ക്രമമുളള ദിനചര്യയിൽ മുന്നേറുന്നതിൽ തുടരുക
1 ഫിലിപ്യയിലെ സഭയോട് അപ്പോസ്തലനായ പൗലോസിന് ഒരു പ്രത്യേക മമതയുണ്ടായിരുന്നു. അപ്പോസ്തലനിലൂടെയായിരുന്നു ആ സഭ രൂപീകൃതമായത്. അവർ ദയാപൂർവം ചെയ്ത ഭൗതിക സഹായങ്ങളെപ്രതി അദ്ദേഹത്തിനു നന്ദിയുണ്ടായിരുന്നു. അവരുടെ നല്ല മാതൃകയെ അദ്ദേഹം പ്രശംസിച്ചു.—2 കൊരി. 8:1-6.
2 ആഴമായ സ്നേഹത്താൽ പ്രേരിതമായിരുന്നു അപ്പോസ്തലന്റെ ഫിലിപ്യർക്കുളള ലേഖനം. ഉൾക്കാഴ്ച [ഇംഗ്ലീഷ്] പുസ്തകം, വാല്യം 2, പേജ് 631-ൽ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “കൂടുതൽ വിവേചന തേടിക്കൊണ്ടും ജീവന്റെ വചനത്തിൻമേൽ ഒരു ഉറപ്പായ പിടി, കൂടുതൽ ശക്തമായ വിശ്വാസം, ലഭിക്കാനുളള പ്രതിഫലത്തിൽ പ്രത്യാശ തേടിക്കൊണ്ടും തങ്ങളുടെ ഉത്തമ നടത്തയിൽ തുടരാൻ ലേഖനത്തിലുടനീളം അദ്ദേഹം ഫിലിപ്യ സഭയെ പ്രോത്സാഹിപ്പിക്കുന്നു.” അവർ ഊഷ്മളതയോടെ പ്രതികരിച്ചു. അങ്ങനെ അവർക്കും അപ്പോസ്തലനും ഇടയിൽ സ്നേഹത്തിലധിഷ്ഠിതമായ ഒരു ഐക്യം വളർന്നുവന്നു. ഇന്നു നമ്മുടെ കാര്യത്തിൽ പൗലോസിന്റെ വാക്കുകൾക്കു പ്രത്യേക അർഥമുണ്ട്. അദ്ദേഹത്തിന്റെ മുന്നറിയിപ്പിനെക്കുറിച്ചു, വിശേഷിച്ച് ഫിലിപ്പിയർ 3:15-17-ൽ പ്രസ്താവിച്ചിരിക്കുന്നതിനെക്കുറിച്ചു ശ്രദ്ധാപൂർവം ധ്യാനിക്കാൻ ഇതു നമുക്കു മതിയായ കാരണം നൽകുന്നു.
3 ഒരു പക്വതയുളള മാനസികഭാവം അത്യാവശ്യം: ഫിലിപ്പിയർ 3:15-ൽ വർഷങ്ങളുടെ അനുഭവസമ്പത്തുളള ഒരു മനുഷ്യൻ എന്നനിലയിലാണ് പൗലോസ് എഴുതിയത്. അവരുടെ ആത്മീയ പുരോഗതിയെ അംഗീകരിച്ച അദ്ദേഹം പക്വതയുളള ക്രിസ്ത്യാനികളെന്ന നിലയിലുളള ശരിയായ മാനസികഭാവത്തിൽ തുടരാൻ അവരോട് ആവശ്യപ്പെട്ടു. യേശു പ്രകടമാക്കിയ താഴ്മയും വിലമതിപ്പും അവരുടെ മാനസികഭാവത്തിൽ പ്രതിഫലിക്കുന്നിടത്തോളം കാലം അവർ ‘ജീവന്റെ വചനം പ്രമാണിച്ചുകൊണ്ട് അനിന്ദ്യരും പരമാർഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളു’മായിരിക്കുന്നതിൽ തുടരുമായിരുന്നു. (ഫിലി. 2:14, 15) നാം ആ വാക്കുകൾ വായിക്കുമ്പോൾ, പൗലോസ് നമ്മോടു സംസാരിക്കുകയാണെന്നു നമുക്കു തോന്നണം. അങ്ങനെ നമ്മുടെ പദവികളോടു താഴ്മയോടുകൂടിയുളള വിലമതിപ്പു പ്രകടമാക്കിക്കൊണ്ട് യേശുവിന് ഉണ്ടായിരുന്ന അതേ മാനസികഭാവം ഉണ്ടാകാൻ നാം ആത്മാർഥമായി ആഗ്രഹിക്കുന്നു. ഇതിനും മററു കാര്യങ്ങൾക്കുമുളള സഹായം അഭ്യർഥിച്ചുകൊണ്ട് നാം പ്രാർഥനയിൽ യഹോവയോടു നിരന്തരം യാചിക്കുന്നു.—ഫിലി. 4:6, 7.
