ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രിക എങ്ങനെ ഉപയോഗിക്കാം? മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും തുടങ്ങാൻ ഒരു പുതിയ ലഘുപത്രിക
1. മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നടത്താൻ ഏതു പുതിയ ലഘുപത്രികയാണ് കഴിഞ്ഞ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പ്രകാശനം ചെയ്തത്?
1 “നിന്റെ ഹൃദയത്തെ കാത്തുകൊൾക!” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും തുടങ്ങാൻ ഒരു പുതിയ ലഘുപത്രിക ലഭിച്ചതിൽ നാമെല്ലാം എത്ര സന്തോഷിക്കുന്നു. ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ഈ പുതിയ ലഘുപത്രിക ആവശ്യം ലഘുപത്രികയ്ക്കു പകരമുള്ളതാണ്. പാഠഭാഗങ്ങൾ ഹ്രസ്വമായതിനാൽ വീട്ടുവാതിൽക്കൽനിന്നുകൊണ്ടുപോലും അധ്യയനം ആരംഭിക്കാൻ എളുപ്പമാണ്. ആവശ്യം ലഘുപത്രിക മുഖ്യമായും ക്രിസ്തീയനിലവാരങ്ങളെക്കുറിച്ചാണു വിശദീകരിക്കുന്നത്; പുതിയ ബൈബിൾവിദ്യാർഥികൾക്ക് അവ പെട്ടെന്ന് സ്വീകാര്യമായെന്നു വരില്ല. എന്നാൽ ഈ പുതിയ ലഘുപത്രിക ബൈബിളിൽ നൽകിയിരിക്കുന്ന സുവാർത്തയ്ക്കാണ് ഊന്നൽ നൽകുന്നത്.—പ്രവൃ. 15:35.
2. സുവാർത്താ ലഘുപത്രിക തയ്യാറാക്കിയിരിക്കുന്നത് എന്ത് ഉദ്ദേശ്യത്തിലാണ്?
2 എന്ത് ഉദ്ദേശ്യത്തിലാണ് ഈ പുതിയ ലഘുപത്രിക തയ്യാറാക്കിയിരിക്കുന്നത്? ലളിതമായ ഒരു പ്രസിദ്ധീകരണത്തിനായി ലോകമെമ്പാടുനിന്നുമുള്ള സഹോദരങ്ങൾ ഏറെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു—ആളുകളെ സത്യത്തിലേക്ക് ആകർഷിക്കാൻപോന്നതും അതേസമയം അധ്യയനത്തിനുള്ള മുഖ്യ ഉപാധിയായ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലേക്കു നയിക്കുന്നതും ആയ ഒന്നിനുവേണ്ടി. ഒരു പുസ്തകം ഉപയോഗിച്ച് ബൈബിൾ പഠിക്കാൻ മടിക്കുന്ന ആളുകൾ മിക്കപ്പോഴും ഒരു ലഘുപത്രിക ഉപയോഗിച്ച് പഠിക്കാൻ മനസ്സുകാണിച്ചേക്കാം. തന്നെയുമല്ല, ലഘുപത്രികയാണെങ്കിൽ കൂടുതൽ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്താനും എളുപ്പമാണ്.
3. മറ്റ് അധ്യയനോപാധികളിൽനിന്ന് ഈ ലഘുപത്രികയ്ക്കുള്ള വ്യത്യാസം എന്ത്?
3 തയ്യാറാക്കിയിരിക്കുന്നത് എങ്ങനെ? അധ്യയനത്തിനുള്ള നമ്മുടെ പല പ്രസിദ്ധീകരണങ്ങളും മറ്റാരുടെയും സഹായമില്ലാതെതന്നെ വായിച്ചു മനസ്സിലാക്കാനാകുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഈ പുതിയ ലഘുപത്രിക ഒരു അധ്യാപകന്റെ സഹായത്തോടെ മാത്രമേ പഠിക്കാനാകൂ. അതുകൊണ്ട്, ഈ പത്രിക ആർക്കെങ്കിലും സമർപ്പിക്കുമ്പോൾ ഒന്നോ രണ്ടോ ഖണ്ഡികകൾ അവരോടൊപ്പം ചർച്ച ചെയ്യുന്നതാണ് ഉചിതം. ചെറിയ ഖണ്ഡികകൾ ആയതിനാൽ വീട്ടുവാതിൽക്കൽവെച്ചോ ബിസിനെസ് സ്ഥലങ്ങളിൽവെച്ചോ പോലും ഇവ ചർച്ച ചെയ്യാനാകും. ലഘുപത്രികയുടെ തുടക്കംമുതൽ ചർച്ച ചെയ്യുന്നതാണ് നല്ലതെങ്കിലും അതിലെ ഏതു പാഠം വേണമെങ്കിലും ചർച്ച ചെയ്തുതുടങ്ങാം.
