നമ്മുടെ വ്യക്തിപരമായ ശ്രമത്തിന് ആനുപാതികമായി കൊയ്യൽ
1 യഹോവ അനേകം വിധങ്ങളിൽ മനുഷ്യവർഗ്ഗത്തോടുളള സ്നേഹം പ്രകടമാക്കിയിരിക്കുന്നു. ദൈവം “ദുഷ്ടജനങ്ങളുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാൻമാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നു”വെന്ന് കൂടിവന്ന ഒരു ജനക്കൂട്ടത്തിന് ചൂണ്ടിക്കാട്ടിക്കൊണ്ട് യേശു ദൈവത്തിന്റെ മികച്ച സ്നേഹത്തെ ഊന്നിപ്പറഞ്ഞു. (മത്താ. 5:43-48) മറെറാരു സന്ദർഭത്തിൽ, യേശു തന്റെ പിതാവിന്റെ അത്യന്തം മികച്ച സ്നേഹപ്രകടനത്തെ തിരിച്ചറിയിച്ചു—നമ്മുടെ രക്ഷക്കുവേണ്ടി ദൈവം നൽകിയ തന്റെ ഏകജാതന്റെ ബലി. (യോഹ. 3:16) യഹോവയുടെ സ്നേഹത്തോട് വിലമതിപ്പോടെ പ്രതികരിക്കാൻ യേശു തന്റെ ശ്രോതാക്കളെ ബുദ്ധിയുപദേശിച്ചു. നാം അതു ചെയ്യാൻ ശ്രമിക്കുന്നുണ്ടോ?
2 നാം പൂർണ്ണവിലമതിപ്പു പ്രകടമാക്കാനും യഹോവയുടെ സ്നേഹത്തിൽനിന്ന് നിലനിൽക്കുന്ന പ്രയോജനങ്ങൾ നേടാനും നാം അവനെ അറിയേണ്ടതുണ്ട്. (യോഹ. 17:3) നമുക്ക് അവനെ സ്വീകാര്യമായി എങ്ങനെ ആരാധിക്കാൻ കഴിയുമെന്നുളളതുസംബന്ധിച്ച് നമുക്ക് ബുദ്ധിയുപദേശവും മാർഗ്ഗനിർദ്ദേശവും ആവശ്യമാണ്. തന്റെ നിശ്വസ്തവചനമാകുന്ന ബൈബിൾ നൽകിക്കൊണ്ടും തന്റെ അത്ഭുതകരമായ സ്ഥാപനത്തെ എഴുന്നേൽപ്പിച്ചുകൊണ്ടും യഹോവ തന്റെ സ്നേഹപൂർവകമായ താത്പര്യം പ്രകടമാക്കിയിരിക്കുന്നു. നമുക്ക് ബുദ്ധിയുപദേശവും മാർഗ്ഗനിർദ്ദേശവും ലഭിക്കുന്നത് ആ സ്ഥാപനത്തിലൂടെയാണ്. (മത്താ. 24:45-47; 2 തിമൊ. 3:16, 17) യഹോവയുടെ സമർപ്പിത ജനമെന്ന നിലയിൽ നാം അവന്റെ വഴി പഠിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ നാം യഹോവയോട് വിലമതിപ്പുളളവരാണെന്ന് നമ്മുടെ വ്യക്തിപരമായ ശ്രമത്താൽ നാം പ്രകടമാക്കുന്നുണ്ടോ? അവനു പ്രസാദമുളളവരായിരിക്കാനും അങ്ങനെ നമുക്കുതന്നെ പ്രയോജനംചെയ്യാനും നാം അവന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നുണ്ടോ? (യെശ. 48:17; യാക്കോ. 1:22) അപ്പോസ്തലനായ പൗലോസ് 1 കൊരിന്ത്യർ 3:8-ൽ ഇങ്ങനെ എഴുതി: “ഇപ്പോൾ നടുന്നവനും നനക്കുന്നവനും ഒന്നാണ്, എന്നാൽ ഓരോ വ്യക്തിക്കും അവന്റെ സ്വന്തം അദ്ധ്വാനമനുസരിച്ച് തന്റെ സ്വന്തം പ്രതിഫലം ലഭിക്കും.”
