പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
“നിങ്ങൾ യാചിക്കുന്നു എങ്കിലും . . . വല്ലാതെ [“തെറ്റായ ഉദ്ദേശ്യത്തിൽ,” NW] യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല. . . . ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.” (യാക്കോബ് 4:3, 8) യേശുവിന്റെ ശിഷ്യനായ യാക്കോബിന്റെ ആ വാക്കുകൾ, പ്രാർഥിക്കേണ്ടതിന്റെ കാരണങ്ങളെ കുറിച്ചു പരിചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.
പ്രാർഥന എന്നാൽ കേവലം നമുക്ക് ആവശ്യമുള്ള കാര്യങ്ങളെ കുറിച്ചു ദൈവത്തോടു പറയുന്നതിനുള്ള ഒരു മാർഗമല്ല. “നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുമ്മുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ” എന്ന് തന്റെ പ്രസിദ്ധമായ ഗിരിപ്രഭാഷണത്തിൽ യേശു പ്രസ്താവിച്ചു. “യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും” എന്നും യേശു പറയുകയുണ്ടായി. (മത്തായി 6:8; 7:7) അതുകൊണ്ട് നമുക്ക് ആവശ്യമുള്ളത് എന്തെന്ന് തന്നോടു പറയാൻ യഹോവ പ്രതീക്ഷിക്കുന്നു. എന്നാൽ പ്രാർഥിക്കുന്നതിൽ അതിലുമേറെ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.
എന്തെങ്കിലും ആവശ്യം വരുമ്പോൾ മാത്രമല്ല യഥാർഥ സ്നേഹിതർ സംസാരിക്കുക. അവർ പരസ്പരം ഓരോരുത്തരുടെയും കാര്യങ്ങളിൽ തത്പരരായിരിക്കും. തങ്ങളുടെ വികാരവിചാരങ്ങൾ പങ്കുവെക്കുമ്പോൾ അവർക്കിടയിലെ സൗഹൃദം വളരുന്നു. സമാനമായി, ആവശ്യമുള്ള കാര്യങ്ങൾക്കായി കേവലം അപേക്ഷിക്കുന്നതിലും അധികം കാര്യങ്ങൾ പ്രാർഥനയിൽ ഉൾപ്പെട്ടിട്ടുണ്ട്. നമുക്ക് യഹോവയോടുള്ള ഹൃദയംഗമമായ ഭക്തി പ്രകടമാക്കാനും അതുവഴി അവനുമായുള്ള നമ്മുടെ ബന്ധം ബലിഷ്ഠമാക്കാനും അതു സഹായിക്കുന്നു.
അതേ, താനുമായി ഒരു ഉറ്റബന്ധത്തിലേക്കു വരാൻ പ്രാർഥന എന്ന പദവി ദൈവം നമുക്കു തന്നിരിക്കുന്നു. അത്തരമൊരു ബന്ധം സാധ്യമാകണമെങ്കിൽ മനഃപാഠമാക്കിയ പ്രാർഥനകൾ ഉരുവിട്ടാൽ പോര, പകരം നമ്മുടെ വികാരങ്ങൾ ദൈവത്തെ അറിയിക്കേണ്ടതുണ്ട്. പ്രാർഥനയിൽ യഹോവയോടു സംസാരിക്കുന്നത് നമുക്ക് എത്രയധികം സന്തോഷമാണു കൈവരുത്തുന്നത്! “നേരുള്ളവരുടെ പ്രാർത്ഥനയോ അവന്നു പ്രസാദം” എന്ന് ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 15:8.
“ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു” എന്നു സങ്കീർത്തനക്കാരനായ ആസാഫ് പാടി. (സങ്കീർത്തനം 73:28) എന്നാൽ ദൈവത്തോട് അടുത്തുചെല്ലുന്നതിനു പ്രാർഥന മാത്രം മതിയാകുന്നില്ല. പിൻവരുന്ന ബൈബിൾ ഭാഗം അതു സൂചിപ്പിക്കുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കുക:
“[യേശുവിന്റെ] ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: . . . ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.” അതിന് യേശു ഈ മറുപടി നൽകി: “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു: [സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ.” (ലൂക്കൊസ് 11:1, 2) ദൈവനാമം എന്താണെന്നും അതു വിശുദ്ധീകരിക്കപ്പെടുന്നത് എങ്ങനെയെന്നും അറിയില്ലെങ്കിൽ, യേശുവിനെ പോലെ അർഥവത്തായി പ്രാർഥിക്കാൻ നമുക്കു കഴിയുമോ? ദൈവരാജ്യം എന്താണെന്നു മനസ്സിലാക്കാത്തപക്ഷം, യേശുവിന്റെ ആ വാക്കുകൾക്കു ചേർച്ചയിൽ നമുക്കു പ്രാർഥിക്കാനാകുമോ? നാം ബൈബിൾ ശ്രദ്ധാപൂർവം പരിശോധിക്കുന്നെങ്കിൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. അങ്ങനെ ലഭിക്കുന്ന അറിവ് ദൈവത്തെ അറിയാനും അവന്റെ വഴികൾ മനസ്സിലാക്കാനും നമ്മെ സഹായിക്കും. മാത്രമല്ല, യഹോവയാം ദൈവത്തെ അറിയുന്നത് അവനോടു കൂടുതൽ അടുപ്പവും ഭക്തിയും തോന്നാൻ ഇടയാക്കും. അപ്പോൾ യാതൊരു മടിയും കൂടാതെ അവനോടു പ്രാർഥിക്കാൻ നമുക്കു സാധിക്കും.
പ്രാർഥനയ്ക്കു പ്രശ്നങ്ങൾ പരിഹരിക്കാനാകും
യഹോവയുമായി ഉറ്റബന്ധം വളർത്തിയെടുക്കുന്നത് പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മെ സഹായിക്കും. പിൻവരുന്ന ഓരോ സന്ദർഭത്തിലും അതു സത്യമായിരിക്കുന്നത് എങ്ങനെയെന്ന് ശ്രദ്ധിക്കുക. പ്രാർഥിച്ചുകൊണ്ടിരുന്നവർക്ക് യഹോവയുമായി ഒരു ഉറ്റബന്ധത്തിലേക്കു വരാൻ സാധിച്ചെന്ന് അവ കാണിക്കുന്നു.
ബ്രസീലിലെ മാരിയ എന്ന ഒരു വനിതയുടെ കാര്യമെടുക്കുക. സമൂഹത്തിലെ വ്യവസ്ഥാപിത നിലവാരങ്ങളോടു മറുതലിച്ചു നിൽക്കാൻ അവൾ ആഗ്രഹിച്ചിരുന്നു. അതിലേക്ക് അവളെ നയിച്ച ഒരു പ്രധാന ഘടകം സമൂഹത്തിലെ കാപട്യമായിരുന്നു. മാരിയ ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് വീടുവിട്ടു പോയി, അവൾ മയക്കുമരുന്നുകൾ ഉപയോഗിക്കാനും തുടങ്ങി. എന്നാൽ അതിൽനിന്നൊന്നും സന്തുഷ്ടി ലഭിക്കാതായപ്പോൾ, അവൾ ദൈവമുമ്പാകെ തന്റെ ഹൃദയം തുറക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്തു.
താമസിയാതെ ഒരു നാൾ, യഹോവയുടെ സാക്ഷികളായ രണ്ടു പേർ അവളെ സന്ദർശിച്ച് ഒരു വീക്ഷാഗോപുരം മാസിക അവൾക്കു കൊടുത്തു. ദൈവത്തിന്റെ മാർഗനിർദേശം സ്വീകരിക്കുന്നതിന്റെ മൂല്യത്തെ കുറിച്ച് ആ മാസികയിൽ ചർച്ച ചെയ്തിരുന്നു. അത് അവളുടെ ഹൃദയത്തെ സ്പർശിച്ചു. അവൾ അന്നുതന്നെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. തന്റെ കുടുംബ ജീവിതത്തിലേക്കു മടങ്ങാൻ ഒടുവിൽ അത് അവളെ പ്രേരിപ്പിച്ചു. യഹോവയെ കുറിച്ചു മനസ്സിലാക്കിയ അവൾ അവനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാൻ ആഗ്രഹിച്ചു. “ഞാൻ സ്വഭാവം മെച്ചപ്പെടുത്തി,” മാരിയ പറയുന്നു. “ആദ്യമൊക്കെ, ഭർത്താവും കുടുംബവും ഞാൻ ബൈബിൾ പഠിക്കുന്നതിന് എതിരായിരുന്നു. എന്നാൽ, എന്നിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിച്ച അവർ എന്നെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.” പിൽക്കാലത്ത് മാരിയ പ്രാർഥന കേൾക്കുന്നവനായ യഹോവയെ സേവിക്കാനായി തന്റെ ജീവിതം അവനു സമർപ്പിച്ചു.