4. ബൈബിളിൽനിന്ന് നേരിട്ട് പഠിപ്പിക്കാൻ ഈ ലഘുപത്രിക സഹായിക്കുന്നത് എങ്ങനെ?
4 നമ്മുടെ മിക്ക പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഖണ്ഡികകളിൽത്തന്നെ കാണാനാകും. എന്നാൽ ഈ പുതിയ ലഘുപത്രിക അങ്ങനെയല്ല. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മുഖ്യമായും ബൈബിളിലാണുള്ളത്. നമ്മുടെ സാഹിത്യങ്ങളിൽനിന്നല്ല മറിച്ച് ബൈബിളിൽനിന്ന് പഠിക്കാനാണ് മിക്ക ആളുകൾക്കും താത്പര്യം. അതുകൊണ്ടുതന്നെ, ബൈബിൾവാക്യങ്ങൾ ഒന്നുംതന്നെ ഉദ്ധരിച്ചിട്ടില്ല; ബൈബിളിൽനിന്ന് അവ വായിക്കാൻ പ്രതീക്ഷിക്കുന്നു. പഠിക്കുന്ന കാര്യങ്ങൾ ദൈവത്തിൽനിന്നുള്ളതാണെന്ന് ബോധ്യപ്പെടാൻ അത് വിദ്യാർഥിയെ സഹായിക്കും.—യെശ. 54:13.
5. അധ്യയനം നടത്തുന്ന വ്യക്തി പാഠഭാഗം നന്നായി തയ്യാറാകേണ്ടത് എന്തുകൊണ്ട്?
5 പരാമർശിച്ചിരിക്കുന്ന എല്ലാ തിരുവെഴുത്തുകൾക്കും ലഘുപത്രിക വിശദീകരണം നൽകുന്നില്ല. എന്തുകൊണ്ട്? ചോദ്യങ്ങൾ ചോദിക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുന്നതിനും പഠിപ്പിക്കൽപ്രാപ്തി നന്നായി ഉപയോഗിക്കാൻ അധ്യാപകനെ സഹായിക്കുന്നതിനും വേണ്ടിയാണത്. അതുകൊണ്ട് അധ്യയനത്തിനു മുമ്പ് നന്നായി തയ്യാറാകേണ്ടത് പ്രധാനം. ഓർക്കുക: അധ്യയനം നടത്തുന്ന വ്യക്തി അധികം സംസാരിക്കരുത്. തിരുവെഴുത്തുകളെക്കുറിച്ച് വിശദീകരിക്കാൻ നമുക്ക് ഏറെ ഇഷ്ടമാണെന്നത് ശരിതന്നെ. എന്നാൽ വിദ്യാർഥിയോടുതന്നെ വിശദീകരണം നൽകാൻ ആവശ്യപ്പെടുന്നതായിരിക്കും ഏറെ പ്രയോജനകരം. ചോദ്യങ്ങൾ നയപൂർവം ചോദിച്ചുകൊണ്ട് ഓരോ തിരുവെഴുത്തിന്റെയും അർഥം മനസ്സിലാക്കാൻ വിദ്യാർഥിയെ നമുക്ക് സഹായിക്കാനാകും.—പ്രവൃ. 17:2.
6. പുതിയ ലഘുപത്രിക എങ്ങനെ ഉപയോഗിക്കാം: (എ) ദൈവത്തിലും ബൈബിളിലും വിശ്വാസമില്ലാത്തവരോടു സംസാരിക്കുമ്പോൾ? (ബി) വീടുതോറുമുള്ള വേലയിൽ? (സി) നേരിട്ടു ബൈബിളധ്യയനം ആരംഭിക്കാൻ? (ഡി) മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ?
