ജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം സമ്പാദിക്കാൻ മറ്റുള്ളവരെ സഹായിക്കുക
1 ‘അവൻ (ദൈവം) സകലമനുഷ്യരും. . .സത്യത്തിന്റെ പരിജ്ഞാനത്തിലെത്താൻ ഇച്ഛിക്കുന്നു’ എന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിച്ചു. (1 തിമോ. 2:4) ആ പരിജ്ഞാനം ഉൾക്കൊള്ളാൻ മറ്റുള്ളവരെ നമുക്കെങ്ങനെ സഹായിക്കാൻ കഴിയും? നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകത്താൽ താത്പര്യം ഉണർത്തപ്പെട്ടവർക്കു മടക്ക സന്ദർശങ്ങൾ നടത്തുന്നതാണ് ഒരു മാർഗം. ഈ പ്രസിദ്ധീകരണം വ്യക്തവും ലളിതവും നന്നായി തിരഞ്ഞെടുത്തതുമായ പദങ്ങളിലൂടെ ബൈബിൾസത്യം അവതരിപ്പിക്കുന്നു. എല്ലാ തരത്തിലുമുള്ള ആളുകൾക്കും ഇതിന്റെ പഠനത്തിലൂടെ ജീവനിലേക്കു നയിക്കപ്പെടാൻ കഴിയും. നമ്മോടൊത്ത് ഇതു പഠിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി നമുക്കെന്തു പറയാൻ കഴിയും?
2 ഒരു പ്രായോഗിക സഹായി എന്നനിലയിൽ ബൈബിളിനെ നിങ്ങൾ പരിചയപ്പെടുത്തിയിട്ടുള്ളവരുടെ അടുത്തേക്ക് ഒരു അധ്യയനം വാഗ്ദാനം ചെയ്യുന്നതിനായി മടങ്ങിപ്പോകാൻ കഴിയും, ഒരുപക്ഷേ ഇങ്ങനെ പറഞ്ഞുകൊണ്ട്:
◼“മാർഗദർശനത്തിന്റെ ഒരു പ്രായോഗിക ഉറവെന്നനിലയിൽ നമുക്ക് എന്തുകൊണ്ടു ബൈബിളിനെ ആശ്രയിക്കാൻ കഴിയുമെന്നു മുമ്പു ഞാൻ ഇവിടെ വന്നപ്പോൾ നാം ചർച്ചചെയ്യുകയുണ്ടായി. ബൈബിൾ ദൈവനിശ്വസ്തമാണെന്ന് അത് അവകാശപ്പെടുന്നു. ആയതിനാൽ, അതിന്റെ ഒരു എഴുത്തുകാരൻ പ്രസ്താവിച്ചതുപോലെ അത് ആശ്വാസത്തിന്റെയും പ്രത്യാശയുടെയും സുനിശ്ചിത ഉറവാണ്. [റോമർ 15:4 വായിക്കുക.] നമ്മുടെ സംഭാഷണത്തിന്റെ ഒടുവിൽ, ബൈബിളിൽ അടങ്ങിയിരിക്കുന്ന പരിജ്ഞാനത്തിൽനിന്നു വ്യക്തിപരമായി നമുക്കെങ്ങനെ പ്രയോജനം നേടാൻ കഴിയും? എന്ന ചോദ്യം ഞാൻ ഉന്നയിച്ചിരുന്നു.” പരിജ്ഞാനം പുസ്തകത്തിന്റെ 11-ാം പേജിലെ 18-ാം ഖണ്ഡിക വായിക്കുക. എല്ലായിടത്തുമുള്ള ആളുകളെ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം ഉൾക്കൊള്ളുന്നതിനു സഹായിച്ചുകൊണ്ടു യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ഏതാണ്ട് അഞ്ചു ദശലക്ഷം ബൈബിൾ അധ്യയനങ്ങൾ നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടുക. അധ്യയനം എങ്ങനെ നടത്തുന്നുവെന്നതിന്റെ ഒരു ഹ്രസ്വ പ്രകടനം വാഗ്ദാനം ചെയ്യുക. എന്നിട്ട് ഒന്നാം അധ്യായത്തിന്റെ ആദ്യത്തെ അഞ്ചു ഖണ്ഡികകൾ അതിനായി ഉപയോഗിക്കുക.
