നമ്മുടെ മാസികകൾ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുക
1 നിങ്ങളൊരു പത്രക്കടയിൽ ചെല്ലുമ്പോൾ എന്താണു കാണുന്നത്? മാസികകൾ. തെരുക്കോണിലെ ഒരു കടയിൽ നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് എന്താണ്? മാസികകൾ. പോസ്റ്റുമാൻ തപാലുരുപ്പിടികൾ നിറഞ്ഞ തന്റെ ബാഗിന്റെ ഭാരത്താൽ കുനിഞ്ഞുപോകുന്നതിന്റെ കാരണമെന്താണ്? മാസികകൾ. അതുകൊണ്ട്, പലരും വായിക്കുന്നത് എന്താണ്? മാസികകൾ. 10-നും 18-നും ഇടയിൽ പ്രായമുള്ള 10 യുവജനങ്ങളിൽ 9 പേരും അത്രയുംതന്നെ ശതമാനം മുതിർന്നവരും ഓരോ മാസവും ചുരുങ്ങിയത് ഒരു മാസികയെങ്കിലും വായിക്കുന്നുണ്ടെന്നു സർവേകൾ കാണിക്കുന്നു. ആളുകൾ മാസികാബോധമുള്ളവരാണ്.
2 പരമാർഥഹൃദയരെ വീക്ഷാഗോപുരവും ഉണരുക!യും സംബന്ധിച്ചു ബോധമുള്ളവരാക്കാൻ നമുക്കു കഴിയുമോ? വീക്ഷാഗോപുരവും ഉണരുക!യും സംബന്ധിച്ചു നാംതന്നെ ബോധമുള്ളവരാണെങ്കിൽ നമുക്കതിനു കഴിയും. നമ്മെ സഹായിക്കാൻ എന്തിനു കഴിയും? ഈ നിർദേശങ്ങൾ പരിചിന്തിക്കുക:
◼ മാസികകൾ വായിക്കുക: തന്റെ സർക്കിട്ടിലുള്ള 3 പ്രസാധകരിൽ ശരാശരി ഒരാൾ മാത്രമേ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഓരോ ലക്കവും പുറത്തോടുപുറം വായിക്കുന്നുള്ളൂവെന്ന് ഒരു സഞ്ചാരമേൽവിചാരകൻ റിപ്പോർട്ടു ചെയ്യുകയുണ്ടായി. നിങ്ങളോ? ഓരോ ലേഖനവും വായിക്കുമ്പോൾ സ്വയം ചോദിക്കുക: ‘ആരായിരിക്കും ഈ വിവരം ഇഷ്ടപ്പെടുക—ഒരു മാതാവോ അജ്ഞേയവാദിയോ ബിസിനസുകാരനോ അതോ ഒരു യുവവ്യക്തിയോ?’ മാസിക സമർപ്പിക്കുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന ഒന്നോ രണ്ടോ ആശയങ്ങൾ നിങ്ങളുടെ വ്യക്തിഗത പ്രതിയിൽ അടയാളപ്പെടുത്തുക. എന്നിട്ട്, ഒന്നോ രണ്ടോ വാചകങ്ങൾ ഉപയോഗിച്ച് ആ വിഷയത്തിലുള്ള താത്പര്യം എങ്ങനെ ഉണർത്താൻ കഴിയുമെന്നു ചിന്തിക്കുക.
◼ ഒരു നിർദിഷ്ട മാസികാ ഓർഡർ ഉണ്ടായിരിക്കുക: ഓരോ ലക്കത്തിന്റെയും ഒരു നിർദിഷ്ട എണ്ണം കോപ്പികൾക്കു വേണ്ടി, മാസികകൾ കൈകാര്യം ചെയ്യുന്ന സഹോദരന്റെ പക്കൽ ഒരു സുനിശ്ചിത ഓർഡർ കൊടുക്കുക. ആ വിധത്തിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ക്രമമായ, വേണ്ടത്ര മാസികകളുടെ ശേഖരം ഉണ്ടായിരിക്കും.
◼ പതിവായ ഒരു മാസികാദിവസം പട്ടികപ്പെടുത്തുക: പല സഭകളും മുഖ്യമായി മാസികാ സാക്ഷീകരണത്തിനു വേണ്ടി ഒരു നിർദിഷ്ട ദിവസം മാറ്റിവെച്ചിട്ടുണ്ട്. സഭയുടെ മാസികാദിവസത്തെ നിങ്ങൾക്കു പിന്താങ്ങാൻ കഴിയുമോ? ഇല്ലെങ്കിൽ, കുറെ സേവന സമയം മാസികാ തെരുവു സാക്ഷീകരണത്തിനും മാസികകൾ വ്യക്തിഗതമായി വിതരണം ചെയ്യുന്നതിനുമായി ഉപയോഗിക്കാൻ ഇടയ്ക്കിടയ്ക്കു ശ്രമിക്കുക. ഈ രണ്ടു രീതികളും വീടുതോറും അതുപോലെ മാസികാറൂട്ടുകളിലും ആകാം.
