നമ്മുടെ പയനിയർമാരെ വിലമതിക്കൽ
1 ദൈവരാജ്യത്തിനുവേണ്ടിയുളള സഹപ്രവർത്തകർ അന്യോന്യം ശക്തീകരിക്കുന്നു. (കൊലോ. 4:11) ക്രിസ്തീയസഭയുടെ മുഖ്യവേല സുവാർത്ത പ്രസംഗിക്കുകയെന്നതാണെന്നു നാം പരിഗണിക്കുമ്പോൾ നമ്മുടെ ഇടയിലെ മുഴുസമയവേലക്കാരെ വിലമതിക്കാൻ നിർബന്ധിതകാരണങ്ങളുണ്ട്.—മർക്കോ. 13:10; റോമ. 16:2; ഫിലി. 4:3.
എന്തുകൊണ്ട്?
2 പയനിയർമാർ പരിചയംകുറഞ്ഞ പ്രസാധകരോടുകൂടെ പ്രസംഗവേലയുടെ വിവിധവശങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ നേരിട്ടുളള ഒരു വിധത്തിൽ അവർ സഭയെ കെട്ടുപണിചെയ്യുന്നു. ഇതിൽ മാസികാസാക്ഷീകരണം, മടക്കസന്ദർശനങ്ങൾക്കുവേണ്ടിയുളള തയ്യാറാകലും അവ നടത്തലും, ഭവന ബൈബിളദ്ധ്യയനങ്ങൾ തുടങ്ങി ഫലപ്രദമായി നടത്തൽ എന്നിവ ഉൾപ്പെടുന്നു. അതിനു പുറമേ, ധൈര്യപൂർവം അനൗപചാരിക സാക്ഷീകരണം നടത്തുന്നതിനാൽ പയനിയർമാർക്ക് ഒരു മാതൃകവെക്കാൻ കഴിയും. മദ്ധ്യവാര കൂട്ടസാക്ഷീകരണ ക്രമീകരണങ്ങൾക്ക് അവർ കൊടുക്കുന്ന പിന്തുണ മററുളളവർക്കു സഹായംചെയ്യാൻ അവർക്ക് അവസരം പ്രദാനംചെയ്യുന്നു. വയലിലെ അവരുടെ ക്രിയാത്മക സ്വാധീനം അവർ വാരാന്തത്തിലെ വയൽസേവനത്തെ പിന്താങ്ങുമ്പോൾ വിശേഷാൽ അനുഭവപ്പെടാൻ കഴിയും, മററു മിക്ക പ്രസാധകർക്കും പങ്കെടുക്കാൻ കഴിയുന്നത് ആ സമയത്താണല്ലോ.
3 പയനിയർമാർ പ്രദേശം പൂർണ്ണമായും കൂടെക്കൂടെയും പ്രവർത്തിക്കുന്നതിനാലും സഭയെ സഹായിക്കുന്നു. ഇത് നമ്മുടെ സന്ദേശത്തോട് മെച്ചമായി പരിചയപ്പെടാനും നാം സന്ദർശിക്കുമ്പോൾ കൂടുതൽ സുഖംതോന്നാനും ആളുകളെ പ്രാപ്തരാക്കുന്നു, കാരണം നമ്മൾ ആരാണെന്ന് അവർക്കറിയാം. പയനിയർമാർ താത്പര്യക്കാർക്ക് സാഹിത്യം കൊടുത്തുകൊണ്ടും താത്പര്യം നട്ടുവളർത്തിക്കൊണ്ടും—ഫലത്തിൽ സത്യത്തിന്റെ വിത്തുകൾ നടുകയും നനക്കുകയും ചെയ്തുകൊണ്ട്—പ്രദേശത്ത് ചെലവഴിക്കുന്ന അനേകം മണിക്കൂറുകൾക്ക് കൂടുതൽ ഉല്പാദകമായ ഒരു പ്രദേശത്തേക്കു നയിക്കാനേ കഴിയൂ.—1 കൊരി. 3:6.
സഭയിൽ
4 വിശ്വസ്തപയനിയൽമാരുടെ ഉത്സാഹത്താലും തീക്ഷ്ണതയാലും തങ്ങളുടെ ഹൃദയം തൊട്ടുണർത്തപ്പെട്ടതുകൊണ്ട് മുഴുസമയസേവനത്തിൽ പ്രവേശിക്കാൻ അനേകർ പ്രോൽസാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. സഭയിൽ പയനിയർമാർ ആരുമില്ലാഞ്ഞതുകൊണ്ട് ഒരു നിരന്തരപയനിയർ ആകാൻ ഒരു സഹോദരിക്ക് മടിയായിരുന്നു. എന്നാൽ സർക്കിട്ട്മേൽവിചാരകൻ പ്രോൽസാഹിപ്പിച്ചപ്പോൾ അവൾ മുന്നോട്ടുപോയി പേർചാർത്തി. മററുളളവരും പെട്ടെന്നുതന്നെ തുടർന്നു പേർചാർത്തി, ഇപ്പോൾ ആ സഭയിൽ തീക്ഷ്ണതയുളള പയനിയർമാരുടെ ഗണ്യമായ സംഖ്യയുണ്ട്.
