ബൈബിളിലുളള താത്പര്യം വർധിപ്പിക്കാൻമടങ്ങിച്ചെല്ലുക
1 സുവാർത്തയിൽ ലേശം താത്പര്യം കാണിക്കുകയും എന്നാൽ നാം സന്ദർശിക്കുന്ന സമയത്തു സംസാരിക്കാൻ സമയമില്ലാത്തവിധം വളരെ തിരക്കിലായിരിക്കുകയും ചെയ്യുന്ന ആളുകളെ നാം ചിലപ്പോൾ വയൽസേവനത്തിൽ കണ്ടുമുട്ടാറുണ്ട്. അവരുമായി രാജ്യസന്ദേശം പങ്കുവയ്ക്കാൻ മറെറാരു സമയത്തു മടങ്ങിച്ചെല്ലാൻ നാം ശ്രമിക്കാറുണ്ടോ? അല്ലെങ്കിൽ ഒരു വീട്ടുകാരനുമായി നാം രസകരമായ സംഭാഷണം നടത്തി, എന്നാൽ അദ്ദേഹം സാഹിത്യമൊന്നും സ്വീകരിക്കുന്നില്ല. സത്യത്തെക്കുറിച്ച് അദ്ദേഹത്തോടു കൂടുതൽ സംസാരിക്കാൻ നാം മടങ്ങിച്ചെല്ലുമോ?
2 നമ്മുടെ പ്രദേശം പൂർണമായി പ്രവർത്തിച്ചുതീർക്കുന്നതും നാം കണ്ടെത്തിയേക്കാവുന്ന എല്ലാ താത്പര്യക്കാരെയും പിന്തുടർന്നു ചെല്ലുന്നതും പ്രധാനമാണ്. പുസ്തകമോ മാസികകളോ സ്വീകരിക്കുന്ന ആളുകൾക്കു മാത്രമേ നാം മടക്കസന്ദർശനങ്ങൾ നടത്താറുളേളാ? അങ്ങനെയെങ്കിൽ താത്പര്യമുളള പലരെയും നാം അവഗണിക്കുകയായിരിക്കും ചെയ്യുന്നത്. സാഹിത്യം സ്വീകരിക്കാഞ്ഞതുകൊണ്ടു മാത്രം കൂടുതലായ ആത്മീയ പ്രോത്സാഹനത്തിന് അയോഗ്യരെന്ന് ആരെയും വിധിക്കാൻ നാം തീർച്ചയായും ആഗ്രഹിക്കുന്നില്ല. (റോമർ 14:4 താരതമ്യം ചെയ്യുക.) ഒരുപക്ഷേ, നമ്മുടെ സന്ദർശനത്തിനുശേഷം വീട്ടുകാരൻ നാം പറഞ്ഞതിനെക്കുറിച്ചു ചിന്തിക്കുകയോ അദ്ദേഹത്തെ സന്ദർശിക്കാൻ നാം നടത്തിയ ശ്രമത്തെ വിലമതിക്കാൻ ഇടയാകുകയോ ചെയ്തേക്കാം. നാം മടങ്ങിച്ചെല്ലുമ്പോൾ അദ്ദേഹം കൂടുതൽ അനുകൂല മനോഭാവം ഉളളവനായിരുന്നേക്കാം.
3 തിരക്കിലായിരുന്ന ഒരാൾക്കു മടക്കസന്ദർശനം നടത്തുമ്പോൾ നിങ്ങൾ ഇപ്രകാരം പറഞ്ഞേക്കാം:
◼“നിങ്ങളെ വീണ്ടും കണ്ടതിൽ സന്തോഷമുണ്ട്. കഴിഞ്ഞ തവണ ഞാൻ ഇവിടെ വന്നപ്പോൾ നിങ്ങൾക്കു സമയം ഇല്ലാഞ്ഞതിനാൽ നമുക്കു സംസാരിക്കാൻ കഴിഞ്ഞില്ല. നിങ്ങൾ തിരക്കുളള ഒരു വ്യക്തിയാണെന്ന് എനിക്കറിയാം, ഞാൻ ചുരുക്കമായി പറയാം. നിങ്ങൾക്കും നിങ്ങൾ സ്നേഹിക്കുന്നവർക്കും നല്ല ആരോഗ്യം ഉണ്ടായിരിക്കുന്നതു സംബന്ധിച്ചു നിങ്ങൾ ചിന്തയുളളവനായിരിക്കാനിടയുണ്ട്. ആകട്ടെ, സകല രോഗവും അവസാനിപ്പിക്കുമെന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതായി നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? അത് അത്ഭുതകരമായിരിക്കുകയില്ലേ? [പ്രതികരണത്തിന് അനുവദിക്കുക.] ‘നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു’ എന്നു പേരുളള ഈ ലഘുപത്രികയുടെ 4-ാം ഖണ്ഡികയിലുളള ആശയം ശ്രദ്ധിക്കുക.” സമയം അനുവദിക്കുന്നപക്ഷം ഖണ്ഡിക വായിക്കുകയും പുതിയ ലോകത്തിലെ അവസ്ഥകളെ വർണിക്കുന്ന 4-ാം പേജിന്റെ അടിഭാഗത്തു കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളിൽ ഒന്നു പരിചിന്തിക്കുകയും ചെയ്യുക. വീട്ടുകാരൻ സ്വീകാര്യക്ഷമതയുളളവനാണെങ്കിൽ, ഒരു ഭവന ബൈബിളധ്യയനം തുടങ്ങാൻ നിങ്ങൾക്കു കഴിഞ്ഞേക്കാം.