◼ “വീക്ഷാഗോപുരം,” “ഉണരുക!” ബോധമുള്ളവരായിരിക്കുക: യാത്ര ചെയ്യുമ്പോഴോ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴോ മാസികകളുടെ പ്രതികളും കൂടെ കൊണ്ടുപോകുക. സഹജോലിക്കാർ, അയൽക്കാർ, സഹപാഠികൾ, അല്ലെങ്കിൽ അധ്യാപകർ എന്നിവരോടൊക്കെ സംസാരിക്കുമ്പോൾ അവ സമർപ്പിക്കുക. മിക്കപ്പോഴും യാത്ര ചെയ്യാറുള്ള ഒരു ദമ്പതികൾ തങ്ങളുടെ അടുത്തിരിക്കുന്ന യാത്രക്കാരനുമായി/യാത്രക്കാരിയുമായി സംഭാഷണത്തിനു തുടക്കമിടുന്നതിന് അടുത്ത കാലത്തെ മാസികകളിൽനിന്നുള്ള ഒരു വിഷയം എടുത്തിടുന്നു. അവർ സന്തോഷകരമായ പല അനുഭവങ്ങളും ആസ്വദിച്ചിട്ടുണ്ട്. ചില യുവജനങ്ങൾ, തങ്ങളുടെ അധ്യാപകർക്ക് അല്ലെങ്കിൽ സഹവിദ്യാർഥികൾക്കു താത്പര്യജനകമെന്നു വിചാരിക്കുന്ന ലേഖനങ്ങളടങ്ങിയ മാസികകൾ സ്കൂളിൽ കൊണ്ടുപോകാറുണ്ട്. നിങ്ങളുടെ അടുത്തുള്ള കടയിൽ പോകുമ്പോൾപോലും മാസികകളുടെ പ്രതികൾ കൂടെ കൊണ്ടുപോകുക. എന്നിട്ട് നിങ്ങൾ സാധനങ്ങൾ വാങ്ങിക്കഴിയുമ്പോൾ അവ കടക്കാർക്കു സമർപ്പിക്കുക. നമ്മിൽ പലരും വണ്ടിയിൽ പതിവായി പെട്രോൾ നിറയ്ക്കാറുണ്ട്; പെട്രോൾ പമ്പിലുള്ള ആൾക്ക് എന്തുകൊണ്ടു മാസികകൾ സമർപ്പിച്ചുകൂടാ? ബന്ധുക്കൾ സന്ദർശിക്കുമ്പോൾ, പൊതുവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ, അല്ലെങ്കിൽ നിങ്ങൾ ആർക്കെങ്കിലും വേണ്ടി കാത്തിരിക്കുമ്പോൾ, പെട്ടെന്ന് എടുക്കാവുന്ന സ്ഥാനത്തു മാസികകൾ വെക്കുക. അനുയോജ്യമായ മറ്റവസരങ്ങളെക്കുറിച്ചു നിങ്ങൾക്കു ചിന്തിക്കാൻ കഴിയുമോ?
◼ ഹ്രസ്വമായ ഒരു മാസികാവതരണം തയ്യാറാവുക: കുറച്ചു മാത്രം സംസാരിക്കാൻ ആസൂത്രണം ചെയ്യുക, എന്നാൽ പറയുന്നതു നന്നായി പറയുകതന്നെ വേണം. ഉത്സാഹമുള്ളവനായിരിക്കുക. ആളുകളുടെ ഹൃദയത്തെ ഉണർത്തുക. വാരിവലിച്ചു പറയാതിരിക്കുക. ഒരു ലേഖനത്തിൽനിന്ന് ഏതെങ്കിലും ഒരാശയമെടുത്തു ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞിട്ട് മാസികകൾ സമർപ്പിക്കുക. താത്പര്യമുളവാക്കുന്ന ഒരു വിഷയം സംബന്ധിച്ചു ചോദ്യമുന്നയിക്കുക, എന്നിട്ടു തിരുവെഴുത്തുപരമായ ഉത്തരം നൽകുന്ന ഒരു ലേഖനം ചൂണ്ടിക്കാട്ടുക. അതാണു മാസികകൾ സമർപ്പിക്കുന്നതിനുള്ള ഉത്തമ മാർഗം. ഇത് എങ്ങനെ ചെയ്യാൻ കഴിയുമെന്നതിനു ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക:
3 വർധിച്ചുവരുന്ന കുറ്റകൃത്യനിരക്കിനെക്കുറിച്ചുള്ള ഒരു ലേഖനമാണു വിശേഷവത്കരിക്കുന്നതെങ്കിൽ, ഇങ്ങനെ പറയാവുന്നതാണ്:
◼“കുറ്റകൃത്യത്തെക്കുറിച്ചുള്ള ഭയം കൂടാതെ രാത്രിയിൽ നമുക്ക് ഉറങ്ങാൻ സാധിക്കണമെങ്കിൽ എന്താണ് ആവശ്യമായിരിക്കുന്നത്?” സംഗതികൾ മെച്ചപ്പെടുമെന്നതു സംബന്ധിച്ചു വീട്ടുകാരന് ഒരുപക്ഷേ ശുഭപ്രതീക്ഷ കാണില്ലായിരിക്കാം. അനേകരും അങ്ങനെതന്നെയാണു വിചാരിക്കുന്നതെന്നും അയാൾക്കു താത്പര്യജനകമായിരിക്കുമെന്നു കരുതുന്ന ചില കാര്യങ്ങൾ നിങ്ങളുടെ പക്കലുണ്ടെന്നും മറുപടി പറയാവുന്നതാണ്. എന്നിട്ടു ലേഖനത്തിലെ ഉചിതമായ ഒരാശയം പരാമർശിക്കുക.