ബൊളീവിയയിലെ ഹോസേയ്ക്ക് സുന്ദരിയായ ഒരു ഭാര്യയും നല്ല ഒരു ബിസിനസും ഉണ്ടായിരുന്നെങ്കിലും, അയാൾ അസന്തുഷ്ടനായിരുന്നു. അയാളുടെ പരസ്ത്രീബന്ധം നിമിത്തം ഭാര്യ അയാളെ ഉപേക്ഷിച്ചു പോയി. അയാൾ അമിതമായി മദ്യപിക്കുകയും താൻ ഒന്നിനും കൊള്ളാത്തവൻ ആണെന്നു കരുതുകയും ചെയ്തു. ഹോസേ പറയുന്നു: “ഞാൻ മുട്ടിപ്പായി പ്രാർഥിച്ചു. ദൈവത്തെ പ്രസാദിപ്പിക്കാൻ എന്താണു ചെയ്യേണ്ടതെന്ന് അവനോടു ചോദിച്ചു. താമസിയാതെ, യഹോവയുടെ സാക്ഷികൾ എന്റെ ബിസിനസ് സ്ഥലത്ത് എന്നെ സന്ദർശിച്ചു. എന്നെ സൗജന്യമായി ബൈബിൾ പഠിപ്പിക്കാമെന്ന് അവർ പറഞ്ഞെങ്കിലും ഞാൻ അതു നിരസിച്ചു. മൂന്നു തവണ അങ്ങനെ സംഭവിച്ചു. ഞാൻ സഹായത്തിനായി പ്രാർഥിച്ചപ്പോഴൊക്കെ സാക്ഷികൾ എന്റെ അടുക്കൽ വന്നു. അടുത്ത പ്രാവശ്യം അവർ പറയുന്നത് ശ്രദ്ധിക്കണമെന്ന് ഒടുവിൽ ഞാൻ തീരുമാനിച്ചു. ഞാൻ ബൈബിൾ മുഴുവനും വായിച്ചിട്ടുണ്ടായിരുന്നെങ്കിലും, എനിക്കു പല സംശയങ്ങളും ഉണ്ടായിരുന്നു. എന്നാൽ സാക്ഷികളിൽനിന്ന് തൃപ്തികരമായ ഉത്തരങ്ങൾ എപ്പോഴും എനിക്കു ലഭിച്ചു. യഹോവയെ കുറിച്ചു മനസ്സിലാക്കിയപ്പോൾ എനിക്കു ജീവിതത്തിൽ പുതിയൊരു ഉദ്ദേശ്യം കൈവന്നു. സാക്ഷികളായ എന്റെ സുഹൃത്തുക്കളുടെ നല്ല മാതൃക എനിക്കു പ്രോത്സാഹനമേകി! ഞാൻ കാമുകിയെയും മദ്യാസക്തരായ കൂട്ടുകാരെയും ഉപേക്ഷിച്ചു. താമസിയാതെ, ഭാര്യയോടും മക്കളോടും ഒന്നുചേർന്നു. 1999-ന്റെ തുടക്കത്തിൽ ഞാൻ സ്നാപനമേറ്റു.”
