യോഗങ്ങൾക്കു ഹാജരാകൽ—ഗൗരവമുളള ഒരു ഉത്തരവാദിത്വം
1 യോഗങ്ങളിൽ ഹാജരാകുന്നതിനെ എത്ര ഗൗരവത്തോടെയാണു നിങ്ങൾ വീക്ഷിക്കുന്നത്? അതു ചിന്തിപ്പിക്കുന്ന ഒരു ചോദ്യമാണ്, അല്ലേ? നാം യോഗങ്ങളെ വിലമതിക്കുന്നുവെന്നു നമ്മിൽ മിക്കവർക്കും തോന്നുന്നുണ്ടെന്നുളളതിനു സംശയമില്ല. എന്നാൽ അടുത്ത കാലത്തു ചില സഭകളിലെ യോഗഹാജർ കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാരണം എന്തായിരിക്കും? അനാവശ്യമായ ലൗകിക ജോലി, ക്ഷീണം, ഗൃഹജോലി, നിസ്സാരമായ ഒരസുഖം, അല്ലെങ്കിൽ അൽപ്പം മോശമായ കാലാവസ്ഥ എന്നിവ യോഗങ്ങളിൽ ക്രമമായി സംബന്ധിക്കാനുളള നമ്മുടെ കടമയെ തടസ്സപ്പെടുത്താൻ നമ്മിൽ ചിലർ അനുവദിക്കുന്നുണ്ടോ? (ആവ. 31:12) ഇതു തിരുവെഴുത്ത് ആവശ്യപ്പെടുന്ന ഒരു സംഗതി ആയതുകൊണ്ടു പിൻവരുന്ന ചോദ്യത്തിനു നമ്മിൽ ഓരോരുത്തരും പ്രാർഥനാപൂർവകമായ പരിഗണന കൊടുക്കണം. യോഗങ്ങളിൽ ഹാജരാകുന്നതിനെ എത്ര ഗൗരവത്തോടെയാണു ഞാൻ വീക്ഷിക്കുന്നത്?
2 നമ്മുടെ സഹോദരങ്ങളിൽ ചിലർ യോഗങ്ങളിൽ സംബന്ധിക്കാൻ പൊടി നിറഞ്ഞ വഴികളിലൂടെ മണിക്കൂറുകളോളം കാൽനടയാത്ര ചെയ്യുകയും മുതലകൾ നിറഞ്ഞ നദികൾ കുറുകെ കടക്കുകയും ചെയ്യുന്നു. കടുത്ത ആരോഗ്യപ്രശ്നങ്ങൾ, ശാരീരിക ദൗർബല്യങ്ങൾ, ജോലിസ്ഥലത്തെ ഞെരുക്കുന്ന ജോലിഭാരം, അല്ലെങ്കിൽ സ്കൂളിൽ നിർബന്ധമായി ആവശ്യപ്പെടുന്ന നിയമനങ്ങൾ എന്നീ കാര്യങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും ഒരിക്കലും യോഗങ്ങൾ “ഉപേക്ഷിക്കാത്ത” വിശ്വസ്തരായവർ നിങ്ങളുടെ സ്വന്തം സഭയിൽ ഉണ്ടായിരിക്കാം. (ലൂക്കോ. 2:37, NW) യോഗങ്ങളിൽ സംബന്ധിക്കാൻ അവർ ഇത്ര ശ്രമം ചെയ്യുന്നത് എന്തുകൊണ്ടാണ്? കാരണം സമ്മർദപൂരിതമായ ഈ ലോകത്തിലെ വെല്ലുവിളികളെ തങ്ങളുടെ സ്വന്തം ശക്തികൊണ്ട് തരണം ചെയ്യാനാവില്ലെന്ന് അവർക്കറിയാം. ദൈവം പ്രദാനം ചെയ്യുന്ന ശക്തിയിൽ അവർ ആശ്രയിക്കേണ്ടതുണ്ട്.—2 കൊരി. 12:9, 10.
3 ആദിമ ക്രിസ്ത്യാനികൾ വെച്ച മാതൃകയെ നാം ഇന്നു പിൻപററുന്നു, അവർ പ്രാർഥിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും ദൈവവചനം പഠിക്കാനുമായി ക്രമമായി കൂടിവന്നിരുന്നു. (പ്രവൃ. 4:23-30; 11:4-18; കൊലൊ. 4:16) ബൈബിൾ പ്രവചനം, പഠിപ്പിക്കൽ അതുപോലെതന്നെ ദൈവിക നടത്ത, ക്രിസ്തീയ ധാർമിക നിലവാരങ്ങൾ എന്നിവ സംബന്ധിച്ചുളള പ്രബോധനത്തോടൊപ്പം തിരുവെഴുത്തു തത്ത്വങ്ങളുടെ സൂക്ഷ്മമായ ബാധകമാക്കലിലൂടെ ഇപ്പോൾ നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച ബുദ്ധ്യുപദേശവും നമുക്കു ലഭിക്കുന്നു. (1 തിമൊ. 4:8) അതു മാത്രമല്ല, പ്രശ്നങ്ങൾക്കും കഷ്ടപ്പാടിനും ഒരു നാൾ അവസാനമുണ്ടാകുമെന്നുളള നമ്മുടെ പ്രത്യാശയെക്കുറിച്ചും നാം ഓർമിപ്പിക്കപ്പെടുന്നു. ഈ പ്രത്യാശയെ ഓജസ്സുററതാക്കി നിർത്തുന്നത് എത്ര അടിയന്തിരമാണ്.—എബ്രാ. 6:19.
