ലളിതവും ഫലപ്രദവുമായ അവതരണങ്ങൾ
1 യേശു ലളിതവും വളച്ചുകെട്ടില്ലാത്തതുമായ ഒരു വിധത്തിൽ രാജ്യദൂതു ഘോഷിച്ചു. ചെമ്മരിയാടുതുല്യർ സത്യം കേൾക്കുമ്പോൾ അനുകൂലമായി പ്രതികരിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. ആളുകൾ അവരുടെ ചിന്തയിലും താത്പര്യങ്ങളിലും ന്യായവാദം ചെയ്യാനുളള പ്രാപ്തിയിലും വ്യത്യസ്തരാണെന്നും യേശുവിന് അറിയാമായിരുന്നു. തദനുസരണം, അവിടുന്ന് തന്റെ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചെടുക്കുന്നതിനും അവരുടെ ഹൃദയങ്ങളെ സ്പർശിക്കുന്നതിനും സങ്കീർണ്ണമല്ലാത്ത വിവിധതരം മുഖവുരകളും ചോദ്യങ്ങളും ദൃഷ്ടാന്തങ്ങളും ഉപയോഗിച്ചു. നമുക്ക് അവിടുത്തെ ദൃഷ്ടാന്തം അനുകരിക്കാനും ലളിതവും ഫലപ്രദവുമായ അവതരണങ്ങൾ നന്നായി ഉപയോഗിക്കാനും കഴിയും.
2 ന്യായവാദം പുസ്തകം ഫലപ്രദമായി ഉപയോഗിക്കുക: ന്യായവാദം പുസ്തകത്തിന്റെ 11-ാം പേജിൽ “തൊഴിൽ⁄പാർപ്പിടം” എന്ന തലക്കെട്ടിൻകീഴിൽ കൊടുത്തിരിക്കുന്ന ഒന്നാമത്തെ മുഖവുര കാലോചിതവും അവതരിപ്പിക്കാൻ എളുപ്പമുളളതും ആണ്.
നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼ “എല്ലാവർക്കും തൊഴിലും പാർപ്പിടവും ഉണ്ടായിരിക്കുമെന്ന് ഉറപ്പുവരുത്താൻ എന്തുചെയ്യാൻ കഴിയും എന്നതിനെപ്പററി ഞങ്ങൾ നിങ്ങളുടെ അയൽക്കാരുമായി സംസാരിക്കുകയായിരുന്നു. മാനുഷ ഗവൺമെൻറുകൾക്ക് ഇതു സാധിക്കും എന്നു പ്രതീക്ഷിക്കുന്നതു ന്യായയുക്തമാണെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ? . . . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെങ്ങനെയെന്ന് അറിയാവുന്ന ഒരാളുണ്ട്; അതു മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവാണ്.” യെശയ്യാവു 65:21-23 വായിക്കുക. അതിനുശേഷം അതേക്കുറിച്ച് എന്തുതോന്നുന്നുവെന്നു വീട്ടുകാരനോടു നിങ്ങൾക്കു ചോദിക്കാൻ കഴിയും.
3 പന്ത്രണ്ടാം പേജിൽ “അനീതി⁄കഷ്ടപ്പാട്” എന്ന തലക്കെട്ടിൻകീഴിലെ മുഖവുര ഇന്ന് അനേകരിൽ പ്രതികരണം ഉളവാക്കും.