3 അതെ, നാം ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നത് നാം ചെയ്യാൻ ശ്രമിക്കണം. എല്ലാവരും ഒരേ വേഗത്തിൽ ആത്മീയമായി പുരോഗമിക്കുന്നില്ല. നമ്മുടെ പുരോഗതിയോടു ബന്ധമുണ്ടായിരിക്കാവുന്ന അനേകം ഘടകങ്ങളുണ്ട്. എന്നാൽ നിരുത്സാഹപ്പെടുത്തുന്ന താരതമ്യങ്ങൾ നടത്തുന്നത് ബുദ്ധിശൂന്യമാണ്. ഏതായാലും, നാം നടത്തുന്ന വ്യക്തിപരമായ ശ്രമം ജീവൽപ്രധാനമാണ്. സ്ഥാപനത്തോട് കുറേക്കൂടെ അടുക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? ക്രിസ്ത്യാനികളെന്ന നിലയിലുളള നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ സ്വീകരിക്കുന്നതിൽ നമുക്ക് മെച്ചപ്പെടാൻകഴിയുന്ന മണ്ഡലങ്ങളുണ്ടോ? സഭാപ്രവർത്തനങ്ങൾക്ക് മെച്ചമായ പിന്തുണകൊടുക്കുന്നതിന് ഏതു ശ്രമം ആവശ്യമാണ്? സ്ഥാപനം നമുക്കു നൽകുന്ന നിർദ്ദേശങ്ങളിൽ നാം ബാധകമാക്കേണ്ട പോയിൻറുകൾ ഉണ്ടോ?—1 തിമൊ. 4:16.
വിശ്വസ്തരെ അനുകരിക്കുക
4 വിശ്വസ്തസഹോദരീസഹോദരൻമാർ ദശാബ്ദങ്ങളിൽ രാജ്യസുവാർത്ത പ്രസംഗിച്ചിട്ടുണ്ട്. പൗലോസിനെപ്പോലെയുളള ഈ വിശ്വസ്തർ അനുകരിക്കാൻ യോഗ്യരാണ്. (1കൊരി. 11:1) അവർ ദൈവത്തിന്റെ സ്നേഹത്തോടു പ്രതികരിച്ചിട്ടുണ്ട്, അവരുടെ കഠിനവേലയും ബൈബിൾബുദ്ധിയുപദേശമനുസരിക്കാനുളള അവരുടെ വ്യക്തിപരമായ ശ്രമവും നിമിത്തം അനേകം അനുഗ്രഹങ്ങൾ കൊയ്തെടുത്തിട്ടുമുണ്ട്. അവർ തങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാത്ത, സഭയിലെ സജീവപ്രവർത്തകരുടെ ഒരു ഉറപ്പുളള കാമ്പാണ്. നമുക്ക് അവരുടെ വ്യക്തിപരമായ അദ്ധ്വാനങ്ങളുടെ ഫലം കാണാൻ കഴിയും.—റോമർ 1:13; 2 കൊരി. 3:1-3.
5 ഇപ്പോൾ, ഓരോ വർഷവും പതിനായിരക്കണക്കിന് പുതിയവർ സ്ഥാപനത്തിലേക്ക് ഒഴുകിവരുന്നുണ്ട്. (യെശ. 60:8) അവരും പൂർണ്ണവളർച്ച പ്രാപിച്ച ആത്മീയവ്യക്തികളായിത്തീരുന്നതിന് അദ്ധ്വാനിക്കുന്നതുസംബന്ധിച്ച് ഗൗരവമുളളവരാണ്. പ്രസംഗവേലയിലെ അവരുടെ തീക്ഷ്ണത പ്രശംസാർഹമാണ്. തന്റെ സേവനത്തിൽ കഠിനവേല ചെയ്യുന്നവരെ യഹോവ അനുഗ്രഹിക്കുന്നതു കാണുന്നതിൽനിന്ന് അവർക്ക് പ്രയോജനം കിട്ടുന്നു. പക്വതയുളള സഹോദരീസഹോദരൻമാരുടെ മാതൃക ഇത് അലസരായിരിക്കുന്നതിനോ നമ്മുടെ ദൈവസേവനത്തിൽനിന്ന് വിരമിക്കുന്നതിനോ ഉളള സമയമല്ലെന്ന് തിരിച്ചറിയാൻ പുതിയവരെ സഹായിക്കുന്നു. പുതിയവരായാലും പരിചയസമ്പന്നരായ പ്രസാധകരായാലും നാം ആത്മീയമായി വളരുന്നതിൽ തുടരുകയും നമ്മുടെ വ്യക്തിപരമായ ക്രിസ്തീയ ഉത്തരവാദിത്തങ്ങളെ സ്വീകരിക്കുകയും എല്ലാ ദിവ്യാധിപത്യകരുതലുകളെയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ടോ?
