ദിവ്യ ബോധനം ശക്തമായ സ്വാധീനംചെലുത്തുന്നു
1 ദിവ്യനായ, നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിൽനിന്നു പ്രബോധനം സ്വീകരിക്കാൻ നാം എത്ര നന്ദിയുളളവരാണ്! (സങ്കീ. 50:1; യെശ. 30:20) യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിന് ഇന്ന് എല്ലാ ജനതകളിൽനിന്നും ജനതതി നിർമലാരാധനയുടെ പർവതത്തിലേക്ക് ഒഴുകിവരികയാണ്. (മീഖാ 4:2) മാനുഷിക ചിന്തയെയും ലൗകികജ്ഞാനത്തെയും പ്രകീർത്തിക്കുന്ന സ്കൂളുകളിൽ മററു ദശലക്ഷക്കണക്കിനാളുകൾ ചേരുകയാണ്. എന്നാൽ യഹോവയെയും അവിടുത്തെ ലിഖിത വചനത്തെയും അവഗണിക്കുന്നതരം ജ്ഞാനം ദൈവദൃഷ്ടിയിൽ വിഡ്ഢിത്തമാണ്. അതിനാൽ നയിക്കപ്പെടുന്നവർ സുബോധമില്ലാത്തവരുമാണ്.—സങ്കീ. 14:1; 1 കൊരി. 1:25.
2 കഴിഞ്ഞ വർഷത്തിന്റെ അവസാനത്തോടടുത്തു നടന്ന നമ്മുടെ ഡിസ്ട്രിക്ററ് കൺവെൻഷനിൽ ദിവ്യ ബോധനത്തിന്റെ ശക്തിയുടെ അനുപമമായ വിധം നാം അനുഭവിച്ചറിഞ്ഞു. “ദിവ്യ ബോധനം” എന്ന വിഷയം മുഴു പരിപാടിയിലും വ്യാപിച്ചിരുന്നു. ദൈവത്തിന്റെ വചനവും അവിടുത്തെ ആത്മാവും നമ്മെ ഒരു ലോകവ്യാപക സാഹോദര്യവർഗത്തിൽ ഒന്നിപ്പിക്കുന്നു, നമ്മുടെ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നു, ഭൂതങ്ങളുടെ ഉപദേശങ്ങളിൽനിന്നു നമ്മെ സംരക്ഷിക്കുന്നു, മെച്ചപ്പെട്ട ശുശ്രൂഷകരായിരിക്കാൻ നമ്മെ പരിശീലിപ്പിക്കുന്നു എന്നീ സംഗതികൾ നാം പഠിച്ചു. ദിവ്യ ബോധനത്തിൽനിന്നു നിങ്ങൾ എങ്ങനെയാണു വ്യക്തിപരമായി പ്രയോജനം നേടിയിരിക്കുന്നത്?
3 ക്രിസ്തീയ ജീവിതത്തിൻമേലുളള ഫലം: ദിവ്യ ബോധനം നമ്മുടെ മനസ്സാക്ഷിയെ രൂപപ്പെടുത്താൻ സഹായിക്കുന്നു. ഒരു മനസ്സാക്ഷിയോടെയാണ് എല്ലാവരും ജനിക്കുന്നത്. എന്നാൽ നീതിയുടെ മാർഗത്തിലും യഹോവക്കു പ്രസാദകരമായ സേവനത്തിലും നമ്മെ നയിക്കുന്നതിന് അതു പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്. (സങ്കീ. 19:7, 8; റോമ. 2:15) ലോകത്തിലുളള ആളുകൾ തങ്ങളുടെ ചിന്തയെ ദൈവവചനത്തിന് അനുസരണമായി രൂപപ്പെടുത്തിയിട്ടില്ല, അക്കാരണംകൊണ്ടുതന്നെ ശരിയും തെററും സംബന്ധിച്ച് അവർ ആശയക്കുഴപ്പവും അനിശ്ചിതത്വവുമുളളവരാണ്. ധാർമികവും സദാചാരപരവുമായ വിഷയങ്ങൾ സംബന്ധിച്ച തർക്കങ്ങൾ നടക്കാറുണ്ട്, കാരണം ഓരോരുത്തരും സ്വന്തം ദൃഷ്ടിയിൽ ശരിയും തെററും എന്തെന്നു തോന്നുന്നതു ചെയ്യാൻ നിർബന്ധം പിടിക്കുന്നു. ഭൂരിഭാഗമാളുകളും സ്വന്തം ജീവിതഗതി നിശ്ചയിക്കുന്നതിനു സമ്പൂർണ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. യഥാർഥ ജ്ഞാനത്തിന്റെ ഒരേയൊരു ഉറവിടത്തിനു ചെവി കൊടുക്കാൻ അവർ വിസമ്മതിക്കുന്നു. (സങ്കീ. 111:10; യിരെ. 8:9; ദാനീ. 2:21) എന്നാൽ ദിവ്യ ബോധനം നമുക്കുവേണ്ടി അത്തരം പ്രശ്നങ്ങൾ പരിഹരിച്ചിരിക്കുന്നു. നാം ദൈവത്തിന്റെ ഭവനത്തിലുളളവരെന്ന നിലയിൽ ഏകീകൃതമായി നിലകൊളളുന്നു, കാരണം നമ്മെ പഠിപ്പിക്കുന്നത് ദൈവമാണ്. ഒരു നല്ല മനസ്സാക്ഷിയോടെ, നമ്മുടെ ശുശ്രൂഷയിൽ തിരക്കുളളവരായിരുന്നുകൊണ്ട്, ആത്മവിശ്വാസപൂർവം നാം ഭാവിയെ അഭിമുഖീകരിക്കുന്നു.