4 ഫിലിപ്പിയർ 3:16 സൂചിപ്പിക്കുന്നതുപോലെ, പുരോഗതി പ്രാപിക്കാൻ നാമെല്ലാവരും പരിശ്രമിക്കണം. പുരോഗതി എന്ന പദത്തിനർഥം “മുന്നോട്ടു നീങ്ങുക, അഭിവൃദ്ധി വരുത്തുക” എന്നൊക്കെയാണ്. പുരോഗതി നേടുന്നവരായ ആളുകൾ “പുതിയ ആശയങ്ങളിലോ കണ്ടെത്തലുകളിലോ അവസരങ്ങളിലോ” താത്പര്യമുളളവരായിരിക്കും. ക്രിസ്ത്യാനിത്വം ഒരിക്കലും വളർച്ച മുരടിച്ചതല്ലെന്നും അതു പ്രസംഗിക്കുന്നവർ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കണമെന്നും ഫിലിപ്യർ മനസ്സിലാക്കണമെന്ന് പൗലോസ് ആഗ്രഹിച്ചു. ആത്മപരിശോധന നടത്തൽ, തങ്ങളുടെ ബലഹീനതകൾ അംഗീകരിക്കൽ, കൂടുതൽ ചെയ്യാനോ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഗുണം മെച്ചപ്പെടുത്താനോ ഉളള അവസരങ്ങൾക്കായി എത്തിപ്പിടിക്കൽ എന്നിവയിലൂടെ പുരോഗതിക്കായുളള അവരുടെ ആവേശം പ്രകടമാകുമായിരുന്നു. ഇന്നു യഹോവയുടെ ഭൗതിക സ്ഥാപനം പുരോഗതി നേടി മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രവർത്തന വ്യാപ്തിയും ദൈവവചനത്തെ സംബന്ധിച്ച അതിന്റെ ഗ്രാഹ്യവും മുമ്പെന്നത്തേക്കാളുമുപരിയായി വർധിച്ചുകൊണ്ടിരിക്കുന്നു. നാം ഓരോരുത്തരും അതിനൊപ്പിച്ചു നീങ്ങണം. അതിനായി അതിന്റെ സകല ക്രമീകരണങ്ങളിൽനിന്നും പ്രയോജനം നേടുകയും അതിന്റെ വേലയിൽ പൂർണമായി പങ്കുപററുകയും വേണം.