4 കുടുംബജീവിതത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ലേഖനം സമർപ്പിക്കുമ്പോൾ ഇങ്ങനെ പറയാവുന്നതാണ്:
◼“അഹോവൃത്തിക്കുള്ള വക സമ്പാദിക്കുകയും ഒരു കുടുംബത്തെ പോറ്റിപ്പുലർത്തുകയും ചെയ്യുന്നത് ഇക്കാലത്ത് ഒരു യഥാർഥ വെല്ലുവിളിയാണെന്നു പല ആളുകളും മനസ്സിലാക്കുന്നു. പ്രസ്തുത വിഷയത്തെക്കുറിച്ച് അനവധി പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്, എന്നാൽ നമ്മുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗങ്ങൾ സംബന്ധിച്ചു വിദഗ്ധർപോലും യോജിക്കുന്നില്ല. ആശ്രയയോഗ്യമായ മാർഗനിർദേശത്തിനു വേണ്ടി നമുക്കു പോകാൻ കഴിയുന്ന ഏതെങ്കിലും ഇടമുണ്ടോ?” എന്നിട്ടു മാസികയിലുള്ള ഒരു നിർദിഷ്ട അഭിപ്രായത്തിലേക്കു വിരൽചൂണ്ടുക.
5 ഒരു സാമൂഹിക പ്രശ്നത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ലേഖനം വിശേഷവത്കരിക്കുമ്പോൾ ഈ സമീപനം സ്വീകരിക്കാവുന്നതാണ്:
◼“മിക്കവരും ഇന്നു സമ്മർദമനുഭവിക്കുന്നവരാണ്. നമ്മൾ ഇങ്ങനെ ജീവിക്കാൻ ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.” എന്നിട്ട്, ആ ലേഖനത്തിലുള്ള വിവരങ്ങൾക്കു ജീവിതത്തിലെ പ്രശ്നങ്ങളെ ഇപ്പോൾ തരണം ചെയ്യാൻ എങ്ങനെ നമ്മെ സഹായിക്കാൻ കഴിയുമെന്നും ഭാവിയിലെ സ്ഥായിയായ ഒരു പരിഹാരം സംബന്ധിച്ച പ്രത്യാശ എങ്ങനെ നൽകാൻ കഴിയുമെന്നും കാട്ടിക്കൊടുക്കുക.
6 തെരുവു സാക്ഷീകരണം ഫലപ്രദം: മാസികകൾ ഉപയോഗിച്ചുള്ള തെരുവു സാക്ഷീകരണത്തിനു വേണ്ടി വാരത്തിൽ ഒരു പ്രത്യേക ദിവസം പട്ടികപ്പെടുത്താൻ പ്രസാധകരെ ആദ്യമായി പ്രോത്സാഹിപ്പിച്ചത് ഇൻഫോർമൻറിന്റെ (നമ്മുടെ രാജ്യ ശുശ്രൂഷയുടെ) 1940 ജനുവരി ലക്കത്തിലൂടെയായിരുന്നു. നിങ്ങൾ ഇടയ്ക്കിടെ തെരുവു സാക്ഷീകരണത്തിൽ ഏർപ്പെടാറുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്ന രീതി വാസ്തവത്തിൽ ഫലപ്രദമാണോ? ചില പ്രസാധകർ പരസ്പരം സംസാരിച്ചുകൊണ്ട് ഒരു തെരുക്കോണിൽ നിൽക്കവേ അനേകമാളുകൾ ശ്രദ്ധിക്കപ്പെടാതെ കടന്നുപോകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മാസികകളുമായി അടുത്തടുത്തു നിൽക്കുന്നതിനു പകരം, വേറിട്ടുനിന്ന് ആളുകളെ സമീപിക്കുന്നതു കൂടുതൽ ഫലപ്രദമാണ്. സമീപിക്കുന്നത് ഒരാൾ മാത്രമാണെങ്കിൽ അപരിചിതർ അൽപ്പനേരം നിന്നു കേൾക്കാൻ സാധ്യതയുണ്ട്. എന്നാൽ സംഭാഷണത്തിൽ മുഴുകിയിരിക്കുന്ന ഒരു കൂട്ടമാളുകളുടെ അടുക്കൽ ചെല്ലാൻ അധികം യാത്രക്കാരും മുതിരാറില്ല. തെരുവിൽവെച്ചു നാം വളരെ ശ്രദ്ധയ്ക്കു പാത്രമാകുമെന്നതുകൊണ്ട്, ദൈവത്തിന്റെ ശുശ്രൂഷകർക്കു യോജിച്ച വിധത്തിൽ ചമഞ്ഞൊരുങ്ങേണ്ടതിന്റെയും മാന്യമായി വസ്ത്രധാരണം ചെയ്യേണ്ടതിന്റെയും പ്രത്യേക ആവശ്യമുണ്ട്.—1 തിമൊ. 2:9, 10.