4 “ഉപദേശത്തിന്റെ ഓരോ കാററി”നെയും ചെറുത്തുനിൽക്കാൻ ദിവ്യ ബോധനം നമ്മെ സഹായിക്കുന്നു. (എഫെ. 4:14) ആളുകളെ കുററം കണ്ടുപിടിക്കുന്നവരും സംശയാലുക്കളും ആക്കുന്ന, സ്വയനിർണയത്തെ പ്രോത്സാഹിപ്പിക്കുന്ന, ധാർമികത്തകർച്ചയിലേക്കു നയിക്കുന്ന തത്ത്വചിന്തയുടെ പഠനം നമ്മെ വശീകരിക്കുന്നില്ല. യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിൽ നാം സന്തോഷമുളളവരാണ്, പലരും അനുഭവിക്കുന്ന ദുഃഖവും ഹൃദയവേദനയും നാം ഒഴിവാക്കുന്നു. യഹോവയുടെ നിയമങ്ങളും ഓർമിപ്പിക്കലുകളും, “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ” എന്നു ‘പിറകിൽനിന്നു പറയുന്ന ഒരു വാക്കു’ പോലെയാണ്.—യെശ. 30:21.
5 നമ്മുടെ യോഗങ്ങളും ശുശ്രൂഷയും: എബ്രായർ 10:23-25-നെ നാം ദൈവത്തിൽനിന്നുളള ഒരു കൽപ്പനയായി വീക്ഷിക്കുന്നു. സഭായോഗങ്ങളിൽവച്ച് നാം യഹോവയാൽ പഠിപ്പിക്കപ്പെടുന്നു. എല്ലായ്പോഴും യോഗങ്ങൾക്കു ഹാജരാകുന്നത് നമ്മുടെ പതിവാണോ, അതോ യോഗത്തിനു ഹാജരാകുന്നത് പ്രാധാന്യം കുറഞ്ഞ ഒരു സംഗതിയായി നാം വീക്ഷിക്കുന്നുവോ? ഒന്നിച്ചു കൂടുന്നത് നമ്മുടെ ആരാധനയുടെ ഒരു ഭാഗമാണെന്ന് ഓർക്കുക. നമ്മുടെ ഇഷ്ടാനുസരണം ചെയ്യാവുന്ന ഒരു കാര്യമായി അതിനെ വീക്ഷിക്കരുത്. യഹോവ നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്ന ആത്മീയ പോഷിപ്പിക്കൽ പരിപാടിയുടെ ഒരു ഭാഗത്തെപോലും അവഗണിക്കാൻ നമുക്കാവില്ല.
6 മോശ ദൈവത്തോട് ഇപ്രകാരം പ്രാർഥിച്ചു: “ഞങ്ങൾ ജ്ഞാനമുളേളാരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.” (സങ്കീ. 90:12) ഇതു നമ്മുടെയും പ്രാർഥനയാണോ? നാം അമൂല്യമായ ഓരോ ദിവസവും വിലമതിക്കുന്നുണ്ടോ? എങ്കിൽ, നമ്മുടെ മഹാ ഉപദേഷ്ടാവായ യഹോവയാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി യോഗ്യമായ ഒരു വിധത്തിൽ ഓരോ ദിവസവും ചെലവഴിച്ചുകൊണ്ടു നാം “ജ്ഞാനമുളേളാരു ഹൃദയം പ്രാപി”ക്കും. അതു ചെയ്യാൻ ദിവ്യ ബോധനം നമ്മെ സഹായിക്കും.