6 അധ്യയനം നടത്താൻ ഉപയോഗിക്കുന്ന മറ്റു പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കുന്നതുപോലെതന്നെ ഈ ലഘുപത്രികയും എപ്പോൾ വേണമെങ്കിലും സമർപ്പിക്കാവുന്നതാണ്, ഇത് ആ മാസത്തെ സമർപ്പണസാഹിത്യമല്ലെങ്കിൽപ്പോലും. ഈ പത്രിക ഉപയോഗിച്ച് വീട്ടുവാതിൽക്കൽവെച്ചുതന്നെ നേരിട്ട് അധ്യയനം ആരംഭിക്കുന്നത് പലരും ആസ്വദിക്കും. മാത്രമല്ല, ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പരാമർശിച്ചതുപോലെ, താത്പര്യമുള്ളവർക്ക് മടക്കസന്ദർശനം നടത്തുമ്പോൾ ഈ ലഘുപത്രിക ഉപയോഗിക്കുന്നത് “മടക്കസന്ദർശനങ്ങൾ ശരിക്കും രസകരമാക്കും.”—6-8 പേജുകളിലെ ചതുരങ്ങൾ കാണുക.
7. പുതിയ ലഘുപത്രിക ഉപയോഗിച്ച് ഒരു ബൈബിളധ്യയനം ആരംഭിക്കാൻ എങ്ങനെ കഴിയും?
7 അധ്യയനം എങ്ങനെ നടത്താം? തടിച്ച അക്ഷരത്തിൽ അക്കമിട്ട് കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ വായിച്ച് ചർച്ച തുടങ്ങാനാകും. തുടർന്ന് ഖണ്ഡികയും ചെരിച്ചെഴുതിയിരിക്കുന്ന ബൈബിൾവാക്യങ്ങളും വായിക്കുക. വീട്ടുകാരന് തിരുവെഴുത്തുകളിൽനിന്ന് എന്തു മനസ്സിലായെന്ന് അറിയാൻ നയപരമായി ചോദ്യങ്ങൾ ചോദിക്കാനാകും. അടുത്ത ഭാഗം ചർച്ച ചെയ്യുന്നതിനു മുമ്പ് തടിച്ച അക്ഷരത്തിൽ നൽകിയിരിക്കുന്ന ചോദ്യം ഒരുവട്ടംകൂടി ചോദിച്ച് ആശയം വീട്ടുകാരന് വ്യക്തമായെന്ന് ഉറപ്പുവരുത്തുക. ആദ്യത്തെ ഏതാനും സന്ദർശനങ്ങളിൽ തടിച്ച അക്ഷരത്തിലുള്ള ഒരു ചോദ്യം മാത്രം ചർച്ച ചെയ്യുന്നതായിരിക്കും നല്ലത്. ക്രമേണ, ദൈർഘ്യം കൂട്ടാനും ഒരു പാഠം മുഴുവൻ ചർച്ച ചെയ്യാനും സാധിച്ചേക്കും.
8. തിരുവെഴുത്തുകളിലേക്ക് ശ്രദ്ധ ക്ഷണിക്കേണ്ടത് എങ്ങനെ, എന്തുകൊണ്ട്?
8 തടിച്ച അക്ഷരത്തിൽ നൽകിയിരിക്കുന്ന ചോദ്യത്തിനുള്ള നേരിട്ടുള്ള ഉത്തരം, “വായിക്കുക” എന്നു കൊടുത്തിരിക്കുന്ന തിരുവെഴുത്തു പരാമർശങ്ങളിൽനിന്ന് കണ്ടെത്താനാകും. ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്: തിരുവെഴുത്തു വായിക്കുമ്പോൾ “പൗലോസ് എഴുതി,” “യിരെമ്യാവിന്റെ പ്രവചനത്തിൽ പറഞ്ഞതു ശ്രദ്ധിക്കുക” എന്നിങ്ങനെയുള്ള പ്രസ്താവനകൾ ഒഴിവാക്കുക. നാം വായിക്കുന്നത് വെറും മനുഷ്യരുടെ വാക്കുകളാണെന്നു തോന്നാൻ അത് ഇടയാക്കിയേക്കാം. പകരം, “ദൈവവചനം പറയുന്നു” എന്നോ “ബൈബിൾ പ്രവചിച്ചിരിക്കുന്നത് ശ്രദ്ധിക്കുക” എന്നോ പറയുന്നതായിരിക്കും നല്ലത്.
