ബൈബിൾ പ്രത്യാശയും മാർഗനിർദേശവും പ്രദാനം ചെയ്യുന്നു
1 “ഭൂമിയിലെ സന്തുഷ്ടി—അത് അല്പകാലത്തേക്കുപോലും ആസ്വദിക്കുക സാധ്യമാണെന്നു തോന്നുകയില്ല. രോഗവും വാർധക്യവും വിശപ്പും കുററകൃത്യവും മിക്കപ്പോഴും ജീവിതത്തെ ദുരിതപൂർണമാക്കുന്നു—ഇവ ചുരുക്കം ചില പ്രശ്നങ്ങൾ മാത്രമാണ്. അതുകൊണ്ട്, ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിനെക്കുറിച്ചുള്ള സംസാരം സത്യം സംബന്ധിച്ചു കണ്ണടച്ചുകളയലാണെന്നു നിങ്ങൾ പറഞ്ഞേക്കാം. അതിനെക്കുറിച്ചു സംസാരിക്കുന്നതു സമയത്തിന്റെ പാഴാക്കലാണെന്ന്, എന്നേക്കുമുള്ള ജീവിതം വെറുമൊരു സ്വപ്നമാണെന്ന്, നിങ്ങൾ വിചാരിച്ചേക്കാം.”
2 നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം ആരംഭിക്കുന്നത് ഇങ്ങനെയാണ്. പതിന്നാലു വർഷം മുമ്പു പ്രസ്തുത പുസ്തകം പ്രസിദ്ധീകരിച്ചപ്പോഴത്തെക്കാൾ അതിന്റെ മുഖവുര ഇന്നു കൂടുതൽ പ്രസക്തമാണ്. ബൈബിൾ മാർഗനിർദേശം തരുന്നുവെന്നും തങ്ങളെ ഭാരപ്പെടുത്തുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നുവെന്നും ആളുകൾ അറിയേണ്ടതുണ്ട്. എന്നേക്കും ജീവിക്കാൻ പുസ്തകം നൽകികൊണ്ട് ആളുകളെ സഹായിക്കാനായിരിക്കും നാം ഡിസംബറിൽ പരിശ്രമിക്കുന്നത്. ഒരു വ്യക്തിക്കു കേവലം സാഹിത്യം നൽകിയിട്ടുപോരുന്നത് അയാൾ രാജ്യപ്രത്യാശ സ്വീകരിക്കുമെന്നതിനു തീർച്ചയായും യാതൊരു ഉറപ്പും നൽകുന്നില്ല. ബൈബിളധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തിൽ നാം മടക്കസന്ദർശനങ്ങൾ നടത്തണം. നാം അപ്രകാരം ശ്രമം ചെലുത്തുന്നുവെങ്കിൽ സഹായം ലഭിക്കുമെന്ന ഉറപ്പുണ്ട്. (മത്താ. 28:19, 20) അനുയോജ്യമായ ചില അവതരണങ്ങൾ ഇവിടെ നൽകിയിരിക്കുന്നു:
3 പ്രായമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടുന്നെങ്കിൽ ഈ സമീപനം പരീക്ഷിച്ചുനോക്കാവുന്നതാണ്:
◼“ഞാൻ ഒന്നു ചോദിച്ചോട്ടെ: നിങ്ങളുടെ ചെറുപ്പകാലത്ത്, സമൂഹത്തിലെ ആളുകൾ പരസ്പരം പെരുമാറിയിരുന്നതെങ്ങനെയാണ്? [പ്രതികരിക്കാൻ അനുവദിക്കുക.] കാര്യങ്ങൾ ഇപ്പോൾ വളരെയേറെ വ്യത്യസ്തമാണ്, അല്ലേ? പ്രസ്തുത മാറ്റത്തിന്റെ കാരണം എന്താണെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] നാം വാസ്തവത്തിൽ ബൈബിളിലെ ഒരു പ്രവചനത്തിന്റെ നിവൃത്തി കാണുകയാണ്. [2 തിമൊഥെയൊസ് 3:1-5 വായിക്കുക.] ഇന്നത്തെ ലോകത്തിന്റെ അവസ്ഥയെ കൃത്യമായി വിവരിക്കുന്നതിനു പുറമേ, ബൈബിൾ സമീപ ഭാവിയിൽ ഒരു മെച്ചപ്പെട്ട ലോകം വാഗ്ദാനം ചെയ്യുന്നു. ബൈബിളിലെ വളരെയേറെ പ്രവചനങ്ങൾ നിവൃത്തിയേറിയിരിക്കുന്ന സ്ഥിതിക്ക്, ഭാവി സംബന്ധിച്ച് അതു പറയുന്നതും സത്യമായിത്തീരുമെന്ന വിശ്വാസം നമുക്കുണ്ട്. ബൈബിളിൽ നൽകിയിരിക്കുന്ന അത്തരമൊരു വാഗ്ദാനം ദൈവത്തിന്റെ മാർഗനിർദേശത്തിൻ കീഴിലുള്ള ഒരു ലോകഗവൺമെൻറിനെക്കുറിച്ചുള്ളതാണ്.” എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 122-ാം പേജെടുത്ത് 2-ാം ഖണ്ഡിക വായിക്കുക. ഭാവി സംബന്ധിച്ചു ബൈബിൾ എന്തു പ്രത്യാശയാണ് വെച്ചുനീട്ടുന്നതെന്നു പഠിക്കാൻ കഴിയേണ്ടതിനു പുസ്തകം വാങ്ങാൻ വീട്ടുകാരനെ പ്രോത്സാഹിപ്പിക്കുക.
4 നിങ്ങൾ “എന്നേക്കും ജീവിക്കാൻ” പുസ്തകം നൽകിയ പ്രായമുള്ള ഒരു വ്യക്തിക്കു മടക്കസന്ദർശനം നടത്തുമ്പോൾ ഇങ്ങനെ പറയാവുന്നതാണ്:
◼“ഏതാനും വർഷം മുമ്പത്തെ ലോകത്തിന്റെ അവസ്ഥയോടു താരതമ്യപ്പെടുത്തുമ്പോൾ ആധുനിക സമൂഹം അനേക വിധങ്ങളിൽ കൂടുതൽ വഷളായിരിക്കുന്നുവെന്നു കഴിഞ്ഞ തവണ സംസാരിച്ചപ്പോൾ നാം സമ്മതിച്ചു. എന്നാൽ, ഭാവിയിലെ വളരെ മെച്ചപ്പെട്ട ഒരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ബൈബിൾ പ്രതിപാദിക്കുന്നുവെന്നു നിങ്ങൾക്കു കാണിച്ചുതരുന്നതിനാണു ഞാൻ മടങ്ങിവന്നിരിക്കുന്നത്. [വെളിപ്പാടു 21:3, 4 വായിക്കുക.] മെച്ചപ്പെട്ട അവസ്ഥകളിൽ ജീവിക്കാൻ നാമെല്ലാം ആഗ്രഹിക്കുന്നതിനാൽ, ഈ വിഷയത്തെക്കുറിച്ചു ബൈബിളിനു മറ്റെന്തൊക്കെയാണു പറയാനുള്ളതെന്നു നാം പരിശോധിക്കണം.” എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 19-ാം അധ്യായം തുറന്ന് 1 മുതൽ 3 വരെയുള്ള ഖണ്ഡികൾ വായിക്കുക. ഒരു സൗജന്യ ബൈബിളധ്യയനം വാഗ്ദാനം ചെയ്യുക.