7 വീടുകൾതോറുമുള്ള മാസികാവിതരണം: തെരുവു സാക്ഷീകരണം മാത്രമല്ല മാസികകൾ സമർപ്പിക്കുന്നതിനുള്ള മാർഗം. വീടുതോറുമുള്ള ശുശ്രൂഷയിലും അവ സമർപ്പിക്കാൻ സാധിക്കും, അങ്ങനെ ചെയ്യേണ്ടതുമാണ്. ആളുകളെ വീടുകളിൽ സന്ദർശിക്കുമ്പോൾ, മൂന്നുമുതൽ എട്ടുവരെ മിനിറ്റാണു നാം സാധാരണമായി സംസാരിക്കാറുള്ളത്. അപ്പോൾ ഒന്നോ രണ്ടോ തിരുവെഴുത്തുകൾ ഉപയോഗിക്കുകയും ആ മാസത്തേക്കു നിർദേശിച്ചിരിക്കുന്ന സമർപ്പണ ഇനം, പുസ്തകമോ ചെറുപുസ്തകമോ വരിസംഖ്യയോ എന്തായിരുന്നാലും, അതു സമർപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സഭ മാസികാദിവസം ക്രമീകരിക്കുമ്പോൾ, (പല സഭകളും അതു ചെയ്യുന്നത് എല്ലാ ശനിയാഴ്ചയുമാണ്,) ഉച്ചകഴിഞ്ഞു തെരുവുവേലയിൽ ഏർപ്പെടാൻ നിങ്ങൾക്കു തീരുമാനിക്കാവുന്നതാണ്, എന്നാൽ രാവിലെ മാസികകൾ മാത്രം സമർപ്പിച്ചുകൊണ്ടു വീടുതോറുമുള്ള വേലയിൽ ഏർപ്പെടണം. അത്തരം മാസികാവേലയുടെ സമയത്തു വീട്ടുവാതിൽക്കലുള്ള നമ്മുടെ അവതരണം ഹ്രസ്വമായിരിക്കും—30 മുതൽ 60 വരെ സെക്കൻറു മാത്രം. മാത്രമല്ല, മാസികകൾ സാധാരണമായി കൊടുക്കുന്നതു തിരുവെഴുത്തുകൾ വായിക്കാതെയുമായിരിക്കും. വീട്ടുകാരൻ താത്പര്യം കാണിച്ചുവെങ്കിൽ അതു കുറിച്ചുവെക്കുകയും താത്പര്യം കാണിച്ച വ്യക്തികളെ മടങ്ങിച്ചെന്നു സന്ദർശിക്കുകയും വേണം. അല്ലെങ്കിൽ പിന്നീടൊരു ദിവസം പ്രസ്ഥാന സാഹിത്യം ഉപയോഗിച്ചു കുറേക്കൂടെ സാവധാനം അതേ പ്രദേശത്തുതന്നെ പ്രവർത്തിക്കാവുന്നതാണ്. എന്നാൽ വീടുതോറും നടത്തുന്ന ത്വരിതഗതിയിലുള്ള മാസികാവേലയുടെ മൂല്യം ഒരിക്കലും താഴ്ത്തി മതിക്കരുത്. വാസ്തവത്തിൽ, തെരുവു സാക്ഷീകരണത്തോടു താരതമ്യം ചെയ്യുമ്പോൾ വീട്ടുവാതിൽക്കൽ മാസികകൾ സമർപ്പിക്കുന്നതു തുടക്കമിടുക കൂടുതൽ എളുപ്പമാക്കിത്തീർക്കുന്നു:
8 മാസികാറൂട്ടുകൾ: പ്രദേശങ്ങൾ പതിവായി പ്രവർത്തിച്ചു തീർക്കുന്നതാണെങ്കിൽ പോലും മാസികാറൂട്ടുള്ളവർ അനേകം മാസികകൾ സമർപ്പിക്കാറുണ്ട്. ഭാവി ഭവന ബൈബിളധ്യയനങ്ങളുടെ ഒരു മികച്ച ഉറവിടമാണു മാസികാറൂട്ടുകൾ.
9 മാസികകൾ കൊടുക്കുന്നതിനു പതിവായി മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ, വീട്ടുകാരനും നിങ്ങൾക്കുമിടയിലുള്ള ഊഷ്മളതയും സൗഹൃദവും വളരുന്നതായി നിങ്ങൾ മനസ്സിലാക്കും. നിങ്ങളിരുവരും കൂടുതൽ പരിചയമുള്ളവരാകുംതോറും തിരുവെഴുത്തു വിഷയങ്ങളെക്കുറിച്ചു സംഭാഷണം നടത്തുക കൂടുതൽ എളുപ്പമായിത്തീരും. ഫലപ്രദമായ ഒരു ബൈബിളധ്യയനം തുടങ്ങുന്നതിലേക്ക് അതിനു നയിക്കാൻ കഴിയും. മാസികകളോടു വ്യക്തമായ വിലമതിപ്പു കാണിക്കുന്നിടത്തു സന്ദർശനങ്ങൾ നടത്തുമ്പോൾ വരിസംഖ്യ കൊടുക്കുക. മാത്രമല്ല, ഓരോ പ്രാവശ്യവും വീട്ടുകാരനുമായി ബന്ധപ്പെടുമ്പോൾ നിങ്ങൾക്ക് ഒരു മടക്കസന്ദർശനം റിപ്പോർട്ടു ചെയ്യാമെന്നത് ഓർമിക്കുക.
