1996-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽനിന്നു പ്രയോജനം നേടുക—ഭാഗം 2
1 1943-ൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ തുടങ്ങി ഏറെ താമസിയാതെ, സൊസൈറ്റിയുടെ ബ്രാഞ്ചുകളിലൊന്ന് ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “തങ്ങൾ ഒരിക്കലും പരസ്യപ്രസംഗകരാകില്ല എന്നു വിചാരിച്ചിരുന്ന അനേകരെ സ്റ്റേജിൽ വളരെ കാര്യക്ഷമതയുള്ളവരായിത്തീരുന്നതിനും വയലിൽ കൂടുതൽ ഫലപ്രദരായിത്തീരുന്നതിനും സഹായിക്കുന്നതിൽ ഈ അത്യുത്തമ ക്രമീകരണം ഹ്രസ്വകാലംകൊണ്ടു വിജയം നേടിയിരിക്കുന്നു.” നമുക്കെല്ലാവർക്കും ആവശ്യമായിരിക്കുന്ന അതിവിശിഷ്ടമായ പരിശീലനം ഈ സ്കൂൾ തുടർന്നും പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നു.
2 ബൈബിൾ വായന: പ്രസംഗനിയമനം കിട്ടുന്നവർ മാത്രമല്ല സ്കൂളിൽനിന്നു പ്രയോജനം നേടുന്നത്. വാസ്തവത്തിൽ നമുക്കെല്ലാം ഒരു നിയമനമുണ്ട്—പ്രതിവാര ബൈബിൾ വായന. ഓരോ വാരവും ബൈബിളിലെ ഏതൊക്കെ അധ്യായങ്ങളാണു വായിക്കേണ്ടതെന്നു സ്കൂൾ പട്ടിക കാണിക്കുന്നു. ബൈബിൾ ദൈനംദിനം വായിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന തിരുവെഴുത്തുപരമായ ഓർമിപ്പിക്കലുകൾ ധാരാളമുണ്ട്. (യോശു. 1:8; സങ്കീ. 1:2; പ്രവൃ. 17:11) നല്ല ആത്മീയ ആരോഗ്യത്തിനു ബൈബിൾ വായന അത്യാവശ്യമാണ്; അതു മനസ്സിനെയും ഹൃദയത്തെയും പോഷിപ്പിക്കുന്നു. ദിവസവും അഞ്ചു മിനിറ്റ് എങ്കിലും നാം ബൈബിൾ വായിക്കുന്നെങ്കിൽ നമുക്കു സ്കൂൾ ബൈബിൾ വായനാ പട്ടിക പിൻപറ്റാൻ കഴിയും. വർഷാവസാനമാകുമ്പോഴേക്കും നാം ദൈവവചനത്തിലെ 150-ലധികം അധ്യായങ്ങൾ വായിച്ചു കഴിഞ്ഞിരിക്കും. കൈയെത്താവുന്നപോലെ നാം ഒരു ബൈബിൾ വെക്കുന്നെങ്കിൽ ദിവസവും അതിൽനിന്നു കുറച്ചെങ്കിലും വായിക്കാൻ നമുക്കു കഴിയും.