5 ഒരു ചെറുപ്പക്കാരനുമായി നിങ്ങൾ സംഭാഷണത്തിൽ ഏർപ്പെടുന്നെങ്കിൽ, ഇങ്ങനെ പറയാവുന്നതാണ്:
◼“നിങ്ങളോട് ഒരു ചോദ്യം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ഒരു ചെറുപ്പക്കാരനെന്ന നിലയിൽ, ഭാവിയെ സംബന്ധിച്ചു ശുഭാപ്തിവിശ്വാസമുണ്ടായിരിക്കാൻ കാരണമുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നുവോ? ഭാവിയെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] സന്തോഷകരമെന്നു പറയട്ടെ, ഭാവിയെക്കുറിച്ചു ശുഭാപ്തിവിശ്വാസമുണ്ടായിരിക്കാൻ യഥാർഥ കാരണമുണ്ട്. [സങ്കീർത്തനം 37:10, 11 വായിക്കുക.] ബൈബിളിനെയും അതിന്റെ ഉള്ളടക്കത്തെയും സംബന്ധിച്ച് ആളുകൾക്കു വിഭിന്ന അഭിപ്രായങ്ങൾ ഉള്ളതിനാൽ, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന ഈ പുസ്തകം ഞങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. ബൈബിൾ പറയുന്നതു വിശ്വസിക്കുന്നതിന് ഇതു നമുക്കു നൽകുന്ന ന്യായങ്ങൾ ശ്രദ്ധിക്കുക. [56-ാം പേജിലെ 27-ാം ഖണ്ഡികയുടെ ആദ്യത്തെ മൂന്നു വാചകങ്ങളും 28-ാം ഖണ്ഡിക മുഴുവനും വായിക്കുക.] ബൈബിൾ പറയുന്നതിൽ വിശ്വാസം അർപ്പിക്കാമെന്നു നമുക്കു ബോധ്യമായാൽ, ഭാവിയെക്കുറിച്ചു നമുക്ക് ഒരു സുനിശ്ചിത പ്രത്യാശ കൈവരുന്നു. ഈ പുസ്തകത്തിന്റെ ഒരു പ്രതി വാങ്ങി വായിക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.”
6 “എന്നേക്കും ജീവിക്കാൻ” പുസ്തകം സ്വീകരിച്ച ഒരു ചെറുപ്പക്കാരനെ കാണാൻ നിങ്ങൾ മടങ്ങിപ്പോകുമ്പോൾ, ഇങ്ങനെ പറഞ്ഞുകൊണ്ട് തുടങ്ങാവുന്നതാണ്:
◼“ഭാവിയെക്കുറിച്ചു നിങ്ങൾ എത്ര താത്പര്യമുള്ളവനാണെന്നു പറഞ്ഞതു ഞാൻ വിലമതിച്ചു. സന്തുഷ്ടവും സുരക്ഷിതവുമായ ഒരു ഭാവി നമുക്കു വാഗ്ദാനം ചെയ്യുന്ന ഒരു ബൈബിൾ വാക്യം ഞാൻ നിങ്ങളെ കാണിച്ചത് ഓർമിക്കുമല്ലോ. ഇതാ മറ്റൊന്ന്. [വെളിപ്പാടു 21:3, 4 വായിക്കുക.] ബൈബിൾ ദൈവത്താൽ നിശ്വസ്തമാക്കപ്പെട്ട ഒരു വിശുദ്ധ ഗ്രന്ഥമാണെന്നുള്ളതിനു ഞാൻ നിങ്ങൾക്കു നൽകിയിട്ടുപോയ പുസ്തകം ബോധ്യംവരുത്തുന്ന തെളിവു നൽകുന്നു. അതു വളരെ അർഥവത്തായ ഒരു വസ്തുതയാണ്. ദൈവത്തെക്കുറിച്ചു ബൈബിൾ പറയുന്നതു നമുക്കു സ്വീകരിക്കാനാവുമെന്ന് അത് അർഥമാക്കും. [47-ാം പേജിലെ 1-ഉം 2-ഉം ഖണ്ഡികൾ വായിക്കുക.] ഇഷ്ടമെങ്കിൽ, നിങ്ങളോടൊപ്പം സൗജന്യമായി ബൈബിൾ പഠിക്കാൻ എനിക്കു സന്തോഷമേയുള്ളൂ.” അധ്യയനത്തിനു സമ്മതിക്കുന്നെങ്കിൽ, വ്യക്തിയുടെ കൈവശം ബൈബിളുണ്ടോയെന്നു ചോദിക്കുക. അദ്ദേഹത്തിന് ബൈബിൾ ഇല്ലെങ്കിൽ, പുതിയലോക ഭാഷാന്തരമോ അദ്ദേഹം ഇഷ്ടപ്പെടുന്ന ഭാഷയിലുള്ള ഒരു ബൈബിളോ കൊണ്ടുവരാമെന്നു പറയുക.