10 ഒരു സഹോദരി ഒരു വനിതയ്ക്കു മാസികകൾ കൊണ്ടുപോയി കൊടുക്കുക പതിവായിരുന്നു. അവർ അവ എപ്പോഴും സ്വീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും, “നിങ്ങളീ പറയുന്ന കാര്യങ്ങളിലൊന്നും എനിക്കു വിശ്വാസമില്ല” എന്ന് ആ വനിത പറഞ്ഞു. പിന്നീടൊരിക്കൽ സന്ദർശിച്ചപ്പോൾ, സഹോദരി ആ വനിതയുടെ ഭർത്താവിനെ അവരുടെ വീട്ടിൽവെച്ചു കണ്ടുമുട്ടി. ഒരു സൗഹൃദ സംഭാഷണത്തിനുശേഷം, ഒരു ബൈബിളധ്യയനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു. അധ്യയനത്തിൽ ചേരാൻ വന്ന മൂന്നു പുത്രന്മാരുമായി ആ സഹോദരി സൗഹൃദത്തിലായി. കാലക്രമേണ, ആ മാതാവും അവരുടെ പുത്രന്മാരും യഹോവയ്ക്കു തങ്ങളുടെ ജീവിതം സമർപ്പിച്ചു സ്നാപനമേറ്റു. ഇന്നോളം, ആ കുടുംബത്തിലെ 35 അംഗങ്ങൾ സത്യം സ്വീകരിച്ചിരിക്കുന്നു. ഇതിനെല്ലാം കാരണമോ, ആ സഹോദരി മാസികാറൂട്ട് നടത്തിയതും!
11 മാസികാറൂട്ട് തുടങ്ങുന്നതിന് അനേകം മാർഗങ്ങളുണ്ട്. നിങ്ങളുടെ സമർപ്പണങ്ങളെക്കുറിച്ചുള്ള ഒരു രേഖ സൂക്ഷിച്ചുവെക്കുകയും ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഏറ്റവും പുതിയ ലക്കങ്ങളുമായി മടങ്ങിച്ചെല്ലാൻ ക്രമീകരണം നടത്തുകയും ചെയ്യുകവഴി നിങ്ങൾക്ക് ഒരു റൂട്ട് തുടങ്ങാവുന്നതാണ്. “ഞങ്ങളുടെ അടുത്ത ലക്കത്തിൽ” എന്നതിൻ കീഴിലുള്ള വിവരങ്ങൾ ഉപയോഗപ്പെടുത്തുകയാണ് ഒരു മാർഗം. മടങ്ങിച്ചെല്ലുമ്പോൾ, നിങ്ങൾ മുമ്പു പരാമർശിച്ച ലേഖനമുള്ള മാസിക കൈവശമുണ്ടെന്നു വീട്ടുകാരനോടു പറയുക. അല്ലെങ്കിൽ മടക്കസന്ദർശനം നടത്തുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “ഞാൻ ഈ ലേഖനം വായിച്ചു, അപ്പോൾ കരുതി അതു നിങ്ങൾക്കും പ്രയോജനപ്രദമായിരിക്കുമെന്ന് . . .” എന്നിട്ടു ലേഖനത്തെക്കുറിച്ചു ചുരുക്കമായ ചില അഭിപ്രായങ്ങൾ നടത്തിയശേഷം അതു സമർപ്പിക്കുക. സന്ദർശനം പൂർത്തിയാക്കിക്കഴിയുമ്പോൾ, നിങ്ങളുടെ വീടുതോറുമുള്ള രേഖയിൽ ലളിതമായ അഞ്ചു കാര്യങ്ങൾ രേഖപ്പെടുത്തുക: (1) വീട്ടുകാരന്റെ പേര്, (2) വീട്ടുകാരന്റെ മേൽവിലാസം, (3) സന്ദർശന തീയതി, (4) സമർപ്പിച്ച ലക്കങ്ങൾ, (5) വിശേഷവത്കരിച്ച ലേഖനം. മാസികാ റൂട്ടുകൾ നേടിയെടുക്കുന്ന കാര്യത്തിൽ ചില പ്രസാധകർക്കു വളരെയധികം വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവരുടെ ലിസ്റ്റിൽ 40-ഓ അതിൽ കൂടുതലോ സന്ദർശനങ്ങളുണ്ട്!
