ഡിസ്ട്രിക്റ്റ് കൺവെൻഷനിലെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിൽ എല്ലാവരും പുളകിതരായി പുതിയ പുസ്തകം ദൈവപരിജ്ഞാനത്തെ വിശേഷവൽക്കരിക്കുന്നു
1 “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിലെ മുഴു പരിപാടികളിലും നാം എത്രമാത്രം ആഹ്ലാദിച്ചു! ശനിയാഴ്ച ഉച്ചതിരിഞ്ഞ്, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുതിയ പുസ്തകത്തെ സംബന്ധിച്ചുള്ള അറിയിപ്പും പിന്നാലെ അതുമായി ബന്ധപ്പെട്ട വിവരങ്ങളും കേട്ടപ്പോൾ നമ്മുടെ സന്തോഷം കവിഞ്ഞൊഴുകി. ദൈവത്തെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള, ദൈവത്തിനു മാത്രം നൽകാൻ കഴിയുന്ന പരിജ്ഞാനം ഭൂമിയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ആവശ്യമാണ്.—സദൃ. 2:1-6; യോഹ. 17:3
2 ഈ പുസ്തകത്തിന്റെ ഭാഗങ്ങൾ പ്രസംഗകൻ എത്ര വ്യക്തമായി വിവരിച്ചു! ശ്രദ്ധപിടിച്ചുപറ്റുന്ന തലക്കെട്ടുകൾ, പ്രായോഗിക ദൃഷ്ടാന്തങ്ങൾ, സത്യത്തിന്റെ ക്രിയാത്മകമായ അവതരണം, സങ്കീർണമല്ലാത്ത ചോദ്യങ്ങൾ, ഓരോ അധ്യായത്തിന്റെയും അവസാനമുള്ള “നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക” എന്ന ചതുരം എന്നിവ ഇതു വായിക്കുന്ന എല്ലാവരെയും ആകർഷിക്കുന്ന സവിശേഷതകളിൽ പെട്ടവയാണ്. എന്നാൽ നമ്മുടെ ബൈബിൾ വിദ്യാർഥികൾ ബൈബിൾ പഠിപ്പിക്കലുകൾ സംബന്ധിച്ചുള്ള മൗലികതത്ത്വങ്ങൾ ത്വരിതഗതിയിൽ ആർജിക്കവേ വിശേഷാൽ പ്രയോജനമനുഭവിക്കും.
3 ശനിയാഴ്ചത്തെയും ഞായറാഴ്ചത്തെയും സമാപന പ്രസംഗങ്ങളിൽ, ഈ പുതിയ പുസ്തകം കുടുംബാധ്യയനത്തിന് ഉപയോഗിക്കാൻ നാം പ്രോത്സാഹിപ്പിക്കപ്പെട്ടു. സാധ്യതയനുസരിച്ചു നാം ഇപ്പോഴേക്കും ഇതിന്റെ ഉള്ളടക്കവുമായി പരിചയത്തിലായിട്ടുണ്ടാവും. ഈ പുതിയ പുസ്തകം വയലിൽ സമർപ്പിക്കുമ്പോൾ മനസ്സിൽ പിടിക്കേണ്ട ആശയങ്ങൾ നിങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നുള്ളതിലും സംശയമില്ല.
4 പുനരവലോകനത്തിനുള്ള ആശയങ്ങൾ: “മനുഷ്യവർഗത്തിന് എന്തുകൊണ്ടാണ് ദൈവ പരിജ്ഞാനം ആവശ്യമായിരിക്കുന്നത്” എന്ന വിഷയം അവതരിപ്പിച്ചപ്പോൾ പ്രസംഗകൻ ഊന്നിപ്പറഞ്ഞ അനേക ആശയങ്ങൾ നിങ്ങൾ ഓർക്കുന്നുണ്ടാവും. പിൻവരുന്നവ അവയിൽ ഉൾപ്പെടുന്നു: (1) ബൈബിൾ അധ്യയനങ്ങൾ നടത്താൻ നിങ്ങൾ ഈ പുസ്തകം ഉപയോഗിക്കുമ്പോൾ പ്രധാന ആശയങ്ങളെ മൂടിക്കളയുന്ന അനുബന്ധ വിഷയങ്ങൾ ഉൾപ്പെടുത്തുന്നതു ജ്ഞാനമല്ല, ഓരോ അധ്യായത്തിലും ഈ പുസ്തകം തെളിയിക്കുന്നതു മാത്രം കൈമാറുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുക. (2) അധ്യായങ്ങൾ മിതമായ ദൈർഘ്യം ഉള്ളവയായതിനാൽ സാധാരണഗതിയിൽ ഓരോ പ്രാവശ്യവും പഠിക്കുമ്പോൾ ഓരോന്നു വീതം പൂർത്തീകരിക്കുവാൻ നിങ്ങൾക്കു കഴിയും. (3) ഓരോ അധ്യായത്തിന്റെയും അവസാനമുള്ള “നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക” എന്ന ശീർഷകമുള്ള ചതുരത്തിലെ ചോദ്യങ്ങൾ സംക്ഷിപ്തമായ ഒരു പുനരവലോകനം പ്രദാനം ചെയ്യും.
5 ബൈബിളധ്യയനങ്ങളിലെ ഉപയോഗം: തങ്ങളുടെ ബൈബിളധ്യയനങ്ങൾ ഈ പുതിയ പുസ്തകത്തിലേക്കു മാറ്റുന്നത് ഉചിതമാണോ എന്നു ചുരുക്കം ചില പ്രസാധകർ അന്വേഷിച്ചിട്ടുണ്ട്. ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ നല്ലൊരു ഭാഗം നിങ്ങൾ പിന്നിട്ടിട്ടുണ്ടെങ്കിൽ, ആ പ്രസിദ്ധീകരണത്തിന്റെ പഠനം പൂർത്തിയാക്കുന്നതു പ്രായോഗികമായിരിക്കും. അങ്ങനെയല്ലെങ്കിൽ, പരിജ്ഞാനം പുസ്തകത്തിലേക്കു മാറാൻ ശുപാർശചെയ്യപ്പെടുന്നു. ബൈബിളധ്യയനം ആരംഭിക്കാൻ നിങ്ങൾ ഒരു ലഘുപത്രികയോ ഒരു ട്രാക്റ്റോ ആണ് ഉപയോഗിച്ചതെങ്കിൽ പുതിയ പുസ്തകം ഉചിതമായ സമയത്തു പരിചയപ്പെടുത്തുകയും അധ്യയനത്തിനായി ഉപയോഗിക്കുകയും ചെയ്യുക. പരിജ്ഞാനം പുസ്തകത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുന്ന മാസങ്ങളിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും.
6 നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനത്തെക്കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കാൻ നമ്മെ സഹായിക്കുന്നതിനു യഹോവ ഈ പുതിയ പുസ്തകം പ്രദാനം ചെയ്തിരിക്കുന്നു. ഇപ്പോൾ നാം നന്നായി തയ്യാറാകേണ്ടതുണ്ട്, മാത്രമല്ല ഇനിയും ശേഷിക്കുന്ന വേലയിൽ ഒരു പൂർണ പങ്കു നമുക്ക് ഉണ്ടായിരിക്കുകയും വേണം.