3 പ്രബോധന പ്രസംഗം: വിശ്വസ്തതയോടെയുള്ള തീക്ഷ്ണമായ സേവനത്തിനു സഹോദരങ്ങളെ പ്രേരിപ്പിക്കുന്നതിനു, പ്രബോധന പ്രസംഗം നടത്തുന്ന സഹോദരൻ നല്ല പഠിപ്പിക്കൽ രീതികൾ ഉപയോഗിക്കുകയും ഗ്രാഹ്യം പ്രദാനം ചെയ്യുകയും യഹോവയോടും അവന്റെ വചനത്തോടും അവന്റെ സ്ഥാപനത്തോടുമുള്ള വിലമതിപ്പു കെട്ടുപണിചെയ്യുകയും വേണം. മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും, നന്നായി തയ്യാറാകുന്നതിനാലും പ്രസംഗം പ്രതിപാദ്യവിഷയത്തിൽ കേന്ദ്രീകരിക്കുന്നതിനാലും ബോധ്യത്തോടെ സംസാരിക്കുന്നതിനാലും വിവരങ്ങൾ സജീവമാക്കുന്നതിനാലും ഇതു നിർവഹിക്കാവുന്നതാണ്. (എബ്രാ. 4:12) പ്രസംഗകൻ തനിക്കു നിയമിക്കപ്പെട്ടിരിക്കുന്ന സമയം കടന്നുപോകാതിരിക്കുന്നതു പ്രധാനമാണ്. “നിശ്വസ്തം” പുസ്തകം ബൈബിൾ വാക്യങ്ങളാൽ നിറഞ്ഞിരിക്കുന്നു, നമുക്ക് ആത്മീയമായി പ്രയോജനം ചെയ്യുന്ന പ്രചോദനാത്മകമായ തിരുവെഴുത്തു വിവരങ്ങളുടെ ഒരു നിരതന്നെ അത് അവതരിപ്പിക്കുകയും ചെയ്യുന്നു. പ്രഘോഷകർ പുസ്തകത്തിൽ യഹോവയുടെ ദൃശ്യസ്ഥാപനത്തിന്റെ ആധുനിക ചരിത്രം ഉൾക്കൊള്ളുന്നു. വിശ്വാസവും തീക്ഷ്ണതയും ഭക്തിയും സ്നേഹവും പ്രകടമാക്കിയ യഥാർഥ ആളുകളുടെ ജീവിതത്തിലെ സംഭവങ്ങളും അതു വിവരിക്കുന്നു. നമ്മുടെ ദിവ്യാധിപത്യ പൈതൃകത്തെക്കുറിച്ചും ആധുനിക കാലത്തു യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ച വിധത്തെക്കുറിച്ചും ധാരാളം പഠിക്കാനുണ്ട്. യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ച് ആഴമായ ഉൾക്കാഴ്ച സമ്പാദിക്കുന്നതിനും ബൈബിൾ തത്ത്വങ്ങൾ വ്യക്തിപരമായി ബാധകമാക്കുന്നതിനും നമ്മെ സഹായിക്കാൻ ആരാധനയിൽ ഏകീകൃതർ പുസ്തകം സഹായിക്കുന്നു.
4 ബൈബിൾ സവിശേഷാശയങ്ങൾ: ഈ നിയമനം ലഭിക്കുന്ന സഹോദരൻമാർ സഭയുടെ പ്രയോജനത്തിനുവേണ്ടി പ്രായോഗികമായ വിധത്തിൽ ബാധകമാക്കാവുന്ന പ്രത്യേക വാക്യങ്ങൾ തിരഞ്ഞെടുക്കണം. ഇതു നിയമിത അധ്യായങ്ങൾ വായിക്കുന്നതും അവയെക്കുറിച്ചു ധ്യാനിക്കുന്നതും തിരഞ്ഞെടുത്ത വാക്യങ്ങളുടെ അർഥം വ്യക്തമാക്കുന്ന ആശയങ്ങൾ കണ്ടുപിടിക്കുന്നതിന് അവയെക്കുറിച്ചു ഗവേഷണം ചെയ്യുന്നതും ആവശ്യമാക്കുന്നു. വാച്ച് ടവർ പ്രസിദ്ധീകരണ സൂചികയുടെ അവസാനം “തിരുവെഴുത്തു സൂചിക” ഉണ്ട്. പ്രത്യേക ബൈബിൾ വാക്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ കണ്ടുപിടിക്കുന്നതിന് അതു സഹായകമാണ്. ഈ ഭാഗം കൈകാര്യം ചെയ്യുന്ന സഹോദരൻമാർ വിവേചനയുള്ളവരായിരിക്കണം, അപ്രസക്തമായ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നത് ഒഴിവാക്കണം. ആറു മിനിറ്റുകൊണ്ടു ന്യായമായി അവതരിപ്പിക്കാവുന്നതിൽ കൂടുതൽ വിവരങ്ങൾ തയ്യാറാകരുത്.
5 നമുക്കെല്ലാവർക്കും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽനിന്നു പ്രയോജനം നേടാവുന്നതാണ്. നമ്മുടെ പ്രസംഗ, പഠിപ്പിക്കൽ പ്രാപ്തി മെച്ചപ്പെടുത്തുന്നതിന് അതു സഹായിക്കുന്നു. ഈ കരുതലിൽനിന്നു പരമാവധി പ്രയോജനം നേടുന്നത് നമ്മുടെ “അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമാ”ക്കാൻ തീർച്ചയായും നമ്മെ സഹായിക്കും.—1 തിമൊ. 4:15.