സുവാർത്ത സമർപ്പിക്കൽ—ഒരു കുടുംബമെന്ന നിലയിൽ
1 ഒരു സമർപ്പിതകുടുംബം വിശുദ്ധസേവനത്തിൽ പൂർണ്ണമായി ഏർപ്പെട്ടിരിക്കുന്നത്—പിതാവും മാതാവും കുട്ടികളും ഒരുമിച്ച് മുഴുദേഹിയോടെ ദൈവത്തെ സേവിക്കുന്നത്—യഹോവയുടെ വലിയ നാമത്തിന് ഒരു മഹത്വമാണ്. ഭൂവ്യാപകമായി യഹോവയുടെ ജനത്തിന്റെ സഭകളിൽ അത്തരം അനേകം കുടുംബങ്ങളെ കണ്ടെത്തുന്നുവെന്നുളളതിൽ നാം സന്തുഷ്ടരാണ്.
2 തീർച്ചയായും പിതാവിനാണ് തന്റെ കുടുംബത്തിന്റെ ആത്മീയാവശ്യങ്ങളിൽ ശ്രദ്ധിക്കുന്നതിനുളള പ്രാഥമിക ഉത്തരവാദിത്വം. (1 കൊരി. 11:3) തന്റെ ഭാര്യയുടെയും കുട്ടികളുടെയും സഹകരണത്തോടെ അയാളുടെ കുടുംബത്തിന് മററുളളവരുടെമേൽ ഒരു ശക്തമായ സ്വാധീനം ചെലുത്താൻ കഴിയും. (മത്താ. 5:16) ഈ സഹകരണം പ്രകടമാക്കാൻ കഴിയുന്ന ചില വശങ്ങൾ ഏവയാണ്?
മാതാപിതാക്കൾ നേതൃത്വമെടുക്കുക
3 അനേകരുടെ കാര്യത്തിൽ പിതാവ് ഒരു മൂപ്പനൊ ശുശ്രൂഷാദാസനൊ ആയിരുന്നേക്കാം. അതിന്റെ അർത്ഥം അയാളുടെ കുടുംബത്തിന്റെ താൽപര്യങ്ങൾക്കുപുറമെ സഭാകാര്യങ്ങൾക്കും അയാളുടെ കുറെ സമയവും ശ്രദ്ധയും കൊടുക്കണം എന്നാണ്. തന്റെ കുടുംബത്തെ അവഗണിക്കാതെ ലഭ്യമായ സമയം വിഭജിക്കുന്നതിൽ ശ്രദ്ധിക്കുകയെന്നതാണ് പിതാവിന്റെ ഉത്തരവാദിത്വം. അയാളുടെ പരിമിതമായ സമയത്തിന്റെ വീക്ഷണത്തിൽ ഇത് എല്ലായ്പ്പോഴും എളുപ്പമല്ലായിരിക്കാം. എന്നാൽ അയാളുടെ കുടുംബത്തോടാണ് അയാളുടെ പ്രാഥമിക ഉത്തരവാദിത്വമെന്നുളളതിനാൽ അയാൾ തന്റെ വിലയേറിയ സമയത്തിൽ കുറെ അയാളുടെ കുടുംബത്തോടൊത്തുളള അദ്ധ്യയനത്തിനും വയൽസേവനത്തിനും യോഗങ്ങൾക്കും ഉചിതമായ വിനോദത്തിനും ക്രമമായി പട്ടികപ്പെടുത്തണം. സാഹചര്യങ്ങളും മററു ഉത്തരവാദിത്വങ്ങളും ചിലപ്പോൾ പിതാവിന്റെ പട്ടികയിൽ വ്യത്യാസം വരുത്തിയേക്കാം, എന്നാൽ കുടുംബാംഗങ്ങളോടൊത്ത് എല്ലാ മാസവും വയലിൽ സമയം ചെലവഴിക്കാൻ കഴിയുന്നത് എത്ര പ്രതിഫലദായകമാണ്!
4 ഭാര്യയുടെ സഹകരണം സുപ്രധാനമാണ്. അവൾക്ക് കുട്ടികളെ ശുശ്രൂഷയിൽ പരിശീലിപ്പിക്കുന്നതിൽ സഹായിച്ചുകൊണ്ട് ഏററവും പ്രധാനമായ ഒരു വിധത്തിൽ അവളുടെ ഭർത്താവിന് പൂരകമായിരിക്കാൻ കഴിയും. അവളുടെ മാതൃകാപരമായ തീക്ഷ്ണതയും അർപ്പണവും കുട്ടികളെ ശുശ്രൂഷയിലുളള അവരുടെ വിലമതിപ്പിൽ വളരുന്നതിന് വളരെ സ്വാധീനിക്കും.—2 തിമൊ. 3:14, 15.
5 മാതാപിതാക്കളിലൊരാൾ ആത്മീയ ഉത്തരവാദിത്വത്തിന്റെ ഭാരം വഹിക്കുകയും കുട്ടികളെ ശുശ്രൂഷയിൽ വിജയപൂർവം പരിശീലിപ്പിക്കുകയും ചെയ്തതിന്റെ ധാരാളം നല്ല ദൃഷ്ടാന്തങ്ങൾ ഉണ്ട്. തങ്ങളുടെ മാതാവിന്റെയൊ പിതാവിന്റെയൊ ഉത്തമ മാതൃക നിമിത്തം അനേകം ചെറുപ്പക്കാർ സത്യത്തിൽ ഒരു ഉറച്ച നിലപാട് എടുത്തിട്ടുണ്ട്, മുഴുസമയശുശ്രൂഷ ഏറെറടുക്കുകപോലും ചെയ്തിട്ടുണ്ട്.
കുട്ടികളുടെ ഉത്തരവാദിത്വം
6 കുട്ടികളുടെ ഉത്തരവാദിത്വം സംബന്ധിച്ചെന്ത്? ദൈവത്തിന്റെ പൂർണ്ണതയുളള പുത്രനായ യേശുപോലും ഒരു കൊച്ചുകുട്ടി ആയിരുന്നപ്പോൾ അവന്റെ മാതാപിതാക്കളുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കും പ്രബോധനങ്ങൾക്കും കീഴ്പ്പെട്ടിരുന്നു. (ലൂക്കോ. 2:51) അതുകൊണ്ട്, മാതാവും പിതാവും കുടുംബം ഒരുമിച്ച് ശുശ്രൂഷയിൽ സമയം ചെലവഴിക്കാൻ ക്രമീകരിക്കുമ്പോൾ തങ്ങളുടെ മാതാപിതാക്കളോട് സഹകരിച്ചുകൊണ്ട് തങ്ങളുടെ ദൈവികഭക്തി കാണിക്കുന്നതിനുളള കടപ്പാട് കുട്ടികൾക്കുണ്ട്.—എഫേ. 6:1-3.
7 ഒരു കുടുംബമെന്ന നിലയിൽ ഒത്തൊരുമിച്ച് ആരാധിക്കുന്നത്—പഠിക്കുന്നതും വയൽശുശ്രൂഷയിൽ പങ്കെടുക്കുന്നതും യോഗങ്ങളിൽ ഹാജരാകുന്നതും—കുടുംബവൃത്തത്തിലെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ബന്ധങ്ങളെ ബലിഷ്ഠമാക്കുന്നു. ഈ കാര്യത്തിൽ മാതാപിതാക്കളും കുട്ടികളും ഉത്തരവാദിത്വം പങ്കുവെക്കുന്നു.