നിങ്ങൾക്ക് ഇപ്രകാരം ചോദിക്കാൻ കഴിയും:
◼ “മനുഷ്യർ അനുഭവിക്കുന്ന അനീതിയും കഷ്ടപ്പാടും സംബന്ധിച്ചു ദൈവം വാസ്തവത്തിൽ കരുതലുളളവനാണോ എന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” ഉത്തരം പറയാൻ വീട്ടുകാരനെ അനുവദിക്കുക, അനന്തരം സഭാപ്രസംഗി 4:1-ഉം സങ്കീർത്തനം 72:12-14-ഉം വായിക്കുക. അതിനുശേഷം എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 150-3 പേജുകളിലെ ചിത്രങ്ങളിലേക്കു മറിച്ച് ഇന്നത്തെ ലോകാവസ്ഥകൾ എങ്ങനെ ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയായിരിക്കുന്നുവെന്നു ചുരുക്കമായി കാണിച്ചുകൊടുത്തുകൊണ്ട് നിങ്ങൾക്ക് അതു വിശേഷവൽക്കരിക്കാൻ കഴിയും. അനന്തരം മനുഷ്യവർഗ്ഗത്തിന്റെ അനുഗ്രഹത്തിനായി ദൈവം കൂടുതലായി വീണ്ടും എന്തു മുൻകൂട്ടി പറഞ്ഞിട്ടുണ്ടെന്നു കാണിക്കുന്നതിനു 161-2 പേജുകളിലേക്കു മറിക്കുക. ഏതുവശമാണ് അയാൾ ഏററവും അധികം ഇഷ്ടപ്പെടുന്നതെന്നു വീട്ടുകാരനോടു ചോദിക്കുക.
4 വീട്ടുകാരനുമായി ഒരു ഹ്രസ്വചർച്ച നടത്തിയശേഷം, എന്നേക്കും ജീവിക്കാൻ പുസ്തകത്തെക്കാൾ ഒരു മാസികയിലെ ലേഖനത്തിലേക്കോ ഒരു ലഘുപത്രികയിലേക്കോ ലഘുലേഖയിലേക്കോ അയാളുടെ ശ്രദ്ധ തിരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമെന്നു നിങ്ങൾ തീരുമാനിച്ചേക്കാം.
ദൃഷ്ടാന്തത്തിന്, ഈ ലേഖനത്തിന്റെ 2-ാം ഖണ്ഡികയിലെ മുഖവുര ഉപയോഗിച്ചശേഷം നിങ്ങൾ ഇപ്രകാരം പറഞ്ഞേക്കാം:
◼ “നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? എന്ന ഈ ലഘുപത്രിക നാം അനുദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ദൈവം എന്തു ചെയ്യുമെന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു എന്ന കാര്യം വ്യക്തമായി വിശദീകരിക്കുകയും നമുക്ക് അതിൽനിന്ന് എങ്ങനെ പ്രയോജനം അനുഭവിക്കാമെന്നു കാണിച്ചുതരുകയും ചെയ്യുന്നു.” അനന്തരം ലഘുപത്രികയുടെ 18-ഉം 19-ഉം പേജുകളിലേക്കു മറിക്കുകയും യഹോവ ചെയ്തിരിക്കുന്ന മഹത്തായ വാഗ്ദത്തങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുക.
5 അല്ലെങ്കിൽ 3-ാം ഖണ്ഡികയിലെ മുഖവുര ഉപയോഗിച്ചശേഷം സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ വിശേഷവൽക്കരിക്കാൻ കഴിയും.
നിങ്ങൾക്ക് ഇപ്രകാരം പറയാവുന്നതാണ്:
◼ “ഇന്നത്തെ ലോകത്തിൽ വളരെയധികം ദുരിതവും കുഴപ്പവും ഉണ്ട്. ദൈവം മനുഷ്യവർഗ്ഗത്തിന് അത്ഭുതകരമായ ഒരു മാററം കൈവരുത്തുമെന്നും യുദ്ധവും ഭക്ഷ്യക്ഷാമവും ആരോഗ്യപ്രശ്നങ്ങളും പെട്ടെന്നുതന്നെ കഴിഞ്ഞകാലസംഗതികളായിരിക്കുമെന്നും വാഗ്ദത്തം ചെയ്തിട്ടുളളതായി ഈ ലഘുലേഖ കാണിച്ചുതരുന്നു.” ലഘുലേഖയുടെ 3-ാം പേജിലെ രണ്ടാം ഖണ്ഡിക വായിക്കുക.
6 ആളുകളിലുളള നമ്മുടെ ആത്മാർത്ഥമായ താത്പര്യത്തോടൊപ്പം ഹൃദയത്തെ സ്പർശിക്കുന്ന ലളിതവും ഫലപ്രദവുമായ അവതരണംകൂടെ ആകുമ്പോൾ അതു ചെമ്മരിയാടുതുല്യരെ തീർച്ചയായും ആകർഷിക്കും.—യോഹ. 10:16.