ഇറ്റലിയിലെ ടാമാര എന്ന സ്ത്രീയുടെ ദാമ്പത്യജീവിതം കുഴപ്പത്തിലായിരുന്നു. അതു തരണം ചെയ്യുന്നതിനുള്ള ജ്ഞാനത്തിനായി അവൾ പ്രാർഥിച്ചു. 14-ാം വയസ്സിൽ കുടുംബത്തിൽനിന്ന് തല്ലി പുറത്താക്കപ്പെട്ട അവളുടേത് ഒരു പരുക്കൻ സ്വഭാവമായിരുന്നു. ടാമാര പറയുന്നു: “എനിക്കൊരു ബൈബിൾ കിട്ടി, ഞാനത് വായിക്കാൻ തുടങ്ങി. ‘ജ്ഞാനം കണ്ടെത്തുന്നത് മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങൾ കണ്ടെത്തുന്നതു പോലെ’ ആണെന്ന് ഒരു ദിവസം വൈകുന്നേരം ഞാൻ വായിച്ചു. ഞാൻ ആ ജ്ഞാനത്തിനായി പ്രാർഥിച്ചു. (സദൃശവാക്യങ്ങൾ 2:1-6) പിറ്റേന്നു രാവിലെ യഹോവയുടെ സാക്ഷികൾ എന്നെ സന്ദർശിച്ചു. ഞാൻ അവരോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. എന്നാൽ പഠിച്ച കാര്യങ്ങൾ പ്രയോഗത്തിൽ വരുത്താൻ കുറെ സമയമെടുത്തു. ഒടുവിൽ, ക്രിസ്തീയ ജീവിതഗതി സ്വീകരിക്കാനും സ്നാനമേൽക്കാനും ഞാൻ തീരുമാനിച്ചു. ഞാനിപ്പോൾ ഭർത്താവിനോടൊപ്പം, ദൈവിക ജ്ഞാനത്തിൽനിന്നു പ്രയോജനം നേടാൻ മറ്റുള്ളവരെ സഹായിക്കുന്നു.”
വെനെസ്വേലയിലുള്ള കരാക്കസിലെ ഉന്നതസമൂഹത്തിൽ പെട്ട ഒരു വനിത ആയിരുന്നു ബിയാട്രിസ്. എന്നാൽ, ഭർത്താവ് ഉപേക്ഷിച്ചുപോയ അവൾ മാനസികമായി വളരെയധികം കഷ്ടമനുഭവിച്ചിരുന്നു. നിരാശപൂണ്ട അവൾ ഒരിക്കൽ മണിക്കൂറുകളോളം പ്രാർഥിച്ചു. പിറ്റേന്ന് രാവിലെ ആരോ കോളിങ്ബെൽ അടിച്ചു. ശുണ്ഠി തോന്നിയ അവൾ വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ രണ്ടു പേർ ബ്രീഫ്കെയ്സുകളുമായി നിൽക്കുന്നതു കണ്ടു. വീട്ടിൽ ആരുമില്ലാത്തതുപോലെ അവൾ നടിച്ചു. എന്നാൽ മടങ്ങിപ്പോകുന്നതിനു മുമ്പ് ആ സന്ദർശകർ വാതിലിന് അടിയിലൂടെ ഒരു ലഘുലേഖ അകത്തേക്ക് ഇട്ടു. “നിങ്ങളുടെ ബൈബിൾ അറിയുക” എന്നായിരുന്നു അതിന്റെ ശീർഷകം. അവരുടെ സന്ദർശനത്തിനു തലേ രാത്രിയിലെ അവളുടെ പ്രാർഥനയുമായി ഒരുപക്ഷേ ബന്ധമുണ്ടായിരുന്നോ? അവൾ അവരെ തിരികെ വിളിച്ചു. താമസംവിനാ അവൾ ബൈബിൾ പഠിക്കുകയും പിൽക്കാലത്തു സ്നാപനമേൽക്കുകയും ചെയ്തു. ഒടുവിൽ സന്തുഷ്ടി കണ്ടെത്തിയ ബിയാട്രിസ് ഇപ്പോൾ അതിന്റെ മാർഗം കണ്ടെത്താൻ മറ്റുള്ളവരെ പഠിപ്പിക്കുന്നു.