നാം പഠിക്കുന്നതു ബാധകമാക്കൽ
6 നാം ‘വേല ചെയ്യുന്നവരാ’യിരിക്കണമെന്ന് യാക്കോബ് എഴുതിയതിനു ദീർഘനാൾമുമ്പ് മോശ യഹൂദൻമാരോട് “നിങ്ങൾ ഈ വാക്കുകൾ ബാധകമാക്കണം” എന്ന് പറഞ്ഞു. (യാക്കോ. 1:25; ആവ. 11:18) അതുകൊണ്ട് അറിവ് അതിൽത്തന്നെ മതിയാകുമായിരുന്നില്ല. യഹൂദൻമാർ യഹോവയെ അനുസരിച്ചുകൊണ്ട് ന്യായപ്രമാണത്തിലെ വാക്കുകൾ ബാധകമാക്കേണ്ടയാവശ്യമുണ്ടായിരുന്നു. ഈ അടിസ്ഥാന തത്വം മാററമില്ലാതെ തുടരുകയാണ്. ദൈവപുത്രനായ യേശു തീർച്ചയായും അനുസരണത്തിന്റെ പ്രാധാന്യം അറിഞ്ഞിരുന്നു. (യോഹ. 8:28) മത്തായി 7:24-ൽ അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ ഈ വചനങ്ങൾ കേൾക്കുകയും അവയെ ചെയ്യുകയും ചെയ്യുന്നവൻ ഒരു വിവേകിയായ മനുഷ്യനോട് ഉപമിക്കപ്പെടും.”
7 നാം സർക്കിട്ട് സമ്മേളനങ്ങളിൽ പഠിക്കുന്നത് ബാധകമാക്കുന്നുണ്ടോ? ഈ കാലത്ത് ഉണർന്നിരിക്കുന്നതും സുബോധംപാലിക്കുന്നതും വളരെ മർമ്മപ്രധാനമായിരിക്കുന്നതെന്തുകൊണ്ടെന്ന് നാം വിലമതിക്കുന്നുണ്ടോ? നാം പിശാചു ഒരുക്കുന്ന കുടിലമായ ആക്രമണങ്ങളെയും കെണികളെയും സംബന്ധിച്ച് ജാഗ്രതയുളളവരാണോ? സഭയിലെ ധാർമ്മികവും ആത്മീയവുമായ ശുദ്ധിയുടെ ആവശ്യം സംബന്ധിച്ച് സ്ഥാപനം നമുക്ക് ആവർത്തിച്ചുനൽകുന്ന ബുദ്ധിയുപദേശത്തെയും മുന്നറിയിപ്പുകളെയും നാം വിലമതിക്കുന്നുണ്ടോ? നാം കേൾക്കുന്നത് നാം ഏതളവിൽ വ്യക്തിപരമായി ബാധകമാക്കുന്നുണ്ട്?—യാക്കോ. 1:23-25.
