തയ്യാറാകൽ—വിജയത്തിനുള്ള താക്കോൽ
1 ശുശ്രൂഷക്കുവേണ്ടി നേരത്തെ തയ്യാറാകുന്നതു വയൽ സേവനത്തിൽ പങ്കുപറ്റുന്നതിനെക്കുറിച്ച് ഒരുവനു തോന്നിയേക്കാവുന്ന ഏതു സന്ദേഹവും തരണംചെയ്യാൻ സഹായിക്കും. വാതിലുകളെ സമീപിക്കുമ്പോൾ വീട്ടുകാരനോട് എന്താണു നിങ്ങൾ പറയേണ്ടതെന്നു നിങ്ങൾ അറിഞ്ഞിരിക്കും. നേരിട്ടേക്കാവുന്ന വെല്ലുവിളികളെക്കുറിച്ചു നിങ്ങൾക്ക് ആശങ്ക ഉണ്ടായിരിക്കേണ്ടതില്ല. ശുശ്രൂഷയിൽ നല്ലൊരു ശ്രമം നടത്തിയെന്നു നിങ്ങൾക്ക് അറിയാവുന്നതിനാൽ സേവനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങിപ്പോരുമ്പോൾ പ്രോത്സാഹിപ്പിക്കപ്പെട്ടതായി നിങ്ങൾക്കു തോന്നും. അതേ, നമ്മുടെ പ്രസംഗ-പഠിപ്പിക്കൽ പ്രാപ്തികൾക്കു മൂർച്ചകൂട്ടാനുള്ള താക്കോൽ ആണ് കൂലങ്കഷമായ തയ്യാറാകൽ.
2 “സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാ”ക്കാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് പൗലോസ് തയ്യാറാകലിനെ ഊന്നിപ്പറഞ്ഞു. (എഫേ. 6:15) നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ഒരുക്കുന്നതും ഒരു ക്രിയാത്മക വീക്ഷണവും മനസ്സൊരുക്കവും ആർജിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. മറ്റുള്ളവരുമായി സത്യം പങ്കുവയ്ക്കാൻ നാം തയ്യാറായിരിക്കുമ്പോൾ, നമ്മെ സന്തുഷ്ടരാക്കുന്ന രാജ്യ ഫലത്താൽ നമ്മുടെ വേലക്കു പ്രതിഫലം ലഭിക്കും.—പ്രവൃ. 20:35.
3 പ്രസംഗ വേലക്കായി എങ്ങനെ തയ്യാറാകാം: സൗകര്യപ്രദമെന്നു നാം വിചാരിക്കുന്ന ഒരു അവതരണം തിരഞ്ഞെടുക്കുക. ഒരുപക്ഷേ ന്യായവാദം പുസ്തകത്തിൽ നിർദേശിച്ചിരിക്കുന്നവയിൽനിന്നോ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അവസാന പേജിൽ കാണുന്നവയിൽനിന്നോ തിരഞ്ഞെടുക്കാം. നിങ്ങളുടെ പ്രധാന ആശയം എടുത്തുകാട്ടുന്നതിന് ഏതു പദങ്ങൾക്ക് അല്ലെങ്കിൽ പദസമുച്ചയത്തിന് ഊന്നൽ നൽകുമെന്നു തീരുമാനിച്ചുകൊണ്ടു നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന തിരുവെഴുത്തിനു ശ്രദ്ധാപൂർവകമായ ചിന്തനൽകുക. അവതരണം കാണാപ്പാഠം പഠിക്കേണ്ടതില്ല. മറിച്ച്, ആശയം മനസ്സിൽ പിടിക്കുക, എന്നിട്ടു നിങ്ങളുടെ സ്വന്തം വാക്കുകളിൽ, വീട്ടുകാരന് ആകർഷകമായിരിക്കുമെന്നു നിങ്ങൾ വിചാരിക്കുന്ന വിധത്തിൽ അതു പ്രകടിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്.
