവിനെ സംബന്ധിച്ച ഈ ആശയം എങ്ങനെയാണ് ഉടലെടുത്തതെന്നു നമുക്കു പരിശോധിക്കാം.
ആ ഉപദേശത്തിന്റെ ഉദയം
8. അമർത്യ ആത്മാവ് ഉണ്ടെന്ന പഠിപ്പിക്കൽ ഉന്നമിപ്പിക്കുന്നതിൽ സോക്രട്ടീസും പ്ലേറ്റോയും എന്തു പങ്കു വഹിച്ചു?
8 അമർത്യമായ ഒരു ആത്മാവ് ഉണ്ട് എന്ന വിശ്വാസം ഉന്നമിപ്പിച്ചവരിൽ ആദ്യ വ്യക്തികൾ എന്ന ഖ്യാതി ഉള്ളവരാണ് പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു തത്ത്വചിന്തകരായ സോക്രട്ടീസും പ്ലേറ്റോയും. എന്നാൽ, പ്രസ്തുത ആശയത്തിന്റെ ഉപജ്ഞാതാക്കൾ അവരായിരുന്നില്ല. പകരം, തങ്ങളുടെ കാലത്തെയും അതിനു ശേഷമുള്ള നാളിലെയും സംസ്കാര സമ്പന്നരായ ആളുകൾക്ക് ആകർഷകമാകുംവിധം അതിനെ മിനുക്കിയെടുത്തു തത്ത്വശാസ്ത്രപരമായ ഒരു ഉപദേശമാക്കി മാറ്റുകയാണ് അവർ ചെയ്തത്. പുരാതന പേർഷ്യയിലെ സൗരാഷ്ട്രക്കാരും അവർക്കു മുമ്പ് ഉണ്ടായിരുന്ന ഈജിപ്തുകാരും മനുഷ്യന്റെ ഉള്ളിൽ അമർത്യമായ എന്തോ ഒന്ന് ഉള്ളതായി വിശ്വസിച്ചിരുന്നു. അപ്പോൾ ഉയർന്നുവരുന്ന ഒരു ചോദ്യമിതാണ്, ഈ പഠിപ്പിക്കൽ എവിടെനിന്ന് ഉത്ഭവിച്ചു?
9. പുരാതന ഈജിപ്തിലെയും പേർഷ്യയിലെയും ഗ്രീസിലെയും ജനങ്ങളുടെമേൽ പൊതുവെ സ്വാധീനം ചെലുത്തിയിരുന്നത് എന്ത്?
9 “പുരാതന ഈജിപ്തിന്റെയും പേർഷ്യയുടെയും ഗ്രീസിന്റെയും മേൽ ബാബിലോന്യ മതം സ്വാധീനം ചെലുത്തിയിരുന്നു” എന്ന് ബാബിലോനിയയിലെയും അസീറിയയിലെയും മതം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ഈജിപ്തുകാരുടെ മതവിശ്വാസങ്ങളെ കുറിച്ച് ആ പുസ്തകം ഇങ്ങനെ തുടർന്ന് പറയുന്നു: “എൽ-അമാർന്ന ഫലകങ്ങൾ വെളിവാക്കുന്നതു പോലെ, ഈജിപ്തും ബാബിലോനിയയും തമ്മിലുള്ള ആദ്യകാല ബന്ധം കണക്കിലെടുക്കുമ്പോൾ ബാബിലോന്യ വീക്ഷണങ്ങളും ആചാരരീതികളും ഈജിപ്ഷ്യൻ ആരാധനയുടെ ഭാഗമായിത്തീരാനുള്ള സാധ്യതകൾ ധാരാളമായിരുന്നു എന്നു കാണാം.”a പേർഷ്യയിലെയും ഗ്രീസിലെയും പുരാതന സംസ്കാരത്തിന്റെ കാര്യത്തിലും ഏതാണ്ട് അതുതന്നെ പറയാനാകും.
10. മരണാനന്തര ജീവനെക്കുറിച്ചുള്ള ബാബിലോന്യ വീക്ഷണം എന്തായിരുന്നു?