7 ജീവിതപ്രശ്നങ്ങളെ നേരിടാനുള്ള മാർഗനിർദേശത്തിനായി എങ്ങോട്ടു തിരിയണമെന്ന് അറിയില്ലാത്ത ഒരു വ്യക്തി ഈ സമീപനത്തോടു പ്രതികരിച്ചേക്കാം:
◼“മിക്കവാറും എല്ലാവരുംതന്നെ ഗൗരവമേറിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. ഒട്ടേറെ പേർ മാർഗനിർദേശത്തിനായി എല്ലാത്തരം ഉപദേഷ്ടാക്കളിലേക്കും തിരിയുന്നു. ചിലർ സഹായത്തിനായി പ്രകൃത്യതീത ശക്തികളിലേക്കു നോക്കുന്നു. നമുക്കു വാസ്തവത്തിൽ പ്രയോജനം ചെയ്യുന്ന യുക്തിസഹമായ ബുദ്ധ്യുപദേശം എവിടെ കണ്ടെത്താമെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] നാമെല്ലാവരും മനസ്സിലാക്കേണ്ട ഒരു പ്രധാന വസ്തുത ബൈബിൾ പ്രസ്താവിക്കുന്നു.” യിരെമ്യാവു 10:23 വായിക്കുക. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ 29-ാം അധ്യായം തുറന്ന് 3-ാം ഖണ്ഡിക വായിക്കുക. “ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങൾ പിൻപറ്റുന്നതിനാൽ എങ്ങനെ നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം ഇപ്പോൾത്തന്നെ മെച്ചപ്പെടുത്താനാവുമെന്നും ദൈവരാജ്യത്തിൻ കീഴിൽ നമ്മുടെ പ്രശ്നങ്ങളെല്ലാം എങ്ങനെ ഉൻമൂലനം ചെയ്യപ്പെടുമെന്നും മനസ്സിലാക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. നിങ്ങൾ ഇതു വായിക്കാൻ ഇഷ്ടപ്പെടുന്നുവോ?” പുസ്തകം നൽകുക.
8 മാർഗനിർദേശത്തിനായുള്ള മമനുഷ്യന്റെ ആവശ്യത്തെക്കുറിച്ചാണ് ആദ്യ സന്ദർശനത്തിൽ നിങ്ങൾ സംസാരിച്ചതെങ്കിൽ, മടക്കസന്ദർശനത്തിൽ ഇങ്ങനെ പറഞ്ഞുകൊണ്ട് നിങ്ങൾക്കു ചർച്ച തുടരാവുന്നതാണ്:
◼“ജീവിതപ്രശ്നങ്ങളെ വിജയപ്രദമായി നേരിടണമെങ്കിൽ ദൈവത്തിൽനിന്നുള്ള മാർഗനിർദേശം ആവശ്യമാണെന്ന് ആദ്യം കണ്ടുമുട്ടിയപ്പോൾ നാം സമ്മതിച്ചു. ഞാൻ നിങ്ങൾക്കു തന്നിട്ടുപോയ പുസ്തകത്തിന്റെ ഉപസംഹാരത്തിൽ അതു സംബന്ധിച്ചു കൊടുത്തിരിക്കുന്ന അഭിപ്രായങ്ങൾ നിങ്ങൾ വിലമതിക്കുമെന്നു ഞാൻ വിചാരിക്കുന്നു. [എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 255-ാം പേജിലെ 14-15 ഖണ്ഡികൾ വായിക്കുക.] ഒരു സൗജന്യ ഭവനബൈബിളധ്യയന കോഴ്സ് നിങ്ങൾക്കു വാഗ്ദാനം ചെയ്യാൻ എനിക്കു സന്തോഷമേയുള്ളൂ. ഇപ്പോൾതന്നെ അതു നിങ്ങളെ പ്രകടിപ്പിച്ചു കാണിക്കാൻ ഞാൻ തയ്യാറാണ്.”
9 ദൈവവചനത്തിനും അതിന്റെ മാർഗനിർദേശത്തിനും നമ്മുടെ ജീവിതത്തിലുള്ള മൂല്യം വിലമതിക്കാൻ പ്രായമുള്ളവരെയും ചെറുപ്പക്കാരെയും നാം ഒരുപോലെ സഹായിക്കവേ യഹോവ നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കും.—സങ്കീ. 119:105.