സുവാർത്ത സമർപ്പിക്കൽ—മാസികകൾകൊണ്ട്
1 വീക്ഷാഗോപുരത്തെയും ഉണരുക!യെയും പോലെ ആളുകളുടെ ജീവിതത്തിൻമേൽ പ്രയോജനത്തിനുവേണ്ടി ഇത്രയധികം സ്വാധീനം ചെലുത്തിയിട്ടുളള പത്രികകൾ ചരിത്രത്തിലുണ്ടായിട്ടില്ല. ഓരോ ലക്കവും ജീവദായകമായ ആത്മീയാഹാരം നിറഞ്ഞതാണ്. ആഴത്തിലുളള ഗവേഷണത്തിന്റെയും ശക്തമായ തിരുവെഴുത്തുതെളിവുസഹിതമുളള അവതരണത്തിന്റെയും ഫലങ്ങൾ നമ്മുടെ മനസ്സിലും ഹൃദയത്തിലും സത്യത്തിന്റെ സന്ദേശം രൂഢമൂലമാക്കുന്നു.
2 വീക്ഷാഗോപുരം അതിന്റെ പേജുകളിലൂടെ ബൈബിളുപദേശങ്ങൾ വിശദീകരിക്കുകയും ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിയിലേക്കു നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുകയുംചെയ്യുന്നു. അത് തങ്ങളുടെ മനസ്സുകളെ രൂപാന്തരപ്പെടുത്തുന്നതിനും പുതിയ വ്യക്തിത്വം ധരിക്കുന്നതിനും ആത്മീയവിശപ്പുളള സകലരെയും പ്രോൽസാഹിപ്പിക്കുന്നു. (റോമർ 12:2; എഫേ. 4:22-24) ഉണരുക! അതിന്റെ വായനക്കാരെ ലോകത്തിലെ സുപ്രധാനസംഭവങ്ങൾ സംബന്ധിച്ച് ജാഗരൂകരാക്കുന്നു. സൃഷ്ടിയിലെ അത്ഭുതങ്ങളെ വരച്ചുകാട്ടുന്ന അതിലെ ശ്രദ്ധേയമായ ചിത്രങ്ങൾ പുതിയലോകത്തിലുളള താത്പര്യം ഉത്തേജിപ്പിക്കുകയും സ്നേഹവാനായ സ്രഷ്ടാവിനോടുളള വിലമതിപ്പു ആഴമേറിയതാക്കുകയും ചെയ്യുന്നു.
ലൗകിക മാസികകൾ പോലെയല്ല
3 ലൗകികമാസികകൾ ഈ ലോകത്തിൽ സംതൃപ്തികരമായ ജീവിതം എങ്ങനെ ആസ്വദിക്കാമെന്ന് ആളുകൾക്ക് കാണിച്ചുകൊടുക്കുന്നില്ല. അവ ഭാവിപ്രത്യാശ വാഗ്ദാനംചെയ്യുന്നില്ല, എങ്ങനെ നിത്യജീവൻ നേടാമെന്ന് ആളുകളെ പഠിപ്പിക്കുന്നുമില്ല. ആ ലോകമാസികകൾ ലോകകാര്യങ്ങളെ പ്രോൽസാഹിപ്പിക്കാൻ ഉദ്ദേശിക്കപ്പെട്ടവയാണ്. വീക്ഷാഗോപുരത്തിൽനിന്നും ഉണരുക!യിൽനിന്നും എത്ര വ്യത്യസ്തം!—1 യോഹന്നാൻ 2:15-17.
4 വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഓരോ ലക്കത്തിനുംവേണ്ടി നിങ്ങൾക്കുതന്നെ അഗാധമായ നന്ദി തോന്നുന്നുണ്ടെന്നുളളതിനു സംശയമില്ല—അവ “വിശ്വസ്തഗൃഹവിചാരക”നിൽനിന്നുളള സത്യത്തിന്റെ സൗരഭ്യം അടങ്ങിയിരിക്കുന്ന മാസികകളാണ്. (ലൂക്കോസ് 12:42) നമ്മുടെ മാസികാസമർപ്പണം മെച്ചപ്പെടുത്താനും അങ്ങനെ നമ്മുടെ പത്രികകളിൽനിന്നു കൂടുതൽ പ്രയോജനം നേടാൻ മററുളളവരെ സഹായിക്കാനും നമുക്ക് എന്തു ചെയ്യാൻ കഴിയും?
നമ്മുടെ പങ്കു നിർവഹിക്കൽ
5 നമ്മുടെ മാസികകൾ വായിക്കാൻ പരമാർത്ഥഹൃദയികളെ ഉചിതമായി പ്രോൽസാഹിപ്പിക്കാൻകഴിയുന്നതിനുമുമ്പ് ഓരോ പത്രികയിലും അടങ്ങിയിരിക്കുന്നതെന്തെന്ന് നാം അറിയേണ്ടതുണ്ട്. ഇത് ശുശ്രൂഷയിലുപയോഗിക്കുന്നതിനുമുമ്പ് നാം ഓരോ ലക്കവും വായിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. അതിലെ ഉളളടക്കം സുപരിചിതമാക്കുന്നതിനാൽ നമുക്ക് വീടുതോറുമുളള ശുശ്രൂഷയുടെയും തെരുവുവേലയുടെയും അനൗപചാരികസാക്ഷീകരണത്തിന്റെയും മാർഗ്ഗങ്ങളെ മാസികാവിതരണത്തിന് വിനിയോഗിക്കാൻ കഴിയും.