5 ക്രമമുളള ദിനചര്യ പുരോഗതിക്കാവശ്യം: “ഇതേ ദിനചര്യയിൽ ക്രമമുളളവരായി നടക്കുന്നതിൽ തുടരാൻ” പൗലോസ് തന്റെ സഹോദരൻമാരോട് ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു. (ഫിലിപ്യർ 3:16, NW) ക്രമമുളളവരായിരിക്കുക എന്നുവെച്ചാൽ അർഥം നാം വ്യക്തികളെയോ വസ്തുക്കളെയോ പരസ്പര ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഉചിതമായ സ്ഥാനത്തു പ്രതിഷ്ഠിക്കണമെന്നും നന്നായി പെരുമാറണമെന്നുമാണ്. യഹോവയുടെ സ്ഥാപനത്തോടും അന്യോന്യവും പററിനിന്നുകൊണ്ട് ഫിലിപ്യയിലെ ക്രിസ്ത്യാനികൾ സ്വയം ഉചിതമായ സ്ഥാനത്തു നിന്നു. സ്നേഹത്തിന്റെ നിയമത്താൽ ഭരിക്കപ്പെടുന്നതായിരുന്നു അവരുടെ ജീവിതം. (യോഹ. 15:17; ഫിലി. 2:1, 2) “സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിൻ” എന്നു പൗലോസ് അവരോട് ആഹ്വാനം ചെയ്തു. (ഫിലി. 1:27) ക്രമവും ഉത്തമ പെരുമാററവും ഇന്നത്തെ ക്രിസ്ത്യാനികൾക്കും ഉണ്ടായിരിക്കണമെന്നത് അതുപോലെതന്നെ പ്രധാനമാണ്.
6 ദിനചര്യ എന്നത് അംഗീകരിക്കപ്പെട്ട ഒരു നടപടിക്രമത്തിന്റെ പതിവായുളള ആചരണമാണ്. അതുകൊണ്ട്, സംഗതികൾ ചെയ്യപ്പെടുന്ന ആചാരമുറയുമായി ഇതിന് അടുത്ത ബന്ധമുണ്ട്. ഒരു ദിനചര്യ ഉണ്ടായിരിക്കുന്നതു നമുക്കു പ്രയോജനമായിരിക്കാം. കാരണം അടുത്തതായി എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ നമുക്കു നിന്നു ചിന്തിക്കേണ്ടിവരില്ല. ശീലമാക്കി പിൻപററിപ്പോരുന്ന ഒരു ക്രമം നാം നേരത്തെതന്നെ നടപ്പാക്കിക്കഴിഞ്ഞു.
7 ആരോഗ്യകരമായ, പ്രയോജനകരമായ, ദൈവഭക്തിയുളള സ്വഭാവങ്ങളും ആചാരരീതികളും ഉൾപ്പെട്ടതാണ് ക്രമമുളള ഒരു ദിവ്യാധിപത്യ ദിനചര്യ. നമ്മെത്തന്നെ ആത്മീയമായി പടുത്തുയർത്തുക, മററുളളവരെ സഹായിക്കുക, സാധ്യമെങ്കിൽ യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യുക എന്നിവയായിരിക്കും അതിന്റെ ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിജയിക്കാൻ വ്യക്തിപരമായ പഠനം, യോഗങ്ങളിൽ ക്രമമായി പങ്കുപററൽ, പ്രസംഗവേലയിൽ പങ്കെടുക്കൽ എന്നിവയുൾപ്പെടുന്ന ഒരു ദിനചര്യ മെനഞ്ഞെടുക്കുന്നതും നിലനിർത്തുന്നതും ആവശ്യമാണ്.
8 ക്രമമുളള ദിനചര്യയിലുൾപ്പെടുന്ന അത്യാവശ്യ ഘടകങ്ങൾ: “സൂക്ഷ്മ പരിജ്ഞാനവും പൂർണമായ വിവേചന”യുമാണ് ഒരു ഘടകം. (ഫിലി. 1:9, NW) വ്യക്തിപരമായ പഠനം നമ്മുടെ വിശ്വാസത്തെ ആഴമുളളതാക്കുന്നു, സത്യത്തോടുളള നമ്മുടെ വിലമതിപ്പിനെ ബലിഷ്ഠമാക്കുന്നു, ഉത്തമ പ്രവൃത്തികൾക്കായി നമ്മെ പ്രചോദിപ്പിക്കുന്നു. എന്നിരുന്നാലും, തങ്ങളുടെ പഠന സ്വഭാവങ്ങളിൽ സ്ഥിരതയുളളവരായിരിക്കാൻ ചിലർക്കു ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. അതിനു പറയുന്ന ഒരു പ്രധാന കാരണം സമയമില്ല എന്നതാണ്.