12 ബിസിനസ് പ്രദേശം: ബിസിനസ് പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന പ്രസാധകർ ധാരാളം മാസികകൾ സമർപ്പിക്കാറുണ്ട്. കടകൾതോറുമുള്ള പ്രവർത്തനം നിങ്ങൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? ചില സഭകളിൽ, സേവനത്തിന്റെ ഈ രംഗത്തുള്ള പങ്കുപറ്റൽ വളരെ പരിമിതമാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദ്യമൊക്കെ, ബിസിനസുകാരെ സന്ദർശിക്കാൻ ചിലർക്കു മടിയാണ്, എന്നാൽ ഏതാനും തവണ പരീക്ഷിച്ചുനോക്കിക്കഴിയുമ്പോൾ, അതു രസാവഹവും പ്രതിഫലദായകവുമാണെന്ന് അവർ കണ്ടെത്തുന്നു. അതു ചെയ്തു തുടങ്ങുന്നതിനു നിങ്ങളെ സഹായിക്കാൻ പരിചയ സമ്പന്നനായ ഒരു പ്രസാധകനോടോ ഒരു പയനിയറോടോ നിങ്ങൾക്ക് എന്തുകൊണ്ട് ആവശ്യപ്പെട്ടുകൂടാ?
13 കടകൾതോറും പ്രവർത്തിക്കുന്നതിനാൽ ധാരാളം പ്രയോജനങ്ങളുണ്ട്. ചുരുങ്ങിയപക്ഷം ബിസിനസ് നടക്കുന്ന സമയത്തെങ്കിലും കടകളിൽ ആളില്ലാതെ വരുന്നത് വളരെ അപൂർവമായിരിക്കും! പ്രത്യേകമായ താത്പര്യം ഇല്ലെങ്കിൽപോലും സാധാരണഗതിയിൽ ബിസിനസുകാരും കടക്കാരും മര്യാദയുള്ളവരാണ്. നേരത്തെതന്നെ തുടങ്ങുക; അപ്പോൾ നിങ്ങൾക്കു നല്ല സ്വീകരണം ലഭിക്കാൻ സാധ്യതയുണ്ട്. സ്വയം പരിചയപ്പെടുത്തിയശേഷം, ബിസിനസുകാരെ വീട്ടിൽ കാണുന്നത് അപൂർവമാണെന്നും അതുകൊണ്ടു വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഏറ്റവും പുതിയ ലക്കങ്ങൾ സമർപ്പിക്കാൻ അവരുടെ ജോലിസ്ഥലത്ത് ഏതാനും നിമിഷങ്ങൾ സന്ദർശിക്കുകയാണെന്നും നിങ്ങൾക്കു പറയാവുന്നതാണ്. വായിക്കാൻ സമയക്കുറവുള്ളതുകൊണ്ടും എന്നാൽ ലോകത്തിലെ ഏറ്റവും പുതിയ സംഭവഗതികൾ അറിഞ്ഞിരിക്കേണ്ട ആവശ്യമുള്ളതുകൊണ്ടും പല ബിസിനസുകാരും നമ്മുടെ മാസികകൾ വിലമതിക്കുന്നുവെന്നു ചൂണ്ടിക്കാണിക്കുക. ഈ മാസികകൾ മതപരമോ രാഷ്ട്രീയമോ വാണിജ്യപരമോ ആയ മുൻവിധികളൊന്നും കൂടാതെ ഒരു പുത്തൻ വീക്ഷണകോണത്തിൽനിന്നു ചിന്തോദ്ദീപകമായ വിവരങ്ങൾ പ്രദാനം ചെയ്യുന്നു. ബിസിനസ് പ്രദേശത്തുള്ള താത്പര്യക്കാർക്കായി ഒരു മാസികാറൂട്ട് വികസിപ്പിച്ചെടുക്കാവുന്നതാണ്.
14 ഒരു കുടുംബമെന്നനിലയിൽ ഒരുങ്ങുക: നിങ്ങളുടെ പ്രദേശത്ത്, ഏറ്റവും പുതിയ മാസികകളിലെ ഏതു ലേഖനങ്ങളായിരിക്കും ഉപയോഗിക്കാൻ അനുയോജ്യമായിരിക്കുന്നതെന്നു ചർച്ച ചെയ്യാൻ, നിങ്ങളുടെ കുടുംബാധ്യയന സമയത്ത് അൽപ്പ സമയം മാറ്റിവെക്കാവുന്നതാണ്. കുട്ടികൾ ഉൾപ്പെടെ കുടുംബാംഗങ്ങൾക്കു തങ്ങളുടെ അവതരണങ്ങൾ മാറിമാറി അവതരിപ്പിച്ചു പരിശീലിക്കാവുന്നതാണ്. “ഞാൻ തിരക്കിലാണ്,” “ഞങ്ങൾക്കു സ്വന്തം മതമുണ്ട്,” അല്ലെങ്കിൽ “എനിക്കു താത്പര്യമില്ല” എന്നിങ്ങനെയൊക്കെയുള്ള ആളുകളുടെ പൊതുവായ തടസ്സവാദങ്ങളെ മറികടക്കാനും അവർക്കു പരിശീലിക്കാനാകും. മാസികാവിതരണത്തിൽ മുഴു കുടുംബത്തിനും ക്രമമായ പങ്കുണ്ടായിരിക്കുന്നതു സാധ്യമാക്കിത്തീർക്കാൻ നല്ല സഹകരണത്തിനു കഴിയും.