8 ഇപ്പോഴത്തെ പ്രത്യേക സമ്മേളനദിന പരിപാടി യഹോവ വിശുദ്ധനായിരിക്കുന്നതുപോലെ നാം വിശുദ്ധരായിരിക്കേണ്ടതിന്റെ ആവശ്യം ദൃഢീകരിക്കുന്നു. (1 പത്രോ. 1:14-16) വിശുദ്ധിയുടെ അർത്ഥം മതപരമായ ശുദ്ധി അഥവാ നിർമ്മലത, പാവനത്വം എന്നാണ്. അത് ദൈവസേവനത്തിനുവേണ്ടി വേർതിരിക്കപ്പെട്ട ഒരു അവസ്ഥയെ സൂചിപ്പിക്കുന്നു. സുവാർത്തയുടെ ശുശ്രൂഷ നമ്മെ ഭരമേൽപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് നാം വിശുദ്ധ സത്യവചനം വഹിക്കാൻ യോഗ്യരായിരിക്കത്തക്കവണ്ണം ആത്മീയമായും ധാർമ്മികമായും ശാരീരികമായും ശുദ്ധരായിരിക്കണം. ഇതിന് നാം നമുക്കുതന്നെ സാധാരണയിൽ കവിഞ്ഞ ശ്രദ്ധ കൊടുക്കേണ്ടതാവശ്യമാണ്. (എബ്രാ. 2:1) നാം അങ്ങനെ ചെയ്യുമ്പോൾ നാം നമ്മുടെ വ്യക്തിപരമായ ശ്രമത്തിന് ആനുപാതികമായി അനുഗ്രഹങ്ങൾ കൊയ്യും.
വ്യക്തിപരമായ പഠനത്തിൽനിന്നുളള പ്രയോജനങ്ങൾ
9 വ്യക്തിപരമായ പഠനം ശക്തമായ വിശ്വാസം കെട്ടുപണിചെയ്യാൻ നമ്മെ സഹായിക്കുന്നു, അത് സത്യത്തോടുളള നമ്മുടെ വിലമതിപ്പ് ആഴമുളളതാക്കാൻ സഹായിക്കുന്നു. അത് നമുക്ക് ആത്മവിശ്വാസം നൽകുകയും അധികാരത്തോടെ സംസാരിക്കാൻ നമ്മെ സജ്ജരാക്കുകയും ചെയ്യുന്നു. അത് നമുക്ക് ഉൾക്കാഴ്ചയും വിവേചനയും നൽകുകയും പുതിയ വ്യക്തിത്വം ധരിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. (കൊലോ. 1:9-11) എന്നിരുന്നാലും, ഫലോല്പാദകമായ അദ്ധ്യയനത്തിന് സമയവും ശ്രമവും ആവശ്യമാണ്, സൂക്ഷ്മപരിജ്ഞാനവും ആത്മീയ ആഴവും നേടുന്നതിന് കുറുക്കുവഴികളില്ല. നാം അദ്ധ്യയനത്തിന് എന്തു മുടക്കുന്നുവോ അതാണ് നമുക്ക് അതിൽനിന്ന് ലഭിക്കുന്നത്.—2 കൊരി. 9:6, 7; ഗലാ. 6:7.
10 നാം സഭാമീററിംഗുകൾക്കു വേണ്ടി തയ്യാറാകാൻ ഓരോ വാരത്തിലും വേണ്ടത്ര സമയം നീക്കിവെക്കുന്നുണ്ടോ? യഹോവ വിശ്വസ്തനും വിവേകിയുമായ അടിമ മുഖേന പ്രദാനംചെയ്യുന്ന ആത്മീയ ആഹാരക്രമത്തോട് വിലമതിപ്പു പ്രകടമാക്കാൻ കഴിയുന്ന ഒരു മാർഗ്ഗമിതാണ്. യോഗങ്ങൾക്കുവേണ്ടിയുളള ഉചിതമായ തയ്യാറാകൽ ദൈവവചനം വായിക്കുന്നതിനും പഠിക്കുന്നതിനുമുളള പട്ടികയോടു പററിനിൽക്കാൻ നമ്മെ സഹായിക്കുന്നു. ദിവ്യാധിപത്യശുശ്രൂഷാ സ്കൂളിനുവേണ്ടിയുളള പരിപാടിയിൽ വിവരിച്ചിരിക്കുന്ന ബൈബിൾവായന നിർവഹിക്കാൻ നാം ഓരോ വാരത്തിലും സമയം വേർതിരിക്കുന്നുണ്ടോ? ഓരോ ദിവസത്തിലും വിവരങ്ങൾ വായിക്കുന്നതിനും ധ്യാനിക്കുന്നതിനും ഏതാനും മിനിററുകൾ മാത്രം മതി. സേവനയോഗം നമുക്ക് നമ്മുടെ പരസ്യശുശ്രൂഷയെ ഫലകരമാക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾസംബന്ധിച്ച് ജാഗ്രതയുളളവരായിരിക്കാൻ നമ്മെ സഹായിക്കുന്നു. ഈ വിവരങ്ങൾ ശുശ്രൂഷയിൽ എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നുളളതിന് പ്രത്യേക ശ്രദ്ധകൊടുത്തുകൊണ്ട് നാം തയ്യാറാകുന്നുവോ? നാം ഉടൻതന്നെ അതുപയോഗിക്കാൻ ശ്രമംചെയ്യുന്നുവോ? വീക്ഷാഗോപുര അദ്ധ്യയനത്തിനും സഭാപുസ്തകാദ്ധ്യയനത്തിനും തയ്യാറാകുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്. നാം അതു ചെയ്യുന്നുണ്ടോ?