4 ഒരു ലഘുലേഖ സ്വീകരിച്ചയാളെ വീണ്ടും സന്ദർശിക്കുമ്പോൾ ഏതാണ്ടിതുപോലെ നിങ്ങൾക്കു പറയാൻ കഴിയും:
◼“കഴിഞ്ഞ പ്രാവശ്യം ഞാൻ നിങ്ങളെ കണ്ടപ്പോൾ യഥാർഥത്തിൽ ആർ ലോകത്തെ ഭരിക്കുന്നു? എന്ന ഈ ലഘുലേഖയുടെ ഒരു പ്രതി നിങ്ങൾ സ്വീകരിച്ചിരുന്നു. സാത്താൻ ഈ ലോകത്തെ ഭരിക്കുന്നു എന്നുളളത് അംഗീകരിക്കാൻ പ്രയാസമുളളതായി നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരണത്തിന് അനുവദിക്കുക.] ആറാം പേജിലെ ഒന്നാമത്തെ ഖണ്ഡിക ശ്രദ്ധിക്കുക.” ഖണ്ഡിക വായിച്ചിട്ട് ഇങ്ങനെ ചോദിക്കുക: “സാത്താൻ നമ്മെ വഞ്ചിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?” വീട്ടുകാരൻ മറുപടി പറഞ്ഞശേഷം മൂന്നാം പേജിലെ നാലാം ഖണ്ഡിക ഒന്നിച്ചു പരിചിന്തിക്കുക. നിങ്ങൾ ഒന്നുകിൽ ലഘുലേഖ പൂർണമായി തുടർന്നു പരിചിന്തിച്ചേക്കാം, അല്ലെങ്കിൽ നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? എന്ന ലഘുപത്രിക പരിചയപ്പെടുത്തിയിട്ട് 18-ാം പേജിലെ ഉപതലക്കെട്ടിൻ കീഴുളള വിവരങ്ങൾ ചർച്ച ചെയ്തേക്കാം.
5 ക്രിയാത്മക മനോഭാവം ഉളളവരായിരിക്കുന്നതിനും, പ്രസംഗവേലയിൽ നാം കണ്ടെത്തുന്നവരുടെ താത്പര്യം പരിമിതമാണെങ്കിൽപ്പോലും അതു പിന്തുടരുന്നതിനും നല്ല കാരണമുണ്ട്. മററുളളവരെക്കുറിച്ചു കരുതൽ പ്രകടമാക്കുന്നതും സത്യം പഠിക്കുന്നതിന് അവരെ സഹായിക്കാൻ പ്രേരിതനായിത്തീരുന്നതും പ്രധാനമാണ്. യഹോവയുടെ സ്ഥാപനം സാഹിത്യവും, മററുളളവരെ തങ്ങളുടെ ആത്മീയ ആവശ്യം സംബന്ധിച്ചു ബോധവാൻമാരാക്കുന്നതിൽ നമ്മെ സഹായിക്കാൻ കഴിയുന്ന നിർദിഷ്ട അവതരണങ്ങളും പ്രദാനം ചെയ്യുന്നു.—മത്താ. 5:3.
6 അൽപ്പമെങ്കിലും താത്പര്യമുളള ഒരാളുമായി നിങ്ങൾ ഒരു നല്ല സംഭാഷണം നടത്തിയെങ്കിൽ, ആ താത്പര്യം നട്ടുവളർത്താൻ മടക്കസന്ദർശനം നടത്താതിരിക്കരുത്. അത് ഒരു ബൈബിളധ്യയനം തുടങ്ങിക്കൊണ്ട് ഒരുവനെ ജീവനിലേക്കുളള പാതയിൽ ആക്കിവെക്കുന്നതിൽ കലാശിച്ചേക്കാം. ജീവരക്ഷാകരമായ ഈ വേലയിൽ ബോധപൂർവം തുടർന്നു പങ്കുപററാൻ ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.—1 തിമൊ. 4:16.