15 പുസ്തകാധ്യയന നിർവാഹകനു സഹായിക്കാനാകും: സഭയിലുള്ള എല്ലാവരും രാജ്യഹാളിൽ കൂടിവരുന്നതിനു പകരം, പ്രായോഗികമായിരിക്കുമ്പോഴൊക്കെ പുസ്തകാധ്യയന സ്ഥലത്തുവെച്ചോ പ്രവർത്തിക്കുന്ന സ്ഥലത്തിനടുത്തുള്ള ഒരു പ്രസാധകന്റെ വീട്ടിൽവെച്ചോ മാസികാദിവസത്തെ വയൽസേവന യോഗങ്ങൾ നടത്തുന്നതിനു പട്ടികപ്പെടുത്തുക. വയൽസേവനയോഗത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്നവർ കൂട്ടത്തിനു വേണ്ടി നിർദിഷ്ടമായ നിർദേശങ്ങൾ സഹിതം നല്ലവണ്ണം തയ്യാറായിരിക്കണം. ഒരു മാതൃകാ അവതരണവും ആ പ്രദേശത്തുള്ളവരുടെ താത്പര്യം ഉണർത്താൻ ഉപയോഗിക്കാവുന്ന അടുത്ത കാലത്തെ മാസികകളിൽനിന്നുള്ള ഒന്നോ രണ്ടോ ആശയങ്ങളും അവയിൽ ഉൾപ്പെടുത്താവുന്നതാണ്. കൂട്ടത്തെ സംഘടിപ്പിക്കുന്നത് ഉൾപ്പെടെ, വയൽസേവന യോഗങ്ങൾ ഹ്രസ്വമായിരിക്കണം, അവ 10-ഓ 15-ഓ മിനിറ്റിൽ കവിയാൻ പാടില്ല. വയൽസേവന സമയം മുഴുവനും കൂട്ടത്തിനു തിരക്കോടെ പ്രവർത്തിക്കാൻ കഴിയേണ്ടതിനു വേണ്ടത്ര പ്രദേശം ഉണ്ടെന്നു പുസ്തകാധ്യയന നിർവാഹകർ ഉറപ്പുവരുത്തണം.
16 മാസികകളോടു വിലമതിപ്പു പ്രകടമാക്കുക: 1993 ജൂലൈയിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്രസിദ്ധീകരിച്ച, “വീക്ഷാഗോപുരവും ഉണരുക!യും നന്നായി ഉപയോഗപ്പെടുത്തൽ” എന്ന ലേഖനം പ്രധാനപ്പെട്ട ഒരു ആശയം വ്യക്തമാക്കി: ‘വീക്ഷാഗോപുരവും ഉണരുക!യും അവ പ്രസിദ്ധപ്പെടുത്തുന്ന തീയതിക്ക് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ സമർപ്പിച്ചില്ലെങ്കിൽപോലും അവയുടെ മൂല്യം നഷ്ടമാകുന്നില്ല എന്ന് ഓർമിക്കുക. കാലം കടന്നുപോകുന്നതോടെ അവയിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ പ്രാധാന്യം കുറഞ്ഞവയായിത്തീരുന്നില്ല. പഴയ മാസികകൾ കുമിഞ്ഞുകൂടാൻ അനുവദിക്കുന്നതും അവ ഒരിക്കലും ഉപയോഗിക്കാതിരിക്കുന്നതും ഈ മൂല്യവത്തായ ഉപകരണങ്ങളോടുള്ള വിലമതിപ്പില്ലായ്മയെ കാണിക്കുന്നു. പഴയ ലക്കങ്ങൾ മാറ്റിവെക്കുകയും മറന്നുകളയുകയും ചെയ്യുന്നതിനുപകരം അവ താത്പര്യക്കാരുടെ കൈകളിൽ എത്തിക്കാൻ ഒരു ശ്രമം നടത്തുന്നത് ഏറെ മെച്ചമായിരിക്കില്ലേ?’
17 ഇന്നു സത്യത്തിനു വേണ്ടി അന്വേഷിക്കുന്ന ആത്മാർഥഹൃദയരായ അനേകരുണ്ട്. ഒരു മാസികയിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളായിരിക്കാം സത്യത്തിലേക്ക് അവരെ നയിക്കാൻ അവർക്കു വേണ്ടിയിരിക്കുന്നത്! യഹോവ നമുക്കു പ്രഘോഷിക്കാൻ തന്നിരിക്കുന്നതു പുളകപ്രദമായ ഒരു സന്ദേശമാണ്, ഈ സന്ദേശം മറ്റുള്ളവരുടെ അടുക്കൽ എത്തിക്കുന്നതിൽ നമ്മുടെ മാസികകൾ ഒരു മർമപ്രധാനമായ പങ്കു വഹിക്കുന്നു. ഭാവിയിൽ മാസികാവിതരണം സംബന്ധിച്ചു നിങ്ങൾ കൂടുതൽ ബോധമുള്ളവരായിരിക്കുമോ? ഈ വാരാന്തത്തിൽതന്നെ ഈ നിർദേശങ്ങളിൽ ചിലതു നിങ്ങൾ ബാധകമാക്കുമോ? എങ്കിൽ, നിങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും.