10 മനുഷ്യന്റെ ഉള്ളിൽ അമർത്യമായ എന്തോ ഒന്ന് ഉണ്ടെന്ന് പുരാതന ബാബിലോന്യർ വിശ്വസിച്ചിരുന്നോ? ഇക്കാര്യത്തെ കുറിച്ച് ഐക്യനാടുകളിലെ പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ മോറിസ് ജാസ്ട്രോ ഇങ്ങനെ എഴുതി: “ഒരിക്കൽ അസ്തിത്വത്തിലേക്കു വരുത്തപ്പെട്ട ഒന്ന് സമ്പൂർണമായി നശിപ്പിക്കപ്പെടാനുള്ള സാധ്യത ഉള്ളതായി [ബാബിലോനിയയിലെ] ആളുകളോ അവിടുത്തെ മതനേതാക്കന്മാരോ കരുതിയിരുന്നില്ല. [അവരുടെ വീക്ഷണത്തിൽ] ഒരു ജീവാവസ്ഥയിൽനിന്ന് മറ്റൊരു ജീവാവസ്ഥയിലേക്കുള്ള മാറ്റമായിരുന്നു മരണം. [ഇപ്പോഴത്തെ ജീവന്റെ] അമർത്യത ഇല്ലായ്മ, മരണം മറ്റൊരു അസ്തിത്വത്തിലേക്കു നയിക്കുന്നുവെന്ന സംഗതിയെ ഒന്നുകൂടി സ്ഥിരീകരിക്കുകയേ ചെയ്യുന്നുള്ളൂ.” അതേ, മരണാനന്തരം ഏതെങ്കിലും തരത്തിൽ, ഏതെങ്കിലും രൂപത്തിൽ ജീവൻ തുടരുന്നതായി ബാബിലോന്യർ വിശ്വസിച്ചിരുന്നു. മരിച്ചവർക്കു പിന്നീട് ഉപയോഗിക്കാനായി മൃതദേഹത്തോടൊപ്പം പല സാധനങ്ങളും അടക്കം ചെയ്തുകൊണ്ട് അവർ അതു പ്രകടമാക്കി.
11, 12. മനുഷ്യന് അമർത്യമായ ഒരു ആത്മാവ് ഉണ്ട് എന്ന പ്രളയാനന്തര പഠിപ്പിക്കലിന്റെ ഉറവിടം ഏതായിരുന്നു?
11 മനുഷ്യന്റെ ഉള്ളിൽ അമർത്യമായ എന്തോ ഒന്ന് ഉണ്ട് എന്ന പഠിപ്പിക്കലിന്റെ തുടക്കം ബാബിലോനിൽ ആയിരുന്നു. അത് അത്ര പ്രാധാന്യമുള്ള സംഗതിയാണോ? തീർച്ചയായും. കാരണം, ബാബേൽ നഗരം അഥവാ ബാബിലോൻ സ്ഥാപിച്ചത് നോഹയുടെ പ്രപൗത്രനായ നിമ്രോദ് ആയിരുന്നുവെന്നു ബൈബിൾ പറയുന്നു. നോഹയുടെ കാലത്തെ പ്രളയത്തിനു ശേഷം ആളുകൾ ഒരു ഭാഷ മാത്രമാണു സംസാരിച്ചിരുന്നത്, അവർക്ക് മതവും ഒന്നേ ഉണ്ടായിരുന്നുള്ളൂ. നിമ്രോദ് ‘യഹോവയെ എതിർത്തിരുന്നു’ എന്നു മാത്രമല്ല, അവനും കൂട്ടാളികളും ചേർന്ന് തങ്ങൾക്കുതന്നെ ഒരു “വിഖ്യാത നാമം” ഉണ്ടാക്കാൻ ആഗ്രഹിക്കുകയും ചെയ്തു. അങ്ങനെ അവിടെ ഒരു നഗരം സ്ഥാപിക്കുകയും ഗോപുരം നിർമിക്കുകയും ചെയ്തുകൊണ്ട് നിമ്രോദ് ഒരു വ്യത്യസ്ത മതത്തിനു തുടക്കമിട്ടു.—ഉല്പത്തി 10:1, 6, 8-10; 11:1-4; NW.