9 ദിവസേന ബൈബിൾ വായിക്കുന്നതിന്റെ പ്രയോജനം എത്ര പറഞ്ഞാലും അധികമാവില്ല. ഏതുതരത്തിലും “പ്രയോജനമുളള”താണ് അതിന്റെ പ്രബോധനം. (2 തിമൊഥെയൊസ് 3:16, 17) നമ്മുടെ ദിനചര്യയിൽ ബൈബിൾ പഠനത്തിനുളള സമയം നമുക്കെങ്ങനെ കണ്ടെത്താനാവും? ദിവസേന രാവിലെ ഏതാനും മിനിററുകൾ നേരത്തെ എഴുന്നേററുകൊണ്ട് അതു ചെയ്യാനാകുമെന്ന് ചിലർ മനസ്സിലാക്കിയിരിക്കുന്നു. അപ്പോൾ മനസ്സ് ഉൻമേഷപൂരിതമായിരിക്കും. രാത്രി കിടക്കുന്നതിനുമുമ്പ് ഏതാനും മിനിററുകൾ വായിക്കുന്നതാണ് നല്ലതെന്നു മററു ചിലർക്കു തോന്നുന്നു. പകൽസമയം വീട്ടിൽത്തന്നെ ചെലവഴിക്കുന്ന ഭാര്യമാർക്കാണെങ്കിൽ, ഉച്ചകഴിഞ്ഞുളള സമയം, ജോലിയിൽനിന്നോ സ്കൂളിൽനിന്നോ മററംഗങ്ങൾ തിരിച്ചുവരുന്നതിനുമുമ്പുളള സമയം, ഉപയോഗിക്കാം. സാധാരണ ബൈബിൾ വായനയ്ക്കു പുറമേ, ചിലർ വാരംതോറുമുളള തങ്ങളുടെ പതിവു വായനയിൽ പ്രഘോഷകർ പുസ്തകവും ഉൾപ്പെടുത്തിയിട്ടുണ്ട്.
10 നാം പുതിയ സ്വഭാവങ്ങൾ ശീലിക്കുമ്പോൾ, അവ നമ്മുടെ മുൻ സ്വഭാവങ്ങൾക്കു വിരുദ്ധമാകാനുളള സാധ്യതയുണ്ട്. മുമ്പൊക്കെ അനാവശ്യ പ്രവർത്തനങ്ങൾക്കുവേണ്ടി നമുക്കു ലഭിക്കുന്ന സമയം ചെലവിടാൻ നാം ചായ്വുളളവരായിരുന്നിരിക്കാം. ആ ശീലത്തിൽനിന്നു കുതറിമാറുക എളുപ്പമല്ല. നമ്മുടെ പഠന സ്വഭാവങ്ങളെക്കുറിച്ച് ആരും നമ്മോടു കൽപ്പിക്കാൻ പോകുന്നില്ല. ഈ കാര്യത്തിൽ നാം എന്തു ചെയ്യുന്നു എന്നു നാം കണക്കുബോധിപ്പിക്കേണ്ടതുമില്ല. നമ്മുടെ പഠന സ്വഭാവങ്ങളുടെ സ്ഥിരത ഏറിയപങ്കും ആശ്രയിച്ചിരിക്കുന്നത് “കൂടുതൽ പ്രാധാന്യമുളള സംഗതികളോ”ടുളള നമ്മുടെ വിലമതിപ്പിൻമേലും “അനുയോജ്യ സമയം” വിലയ്ക്കു വാങ്ങാനുളള നമ്മുടെ മനസ്സൊരുക്കത്തിൻമേലുമാണ്.—ഫിലി. 1:10; എഫേ. 5:16, NW.