4 യോഗങ്ങളിൽ ഹാജരാകുന്നതിനെ നിങ്ങളുടെ കുടുംബം എത്ര ഗൗരവത്തോടെയാണു വീക്ഷിക്കുന്നത്? ഭക്ഷണസമയവും ലൗകിക ജോലിയും പോലെതന്നെ നിങ്ങളുടെ പട്ടികയിലെ ഒരു ഭാഗമാണോ അതും? യോഗങ്ങളുളള രാത്രികളിൽ യോഗത്തിനു പോകണമോ വേണ്ടയോ എന്നതു സംബന്ധിച്ചു നിങ്ങൾ സംവാദം നടത്തുന്നുവോ? അതോ സഹോദരങ്ങളുമായുളള ക്രമമായ സഹവാസം നിങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം നിർബന്ധമായ ഒരു കാര്യമാണോ? തങ്ങൾ വളരുന്ന പ്രായത്തിലായിരുന്നപ്പോൾ തങ്ങളുടെ മാതാപിതാക്കൾ വെച്ച മാതൃകയെ അനേകം പ്രസാധകരും ഓർക്കുന്നു. “ഡാഡിയെ സംബന്ധിച്ച ഒരു സംഗതി, മുഴുകുടുംബവും യോഗങ്ങൾക്കു പോയെന്ന് അദ്ദേഹം ഉറപ്പുവരുത്തുമായിരുന്നു എന്നതാണ്. ആർക്കെങ്കിലും ഒരാൾക്ക് അസുഖമായാൽ, ആ വ്യക്തിയോടൊപ്പം ഞങ്ങളിലൊരാൾ വീട്ടിൽ കഴിയുമായിരുന്നു, എന്നാൽ ബാക്കിയുളളവർ യോഗത്തിനു പോകുമായിരുന്നു!” എന്ന് ഒരു മൂപ്പൻ താത്പര്യപൂർവം ഓർക്കുന്നു.
5 ഓരോ സഭായോഗത്തിന്റെയും മൂല്യത്തെക്കുറിച്ചു നമ്മുടെ രാജ്യ ശുശ്രൂഷയുടെ വരുംലക്കങ്ങളിൽ ഞങ്ങൾ ചർച്ച ചെയ്യുന്നതാണ്. ഈ ആത്മീയ കരുതലുകളോടുളള വിലമതിപ്പു വർധിപ്പിക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇത്. നിങ്ങളുടെ യോഗഹാജർ കുറേക്കൂടെ ക്രമമുളളതാക്കേണ്ടതുണ്ടെങ്കിൽ നിങ്ങൾക്ക് എന്താണു നഷ്ടമായിക്കൊണ്ടിരിക്കുന്നതെന്നു മനസ്സിലാക്കാൻ ആ ലേഖനങ്ങൾ നിങ്ങളെ സഹായിക്കുമെന്നു ഞങ്ങൾക്കുറപ്പുണ്ട്. യോഗങ്ങൾ നടത്തുന്നവർക്കുളള സഹായകമായ ഓർമിപ്പിക്കലുകളും അതുപോലെതന്നെ യോഗങ്ങൾക്കുവേണ്ടി തയ്യാറാകുമ്പോഴും അവയിൽ പങ്കുപററുമ്പോഴും നമുക്കെല്ലാവർക്കും ബാധകമാക്കാൻ കഴിയുന്ന നിർദേശങ്ങളും അവയിൽ ഉണ്ടായിരിക്കും. നിങ്ങളുടെ യോഗഹാജരിന്റെ രീതിയെക്കുറിച്ച് ഒരു കുടുംബമെന്ന നിലയിൽ ഒന്നിച്ചിരുന്നു നിങ്ങൾക്ക് എന്തുകൊണ്ടു പരിചിന്തിച്ചുകൂടാ? എന്നിട്ട്, നിങ്ങളുടെ പട്ടികയിൽ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തുക. ക്രമമായ യോഗഹാജർ നമ്മുടെ ദിവ്യാധിപത്യ വിദ്യാഭ്യാസത്തിന്റെ ഒരു സുപ്രധാനഭാഗമാണ്, അവയെ വളരെ ഗൗരവത്തോടെ വീക്ഷിക്കേണ്ടതുമാണ്.