12 നിമ്രോദിന്റെ അന്ത്യം ദാരുണമായിരുന്നു എന്നാണു പരമ്പരാഗതമായി കരുതപ്പെടുന്നത്. അവന്റെ മരണശേഷം, ബാബിലോന്യർ അവനെ തങ്ങളുടെ നഗരത്തിന്റെ സ്ഥാപകനും നിർമാതാവും പ്രഥമ രാജാവും എന്ന നിലയിൽ അത്യധികം ബഹുമാനിക്കാൻ ന്യായമായും പ്രവണത കാണിച്ചിരുന്നു എന്നു നിഗമനം ചെയ്യാവുന്നതാണ്. മർദൂക്ക് (മെരോദക്) എന്ന ദേവൻ ബാബിലോന്റെ സ്ഥാപകനായി കരുതപ്പെടുന്നതിനാലും നിരവധി ബാബിലോന്യ രാജാക്കന്മാർക്ക് അവന്റെ പേര് നൽകിയിരിക്കുന്നതിനാലും, മർദൂക്ക് പ്രതിനിധാനം ചെയ്യുന്നതു ദൈവീകരിക്കപ്പെട്ട നിമ്രോദിനെ ആണെന്നു ചില പണ്ഡിതന്മാർ സൂചിപ്പിച്ചിട്ടുണ്ട്. (2 രാജാക്കന്മാർ 25:27; യെശയ്യാവു 39:1; യിരെമ്യാവു 50:2) അത് വാസ്തവമാണെങ്കിൽ, മനുഷ്യന്റെ മരണത്തെ അതിജീവിക്കുന്ന അമർത്യമായ എന്തോ ഒന്ന് അവന്റെ ഉള്ളിൽ ഉണ്ട് എന്ന ആശയം നിമ്രോദ് മരിച്ച കാലം മുതലേ ഉള്ളതായിരിക്കണം. സത്യം എന്തായിരുന്നാലും, മനുഷ്യന്റെ ഉള്ളിൽ അമർത്യമായ ഒരു ആത്മാവ് ഉണ്ട് എന്ന പഠിപ്പിക്കലിന്റെ ഉറവിടം ബാബേൽ അഥവാ ബാബിലോൻ ആണെന്നു പ്രളയാനന്തര ചരിത്രം വെളിപ്പെടുത്തുന്നു.
13. അമർത്യ ആത്മാവിനെ സംബന്ധിച്ച പഠിപ്പിക്കൽ ഭൂമിയിലെങ്ങും വ്യാപിച്ചത് എങ്ങനെ, അതിന്റെ ഫലം എന്തായിരുന്നു?
13 ബാബേലിലെ ഗോപുര നിർമാതാക്കളുടെ ഭാഷ കലക്കിക്കൊണ്ട് ദൈവം അവരുടെ ശ്രമങ്ങളെ വിഫലമാക്കിയെന്നു ബൈബിൾ പ്രകടമാക്കുന്നു. പരസ്പരം ആശയവിനിമയം നടത്താൻ കഴിയാതായ അവർ തങ്ങളുടെ പദ്ധതി ഉപേക്ഷിച്ചു, ‘അവർ അവിടെനിന്നു ഭൂതലത്തിൽ എങ്ങും’ ചിതറിക്കപ്പെട്ടു. (ഉല്പത്തി 11:5-9) ആ ഗോപുര നിർമാതാക്കളുടെ ഭാഷയ്ക്കു മാറ്റം വന്നെങ്കിലും, അവരുടെ മനോഭാവത്തിനും ചിന്താഗതികൾക്കും മാറ്റമുണ്ടായില്ല എന്നതു നാം മനസ്സിൽ പിടിക്കണം. അവർ പോയിടത്തെല്ലാം അവരുടെ മതപരമായ ആശയങ്ങളും വ്യാപിച്ചു. അങ്ങനെ, അമർത്യ ആത്മാവിനെ സംബന്ധിച്ച ഉപദേശം ഉൾപ്പെടെയുള്ള ബാബിലോന്യ മത പഠിപ്പിക്കലുകൾ ലോകമെങ്ങും വ്യാപിച്ചു. അതു ലോകത്തിലെ പ്രമുഖ മതങ്ങളുടെ അടിസ്ഥാനം ആയിത്തീർന്നു. അങ്ങനെ വ്യാജമത ലോകസാമ്രാജ്യം സ്ഥാപിതമായി. ബൈബിളിൽ അതിനെ ‘ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ്’ എന്നു സമുചിതമായി വിളിച്ചിരിക്കുന്നു.—വെളിപ്പാടു 17:5.