11 ആവശ്യമായ പ്രബോധനവും പ്രോത്സാഹനവും നൽകിക്കൊണ്ട് ക്രിസ്തീയ യോഗങ്ങൾ നമ്മുടെ ആത്മീയ പുരോഗതിയിൽ മർമപ്രധാനമായ പങ്കു വഹിക്കുന്നു. അതുകൊണ്ട്, നമ്മുടെ ക്രമമുളള ദിനചര്യയുടെ മറെറാരു അനിവാര്യ ഭാഗമാണു യോഗങ്ങൾക്കുളള ഹാജരാകൽ. ഇതിന്റെ പ്രാധാന്യം പൗലോസ് ഊന്നിപ്പറയുകയുണ്ടായി. നമ്മുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്യാവുന്ന ഒന്നല്ല അത്.—എബ്രാ. 10:24, 25.
12 നമ്മുടെ വാരംതോറുമുളള പ്രവർത്തന പട്ടിക ആസൂത്രണം ചെയ്യുമ്പോൾ നമുക്കെങ്ങനെയാണു ക്രമം കാട്ടാനാവുക? ചിലർ വ്യക്തിപരമായ കാര്യങ്ങൾ ചെയ്യാനായി പ്രത്യേക സമയം ക്രമീകരിക്കുന്നു. എന്നിട്ട് ശേഷിക്കുന്ന സമയം യോഗങ്ങൾക്കായി മാററിവെക്കുന്നു. എന്നാൽ അത് നേരേമറിച്ചായിരിക്കണം. നമ്മുടെ വാരംതോറുമുളള യോഗങ്ങൾക്കാണു മുൻഗണന ലഭിക്കേണ്ടത്. മററുളള പ്രവർത്തനങ്ങൾ അതിനു പിന്നാലെയായിരിക്കണം.
13 ക്രമമായി യോഗങ്ങൾക്കു ഹാജരാകണമെങ്കിൽ നല്ല ആസൂത്രണവും കുടുംബ സഹകരണവും ആവശ്യമാണ്. ഇടദിവസങ്ങളിൽ നമ്മിൽ മിക്കവർക്കും നല്ല തിരക്കുപിടിച്ച പട്ടികയാണുളളത്. അതുകൊണ്ടുതന്നെ സമയമുണ്ടാക്കുകയെന്നാൽ വലിയ ബുദ്ധിമുട്ടാണുതാനും. അപ്പോൾ ഇതിനർഥം, സാധ്യമാകുമെങ്കിൽ വൈകുന്നേരത്തെ ഭക്ഷണം കുറച്ചു നേരത്തെയാക്കണം. അങ്ങനെയാവുമ്പോൾ, ഭക്ഷണം കഴിക്കാനും ഒരുങ്ങാനും യോഗങ്ങൾ ആരംഭിക്കുന്നതിനുമുമ്പുതന്നെ എത്തിച്ചേരാനും ആവശ്യത്തിനു സമയം ലഭിക്കും. ഇക്കാര്യത്തിൽ കുടുംബാംഗങ്ങൾക്കു പലവിധത്തിൽ സഹകരിക്കാൻ കഴിയും.
14 ക്രമമുളള ദിനചര്യയിൽ മുന്നേറുന്നതിൽ തുടരണമെങ്കിൽ, ക്രമമായ വയൽസേവനം ഒഴിവാക്കാൻ പാടില്ല. രാജ്യസന്ദേശം പ്രസംഗിക്കാനുളള നമ്മുടെ ഭാരിച്ച ഉത്തരവാദിത്വം നാമെല്ലാവരും തിരിച്ചറിയുന്നുണ്ട്. നമ്മെ യഹോവയുടെ സാക്ഷികളാക്കിത്തീർക്കുന്നത് ഈ സംഗതിയാണ്. (യെശ. 43:10) അത് ഇന്നു നടക്കുന്ന ഏററവും അടിയന്തിരവും പ്രയോജനകരവുമായ വേലയായതുകൊണ്ട്, അതിനെ നമ്മുടെ ദിനചര്യയുടെ ഒരു യാദൃച്ഛിക ഭാഗമായി വീക്ഷിക്കാൻ യാതൊരു കാരണവശാലും കഴിയില്ല. പൗലോസ് അനുശാസിക്കുന്നതുപോലെ, “ദൈവത്തിന് അവന്റെ നാമത്തെ ഏററുപറയുന്ന അധരഫലമെന്ന സ്തോത്രയാഗം നമുക്ക് എല്ലായ്പോഴും അർപ്പിക്കാം.”—എബ്രാ. 13:15, NW.