9. പരാമർശിച്ചിരിക്കുന്ന എല്ലാ തിരുവെഴുത്തും അധ്യയനസമയത്ത് വായിക്കേണ്ടതുണ്ടോ?
9 നൽകിയിരിക്കുന്ന എല്ലാ തിരുവെഴുത്തുകളും നാം വായിക്കണമോ, അതോ “വായിക്കുക” എന്ന് നൽകിയിരിക്കുന്നതു മാത്രമാണോ നാം വായിക്കേണ്ടത്? സാഹചര്യങ്ങൾക്ക് അനുസരിച്ചുവേണം അതു തീരുമാനിക്കാൻ. തിരുവെഴുത്തുകളെല്ലാം തക്ക കാരണത്തോടെയാണ് നൽകിയിരിക്കുന്നത്. ഓരോ തിരുവെഴുത്തിലും ചർച്ച ചെയ്യേണ്ടതായ വിവരങ്ങളുണ്ട്. പക്ഷേ വിദ്യാർഥിക്ക് സമയക്കുറവോ താത്പര്യക്കുറവോ തോന്നുന്നെങ്കിൽ അല്ലെങ്കിൽ വായിക്കാനുള്ള പ്രാപ്തി കുറവാണെങ്കിൽ “വായിക്കുക” എന്നു സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകൾ മാത്രമേ വായിക്കാൻ കഴിഞ്ഞെന്നു വരൂ.
10. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിൽനിന്ന് അധ്യയനം ആരംഭിക്കേണ്ടത് എപ്പോൾ?
10 ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിൽനിന്ന് അധ്യയനം ആരംഭിക്കേണ്ടത് എപ്പോൾ? പല ചർച്ചകൾക്കു ശേഷം അധ്യയനം ക്രമമായി ആരംഭിച്ചു കഴിഞ്ഞാൽ ഒന്നുകിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലേക്ക് കടക്കാം; അല്ലെങ്കിൽ സുവാർത്താ ലഘുപത്രിക കഴിയുന്നതുവരെ അതുതന്നെ തുടരാം. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലേക്ക് കടക്കേണ്ടത് എപ്പോഴാണെന്ന് തീരുമാനിക്കാൻ വിവേചന ഉപയോഗിക്കുക. പുസ്തകത്തിൽനിന്ന് അധ്യയനം ആരംഭിക്കാൻ തീരുമാനിച്ചാൽ അതിന്റെ തുടക്കംമുതൽതന്നെ പഠിപ്പിക്കേണ്ടതുണ്ടോ? ഇക്കാര്യത്തിൽ പ്രത്യേകിച്ച് നിബന്ധനകൾ ഒന്നുമില്ല. ഓരോ വിദ്യാർഥിയും വ്യത്യസ്തരാണ്. എന്നിരുന്നാലും ലഘുപത്രികയിൽനിന്ന് പഠിച്ച കാര്യങ്ങൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിൽനിന്ന് കുറെക്കൂടി വിശദമായി ചർച്ച ചെയ്യുമ്പോൾ മിക്ക വിദ്യാർഥികൾക്കും അത് പ്രയോജനം ചെയ്യും.
11. പുതിയ ലഘുപത്രിക നാം നന്നായി ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?
11 സുവാർത്ത അന്യമായിരിക്കുന്ന ഒരു ലോകത്തിൽ ഏറ്റവും നല്ല വാർത്ത അറിയിക്കാനുള്ള അനന്യപദവി നമുക്കു ലഭിച്ചിരിക്കുന്നു—ദൈവരാജ്യം ഭരണം ആരംഭിച്ചിരിക്കുന്നെന്നും അതു പെട്ടെന്നുതന്നെ നീതി കളിയാടുന്ന ഒരു പുതുലോകം കൊണ്ടുവരുമെന്നും ഉള്ള സദ്വാർത്ത! (മത്താ. 24:14; 2 പത്രോ. 3:13) ഈ സന്ദേശം ശ്രവിക്കുന്നവർ പിൻവരുന്ന നിശ്വസ്തമൊഴികൾ ഏറ്റുചൊല്ലും: “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!” (യെശ. 52:7) നമ്മുടെ പ്രദേശത്ത് ആത്മീയദാഹത്താൽ വലഞ്ഞിരിക്കുന്നവർക്ക് ദൈവത്തിൽനിന്നുള്ള സുവാർത്ത പകർന്നുനൽകാൻ സഹായിക്കുന്ന ഈ പുതിയ ലഘുപത്രിക നമുക്ക് നന്നായി ഉപയോഗിക്കാം!