യോഗങ്ങളിൽ പങ്കെടുക്കുക
11 നാം യോഗങ്ങളിൽ പങ്കുപററുമ്പോൾ നമുക്ക് അവയിൽനിന്ന് കൂടുതൽ പ്രയോജനമനുഭവിക്കാൻ കഴിയും. യോഗങ്ങൾക്കുവേണ്ടിയുളള തയ്യാറാകലും അനന്തരം പങ്കുപററാനുളള ശ്രമവും യോഗങ്ങളിൽ നമ്മെ ശ്രദ്ധാലുക്കളാക്കുകയും മററുളളവരുടെ അഭിപ്രായങ്ങളിൽനിന്ന് പ്രയോജനമനുഭവിക്കുന്നത് ഏറെ എളുപ്പമാക്കുകയും ചെയ്യുന്നു. അനേകർ ഇപ്പോഴും ഒരു മീററിംഗിലെ തങ്ങളുടെ ആദ്യ അഭിപ്രായം പറയാൻ നടത്തിയ കഠിനശ്രമം അല്ലെങ്കിൽ ദിവ്യാധിപത്യശുശ്രൂഷാസ്കൂളിലെ തങ്ങളുടെ ആദ്യ വിദ്യാർത്ഥിപ്രസംഗം ഓർക്കുന്നുണ്ട്. സഭാകമ്പം വളരെയധികം ശമിച്ചിരിക്കാമെങ്കിലും, നമ്മുടെ ആത്മീയവളർച്ച എല്ലാവർക്കും പ്രത്യക്ഷമാക്കാൻ നാം തുടർന്നും കഠിനവേല ചെയ്യുന്നുണ്ടോ? (1 തിമൊ. 4:15) നമ്മുടെ അഭിപ്രായങ്ങളാൽ മററുളളവർക്ക് പ്രയോജനംകിട്ടുകയും അവർ പ്രോത്സാഹിതരാകുകയും ചെയ്യുന്നു. യോഗങ്ങളിൽ പരിചിന്തിക്കാനുളള വിവരങ്ങൾ പഠിച്ചുകൊണ്ട് നാം നന്നായി തയ്യാറായിട്ടുണ്ടെങ്കിൽ അവയിലെ നമ്മുടെ അർത്ഥവത്തായ പങ്കുപററൽ സ്നേഹത്തിനും സൽപ്രവൃത്തികൾക്കും മററുളളവരെ ഉത്സാഹിപ്പിക്കും.—എബ്രാ. 10:23-25.
12 നമ്മുടെ അഭിപ്രായങ്ങൾ നീണ്ടതും കുഴഞ്ഞതുമായിരിക്കരുത്. സാധാരണയായി ചോദിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരംനൽകുന്നതോ ഒരു തിരുവെഴുത്തിന്റെ പ്രയുക്തത വ്യക്തമാക്കുന്നതോ ആയ ഹ്രസ്വമായ അഭിപ്രായങ്ങൾ പറയുന്നതാണ് ഏററം നല്ലത്. നാം നന്നായി തയ്യാറായിട്ടുണ്ടെങ്കിൽ നാം സ്വന്തവാചകത്തിൽ ഉത്തരംപറയാൻ പ്രാപ്തരായിരിക്കും. നാം അതു ചെയ്യുമ്പോൾ നമുക്കും മററുളളവർക്കുമുളള പ്രയോജനങ്ങൾ വളരെ വലുതായിരിക്കും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അത് നാം പറയുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതും നാം മനസ്സിലാക്കുന്നപ്രകാരം ആശയം വിശദമാക്കേണ്ടതും ആവശ്യമാക്കിത്തീർക്കുന്നു. ഇത് മററുളളവർക്ക് വിവരങ്ങൾ മനസ്സിലാക്കുന്നത് കൂടുതൽ എളുപ്പമാക്കിത്തീർത്തേക്കാം. കൂടാതെ, മറെറാരവസരത്തിൽ വിവരങ്ങൾ ഉപയോഗിക്കുന്നതിന് ഓർത്തിരിക്കാൻ അത് നമ്മെ സഹായിക്കും.