താൻ അനുഭവിക്കുന്ന ദാരിദ്ര്യം മാറിക്കിട്ടാൻ കാർമെൻ പ്രാർഥിച്ചു. അവൾക്കു പത്തു കുട്ടികൾ ഉണ്ടായിരുന്നു, ഭർത്താവ് റാഫായേൽ ആണെങ്കിൽ ഒരു മദ്യപാനിയും. “തുണി അലക്കി പൈസ ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചു,” കാർമെൻ പറയുന്നു. റാഫായേലിന്റെ മദ്യപാനം ഒന്നിനൊന്നു കൂടിവന്നു. “യഹോവയുടെ സാക്ഷികളോടൊത്ത് ഞങ്ങൾ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോഴാണ് ഭർത്താവിനു മാറ്റം വന്നത്. ഞങ്ങൾ രാജ്യവാഗ്ദാനത്തെ കുറിച്ചും യഹോവ താമസിയാതെ ലോകത്തിൽനിന്നു ദാരിദ്ര്യവും ഞെരുക്കവും നീക്കുമെന്നതിനെ കുറിച്ചും പഠിച്ചു. ഒടുവിൽ എന്റെ പ്രാർഥനയ്ക്ക് ഉത്തരം കിട്ടി!” യഹോവയുടെ വഴികളെ കുറിച്ചു പഠിച്ചതിന്റെ ഫലമായി, റാഫായേൽ മദ്യപാനം നിറുത്തുകയും “പുതിയ വ്യക്തിത്വം” ധരിക്കുകയും ചെയ്തു. (എഫെസ്യർ 4:24, NW) അദ്ദേഹത്തിനും കുടുംബത്തിനും തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കഴിഞ്ഞു. റാഫായേൽ ഇപ്രകാരം പറയുന്നു: “ഞങ്ങൾ സമ്പന്നരല്ല, ഞങ്ങൾക്കു സ്വന്തമായി ഒരു വീടുമില്ല.
എങ്കിലും ജീവിതത്തിലെ അവശ്യ കാര്യങ്ങളൊക്കെ നടക്കുന്നുണ്ട്. ഞങ്ങൾ ഇപ്പോൾ സന്തുഷ്ടരാണ്.”
എല്ലാ പ്രാർഥനകൾക്കും ഉത്തരം ലഭിക്കുന്ന ഒരു കാലം
മേൽപ്പറഞ്ഞ ആളുകൾ പ്രാർഥിച്ചതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ? തീർച്ചയായും! മിക്കവരുടെയും കാര്യത്തിൽ, അവർ പ്രാർഥിച്ചപ്പോഴൊക്കെ, ബൈബിൾ പഠിച്ചുകൊണ്ട് ദൈവത്തോട് അടുത്തു ചെല്ലാൻ ക്രിസ്തീയ സഭയിലെ ആരെങ്കിലും അവരെ സഹായിച്ചതായി നിങ്ങൾ ശ്രദ്ധിച്ചുവോ?—പ്രവൃത്തികൾ 9:11.
അപ്പോൾ, നമുക്കു പ്രാർഥിക്കാൻ നല്ല കാരണങ്ങളുണ്ട്. ദൈവത്തിന്റെ രാജ്യം വരാനും അവന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടാനുമുള്ള പ്രാർഥനയ്ക്കു പെട്ടെന്നുതന്നെ ഉത്തരം ലഭിക്കും. (മത്തായി 6:10) തന്നെ എതിർക്കുന്നവരെ ദൈവം ഭൂമിയിൽനിന്നു നീക്കം ചെയ്തശേഷം ‘ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിത്തീരും.’ (യെശയ്യാവു 11:9) അപ്പോൾ യഹോവയെ സ്നേഹിക്കുന്ന എല്ലാവരും ‘ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യം’ ആസ്വദിക്കും—അന്ന് അവരുടെ എല്ലാ പ്രാർഥനകൾക്കും ഉത്തരം ലഭിച്ചിരിക്കും.—റോമർ 8:18-21.
[7-ാം പേജിലെ ചിത്രം]
പ്രാർഥിക്കേണ്ടതിന്റെ കാരണം നിങ്ങൾക്ക് അറിയാമോ?