വ്യാജമത ലോക സാമ്രാജ്യം പൗരസ്ത്യ ദിക്കിലേക്ക്
14. ബാബിലോന്യ മതവിശ്വാസങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയത് എങ്ങനെ?
14 3,500 വർഷം മുമ്പു നടന്ന കുടിയേറ്റത്തിന്റെ ഫലമായി, ഇളംമഞ്ഞ നിറമുള്ള ആര്യന്മാർ വടക്കുപടിഞ്ഞാറൻ ഭാഗത്തുകൂടി, ഇപ്പോൾ മുഖ്യമായും പാകിസ്ഥാനിലും ഇന്ത്യയിലുമായി സ്ഥിതി ചെയ്യുന്ന, സിന്ധു നദീതടത്തിൽ എത്തിച്ചേർന്നതായി ചില ചരിത്രകാരന്മാർ പറയുന്നു. അവിടെനിന്ന് അവർ ഗംഗാ സമതലങ്ങളിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും എത്തി. ഈ കുടിയേറ്റക്കാരുടെ മതപരമായ ആശയങ്ങൾ ഇറാനിലെയും ബാബിലോനിലെയും പുരാതന പഠിപ്പിക്കലുകളെ അടിസ്ഥാനമാക്കിയുള്ളത് ആയിരുന്നു എന്നു ചില വിദഗ്ധർ പറയുന്നു. അവയാണ് ഹൈന്ദവമതത്തിന്റെ ആണിക്കല്ല് ആയിത്തീർന്നത്.
15. അമർത്യ ആത്മാവ് എന്ന ആശയം ഇന്നത്തെ ഹൈന്ദവമതത്തെ സ്വാധീനിച്ചത് എങ്ങനെ?
15 അമർത്യ ആത്മാവ് എന്ന ആശയം ഇന്ത്യയിൽ എത്തിയപ്പോൾ പുനർജന്മ പഠിപ്പിക്കലിന്റെ രൂപം കൈക്കൊണ്ടു. മനുഷ്യരുടെ ഇടയിലെ സാർവത്രിക തിന്മയുടെയും ദുരിതത്തിന്റെയും കാരണം മനസ്സിലാക്കാൻ കഴിയാഞ്ഞ ഹൈന്ദവ യോഗീവര്യന്മാർ കർമഫല സിദ്ധാന്തം, അതായത് ഒരുവൻ വിതയ്ക്കുന്നതുതന്നെ കൊയ്യും, എന്നു വിളിക്കപ്പെടുന്ന ഒരു ആശയം സ്വീകരിച്ചു. ഈ ഉപദേശവും അമർത്യമായ ആത്മാവിലുള്ള വിശ്വാസവും സംയോജിപ്പിച്ച് പുനർജന്മ പഠിപ്പിക്കലിന് അവർ രൂപം കൊടുത്തു. പ്രസ്തുത പഠിപ്പിക്കൽ അനുസരിച്ച്, ഒരുവന്റെ ഒരു ജന്മത്തിലെ പുണ്യങ്ങൾക്കും പാപങ്ങൾക്കും അടുത്ത ജന്മത്തിൽ പ്രതിഫലമോ ശിക്ഷയോ ലഭിക്കും. ഭക്തരുടെ ലക്ഷ്യം മോക്ഷമാണ്, അതായത് പുനർജന്മ ചക്രത്തിൽനിന്നു മുക്തി നേടി പരബ്രഹ്മത്തിൽ ലയിച്ചുചേരുക. നൂറ്റാണ്ടുകൾകൊണ്ട് ഹിന്ദുമതം വ്യാപിച്ചു, ഒപ്പം അതിന്റെ പുനർജന്മ പഠിപ്പിക്കലും. ഈ പഠിപ്പിക്കൽ ഇന്നത്തെ ഹൈന്ദവമതത്തിന്റെ അടിസ്ഥാനമായി മാറിയിരിക്കുന്നു.
16. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള ഏതു വിശ്വാസം പൂർവേഷ്യയിലെ ബഹുഭൂരിപക്ഷം ആളുകളുടെയും മതപരമായ ചിന്താ-പ്രവർത്തന രീതികളെ ശക്തമായി സ്വാധീനിച്ചിരിക്കുന്നു?