5 ചില സമയങ്ങളിൽ മൂപ്പൻമാർ ക്രമമില്ലാത്തവനോ നിഷ്ക്രിയനോ ആയ ഒരാളെ സഹായിക്കാൻ ഒരു പയനിയറോട് ആവശ്യപ്പെട്ടേക്കാം. ഈ സഹായത്തിൽ വ്യക്തിയുമായി ഒരു ബൈബിളദ്ധ്യയനം നടത്തുന്നത് ഉൾപ്പെട്ടേക്കാം. പയനിയറുടെ വിശ്വാസത്തിനും തീക്ഷ്ണതക്കും സത്യത്തോടുളള ആ വ്യക്തിയുടെ സ്നേഹത്തെ പുനർജ്വലിപ്പിക്കുന്നതിന് അങ്ങനെ സഹായിക്കാൻ കഴിയും, അയാളുടെ സമർപ്പണത്തിന്റെ കടപ്പാടുകൾ നിറവേററാൻ ശ്രമിക്കുന്നതിന് അയാളെ പുനഃക്രിയനാക്കാനും സഹായിക്കാൻ കഴിയും.—1 തെസ്സ. 5:14.
പയനിയർമാരെ പ്രോൽസാഹിപ്പിക്കുക
6 മററുളളവരെ പ്രോൽസാഹിപ്പിക്കാൻ പയനിയർമാർ വളരെയധികം ചെയ്യുമ്പോൾത്തന്നെ, തങ്ങളുടെ സേവനത്തിൽ സന്തോഷമുളളവരായി തുടരാൻ അവർക്കുതന്നെ പ്രോൽസാഹനം ആവശ്യമാണ്. (റോമർ 1:12) നിങ്ങൾ പയനിയർശുശ്രൂഷയെ സംബന്ധിച്ച് ക്രിയാത്മകമായി സംസാരിക്കുന്നുവോ? ഒരു പയനിയറുടെ വേലയെയും ആത്മത്യാഗപരമായ ആത്മാവിനെയുംപ്രതി അയാളെ നിങ്ങൾ എന്നാണ് ഒടുവിൽ അഭിനന്ദിച്ചത്? അധികം പ്രസാധകർ പുറത്തുപോകാത്ത മണിക്കൂറുകളിൽ വയൽസേവനത്തിനു കൂട്ടത്തിൽ പ്രവർത്തിക്കാൻ ആരെങ്കിലുമുണ്ടായിരിക്കുന്നത് പയനിയർമാർ വിശേഷാൽ വിലമതിക്കുന്നു. നിങ്ങൾക്കു പയനിയർമാരോടുകൂടെ പോകാനും ഒരുപക്ഷേ പ്രസംഗവേലയെ പിന്താങ്ങിക്കൊണ്ട് കൂടുതൽ മണിക്കൂറുകൾ ചെലവഴിക്കാനും കഴിയുമോ?
7 നിങ്ങൾക്കു വേറെ ഏതു വിധത്തിലും പയനിയർമാരെ പ്രോൽസാഹിപ്പിക്കാൻ കഴിയും? അഭിനന്ദിക്കുന്നതിനു പുറമേ, അവരെ ഭക്ഷണത്തിനു ക്ഷണിച്ചുകൊണ്ടും അവരുടെ യാത്രച്ചെലവുകൾക്ക് സ്വമേധയാ സഹായിച്ചുകൊണ്ടും നിങ്ങൾക്കു കഴിയുന്ന മററു വിധങ്ങളിൽ പിന്താങ്ങിക്കൊണ്ടും ഒരു സ്പർശനീയ വിധത്തിൽ അങ്ങനെയുളള കഠിനാദ്ധ്വാനികളോടുളള നിങ്ങളുടെ വിലമതിപ്പു പ്രകടമാക്കാൻ കഴിയും.—1 തെസ്സലോനീക്യർ 5:12, 13 താരതമ്യപ്പെടുത്തുക.
8 മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും സഭയിൽ നേതൃത്വമെടുക്കുമ്പോൾ പയനിയർമാരും പ്രസാധകരും സേവനത്തിനുവേണ്ടിയുളള നല്ല ക്രമീകരണങ്ങൾക്കു പൂർണ്ണപിന്തുണ നൽകും. അങ്ങനെ നാമെല്ലാവരും “അന്യോന്യം ശുശ്രൂഷിക്കുന്നതിൽ” നമുക്കുളള വരങ്ങൾ ഉപയോഗിക്കുന്നതായിരിക്കും.—1 പത്രോ. 4:10, 11.