15 ഓരോ ആഴ്ചയിലും നാം നമ്മുടെ പ്രവർത്തനം ആസൂത്രണം ചെയ്യുമ്പോൾ വയൽസേവനത്തിനായി പ്രത്യേക സമയം മാററിവെക്കണം. ഓരോ ആഴ്ചയിലും സഭ പല വയൽസേവനയോഗങ്ങൾ ക്രമീകരിച്ചിരിക്കാനിടയുണ്ട്. ഏതിലെല്ലാം പങ്കെടുക്കാൻ സാധിക്കുമെന്നു നാം തീരുമാനിക്കുകയേ വേണ്ടൂ. മാസികകളും മററു സാഹിത്യങ്ങളും സഹിതം വീടുതോറുമുളള വേല, മടക്കസന്ദർശനങ്ങൾ നടത്തൽ, ബൈബിളധ്യയനങ്ങൾ നിർവഹിക്കൽ എന്നിങ്ങനെ സേവനത്തിന്റെ ഓരോ വശത്തും പങ്കുപററാൻ ശ്രമിക്കുന്നതു നല്ലതാണ്. സാഹിത്യങ്ങൾ കയ്യിലേന്തി സംഭാഷണം ആരംഭിക്കാനുളള അവസരങ്ങൾക്കായി തക്കം നോക്കിയിരുന്നുകൊണ്ട് അനൗപചാരിക സാക്ഷീകരണം നടത്താൻ നാം മുന്നമേതന്നെ പരിപാടിയിടുകപോലും ചെയ്തേക്കാം. സാധാരണഗതിയിൽ നാം മററുളളവരോടൊപ്പം പോകുന്നതുകൊണ്ട്, നാം അവരുടെ പട്ടിക എപ്രകാരമാണെന്ന് അന്വേഷിക്കണം. അങ്ങനെ രണ്ടു കൂട്ടർക്കും സൗകര്യപ്രദമായ ക്രമീകരണം നടത്താൻ നമുക്കാവും.
16 പ്രദേശത്തു വിപ്രതിപത്തിയുണ്ടെങ്കിലും നമ്മുടെ പ്രസംഗ ദിനചര്യ നിലനിർത്തിയേ തീരൂ. വളരെ കുറച്ച് ആളുകളേ അനുകൂലമായി പ്രതികരിക്കുകയുളളൂവെന്നു നമുക്കു മുന്നമേതന്നെ അറിയാം. (മത്തായി 13:15; 24:9) ‘മത്സരികളും മയമില്ലാത്തവരും കഠിനഹൃദയരുമായി’രുന്ന ആളുകളോടു പ്രസംഗിക്കാനാണ് എസെക്കിയേൽ നിയുക്തനായത്. ‘അവരുടെ നെററി കഠിനമായിരിക്കുന്നതുപോലെതന്നെ അവന്റെ നെററിയെ തീക്കല്ലിനെക്കാൾ കടുപ്പമുളള വജ്രംപോലെ’യാക്കുന്നതിനു സഹായിക്കാമെന്നു യഹോവ എസെക്കിയേലിനോടു വാഗ്ദാനം ചെയ്തു. (എസെ. 2:3, 4; 3:7-9, NW) അതുകൊണ്ട്, സേവനം ക്രമമായി നടത്താൻ സ്ഥിരോത്സാഹം ആവശ്യമാണ്.