വയലിൽ ധാരാളമായി വിതക്കുക
13 നമ്മുടെ ക്രിസ്തീയശുശ്രൂഷ സേവനത്തിന്റെ ഒരു നിക്ഷേപമാണ്. (2 കൊരി. 4:7) നിങ്ങൾ അതിനെ ആ വിധത്തിൽ വീക്ഷിക്കുന്നുണ്ടോ? ശുശ്രൂഷയിലൂടെ മററുളളവർക്ക് നമ്മുടെ വിശ്വാസം പ്രകടമാക്കിക്കാണിക്കാനുളള പദവി നമുക്കുണ്ട്. ഹൃദയത്തിന്റെ സമൃദ്ധിയിൽനിന്ന് വായ് സംസാരിക്കുന്നുവെന്ന് യേശു പറഞ്ഞു. (ലൂക്കോ. 6:45) വയൽശുശ്രൂഷയിൽ ഒരു പൂർണ്ണപങ്കുണ്ടായിരിക്കാൻ നാം ചെയ്യുന്ന വ്യക്തിപരമായ ശ്രമം അനേകം പ്രയോജനങ്ങൾ കൊയ്യാൻ നമ്മെ അനുവദിക്കുന്നു. സത്യത്തെസംബന്ധിച്ച നമ്മുടെ ഗ്രാഹ്യം മൂർച്ചയേറിയതായിത്തീരുന്നു. ബൈബിളുപയോഗിക്കാൻ നാം കൂടുതൽ പ്രാപ്തി നേടുന്നു. മററുളളവർക്ക് സത്യം എത്തിച്ചുകൊടുക്കുന്നതിന്റെയും അവരുടെ മഹാസ്രഷ്ടാവിനെക്കുറിച്ച് പഠിക്കാൻ അവരെ സഹായിക്കുന്നതിന്റെയും സന്തോഷം നമുക്കു ലഭിക്കുന്നു. നാം ദൈവത്തിന്റെ ഭരണാധിപത്യത്തിന്റെയും പരമാധികാരത്തിന്റെയും ഔചിത്യത്തിന്റെ സാക്ഷികളായി നിലകൊളളുന്നു. നാം യഹോവയുടെ സാദൃശ്യത്തിൽ പുതുക്കപ്പെട്ടിരിക്കുന്നതിനാലും അവന്റെ ഇഷ്ടംചെയ്യുന്നതിനാലും നാം അവനെ പ്രസാദിപ്പിക്കുന്നുവെന്നറിയുന്നതിനാൽ നാം സന്തോഷമുളളവരാണ്.—മത്താ. 5:48.