[6-ാം പേജിലെ ചിത്രം]
ദൈവത്തിലും ബൈബിളിലും വിശ്വാസമില്ലാത്തവരോടു സംസാരിക്കുമ്പോൾ:
● “ദൈവം,” “യേശു,” “ബൈബിൾ” എന്നിങ്ങനെയുള്ള പദങ്ങൾ ചില പ്രദേശങ്ങളിൽ സംഭാഷണത്തിന് തടസ്സമാകുന്നതായി പ്രസാധകർ കണ്ടെത്തിയിരിക്കുന്നു. സാഹചര്യം അതാണെങ്കിൽ വീട്ടുകാർക്ക് താത്പര്യമുള്ള വിഷയങ്ങൾ ആദ്യസന്ദർശനത്തിൽ സംസാരിക്കുന്നതായിരിക്കും നല്ലത്. ഉദാഹരണത്തിന്, നല്ലൊരു ഗവണ്മെന്റ് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്, കുടുംബങ്ങളെ സഹായിക്കുന്ന നിർദേശങ്ങൾ എവിടെനിന്നു ലഭിക്കും, ഭാവി എന്തായിത്തീരും എന്നിങ്ങനെയുള്ള വിഷയങ്ങൾ സംസാരിക്കാനാകും. ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചും ബൈബിൾ വിശ്വാസയോഗ്യമായിരിക്കുന്നത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ചും ഉള്ള ഏതാനും ചർച്ചകൾക്കു ശേഷം സുവാർത്താ ലഘുപത്രിക അവരെ പരിചയപ്പെടുത്തുന്നതായിരിക്കും നല്ലത്.
[7-ാം പേജിലെ ചിത്രം]
വീടുതോറുമുള്ള വേലയിൽ:
● “ദൈവം നമ്മെ ദുരിതങ്ങളിൽനിന്നു വിടുവിക്കുമോ? എന്താണ് നിങ്ങൾക്കു തോന്നുന്നത്? (പ്രതികരിക്കാൻ അനുവദിക്കുക.) ഇതേക്കുറിച്ച് തിരുവെഴുത്തിൽനിന്ന് ചില കാര്യങ്ങൾ ഞാൻ കാണിച്ചുതരട്ടേ? (വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ സംഭാഷണം തുടരുക.) ഈ ചോദ്യത്തിനുള്ള ഉത്തരം ബൈബിളിൽ എവിടെയാണെന്ന് ഈ ലഘുപത്രികയിലുണ്ട്. (വീട്ടുകാരന് ഒരു ലഘുപത്രിക നൽകുക. ഒന്നാം പാഠത്തിലെ ആദ്യഖണ്ഡികയും യിരെമ്യാവു 29:11-ഉം വായിക്കുക.) നമുക്ക് നല്ലൊരു ഭാവി വന്നുകാണാൻ ദൈവം ആഗ്രഹിക്കുന്നു എന്നല്ലേ ഇത് കാണിക്കുന്നത്? (പ്രതികരിക്കാൻ അനുവദിക്കുക.) ഇഷ്ടമാണെങ്കിൽ ഈ പത്രിക നിങ്ങൾക്ക് എടുക്കാം. ‘ദുരിതങ്ങൾക്ക് ഇടയാക്കുന്ന കാരണങ്ങളിൽനിന്ന് ദൈവം മനുഷ്യവർഗത്തെ വിടുവിക്കുന്നത് എങ്ങനെയായിരിക്കും?’ ഈ ചോദ്യത്തിനുള്ള ബൈബിളിന്റെ ഉത്തരം രണ്ടാം ഖണ്ഡികയിൽ നൽകിയിട്ടുണ്ട്. അടുത്ത പ്രാവശ്യം നമുക്ക് അത് ചർച്ച ചെയ്യാം.” വീട്ടുകാരന് സമയം ഉണ്ടെങ്കിൽ ആദ്യസന്ദർശനത്തിൽത്തന്നെ രണ്ടാം ഖണ്ഡികയും നൽകിയിരിക്കുന്ന മൂന്നു തിരുവെഴുത്തുകളും വായിച്ച് ചർച്ച ചെയ്യാനാകും. ആ പാഠത്തിലെ രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കാനായി മടക്കസന്ദർശനം ക്രമീകരിക്കുക.