17 അനുകരിക്കാൻ നല്ല മാതൃകകൾ: നേതൃത്വമെടുക്കാൻ ആരെങ്കിലുമുളളപ്പോൾ നാമെല്ലാം വയൽസേവനം ഏറെ നന്നായി നിർവഹിക്കുന്നു. പൗലോസും കൂട്ടരും ഒരു നല്ല മാതൃക വെച്ചു. തന്നെ അനുകരിക്കാൻ അദ്ദേഹം മററുളളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (ഫിലി. 3:17) ആത്മീയമായി സ്വയം ബലിഷ്ഠനായി നിൽക്കാൻ അത്യാവശ്യമായ എല്ലാ ഘടകങ്ങളും അദ്ദേഹത്തിന്റെ ദിനചര്യയിൽ ഉൾപ്പെട്ടിരുന്നു.
18 ഇന്നു നല്ല മാതൃകകളാൽ നാമും അനുഗൃഹീതരാണ്. “നിങ്ങളോടു ദൈവവചനം പ്രസംഗിച്ചവരായി നിങ്ങളുടെ ഇടയിൽ നേതൃത്വം എടുക്കുന്നവരെ ഓർത്തുകൊൾക, അവരുടെ നടത്ത എങ്ങനെ പരിണമിക്കുന്നുവെന്ന് വിചിന്തനം ചെയ്യുമ്പോൾ അവരുടെ വിശ്വാസത്തെ അനുകരിക്കുക” [NW] എന്നു പൗലോസ് എബ്രായർ 13:7-ലൂടെ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. തീർച്ചയായും ക്രിസ്തുവാണു നമ്മുടെ മാതൃക. എങ്കിലും നേതൃത്വമെടുക്കുന്നവരുടെ വിശ്വാസം നമുക്ക് അനുകരിക്കാം. പൗലോസിനെപ്പോലെ, മൂപ്പൻമാർ മററുളളവർക്കു നല്ല മാതൃകകളായിരിക്കേണ്ട ആവശ്യത്തെക്കുറിച്ച് ബോധവാൻമാരായിരിക്കണം. അവരുടെ വ്യക്തിപരമായ സാഹചര്യങ്ങൾക്കു വ്യത്യാസമുണ്ടായേക്കാമെങ്കിലും രാജ്യതാത്പര്യങ്ങളെ ഒന്നാം സ്ഥാനത്തു വെക്കുന്ന ക്രമമുളള ഒരു ദിനചര്യ താൻ നിലനിർത്തുന്നുവെന്നു പ്രകടിപ്പിക്കാൻ ഓരോരുത്തർക്കും കഴിയണം. ലൗകികവും കുടുംബപരവുമായ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നാലും വ്യക്തിപരമായ പഠനം, യോഗങ്ങളിൽ പങ്കുപററൽ, വയൽസേവനത്തിൽ നേതൃത്വമെടുക്കൽ എന്നിവയിൽ ചെയ്തു തഴക്കംവന്ന ശീലങ്ങൾ മൂപ്പൻമാർക്കുണ്ടായിരിക്കണം. മൂപ്പൻമാർ ‘തങ്ങളുടെ കുടുംബത്തിനുമേൽ നന്നായി മേൽവിചാരണ നടത്തുന്ന’വരാണെന്ന് തെളിവു കൊടുക്കുമ്പോൾ, ക്രമമുളള ദിനചര്യയിൽ പ്രവർത്തിച്ചുകൊണ്ടേയിരിക്കാൻ അതു സഭയിലെ സകലർക്കും പ്രോത്സാഹനമാകും.—1 തിമോ. 3:4, 5, NW.