16 ബുദ്ധമതം, ജൈനമതം, സിക്കുമതം എന്നിവ ഹൈന്ദവമതത്തിൽ നിന്നാണു രൂപം കൊണ്ടത്. അവയും പുനർജന്മ വിശ്വാസം പുലർത്തുന്നവയാണ്. മാത്രമല്ല, പൂർവേഷ്യയുടെ മിക്ക ഭാഗങ്ങളിലും—ചൈനയിലും കൊറിയയിലും ജപ്പാനിലും മറ്റിടങ്ങളിലുമൊക്കെ—വ്യാപിച്ച ബുദ്ധമതം ആ മുഴു മേഖലയെയും അവിടുത്തെ സംസ്കാരത്തെയും മതത്തെയും ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. തത്ഫലമായി, നിലവിൽവന്ന സങ്കരവിശ്വാസ മതങ്ങൾ ബുദ്ധമതത്തിൽ നിന്നും ആത്മവിദ്യയിൽ നിന്നും പൂർവികാരാധനയിൽ നിന്നുമൊക്കെ ചില ആശയങ്ങൾ കടംകൊണ്ടു. ഇവയിൽ ഏറ്റവും സ്വാധീനശക്തി നേടിയത് താവോ മതവും കൺഫ്യൂഷ്യസ് മതവും ഷിന്റോ മതവുമാണ്. തന്മൂലം, ദേഹത്തിന്റെ മരണത്തിനു ശേഷവും ജീവൻ തുടരുന്നു എന്ന വിശ്വാസം ലോകത്തിന്റെ ഈ ഭാഗത്തുള്ള ബഹുഭൂരിപക്ഷം ആളുകളുടെയും മതപരമായ ചിന്താ-പ്രവർത്തന രീതികളെ ശക്തമായി സ്വാധീനിച്ചിരിക്കുന്നു.
യഹൂദമതം, ക്രൈസ്തവമതം, ഇസ്ലാംമതം—ഇവ സംബന്ധിച്ചോ?
17. മരണാനന്തര ജീവിതത്തെ കുറിച്ച് പുരാതന യഹൂദർ എന്തു വിശ്വസിച്ചിരുന്നു?
17 യഹൂദമതം, ക്രൈസ്തവമതം, ഇസ്ലാംമതം തുടങ്ങിയ മതവിശ്വാസങ്ങളിൽ പെട്ടവർ മരണാനന്തര ജീവിതത്തെ കുറിച്ച് എന്തു വിശ്വസിക്കുന്നു? ഇവയിൽ ഏറ്റവും പഴക്കമുള്ളത് യഹൂദമതമാണ്. 4,000 വർഷം മുമ്പാണ് അതിന്റെ തുടക്കം—അബ്രാഹാമിൽ നിന്ന്. സോക്രട്ടീസും പ്ലേറ്റോയും അമർത്യ ആത്മാവിനെ കുറിച്ചുള്ള സിദ്ധാന്തത്തിനു രൂപം നൽകുന്നതിന് ദീർഘകാലം മുമ്പാണ് അത്. പുരാതന യഹൂദർ വിശ്വസിച്ചിരുന്നത് മരിച്ചവരുടെ പുനരുത്ഥാനത്തിലാണ്, മനുഷ്യർക്കു സഹജമായി അമർത്യത ഉണ്ട് എന്ന ആശയത്തിലല്ല. (മത്തായി 22:31, 32; എബ്രായർ 11:19) അപ്പോൾ, അമർത്യ ആത്മാവ് ഉണ്ട് എന്ന പഠിപ്പിക്കൽ യഹൂദമതത്തിൽ കടന്നുകൂടിയത് എങ്ങനെ? ചരിത്രം അതിന് ഉത്തരം നൽകുന്നു.
18, 19. അമർത്യ ആത്മാവിനെ കുറിച്ചുള്ള പഠിപ്പിക്കൽ യഹൂദ മതത്തിൽ പ്രവേശിച്ചത് എങ്ങനെ?
