മടക്കസന്ദർശനങ്ങൾ നടത്തുന്നതിന്റെ വെല്ലുവിളി
1 സുവാർത്തയുടെ ശുശ്രൂഷകരെന്ന നിലയിൽ ശിഷ്യരെ ഉളവാക്കാൻ നമ്മോടു കൽപിച്ചിരിക്കുന്നു. (മത്താ. 28:19, 20) ഇതിൽ മടക്കസന്ദർശനങ്ങൾ നടത്തുന്നത് ഉൾപ്പെടുന്നു. നമ്മുടെ ശുശ്രൂഷയുടെ മർമ്മപ്രധാനമായ ഈ ഭാഗത്തോട് നിങ്ങൾക്ക് ഒരു ക്രിയാത്മക വീക്ഷണമുണ്ടോ? മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ വിദഗ്ദ്ധരായിത്തീരുന്നത് ഉത്തേജകമായ ഒരു വെല്ലുവിളിയായിരിക്കാവുന്നതാണ്.—സദൃ. 22:29.
2 ഓരോ സമർപ്പിത ക്രിസ്ത്യാനിക്കും ശിഷ്യരാക്കൽവേലയിൽ ഏർപ്പെടാനുളള ഒരു ഉത്തരവാദിത്തം തോന്നണം. ഇത് രാജ്യപ്രത്യാശ മററുളളവരുമായി പങ്കുവെക്കുന്നതിന് നാം ഒരളവുവരെ വ്യക്തിപരമായ സൗകര്യം മാററിവെക്കേണ്ടത് ആവശ്യമാക്കിത്തീർത്തേക്കാം. അത്മാർത്ഥതയുളളവരെ അവരുടെ ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിന് സഹായിക്കാൻ മടക്കസന്ദർശനങ്ങൾ നമുക്ക് അവസരം നൽകുന്നു.
3 എല്ലാ താൽപര്യത്തെയും പിന്തുടരുക: രാജ്യദൂതിൽ താൽപര്യം പ്രകടമാക്കുന്ന എല്ലാവർക്കും, അവർ നമ്മുടെ പ്രസിദ്ധീകരണങ്ങൾ നിരസിച്ചാൽപോലും മടക്കസന്ദർശനങ്ങൾ നടത്തണം. നമ്മോടൊത്ത് ബൈബിൾവിഷയങ്ങൾ ചർച്ചചെയ്യാനുളള മനസ്സൊരുക്കത്താൽ താൽപര്യം കാണിക്കുന്ന അനേകം ആളുകളുണ്ട്. ആളുകളുമൊത്ത് കുറിക്കുകൊളളുന്ന തിരുവെഴുത്തു ചർച്ചകൾ നടത്തിക്കൊണ്ട് രാജ്യദൂതിൽ എങ്ങനെ താൽപര്യം പരിപുഷ്ടിപ്പെടുത്താമെന്ന് യേശുവും അപ്പോസ്തലൻമാരും കാണിച്ചുതന്നു.—മർക്കോ. 10:21; പ്രവൃ. 2:37-41.
4 വീണ്ടും സന്ദർശിക്കുന്നതിലുളള നമ്മുടെ ഉദ്ദേശ്യം ഒരു ബൈബിളദ്ധ്യയനം ആരംഭിക്കുക എന്നതായിരിക്കണം. ഒരു ഭവന ബൈബിളദ്ധ്യയനം എങ്ങനെയാണ് നടത്തപ്പെടുന്നതെന്ന് വീട്ടുകാരനെ പ്രകടിപ്പിച്ചു കാണിക്കാൻ നമുക്കു കഴിഞ്ഞേക്കും. പഠിപ്പിക്കാൻ ആത്മാർത്ഥഹൃദയമുളള ഒരു വ്യക്തിയെ കണ്ടെത്തുന്നതിൽ സഹായത്തിനുളള നിങ്ങളുടെ പ്രാർത്ഥനക്ക് യഹോവ ഉത്തരം നൽകുമെന്ന് നിങ്ങൾക്ക് ഉറപ്പുളളവരായിരിക്കാൻ കഴിയും. തന്റെ സേവനത്തിലുളള നിങ്ങളുടെ ആത്മാർത്ഥശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും. യഹോവയുടെ സഹായം തേടുകയും ഒരു ബൈബിളദ്ധ്യയനം തുടങ്ങുന്നത് ഒരു ലക്ഷ്യമാക്കുകയും ചെയ്തുകൂടാത്തതെന്തുകൊണ്ട്?