19 പുതിയ സേവനവർഷത്തേക്കുളള ലാക്കുകൾ: നമ്മുടെ വ്യക്തിപരമായ ദിനചര്യയെക്കുറിച്ചു വിചിന്തനം ചെയ്യാൻ പററിയ സമയമാണു പുതിയ സേവനവർഷത്തിന്റെ ആരംഭം. കഴിഞ്ഞ വർഷത്തെ നമ്മുടെ പ്രവർത്തനത്തിന്റെ പുനരവലോകനം എന്താണു പ്രകടമാക്കുന്നത്? നമ്മുടെ പ്രവർത്തനത്തിന്റെ അളവു നിലനിർത്താനോ സാധ്യമെങ്കിൽ വർധിപ്പിക്കാനോ കഴിഞ്ഞുവോ? വ്യക്തിപരമായ പഠനത്തിൽ നാം കൂടുതൽ ആഴത്തിൽ മുഴുകിയിരിക്കാം. കൂടുതൽ ക്രമമായി നാം യോഗങ്ങളിൽ പങ്കെടുത്തിരിക്കാം, അല്ലെങ്കിൽ സഹായ പയനിയറായി പേർ ചാർത്തിക്കൊണ്ട് വയൽസേവനം വർധിപ്പിച്ചിരിക്കാം. നമ്മുടെ സഭയിലോ കുടുംബത്തിലോ മററുളളവർക്കുവേണ്ടി നാം ചെയ്തുകൊടുത്ത ചില സവിശേഷ കാരുണ്യപ്രവർത്തനങ്ങൾ ചൂണ്ടിപ്പറയാൻ നമുക്കു കഴിഞ്ഞേക്കാം. അങ്ങനെയെങ്കിൽ, ദൈവത്തെ പ്രീതിപ്പെടുത്തുന്ന വഴിയിൽ നാം നടന്നുവെന്ന് ആഹ്ലാദിക്കാനുളള വക നമുക്കുണ്ട്. അതു “കൂടുതൽ തികവിൽ ചെയ്തുകൊണ്ടിരിക്കാൻ” നമുക്കു മതിയായ കാരണമുണ്ട്.—1 തെസ. 4:1, NW.
20 നമ്മുടെ ദിനചര്യ സ്ഥിരതയില്ലാത്തത്, അല്ലെങ്കിൽ വല്ലപ്പോഴുമുളളത് ആയിരുന്നെങ്കിലോ? നമ്മുടെ ആത്മീയതയെ അത് എങ്ങനെ ബാധിച്ചു? എന്തെങ്കിലും കാരണത്താൽ നമ്മുടെ പുരോഗതി തടസ്സപ്പെട്ടുവോ? യഹോവയുടെ സഹായത്തിനുളള യാചനയോടെയാണു പുരോഗതി ആരംഭിക്കുന്നത്. (ഫിലി. 4:6, 13) കുടുംബത്തിലെ മററുളളവരുമായി നിങ്ങളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുക. നിങ്ങളുടെ ദിനചര്യയിൽപ്പെടുന്ന കാര്യങ്ങൾ ക്രമീകരിക്കാൻ അവരുടെ സഹായം അഭ്യർഥിക്കുക. നിങ്ങൾക്കു വല്ല പ്രശ്നങ്ങളുമുണ്ടെങ്കിൽ മൂപ്പൻമാരുടെ സഹായം തേടുക. നാം ആത്മാർഥമായ ശ്രമം ചെയ്ത് യഹോവയുടെ നിർദേശത്തോടു പ്രതികരിക്കുന്നെങ്കിൽ, നാം “നിഷ്ക്രിയരോ ഫലശൂന്യരോ ആകുന്നത്” ഒഴിവാക്കുമെന്ന് നമുക്ക് ഉറപ്പാക്കാവുന്നതാണ്.—2 പത്രോസ് 1:5-8, NW.
21 ക്രമമുളള ദിനചര്യയിൽ നടക്കുന്നതു നിങ്ങളുടെ പ്രവർത്തനങ്ങളെ സാരവത്താക്കുന്ന അനുഗ്രഹങ്ങൾ കൈവരുത്തും. ക്രമമുളള ദിനചര്യയിൽ മുന്നേറാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്യുമ്പോൾ “പ്രവർത്തനത്തിൽ മാന്ദ്യം കാണിക്കരുത്. ആത്മാവിനാൽ ജ്വലിക്കുക. യഹോവയെ ശുശ്രൂഷിക്കുവിൻ.” (റോമ. 12:11, NW) ഈ വിഷയത്തെക്കുറിച്ചു കൂടുതൽ വിശദമായി അറിയാൻ 1985 മേയ് 1 വീക്ഷാഗോപുരം [ഇംഗ്ലീഷ്] പേജ് 13-17 കാണുക.