6 കൂടാതെ, കടയിൽപോകുമ്പോഴും പൊതുവാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും സ്ക്കൂളിലും ജോലിസ്ഥലത്തും അല്ലെങ്കിൽ നാം എവിടെ പോയാലും ഒടുവിലത്തെ മാസികകൾ കൈവശമുണ്ടായിരിക്കുന്നതിനാൽ നാം സാക്ഷീകരിക്കാനുളള അവസരങ്ങളെ ഉചിതമായി പ്രയോജനപ്പെടുത്തുന്നതിന് പ്രാപ്തരാകും. ന്യായവാദം പുസ്തകത്തിൽനിന്ന് തെരഞ്ഞെടുത്ത ഒരു നല്ല മുഖവുരയും ഒപ്പം ലേഖനങ്ങളിലൊന്നിൽനിന്നുളള ഒരു പോയിൻറും നമ്മുടെ മാസികകൾ വായിക്കാൻ ഒരാളുടെ ആഗ്രഹത്തെ ഉണർത്തിയേക്കാം.
7 മാസികകൾ സമർപ്പിക്കുമ്പോഴത്തെ നമ്മുടെ സംഭാഷണം ഹ്രസ്വമാണെങ്കിലും നമ്മുടെ ചർച്ച വെറും ഒരു മിനിറേറാ മറേറാ ആയി പരിമിതപ്പെടുത്തേണ്ടതില്ല. വ്യക്തിക്ക് യഥാർത്ഥത്തിൽ സന്ദേശത്തിൽ താത്പര്യമുണ്ടോയെന്നും അയാൾ മാസിക വായിക്കുമോയെന്നും നിർണ്ണയിക്കാൻ നാം സമയമെടുക്കാനാഗ്രഹിക്കുന്നു. ചോദ്യങ്ങൾ ഉന്നയിക്കുന്നുവെങ്കിൽ നാം എപ്പോഴും ബൈബിളോ ന്യായവാദം പുസ്തകമോ പൂർണ്ണമായി ഉപയോഗിച്ചുകൊണ്ട് അന്വേഷണങ്ങൾക്ക് ഉത്തരം കൊടുക്കാൻ ശ്രമിക്കണം. നമ്മുടെ വിശ്വാസത്തിനുവേണ്ടി പ്രതിവാദം നടത്താൻ ഒരുങ്ങിയിരിക്കുന്നതിനാൽ നമുക്ക് അത്ഭുതകരമായ അനുഗ്രഹങ്ങൾ കൊയ്യാൻ കഴിയും.—1 പത്രോ. 3:15.
8 മാസിക വായിക്കാമെന്ന് വ്യക്തി സമ്മതിക്കുന്നുവെങ്കിൽ, നമുക്ക് നമ്മുടെ വേലയുടെ സ്വഭാവത്തെക്കുറിച്ചും ഒരു ലോകവ്യാപകബൈബിൾവിദ്യാഭ്യാസവേലയുടെ ഭാഗമെന്ന നിലയിൽ മാസത്തിൽ രണ്ടു പ്രാവശ്യം ഇത് എങ്ങനെ പ്രസിദ്ധീകരിക്കപ്പെടുന്നുവെന്നും നമുക്ക് പറയാൻ കഴിയും. വീക്ഷാഗോപുരത്തിന്റെ 2-ാം പേജിലും ഉണരുക!യുടെ 4-ാം പേജിലുമുളള വിവരങ്ങൾ ഇതു വളരെ നന്നായി വിശദീകരിക്കുന്നുണ്ട്. അടുത്ത ലക്കത്തിന്റെ ഉളളടക്കം എല്ലായ്പ്പോഴും പട്ടികപ്പെടുത്തുന്നതിനാൽ നമുക്ക് ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കാം, അല്ലെങ്കിൽ വരാൻപോകുന്ന ലേഖനങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കാം. ഇത് വ്യക്തിയുടെ താത്പര്യത്തെ ഉത്തേജിപ്പിക്കുകയും ആ ലക്കം പുറത്തിറങ്ങുമ്പോൾ അതു വാങ്ങാനുളള ആഗ്രഹം പ്രകടമാക്കാൻ അയാളെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. ഇത് ഒരു മാസികാറൂട്ടിന്റെ തുടക്കമായിരിക്കാൻ കഴിയും.
9 ഈ വ്യവസ്ഥിതിയുടെ അന്തം സമീപിച്ചുവരുമ്പോൾ മഹാബാബിലോനിൽനിന്ന് രക്ഷപെട്ട് സത്യത്തിലേക്കു വരാൻ പരമാർത്ഥഹൃദയികളെ സഹായിക്കുന്നതിലെ നമ്മുടെ ഗതിവേഗം നമുക്കു വർദ്ധിപ്പിക്കാം. (വെളി. 18:4) വീക്ഷാഗോപുരവും ഉണരുക!യും നമ്മുടെ ലോകവ്യാപക ബൈബിൾവിദ്യാഭ്യാസവേലയിൽ ഒരു ശക്തമായ പങ്കു വഹിക്കുന്നു. യഹോവ ശുശ്രൂഷയിലെ നമ്മുടെ ഉപയോഗത്തിനായി അവ നൽകിയിരിക്കുന്നതിൽ നമുക്കു നന്ദിയുണ്ട്. ഈ മാസികയുടെ സശ്രദ്ധവും തീവ്രവുമായ ഉപയോഗത്തെ യഹോവ തുടർന്നും അനുഗ്രഹിക്കട്ടെ!