3 നിങ്ങൾ ആദ്യം ചർച്ചചെയ്ത വിഷയം പ്രാർഥന ആയിരുന്നുവെങ്കിൽ, ഒരു ബൈബിളധ്യയനം തുടങ്ങാനുള്ള ശ്രമത്തിൽ ഈ സമീപനം നിങ്ങൾക്കു പരീക്ഷിക്കാവുന്നതാണ്:
◼“നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകത്തിൽനിന്നു പ്രാർഥനയെ കുറിച്ചു നമ്മൾ ചർച്ചചെയ്ത വിവരം താങ്കൾ ആസ്വദിച്ചുവെന്നു ഞാൻ വിചാരിക്കുന്നു. ദൈവത്തോടു പ്രാർഥിക്കുന്നവർക്ക് എങ്ങനെ അവനെ ശ്രദ്ധിക്കാൻ കഴിയുമെന്നു നിങ്ങളുമൊത്തു പരിചിന്തിക്കാൻ മടങ്ങിവരാമെന്നു ഞാൻ വാഗ്ദാനം ചെയ്തിരുന്നു. 158-ാം പേജിൽ പ്രസ്താവിച്ചിരിക്കുന്നത് എന്താണെന്നു ശ്രദ്ധിക്കുക. [18-ാം ഖണ്ഡിക വായിക്കുക.] അങ്ങനെ, വ്യക്തിപരമായി ബൈബിൾ പഠിക്കുന്നതിനാൽ നാം ദൈവത്തിനു നമ്മോടു പറയാനുള്ളതു ശ്രദ്ധിക്കുകയാണ്. അതു ചെയ്യുന്നതു നമ്മെ ദൈവത്തോട് അടുപ്പിക്കുകയും നാം പ്രാർഥിക്കുന്ന അനുദിന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളോടൊപ്പം ബൈബിൾ പഠിക്കാൻ എനിക്കു സന്തോഷമുണ്ട്.” വ്യക്തിക്കു സമ്മതമാണെങ്കിൽ, പരിജ്ഞാനം പുസ്തകത്തിന്റെ ആദ്യ അധ്യായം മുതൽ ആരംഭിക്കുക.
4 അധ്യയനം ആരംഭിക്കുന്നതിനു നേരിട്ടുള്ള സമീപനമാണ് നിങ്ങൾ ഉപയോഗിച്ചതെങ്കിൽ ആദ്യ ചർച്ചയെ പിന്തുടരുന്നതിനു നിങ്ങൾക്കിങ്ങനെ പറയാവുന്നതാണ്:
◼“ഞങ്ങളുടെ സൗജന്യ ബൈബിളധ്യയന പരിപാടിയെക്കുറിച്ചു നിങ്ങളോടു കൂടുതൽ പറയാൻ ആഗ്രഹിച്ചതുകൊണ്ടു വീണ്ടും നിങ്ങളെ സന്ദർശിക്കുന്നതിനു ഞാൻ ഒരു പ്രത്യേക ശ്രമം നടത്തി. പഠനസഹായിയായി ഞങ്ങൾ ഉപയോഗിക്കുന്ന നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന ഈ പുസ്തകത്തിന്റെ ഒരു പ്രതി ഞാൻ നിങ്ങൾക്കു നൽകിയിരുന്നു. ദൈവവചനം പരിചിന്തിക്കാൻ ഇതു നമ്മെ പ്രോത്സാഹിപ്പിക്കുന്നതെങ്ങനെയെന്നു ശ്രദ്ധിക്കുക. [22-ാം പേജിലെ 23-ാം ഖണ്ഡിക വായിക്കുക.] നിങ്ങളുടെ കോപ്പി കൊണ്ടുവരാമെങ്കിൽ നമുക്ക് ഒരുപക്ഷേ കഴിഞ്ഞ പ്രാവശ്യം നിറുത്തിയിടത്തുനിന്നു തടർന്നു പഠിക്കാൻ കഴിയും.” പ്രഥമ സന്ദർശനത്തിൽ അധ്യയനം ആരംഭിച്ചിരുന്നില്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാം: “ഞങ്ങൾ ബൈബിൾ പഠിക്കുന്നത് എങ്ങനെയാണെന്നു പ്രകടിപ്പിക്കാൻ ഒരുപക്ഷേ പറ്റിയ സമയമായിരിക്കാം ഇത്.” ഏതാനും ഖണ്ഡികകൾ പരിചിന്തിച്ചശേഷം അടുത്ത അധ്യയനത്തിനായി മടങ്ങിച്ചെല്ലുന്നതിന് ഒരു സുനിശ്ചിത സമയം ക്രമീകരിക്കുക.
5 പരിജ്ഞാനം പുസ്തകം ഫലപ്രദമായി ഉപയോഗിക്കുന്നതു മറ്റുള്ളവരുടെ അനുഗ്രഹത്തിനായി സൂക്ഷ്മപരിജ്ഞാനം വ്യാപിപ്പിക്കാൻ നമ്മെ പ്രാപ്തരാക്കും. (സദൃ. 15:7) അത്തരം പരിജ്ഞാനം നേരായ ഹൃദയമുള്ളവർക്ക് ആനന്ദം കൈവരുത്തും. യഹോവയുടെ നീതിയോടു യോജിപ്പിൽ ജീവിക്കുന്നതിന് അത് അവർക്കൊരു ശക്തമായ പ്രചോദനമായിരിക്കും, അത് ആത്യന്തികമായി നിത്യജീവനിലേക്കും നയിക്കുന്നു.