“ഞാൻ നിങ്ങളോടു കല്പിച്ച കാര്യങ്ങൾ ...പഠിപ്പിച്ചുകൊണ്ട്”
1 ശിഷ്യരാക്കലിൽ പഠിപ്പിക്കൽ ഉൾപ്പെടുന്നു. ഒരു വ്യക്തിക്കു ക്രിസ്തുവിന്റെ ഒരു ശിഷ്യൻ ആയിത്തീരാൻ കഴിയുന്നതിനുമുമ്പ് അയാളെ യേശു കല്പിച്ച “കാര്യങ്ങൾ എല്ലാം പ്രമാണിക്കാൻ” പഠിപ്പിക്കേണ്ടിയിരിക്കുന്നു. (മത്താ. 28:19, 20, NW) ഇതു സാധിക്കുന്നതിനുളള ഏററവും നല്ല മാർഗ്ഗം ഒരു ഭവന ബൈബിളദ്ധ്യയനമാണ്.
2 ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. ഒരു ബൈബിളദ്ധ്യയനം കണ്ടെത്തുന്നതിനു നിങ്ങൾക്കു പ്രയാസം ഉണ്ടെങ്കിൽ നിരുത്സാഹപ്പെടരുത്. ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുന്നതിലുളള വിജയത്തിനു ദൃഢനിശ്ചയവും സത്യം മററുളളവർക്കു പകർന്നുകൊടുക്കുന്നതിനുളള ആത്മാർത്ഥമായ ആഗ്രഹവും ആവശ്യമാണ്.—ഗലാ. 6:9.
3 താത്പര്യം വികസിപ്പിക്കൽ: നിങ്ങളുടെ ആദ്യചർച്ച പരിമിതമായ താത്പര്യം മാത്രം ഉത്പാദിപ്പിച്ചേക്കാം. സാഹചര്യം അനുസരിച്ച്, ഒരു ലഘുലേഖയോ ലഘുപത്രികയോ മാസികകളോ വീട്ടുകാരനു കൊടുക്കാവുന്നതാണ്. നിങ്ങൾക്ക് ഒരു ഭവന ബൈബിളദ്ധ്യയനം തുടങ്ങുന്നതിന് ഇവയിൽ ഒന്നുപയോഗിക്കാൻ കഴിഞ്ഞേക്കും. വീട്ടുകാരൻ ദൂതിൽ കൂടുതലായ താത്പര്യം പ്രകടിപ്പിക്കുന്നെങ്കിൽ, പിന്നീടൊരു സന്ദർശനത്തിൽ അനുയോജ്യമായ മറെറാരു പ്രസിദ്ധീകരണം അയാളെ കാണിച്ചുകൊടുക്കാവുന്നതാണ്.
4 തയ്യാറാകലാണു വിജയത്തിന്റെ താക്കോൽ. നിങ്ങളുടെ മടക്കസന്ദർശനത്തിൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന, ലഘുലേഖയിലോ ലഘുപത്രികയിലോ മാസികയിലോ ഉദ്ധരിച്ചിട്ടുളള ഒരു തിരുവെഴുത്തു മുൻകൂട്ടി തിരഞ്ഞെടുത്തുകൂടാത്തത് എന്തുകൊണ്ട്? ആ വിധത്തിൽ പ്രസിദ്ധീകരണത്തിൽനിന്നുളള അഭിപ്രായങ്ങൾ നിങ്ങളുടെ ചർച്ചയോടു ബന്ധിപ്പിക്കാൻ നിങ്ങൾക്കു കഴിയും. പ്രസിദ്ധീകരണത്തിൽനിന്നു നേരിട്ട് ഒന്നോ രണ്ടോ ഖണ്ഡികകൾ വായിക്കുന്നതിനുപോലും നിങ്ങൾക്കു കഴിയുന്നതാണ്.
5 നിങ്ങൾക്ക് ഇപ്രകാരം പറയാവുന്നതാണ്:
▪ “ഇപ്പോൾത്തന്നെ നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന ശ്രദ്ധേയമായ ഒരു പ്രവചനത്തെക്കുറിച്ചു ചില വിവരങ്ങൾ ഞങ്ങൾ പങ്കുവെച്ചുവരുകയായിരുന്നു.” മത്തായി 24:3 വയിച്ചശേഷം “നമ്മുടെ പ്രശ്നങ്ങൾ” ലഘുപത്രികയുടെ 13-15 പേജുകളിലെ ചിത്രങ്ങളോടും അഭിപ്രായങ്ങളോടും ബന്ധിപ്പിക്കുക. സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ സമർപ്പിക്കുമ്പോഴും സമാനമായ ഒരു സമീപനം ഉപയോഗിക്കാവുന്നതാണ്.
6 ആത്മാർത്ഥമായ താത്പര്യം തിരിച്ചറിഞ്ഞാൽ വേഗത്തിൽ അതിനെ പിന്തുടരണം. ഒരാഴ്ചക്കുളളിൽ തിരിച്ചുചെല്ലാൻ ശ്രമിക്കുക, അങ്ങനെയെങ്കിൽ കഴിഞ്ഞ സംഭാഷണം വീട്ടുകാരന്റെ മനസ്സിൽ അപ്പോഴും പുതുമയോടെ തങ്ങിനിൽക്കും. നിങ്ങൾ സന്ദർശിക്കുന്ന ഓരോ സന്ദർഭത്തിലും നിങ്ങൾ കൊടുത്തിട്ടുളള പ്രസിദ്ധീകരണത്തിൽനിന്ന് ഏതാനും ഖണ്ഡികകൾ പരിചിന്തിക്കുക. അതിനുശേഷം, ഉചിതമായ ഒരു സമയത്തു നിങ്ങൾക്ക് എന്നേക്കും ജീവിക്കാൻ പുസ്തകം പരിചയപ്പെടുത്താൻ കഴിയും, അതേ നടപടിക്രമം തുടർന്നുകൊണ്ടുതന്നെ.
7 യേശു മുൻകൂട്ടിപ്പറഞ്ഞ വലിയ കൊയ്ത്തിൽ ഇന്ന്, ഇപ്പോഴും വളരെയധികം വേല ചെയ്യാനുണ്ട്. (മത്താ. 9:37, 38) നാം ആത്മാർത്ഥഹൃദയരെ പഠിപ്പിക്കുന്നതിൽ തുടരുമ്പോൾ, താൻ ‘വ്യവസ്ഥിതിയുടെ സമാപനംവരെ എല്ലാനാളും നമ്മോടുകൂടെയുണ്ട്’ എന്ന യേശുവിന്റെ ബലപ്പെടുത്തുന്ന ഉറപ്പ് നമുക്കുണ്ട്.