● “പലരും ഇന്ന് പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്നു, വിശേഷിച്ചും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ. നിങ്ങളും പ്രാർഥിക്കാറില്ലേ? (പ്രതികരിക്കാൻ അനുവദിക്കുക.) നമ്മുടെ എല്ലാ പ്രാർഥനകളും ദൈവം കേൾക്കുന്നുണ്ടോ? അതോ ചില പ്രാർഥനകൾ അവന് സ്വീകാര്യമല്ലാത്തതാണോ? (പ്രതികരിക്കാൻ അനുവദിക്കുക.) ഇതേക്കുറിച്ച് തിരുവെഴുത്തിൽനിന്ന് ചില കാര്യങ്ങൾ ഞാൻ കാണിച്ചുതരട്ടേ? (വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ സംഭാഷണം തുടരുക.) ഈ ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം കണ്ടെത്താൻ എന്റെ കൈയിലുള്ള ഈ പത്രിക സഹായിക്കും. (ലഘുപത്രിക വീട്ടുകാരനു നൽകുക, എന്നിട്ട് 12-ാം പാഠത്തിലെ ആദ്യത്തെ ഖണ്ഡികയും “വായിക്കുക” എന്ന് നൽകിയിരിക്കുന്ന തിരുവെഴുത്തുകളും വായിച്ചു ചർച്ച ചെയ്യുക.) നമ്മുടെ പ്രാർഥനകൾ കേൾക്കാൻ ദൈവം തയ്യാറാണെന്ന് അറിയുന്നത് ആശ്വാസകരമല്ലേ? എന്നാൽ പ്രാർഥന ദൈവത്തിനു പ്രസാദകരമാകണമെങ്കിൽ ദൈവത്തെ നാം നന്നായി അറിയേണ്ടതുണ്ട്. (2-ാമത്തെ പാഠത്തിലെ ഉപതലക്കെട്ടുകളിലേക്ക് ശ്രദ്ധ തിരിക്കുക.) ആഗ്രഹിക്കുന്നെങ്കിൽ ഈ ലഘുപത്രിക നിങ്ങൾക്കു എടുത്തുവെക്കാനാകും. മറ്റൊരു സമയത്ത് ഈ ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം നമുക്ക് ഒരുമിച്ച് പരിചിന്തിക്കാം.”
● “ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്ന കാര്യത്തിൽ ആളുകൾ ആശങ്കാകുലരാണ്. സാഹചര്യങ്ങൾക്ക് എന്നെങ്കിലും മാറ്റം വരുമോ? (പ്രതികരിക്കാൻ അനുവദിക്കുക.) ഇതേക്കുറിച്ച് തിരുവെഴുത്തുകൾ പറയുന്നത് എന്താണെന്ന് കാണിച്ചുതരട്ടേ? (വീട്ടുകാരന് താത്പര്യമുണ്ടെങ്കിൽ സംഭാഷണം തുടരുക.) നമുക്ക് പ്രത്യാശ നൽകുന്ന സദ്വാർത്ത ബൈബിളിൽ ഉണ്ടെന്ന് അറിയുമ്പോൾ പലർക്കും അതിശയം തോന്നും. ബൈബിൾ ഉത്തരം നൽകുന്ന ചില ചോദ്യങ്ങൾ നോക്കൂ.” ഒരു ലഘുപത്രിക വീട്ടുകാരന് നൽകിയിട്ട് അതിന്റെ അവസാനപേജിലെ ചോദ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ചോദ്യം ഏതാണെന്നു മനസ്സിലാക്കി ആ പാഠത്തിലേക്കു മറിക്കുക. ഇത് പഠിക്കുന്നത് എങ്ങനെയെന്ന് അവതരിപ്പിച്ചു കാണിക്കാനാകും. ആ പാഠഭാഗത്തിലെ അടുത്ത ചോദ്യം പരിചിന്തിക്കാനായി മടങ്ങിച്ചെല്ലാമെന്നു പറയുക.
