നിങ്ങൾ ഏതു തരത്തിലുളള ആത്മാവാണു പ്രകടമാക്കുന്നത്?
1 ഫിലിപ്യ സഭയ്ക്കുളള തന്റെ കത്ത് പൗലോസ് ഈ ഉദ്ബോധനത്തോടെ ഉപസംഹരിച്ചു: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.” (ഫിലി. 4:23) സുവാർത്ത പ്രസംഗിക്കുന്നതിലെ അവരുടെ യഥാർഥ താത്പര്യത്തെയും അതുപോലെതന്നെ മററുളളവരുടെ നൻമയിലുളള ഊഷ്മളവും സ്നേഹപൂർവകവുമായ കരുതലിനെയും അവൻ അഭിനന്ദിച്ചു.—ഫിലി. 1:3-5; 4:15, 16.
2 നമ്മുടെ സഭയിൽ അതേ ആത്മാവു പ്രകടിപ്പിക്കുക എന്നുളളതു നമ്മുടെ ആഗ്രഹമായിരിക്കണം. എല്ലാവരും തീക്ഷ്ണതയും ദയയും അതിഥിസത്കാരപ്രിയവും കാണിക്കുമ്പോൾ, നിരീക്ഷകർക്കു വ്യക്തമായിത്തീരുന്ന ഒരു ആത്മാവ് അതു സൃഷ്ടിക്കുന്നു. ക്രിയാത്മകവും സ്നേഹപുരസ്സരവുമായ ആത്മാവ് ഐക്യവും ആത്മീയ പുരോഗതിയും കൈവരുത്തുന്നു. (1 കൊരി. 1:10) ഒരു നിഷേധാത്മക മനോഭാവം നിരുത്സാഹവും ഊർജസ്വലതയില്ലായ്മയും ഉളവാക്കുന്നു.—വെളി. 3:15, 16.
3 മൂപ്പൻമാർ നേതൃത്വം എടുക്കുന്നു: ഒരു നല്ല, ക്രിയാത്മകമായ ആത്മാവ് തങ്ങളിൽത്തന്നെയും സഭയ്ക്കുളളിലും നിലനിർത്തുന്നതിനുളള ഉത്തരവാദിത്വം മൂപ്പൻമാർക്കുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവരുടെ മനോഭാവത്തിനും നടത്തയ്ക്കും സഭയെ സ്വാധീനിക്കാൻ കഴിയും. വയൽസേവനത്തിൽ തീക്ഷ്ണതയുളളവരും, ഊഷ്മളമായ പുഞ്ചിരിയോടും ദയാപൂർവകമായ വാക്കോടും കൂടെ നമ്മെ അഭിവാദനം ചെയ്യുന്ന, വ്യക്തിപരമായോ പ്ലാററ്ഫോമിൽനിന്നോ ബുദ്ധ്യുപദേശം കൊടുക്കുന്നതിൽ ക്രിയാത്മകരും കെട്ടുപണിചെയ്യുന്നവരും ആയ മൂപ്പൻമാരുളളതിൽ നാം വിലമതിപ്പുളളവരാണ്.—എബ്രാ. 13:7.
4 സഭ സൗഹൃദമുളളതും അതിഥിസത്കാര പ്രിയമുളളതും തീക്ഷ്ണതയുളളതും ആത്മീയ മനഃസ്ഥിതിയുളളതും ആക്കിത്തീർക്കുന്നതിൽ തീർച്ചയായും നാമെല്ലാവരും നമ്മുടെ പങ്കുവഹിക്കണം. വ്യക്തിപരമായി നമുക്ക് മററുളളവരുമായുളള സഹവാസത്തിൽ ഊഷ്മളതയും സ്നേഹവും പ്രകടമാക്കാൻ കഴിയും. (1 കൊരി. 16:14) പ്രായം, വർഗം, വിദ്യാഭ്യാസം അല്ലെങ്കിൽ സാമ്പത്തിക സ്ഥിതി എന്നിവയിൽ ഒരു തിരിച്ചുവ്യത്യാസവും നമ്മുടെയിടയിൽ ഉണ്ടായിരിക്കരുത്. (താരതമ്യം ചെയ്യുക: എഫെസ്യർ 2:21.) നമ്മുടെ പ്രത്യാശ നിമിത്തം നമുക്കു സന്തോഷത്തിന്റെ ആത്മാവും ഉദാരമായ ആതിഥ്യോപചാരവും ശുശ്രൂഷയിൽ തീക്ഷ്ണതയും പ്രകടമാക്കാൻ കഴിയും.—റോമ. 12:13; കൊലൊ. 3:22, 23.
5 പുതിയവർ ഉൾപ്പെടെ, നമ്മോടൊപ്പം സഹവസിക്കുന്ന എല്ലാവർക്കും സ്വാഗതം ചെയ്യപ്പെടുന്നതായി അനുഭവപ്പെടുന്നതിനു പുറമേ സഹോദരവർഗത്തിന്റെ സ്നേഹവും ഭക്തിയും കൂടെ അനുഭവപ്പെടണം. നമ്മുടെ ശുശ്രൂഷയാലും നല്ല ക്രിസ്തീയ ഗുണങ്ങൾ പ്രകടമാക്കുന്നതിനാലും സഭ “സത്യത്തിന്റെ തൂണും അടിസ്ഥാനവു”മാണെന്നു നാം തെളിവു കൊടുക്കുകയാണു ചെയ്യുന്നത്. (1 തിമൊ. 3:15) നമ്മുടെ ഹൃദയത്തെയും മാനസിക ശക്തികളെയും സംരക്ഷിക്കുന്ന “ദൈവസമാധാന”ത്താൽ നാം ആത്മീയ സുരക്ഷിതത്വം ആസ്വദിക്കുകയും ചെയ്യുന്നു. (ഫിലി. 4:6, 7) കർത്താവായ യേശുക്രിസ്തുവിലൂടെയുളള യഹോവയുടെ അനർഹദയ ആസ്വദിക്കുമെന്ന് ഉറപ്പാക്കുന്ന തരം ആത്മാവു പ്രകടിപ്പിക്കുന്നതിൽ നമുക്കെല്ലാം ശുഷ്കാന്തിയോടെ പരിശ്രമിക്കാം.—2 തിമൊ. 4:22.