പ്രായോഗിക നിർദേശങ്ങൾ:
◼ മാസികകൾ മുന്നമേതന്നെ വായിച്ച് ലേഖനങ്ങൾ പരിചിതമാക്കുക.
◼ നിങ്ങളുടെ സമൂഹത്തിൽ പൊതു താത്പര്യമുണർത്തുന്ന കാര്യത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ലേഖനം തിരഞ്ഞെടുക്കുക.
◼ പുരുഷന്മാർ, സ്ത്രീകൾ, അല്ലെങ്കിൽ യുവജനങ്ങൾ എന്നിങ്ങനെ പല തരക്കാരായ ആളുകൾക്ക് അനുയോജ്യമായ ഒരു അവതരണം തയ്യാറാകുക. പ്രസ്തുത മാസിക വീട്ടുകാരനോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നും അതു മുഴു കുടുംബവും എങ്ങനെ ഇഷ്ടപ്പെടുമെന്നും വിശദീകരിക്കുക.
◼ മിക്ക ആളുകളും വീട്ടിലുള്ള അവസരത്തിൽ വയൽസേവന പ്രവർത്തനത്തിൽ ഏർപ്പെടാൻ ആസൂത്രണം ചെയ്യുക. മാസികകൾ ഉപയോഗിച്ചു സായാഹ്നസാക്ഷീകരണത്തിൽ ഏർപ്പെടാൻ ചില സഭകൾ ക്രമീകരണം ചെയ്യുന്നു.
◼ നിങ്ങളുടെ അവതരണം ഹ്രസ്വവും വ്യക്തവുമായിരിക്കണം.
◼ വളരെ വേഗത്തിൽ സംസാരിക്കരുത്. നിങ്ങളുടെ വീട്ടുകാരനു താത്പര്യമില്ലെങ്കിൽ വേഗത്തിൽ സംസാരിച്ചതുകൊണ്ടു ഫലമുണ്ടാവില്ല. ആയാസരഹിതമായിരിക്കാൻ ശ്രമിക്കുക, വീട്ടുകാരനു പ്രതികരിക്കാൻ അവസരം കൊടുക്കുക.
വീടുതോറും മാസികകൾ സമർപ്പിക്കൽ:
◼ സൗഹാർദമായ പുഞ്ചിരിയും ദയാർദ്രമായ സ്വരവും ഉണ്ടായിരിക്കുക.
◼ മാസികകൾ സംബന്ധിച്ച് ഉത്സാഹമുള്ളവരായിരിക്കുക.
◼ സാവധാനത്തോടെ, സ്പഷ്ടമായി സംസാരിക്കുക.
◼ ഒരു വിഷയത്തെക്കുറിച്ചു മാത്രം സംസാരിക്കുക; സാവധാനം താത്പര്യമുണർത്തുക, വീട്ടുകാരന് അതിന്റെ മൂല്യം കാട്ടിക്കൊടുക്കുക.
◼ ഒരു ലേഖനം മാത്രം വിശേഷവത്കരിക്കുക.
◼ ഒരു മാസിക മാത്രം വിശേഷവത്കരിക്കുക, മറ്റേ മാസിക കൂട്ടു പ്രതിയായി സമർപ്പിക്കുക.
◼ മാസികകൾ വീട്ടുകാരന്റെ കൈയിൽ കൊടുക്കുക.
◼ മടങ്ങിച്ചെല്ലാനുള്ള നിങ്ങളുടെ ആസൂത്രണത്തെക്കുറിച്ചു വീട്ടുകാരനെ അറിയിക്കുക.
◼ മാസികകൾ നിരസിക്കപ്പെടുന്നപക്ഷം സൗഹാർദപരവും ക്രിയാത്മകവുമായ ഒരു ഉപസംഹാരം ഉണ്ടായിരിക്കുക.
◼ പ്രകടമായ എല്ലാ താത്പര്യവും സമർപ്പിച്ച പ്രസിദ്ധീകരണങ്ങളും സംബന്ധിച്ചു വീടുതോറുമുള്ള രേഖയിൽ അടയാളപ്പെടുത്തുക.
മാസികകൾ സമർപ്പിക്കുന്നതിനുള്ള അവസരങ്ങൾ:
◼ വീടുതോറുമുള്ള സാക്ഷീകരണം
◼ തെരുവുസാക്ഷീകരണം
◼ കടകൾതോറുമുള്ള വേല
◼ മാസികാറൂട്ട്
◼ സായാഹ്ന സാക്ഷീകരണം
◼ മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ
◼ മുൻ ബൈബിൾ വിദ്യാർഥികളെ സന്ദർശിക്കുമ്പോൾ
◼ യാത്രയിലായിരിക്കുകയോ സാധനങ്ങൾ വാങ്ങുകയോ ചെയ്യുമ്പോൾ
◼ ബന്ധുക്കൾ, സഹജോലിക്കാർ, അയൽക്കാർ, സഹപാഠികൾ, അധ്യാപകർ എന്നിവരോടൊക്കെ സംസാരിക്കുമ്പോൾ
◼ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും വെയിറ്റിങ് മുറികളിൽ കാത്തിരിക്കുമ്പോഴും