14 നമ്മുടെ വ്യക്തിപരമായ ശ്രമത്തെ നാം തുടർച്ചയായി അളക്കുന്നുവെങ്കിൽ നമ്മുടെ യഹോവാരാധന ഒരിക്കലും നാമമാത്ര സേവനമായിത്തീരുകയില്ല. അതിന്റെ അർത്ഥമെന്താണ്? അതിന്റെ അർത്ഥം നാം ദൈവേഷ്ടം അനുസരിക്കുന്നതിൽ അർദ്ധമനസ്സുളളവരായിത്തീരുകയില്ലെന്നും അവന്റെ സേവനമെന്നു തോന്നിക്കുന്ന ഒരു വിധത്തിൽ മാത്രമോ, ഹൃദയംഗമമായ ഭക്തിയോ ശ്രമമോ കൂടാതെ ഏററവും കുറഞ്ഞ അളവിലോ സേവിക്കുകയില്ലെന്നുമാണ്. യഹോവക്കായുളള നമ്മുടെ സേവനം മുഴുഹൃദയത്തോടെയായിരിക്കണം. അവന്റെ സേവനത്തിന് നമുക്കുളള സർവവും കൊടുക്കാനുളള തിരുവെഴുത്തുപരമായ ഒരു കടപ്പാട് നമുക്കുണ്ട്. (കൊലോ. 3:23, 24) സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നുളളത് സത്യമാണ്. നമുക്കു ചെയ്യാവുന്നതിൽ കൂടുതൽ യഹോവ നമ്മോട് ആവശ്യപ്പെടുന്നില്ല. എന്നിരുന്നാലും, നമുക്കു ചെയ്യാൻ കഴിയുന്നത് ചെയ്യാൻ അവൻ നമ്മോട് ആവശ്യപ്പെടുന്നു. (മത്താ. 22:37) വീഴ്ചഭവിച്ച മാനുഷപ്രകൃതി ഒഴിഞ്ഞുമാറാൻ ചായ്വുകാണിക്കുന്നതുകൊണ്ട് കാലാകാലങ്ങളിൽ നമ്മേത്തന്നെ പരിശോധിച്ച് ദൈവസേവനത്തിൽ എവിടെ മെച്ചപ്പെടാൻകഴിയുമെന്ന് കാണുന്നത് നല്ലതാണ്. നാം അതു ചെയ്യുന്ന പതിവുളളവരാണോ?
15 വ്യക്തിപരമായ വ്യാപാരങ്ങളും മോഹങ്ങളും യഹോവയുടെ സേവനത്തിന് ഏററം നല്ലതർപ്പിക്കുന്നതിൽനിന്ന് നമ്മെ തടയാൻ അനുവദിക്കുന്നതൊഴിവാക്കണമെങ്കിൽ നാം ജാഗ്രത പാലിക്കണം. ഉല്ലാസങ്ങളും ഹോബികളും വിനോദപ്രവർത്തനങ്ങളും അവയുടെ സ്ഥാനത്തു നിർത്തണം. കൂടാതെ, ലൗകികപ്രവർത്തനങ്ങളിൽ അമിതമായി ഉൾപ്പെടുന്നതിനുളള പ്രവണതക്കെതിരെ നാം സൂക്ഷിക്കണം. മത്തായി 6:22, 23ലെ യേശുവിന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നതായാൽ ആത്മീയതാത്പര്യങ്ങൾ പിന്തുടരുന്നതിൽ കൂടുതൽ ശ്രമംചെലുത്താനും അതനുസരിച്ച് കൊയ്യാനും നാം പ്രാപ്തരായിത്തീരുമെന്നുളളതിന് സംശയമില്ല.
16 പുതിയ വ്യക്തിത്വം ധരിക്കുന്നതിന് കഠിനശ്രമംചെയ്യുന്നതിൽ നാം തുടരുമ്പോൾ, സഭാമീററിംഗുകളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലുംനിന്നും പ്രസിദ്ധീകരണങ്ങൾവഴിയും നമുക്കു കിട്ടുന്ന ബുദ്ധിയുപദേശവും നിർദ്ദേശങ്ങളും ബാധകമാക്കുന്നതിൽ നമുക്കുളള സ്വന്ത ഉത്തരവാദിത്തം നാം സ്വീകരിക്കും. നമ്മിൽ ഓരോരുത്തർക്കും ഉത്സാഹപൂർവം പഠിക്കുകയും യോഗങ്ങളിൽ സജീവമായി പങ്കെടുക്കുകയും നമ്മുടെ വ്യക്തിപരമായ സാഹചര്യങ്ങൾ അനുവദിക്കുന്നടത്തോളം ഈ വലിയ ശിഷ്യരാക്കൽവേലയിൽ പങ്കെടുക്കുകയും ചെയ്യാം. അങ്ങനെ വിലമതിപ്പോടെ ദൈവസ്നേഹത്തോടു പ്രതികരിക്കുന്നതിനാൽ ഇപ്പോൾ നമുക്ക് സമൃദ്ധമായ ആത്മീയ പ്രതിഫലങ്ങൾ കൊയ്യുന്നതിനും യഹോവയുടെ പുതിയ ലോകത്തിലെ നിത്യജീവന്റെ ദൃഢമായ പ്രത്യാശ വെച്ചുപുലർത്തുന്നതിനും ഉറപ്പുളളവരായിരിക്കാൻ കഴിയും.