4 നിങ്ങൾ സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രസിദ്ധീകരണം പരിശോധിച്ചു രസകരമായ ഏതാനും സംസാര ആശയങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ പ്രദേശത്തെ ആളുകൾക്കു രസകരമായിരിക്കുമെന്നു നിങ്ങൾ വിചാരിക്കുന്ന എന്തെങ്കിലും തിരഞ്ഞെടുക്കുക. പുരുഷൻ, സ്ത്രീ, പ്രായമുള്ളയാൾ, ചെറുപ്പക്കാരൻ എന്നിങ്ങനെയുള്ള വ്യത്യസ്ത വീട്ടുകാർക്കായി നിങ്ങളുടെ അവതരണം എങ്ങനെ ക്രമപ്പെടുത്താമെന്നതിനും ശ്രദ്ധ നൽകുക.
5 നിങ്ങൾ പരിശീലനയോഗം നടത്തിനോക്കിയിട്ടുണ്ടോ? ഏത് അവതരണമായിരിക്കും ഫലപ്രദം എന്നു ചർച്ചചെയ്യാൻ നിങ്ങളുടെ കുടുബാംഗങ്ങളുമായോ മറ്റു പ്രസാധകരുമായോ ഒന്നിച്ചു കൂടുക. എന്നിട്ട്, എല്ലാവരുടെയും മനസ്സിൽ അവ നന്നായി പതിയേണ്ടതിന് ഉച്ചത്തിൽ പരിശീലിക്കുക. യഥാർഥ സാഹചര്യങ്ങളെയും നിങ്ങളുടെ പ്രദേശത്തു നേരിടേണ്ടി വന്നേക്കാവുന്ന എതിർപ്പുകളെയും അനുകരിക്കാൻ ശ്രമിക്കുക. ഇത്തരത്തിലുള്ള പരിശീലനം നിങ്ങളുടെ സംസാരത്തിലെ ഒഴുക്കു മെച്ചപ്പെടുത്തുകയും പ്രസംഗത്തിലെ ഫലപ്രദത്വം വർധിപ്പിക്കുകയും നിങ്ങളുടെ ആത്മവിശ്വാസം കെട്ടുപണി ചെയ്യുകയും ചെയ്യും.
6 അവതരണം തയ്യാറാകുന്നതിനും പരിശീലിക്കുന്നതിനും പുറമെ, ‘ഞാൻ ധരിക്കാൻ ഉദ്ദേശിക്കുന്ന വസ്ത്രം ശുശ്രൂഷക്കു യോജിച്ചതാണോ? ഞാൻ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന സാഹിത്യമുൾപ്പെടെ എനിക്കാവശ്യമുള്ളതെല്ലാം എന്റെ ബാഗിൽ ഉണ്ടോ? അതു നല്ല അവസ്ഥയിലാണോ? എനിക്ക് എന്റെ ന്യായവാദം പുസ്തകവും ലഘുലേഖകളും വീടുതോറുമുള്ള രേഖകളും പേനയും ഉണ്ടോ?’ എന്നു നിങ്ങൾ നിങ്ങളോടുതന്നെ ചോദിക്കണം. മുൻകൂട്ടിയുള്ള ചിന്താപൂർവകമായ ആസൂത്രണം സേവനത്തിൽ കൂടുതൽ ഉത്പാദനക്ഷമമായ ഒരു ദിവസം സംഭാവനചെയ്യും.
7 നമ്മെത്തന്നെ ഒരുക്കുന്നതിനു നമുക്കു കഴിയുന്നതിന്റെ പരമാവധി ചെയ്തശേഷം, വിജയപ്രദരായിരിക്കാൻ നമ്മെ സഹായിക്കുന്നതിനു യഹോവയുടെ ആത്മാവിനായി നാം പ്രാർഥിക്കണം. (1 യോഹ. 5:14, 15) നമ്മുടെ “ശുശ്രൂഷ നിറപടിയായി നിവർത്തിക്ക”വേ തയ്യാറാകലിനു സൂക്ഷ്മശ്രദ്ധ നൽകുന്നത് വേലയിൽ കൂടുതലായ സന്തോഷം കണ്ടെത്തുന്നതിൽ കലാശിക്കും.—2 തിമൊ. 4:5.