5 ലഘുലേഖകൾ നന്നായി ഉപയോഗിക്കുക: ബൈബിളദ്ധ്യയനം ആരംഭിക്കുന്നതിൽ ലഘുലേഖകൾ ഫലകരമായി ഉപയോഗിക്കാൻ കഴിയും. വെറുതെ പുറംതാളിലെ ചിത്രം ചർച്ചചെയ്യുന്നതിനാൽ ഒരു സംഭാഷണം തുടങ്ങാൻ അനേകർക്കു കഴിഞ്ഞിട്ടുണ്ട്. ഒരു സമയത്ത് ഒരു ഖണ്ഡിക വീട്ടുകാരനോടൊത്ത് വായിക്കുക. ചോദ്യം ചോദിക്കുമ്പോൾ നിർത്തുകയും തന്റെ ആശയം പറയാൻ വീട്ടുകാരനെ ക്ഷണിക്കുകയും ചെയ്യുക. തിരുവെഴുത്തുകൾ എടുത്തുനോക്കുകയും അവ എങ്ങനെ ബാധകമാകുന്നുവെന്ന് കാണിച്ചുകൊടുക്കുകയും ചെയ്യുക. അതിനുശേഷം അദ്ധ്യയനം നടത്താൻ കഴിയുന്ന പ്രസിദ്ധീകരണത്തിലേക്ക് സംഭാഷണം തിരിക്കാൻ കഴിയും.
6 ന്യായവാദം പുസ്തകം ഉപയോഗിക്കുക: ഫലകരമായ മടക്കസന്ദർശനങ്ങൾ ന്യായവാദം പുസ്തകം ഉപയോഗിച്ച് നടത്താൻ കഴിയും. മുൻസംഭാഷണങ്ങളെ തുടർന്നുളള കാര്യങ്ങൾ ചർച്ചചെയ്യുന്നതിനു വേണ്ട വിവരം തെരഞ്ഞെടുക്കാൻ പ്രധാനവിഷയങ്ങളുടെ പട്ടികയോ സൂചികയോ പുനഃശോധന ചെയ്യുന്നത് നിങ്ങളെ സഹായിച്ചേക്കാം. ഉദിച്ചേക്കാവുന്ന തടസ്സവാദങ്ങൾ കൈകാര്യം ചെയ്യുന്നതിന് “മിക്കപ്പോഴും തെററായി പ്രയോഗിക്കുന്ന തിരുവെഴുത്തുകൾ” എന്ന ഭാഗം ഉപയോഗപ്രദമായിരിക്കാൻ കഴിയും. ന്യായവാദം പുസ്തകത്തിന്റെ 204-ാം പേജിൽ “യഹോവയുടെ സാക്ഷികൾ അവരുടെ ബൈബിൾ വ്യാഖ്യാനത്തിൽ എത്തിച്ചേരുന്നതെങ്ങനെ?” എന്നതിനുകീഴിൽ കാണുന്നതുപോലുളള വിവരങ്ങൾ ഉപയോഗിക്കുന്നതിനാൽ പയനിയർമാർ ബൈബിളദ്ധ്യയനം ആരംഭിക്കുന്നതിൽ വളരെ വിജയം റിപ്പോർട്ടുചെയ്യുന്നു. ബൈബിൾ അതിന്റെ സ്വന്തം വ്യാഖ്യാനം നൽകാൻ നാം അനുവദിക്കുന്നതെങ്ങനെയെന്ന് അവർ താൽപര്യക്കാരനെ കാണിച്ചുകൊടുക്കുന്നു. ഇത് നന്നായി നടപ്പിലാകുകയും നിരവധി ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുന്നതിൽ കലാശിക്കുകയും ചെയ്തിരിക്കുന്നു.
7 യേശുവിനെയും അപ്പോസ്തലൻമാരെയും പോലെ നാം യഹോവയുടെ ആടുകളിൽ ആത്മാർത്ഥമായ താൽപര്യം പ്രകടമാക്കേണ്ട ആവശ്യമുണ്ട്. (ലൂക്കോ. 9:11) ആളുകളോടുളള സ്നേഹം രാജ്യസത്യങ്ങളുമായി അവരുടെ അടുക്കലേക്ക് ചെല്ലാൻ നമ്മെ സഹായിക്കും. (2 കൊരി. 2:17) മററുളളവരുടെ ആത്മീയക്ഷേമത്തിനുവേണ്ടി നമ്മെത്തന്നെ ചെലവിടുന്നതിന് നാം കൂടിയ പ്രാധാന്യം നൽകുമ്പോൾ, മടക്കസന്ദർശനം നടത്തുന്നതിനുളള വെല്ലുവിളിയെ നേരിടാൻ നാം പ്രാപ്തരായിത്തീരുന്നു.