[8-ാം പേജിലെ ചിത്രം]
നേരിട്ടുള്ള സമീപനം (ബൈബിളിനെ ആദരിക്കുന്നവരോട്):
● “ഒരു പുതിയ ബൈബിൾ പഠന കോഴ്സിനെക്കുറിച്ച് നിങ്ങളോട് പറയാനാണ് ഞാൻ വന്നത്. ഈ ലഘുപത്രികയിൽ 15 പാഠങ്ങളുണ്ട്. സുപ്രധാനമായ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങളുടെ ബൈബിളിൽ എവിടെയാണെന്ന് കണ്ടെത്താൻ ഈ പത്രിക സഹായിക്കും. (ലഘുപത്രികയുടെ ആദ്യത്തെയും അവസാനത്തെയും പേജുകൾ കാണിക്കുക.) ബൈബിൾ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടായിരിക്കും, അല്ലേ? (പ്രതികരിക്കാൻ അനുവദിക്കുക.) പാഠഭാഗങ്ങൾ എത്ര ലളിതമാണെന്ന് നോക്കൂ. (3-ാം പാഠത്തിലെ മൂന്നാമത്തെ ചോദ്യത്തിന്റെ ആദ്യഖണ്ഡികയും വെളിപ്പാട് 21:4, 5-ഉം ചർച്ച ചെയ്യുക. സാധിക്കുമെങ്കിൽ അടുത്ത ഖണ്ഡികയും “വായിക്കുക” എന്ന തിരുവെഴുത്തുകളും പരിചിന്തിക്കുക.) ആഗ്രഹിക്കുന്നെങ്കിൽ ഈ പത്രിക നിങ്ങൾക്ക് എടുക്കാം. ഈ രീതിയിൽ ബൈബിൾ ഒരു തവണയെങ്കിലും പഠിച്ചുനോക്കാൻ ശ്രമിക്കരുതോ? താത്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് അതു തുടരാം. അടുത്ത തവണ ആദ്യത്തെ പാഠമൊന്നു ചർച്ച ചെയ്താലോ? നോക്കൂ, ഈ പാഠം ഒരു പേജ് മാത്രമേ ഉള്ളൂ.”
[8-ാം പേജിലെ ചിത്രം]
മടക്കസന്ദർശനം നടത്തുമ്പോൾ:
● താത്പര്യം കാണിച്ചവരെ വീണ്ടും സന്ദർശിക്കുമ്പോൾ ഇങ്ങനെ പറയാനായേക്കും: “വീണ്ടും കാണാനായതിൽ സന്തോഷം. വളരെ രസകരമായ പല ചോദ്യങ്ങൾക്കും ബൈബിൾ നൽകുന്ന ഉത്തരം അടങ്ങിയ ഒരു ലഘുപത്രിക ഞാൻ കൊണ്ടുവന്നിട്ടുണ്ട്. (ലഘുപത്രിക വീട്ടുകാരന് നൽകിയിട്ട് അവസാനപേജിലേക്ക് ശ്രദ്ധ തിരിക്കുക.) ഇതിൽ ഏതാണ് നിങ്ങൾക്ക് ഏറ്റവും താത്പര്യമുള്ളത്? (പ്രതികരിക്കാൻ അനുവദിക്കുക. വീട്ടുകാരൻ തിരഞ്ഞെടുത്ത പാഠം എടുക്കുക.) ബൈബിളിന്റെ ഉത്തരം കണ്ടെത്താൻ ഈ പത്രിക സഹായിക്കുന്നത് എങ്ങനെയെന്ന് ഞാൻ കാണിച്ചുതരട്ടേ?” ഒന്നോ രണ്ടോ ഖണ്ഡികകളും “വായിക്കുക” എന്നു കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളും ചർച്ച ചെയ്തുകൊണ്ട് ഇത് പഠിക്കുന്നത് എങ്ങനെയെന്ന് കാണിക്കാനാകും. നിങ്ങൾ ഇതാ, ഒരു അധ്യയനം തുടങ്ങിക്കഴിഞ്ഞു! ലഘുപത്രിക വീട്ടുകാരന് നൽകിയിട്ട് മടങ്ങിച്ചെല്ലാൻ ക്രമീകരണം ചെയ്യുക. ആ പാഠം ചർച്ച ചെയ്തു കഴിഞ്ഞാൽ വീട്ടുകാരൻ തിരഞ്ഞെടുത്ത മറ്റൊരു പാഠമോ അല്ലെങ്കിൽ തുടക്കംമുതലോ ചർച്ച ചെയ്യാം.