18 പൊ.യു.മു. 332-ൽ മഹാനായ അലക്സാണ്ടർ യെരൂശലേം ഉൾപ്പെടെയുള്ള പൂർവദേശങ്ങൾ പിടിച്ചടക്കി. അലക്സാണ്ടറുടെ പിൻഗാമികൾ അദ്ദേഹത്തിന്റെ ഗ്രീക്ക് സാംസ്കാരികവത്കരണ പരിപാടി തുടർന്നതിന്റെ ഫലമായി ഗ്രീക്ക്, യഹൂദ സംസ്കാരങ്ങളുടെ സംലയനം നടന്നു. പിൽക്കാലത്ത് യഹൂദന്മാർ ഗ്രീക്കു ചിന്തയിൽ പരിജ്ഞാനം നേടി. അവരിൽ ചിലർ തത്ത്വചിന്തകർ ആയിത്തീരുക പോലും ചെയ്തു.
19 പൊ.യു. ഒന്നാം നൂറ്റാണ്ടിൽ അലക്സാൻഡ്രിയയിൽ ജീവിച്ചിരുന്ന ഫൈലോ അത്തരമൊരു യഹൂദ തത്ത്വചിന്തകൻ ആയിരുന്നു. പ്ലേറ്റോയെ അത്യധികം ആദരിച്ചിരുന്ന അദ്ദേഹം ഗ്രീക്കു തത്ത്വചിന്തയിലൂടെ യഹൂദ മതവിശ്വാസങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചു. അങ്ങനെ, പിൽക്കാല യഹൂദ ചിന്തകർക്ക് അദ്ദേഹം വഴിയൊരുക്കി. തൽമൂദ്—റബിമാരുടെ അലിഖിത നിയമങ്ങളെ കുറിച്ചുള്ള ലിഖിത ഭാഷ്യങ്ങൾ—പോലും ഗ്രീക്കു ചിന്തയുടെ സ്വാധീനവലയത്തിൽ പെട്ടു. “മരണശേഷവും ആത്മാവ് സ്ഥിതി ചെയ്യുന്നതായി തൽമൂദ്യ റബിമാർ വിശ്വസിച്ചിരുന്നു” എന്ന് എൻസൈക്ലോപീഡിയ ജൂഡായിക്ക പറയുന്നു. കബാല പോലുള്ള പിൽക്കാല നിഗൂഢ യഹൂദ സാഹിത്യങ്ങളിൽ പുനർജന്മ പഠിപ്പിക്കൽ പോലും കാണാം. അങ്ങനെ, അമർത്യ ആത്മാവ് ഉണ്ട് എന്ന ആശയം ഗ്രീക്കു തത്ത്വചിന്തയുടെ മറപിടിച്ച് യഹൂദ മതത്തിൽ സ്ഥാനംപിടിച്ചു. എന്നാൽ, ആ പഠിപ്പിക്കൽ ക്രൈസ്തവ മതങ്ങളിൽ എത്തിയത് എങ്ങനെയാണ്?
20, 21. (എ) പ്ലേറ്റോണിക (ഗ്രീക്ക്) തത്ത്വചിന്ത സംബന്ധിച്ച് ആദിമ ക്രിസ്ത്യാനികൾക്ക് ഉണ്ടായിരുന്ന നിലപാട് എന്തായിരുന്നു? (ബി) ക്രിസ്തീയ പഠിപ്പിക്കലുകളിലേക്കു പ്ലേറ്റോണിക ആശയങ്ങൾ കടന്നുവരാൻ ഇടയാക്കിയത് എന്ത്?
20 യഥാർഥ ക്രിസ്ത്യാനിത്വത്തിന്റെ ആരംഭം യേശുക്രിസ്തുവിലാണ്. മിഗൽദെ യൂനമൂനോ യേശുവിനെക്കുറിച്ച് ഇങ്ങനെ എഴുതി: “അവൻ വിശ്വസിച്ചിരുന്നത് യഹൂദ സമ്പ്രദായ പ്രകാരമുള്ള ജഡത്തിന്റെ പുനരുത്ഥാനത്തിലാണ്, [ഗ്രീക്കു] പ്ലേറ്റോണിക സമ്പ്രദായ പ്രകാരമുള്ള അമർത്യ ആത്മാവിൽ അല്ല.” അദ്ദേഹം ഇങ്ങനെ നിഗമനം ചെയ്തു: “ആത്മാവ് അമർത്യമാണ് എന്നത് . . . ഒരു ക്രിസ്തീയ വിരുദ്ധ തത്ത്വശാസ്ത്ര ഉപദേശമാണ്.” അതിന്റെ വീക്ഷണത്തിൽ, “തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ” എന്ന് അപ്പൊസ്തലനായ പൗലൊസ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കു ശക്തമായ മുന്നറിയിപ്പു കൊടുത്തത് എന്തുകൊണ്ടെന്നു മനസ്സിലാക്കാവുന്നതേ ഉള്ളൂ.—കൊലൊസ്സ്യർ 2:8.
21 ‘ക്രിസ്തീയ വിരുദ്ധ തത്ത്വശാസ്ത്ര ഉപദേശം’ ക്രൈസ്തവ മതങ്ങളിലേക്കു കടന്നുവന്നത് എപ്പോൾ, എങ്ങനെ? ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ വിശദീകരിക്കുന്നു: “ഗ്രീക്കു തത്ത്വശാസ്ത്രത്തിൽ കുറച്ചൊക്കെ പരിശീലനം സിദ്ധിച്ച ക്രിസ്ത്യാനികൾക്ക് എഡി രണ്ടാം നൂറ്റാണ്ട് മുതൽ തങ്ങളുടെ വിശ്വാസം ആ തത്ത്വശാസ്ത്ര പ്രകാരം പ്രകടിപ്പിക്കാനുള്ള ആവശ്യം തോന്നി. തങ്ങളുടെ ബൗദ്ധിക സംതൃപ്തിക്കും ക്രിസ്ത്യേതര അഭ്യസ്തവിദ്യരെ മതപരിവർത്തനം ചെയ്യിക്കുന്നതിനും വേണ്ടി ആയിരുന്നു അത്. അതിന് ഏറ്റവും യോജിച്ചതായി അവർക്ക് തോന്നിയ തത്ത്വശാസ്ത്രം പ്ലേറ്റോണികവാദം ആയിരുന്നു.” ക്രൈസ്തവലോക പഠിപ്പിക്കലുകളിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്ന അത്തരം രണ്ട് ആദിമ തത്ത്വചിന്തകർ ആയിരുന്നു അലക്സാൻഡ്രിയയിലെ ഓറിജനും ഹിപ്പോയിലെ അഗസ്റ്റിനും. പ്ലേറ്റോയുടെ ആശയങ്ങളാൽ വളരെയധികം സ്വാധീനിക്കപ്പെട്ടിരുന്ന അവർ ഇരുവരും ക്രിസ്തീയ പഠിപ്പിക്കലുകളിലേക്ക് ആ ഉപദേശങ്ങൾ കടത്തിവിടുന്നതിൽ നിർണായകമായ പങ്കു വഹിച്ചു.
22. ആത്മാവ് അഥവാ റൂഹ് അമർത്യമാണെന്ന പഠിപ്പിക്കൽ ഇസ്ലാമിന്റെ ഭാഗമായി നിലകൊണ്ടിരിക്കുന്നത് എങ്ങനെ?
22 ആത്മാവ് അമർത്യമാണെന്ന ആശയം യഹൂദ മതത്തിലേക്കും ക്രൈസ്തവ മതങ്ങളിലേക്കും കടന്നുവന്നത് പ്ലേറ്റോണിക സ്വാധീനം മുഖാന്തരം ആയിരുന്നു. എന്നാൽ പ്രസ്തുത ആശയം തുടക്കം മുതലേ ഇസ്ലാം മതത്തിന്റെ ഭാഗമായിരുന്നു. ഇസ്ലാം മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ, മനുഷ്യന് ഒരു ആത്മാവ് (അറബി: റൂഹ്) ഉണ്ടെന്നും അതു മരണശേഷം നിലനിൽക്കുന്നു എന്നും പഠിപ്പിക്കുന്നു. ഈ ആത്മാവിന് അഥവാ റൂഹിന് ഒടുവിൽ സംഭവിക്കുന്നത് എന്താണെന്ന് അതു പറയുന്നു.—ഒന്നുകിൽ സ്വർഗത്തിലെ ആനന്ദ ഉദ്യാനത്തിലേക്കു പോകും അല്ലെങ്കിൽ കത്തുന്ന നരകത്തിൽ ശിക്ഷിക്കപ്പെടും. ഇസ്ലാമിക പഠിപ്പിക്കലുകളും ഗ്രീക്കു തത്ത്വശാസ്ത്രവും വിളക്കിച്ചേർക്കാൻ അറബി പണ്ഡിതന്മാർ ശ്രമിച്ചിട്ടില്ല എന്നല്ല ഇതിനാൽ ഉദ്ദേശിക്കുന്നത്. വാസ്തവത്തിൽ, അരിസ്റ്റോട്ടിലിന്റെ ആശയങ്ങൾക്ക് അറബി ലോകത്ത് കുറെയൊക്കെ സ്വാധീനം ഉണ്ടായിരുന്നു. എന്നിരുന്നാലും, ആത്മാവ് അഥവാ റൂഹ് അമർത്യമാണെന്നുള്ള ആശയം ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമായി നിലകൊള്ളുന്നു.
23. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള പ്രസക്തമായ ഏതു ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും?
23 വ്യക്തമായും, മനുഷ്യന്റെ ഉള്ളിൽ അമർത്യമായ എന്തോ ഒന്ന് ഉണ്ട് എന്ന പഠിപ്പിക്കലിനെ അടിസ്ഥാനമാക്കി മരണാനന്തര ജീവിതത്തെ കുറിച്ച് അമ്പരപ്പിക്കുന്ന തരത്തിലുള്ള വിശ്വാസങ്ങളാണു ലോകമെമ്പാടുമുള്ള മതങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അത്തരം വിശ്വാസങ്ങൾ ശതകോടികളെ ബാധിക്കുകയും നിയന്ത്രിക്കുകയും അടിമകളാക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെയെല്ലാം വെളിച്ചത്തിൽ, ഇങ്ങനെ ചോദിക്കാൻ നാം നിർബന്ധിതരാകുന്നു: നാം മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ചുള്ള സത്യം അറിയാൻ കഴിയുമോ? മരണാനന്തര ജീവിതം എന്നൊന്ന് ഉണ്ടോ? അതേക്കുറിച്ച് ബൈബിൾ എന്തു പറയുന്നു? അടുത്ത ലേഖനത്തിൽ നാം അതു പരിചിന്തിക്കുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a പൊ.യു.മു. 14-ാം നൂറ്റാണ്ടിൽ നിർമിച്ചതായി കരുതപ്പെടുന്ന അഖത്താറ്റൻ എന്ന ഈജിപ്ഷ്യൻ നഗരത്തിന്റെ ശൂന്യശിഷ്ടങ്ങൾ ഉള്ള സ്ഥലമാണ് എൽ-അമാർന്ന.
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ മരണാനന്തര ജീവിതത്തെ കുറിച്ച് മിക്ക മതങ്ങളിലും വേരോടുന്ന വിശ്വാസങ്ങളിലെ പൊതുവായ ഒരു വിഷയം എന്താണ്?
◻ ആത്മാവ് അമർത്യമാണെന്ന പഠിപ്പിക്കലിന്റെ ഉത്ഭവസ്ഥാനം പുരാതന ബാബിലോൻ ആണെന്നു ചരിത്രവും ബൈബിളും എങ്ങനെ ചൂണ്ടിക്കാട്ടുന്നു?
◻ ആത്മാവ് അമർത്യമാണെന്നുള്ള ബാബിലോന്യ വിശ്വാസം പൗരസ്ത്യ മതങ്ങളെ ഏതു വിധത്തിൽ സ്വാധീനിച്ചിരിക്കുന്നു?
◻ ആത്മാവ് അമർത്യമാണെന്ന പഠിപ്പിക്കൽ യഹൂദ മതത്തിലേക്കും ക്രൈസ്തവ മതങ്ങളിലേക്കും ഇസ്ലാം മതത്തിലേക്കും കടന്നുവന്നത് എങ്ങനെ?
[12, 13 പേജുകളിലെ ചിത്രങ്ങൾ]
മഹാനായ അലക്സാണ്ടറുടെ ദിഗ്വിജയം ഗ്രീക്ക്, യഹൂദ സംസ്കാരങ്ങളുടെ സംലയനത്തിനു വഴി തെളിച്ചു
പ്ലേറ്റോണിക തത്ത്വശാസ്ത്രവും ക്രിസ്ത്യാനിത്വവും വിളക്കിച്ചേർക്കാൻ അഗസ്റ്റിൻ ശ്രമിച്ചു
[കടപ്പാട]
അലക്സാണ്ടർ: Musei Capitolini, Roma; അഗസ്റ്റിൻ: From the book Great Men and Famous Women