ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർ ചാർത്തൽ
1 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലൂടെ ദശലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികളെ സുവാർത്തയുടെ ശുശ്രൂഷകരായി പരിശീലിപ്പിച്ചിട്ടുണ്ട്. ഈ സ്കൂളിൽ ആദ്യം പേർ ചാർത്തിയപ്പോൾ നമുക്ക് എത്ര ആശങ്കയും അപര്യാപ്തതയും അനുഭവപ്പെട്ടെന്നു നമ്മിൽ ഒട്ടുമിക്കവരും ഓർമിക്കുന്നു. ദൈവവചനത്തിന്റെ പ്രസംഗകരും അധ്യാപകരും എന്ന നിലയിലുള്ള നമ്മുടെ ആത്മീയ അഭിവൃദ്ധിയിലെ അതിന്റെ പങ്കു നാം ഇപ്പോൾ നന്ദിപൂർവം തിരിച്ചറിയുന്നു. (പ്രവൃത്തികൾ 4:13 താരതമ്യം ചെയ്യുക.) ഈ പ്രത്യേക സ്കൂളിൽ നിങ്ങൾ പേർ ചാർത്തിയിട്ടുണ്ടോ?
2 ആർക്കു പേർ ചാർത്താവുന്നതാണ്? നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ പുസ്തകത്തിന്റെ 76-ാം പേജ് ഉത്തരം നൽകുന്നു: “ക്രിസ്തീയ തത്ത്വങ്ങൾക്കു വിരുദ്ധമല്ലാത്ത ജീവിതം നയിക്കുന്നിടത്തോളംകാലം യോഗങ്ങൾക്കു പുതുതായി ഹാജരാകുന്ന ആളുകൾ ഉൾപ്പെടെ, സഭയോടു സജീവമായി സഹവസിക്കുന്ന എല്ലാവർക്കും പേർ ചേർക്കാവുന്നതാണ്.” സ്കൂൾ മേൽവിചാരകനെ സമീപിച്ചു പേർ ചാർത്താൻ യോഗ്യരായ എല്ലാവരെയും—പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും—ഞങ്ങൾ ക്ഷണിക്കുന്നു.
3 1997-ലേക്കുള്ള സ്കൂൾ കാര്യപരിപാടി: വൈവിധ്യമേറിയ അനേകം ബൈബിൾ പഠിപ്പിക്കലുകൾ ഉൾപ്പെടുന്നതാണ് 1997-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ കാര്യപരിപാടി. നമ്മുടെ പ്രസംഗ-പഠിപ്പിക്കൽ പ്രാപ്തി വികസിപ്പിക്കുന്നതിനു പുറമേ, ഓരോ ആഴ്ചത്തെയും പാഠ്യപദ്ധതിയിൽ കാണുന്ന അനേകം ആത്മീയ രത്നങ്ങളിനിന്നു നാം പഠിക്കുകയും ചെയ്യുന്നു. (സദൃ. 9:9) വാരംതോറുമുള്ള ബൈബിൾ വായന നടത്തുന്നതുൾപ്പെടെ, നാം സ്കൂളിനു വേണ്ടി തയ്യാറാകുകയും ക്രമമായി ഹാജരാകുകയും ചെയ്യുന്നെങ്കിൽ പ്രസ്തുത പരിപാടിയിൽനിന്നു വലിയ ആത്മീയ പ്രയോജനം നേടാവുന്നതാണ്.
4 1997-ൽ, 2-ാം നമ്പർ നിയമനത്തിനായുള്ള ബൈബിൾ വായനയിൽ മിക്കവയും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു ദൈർഘ്യം കുറഞ്ഞവയാണ്. ഈ നിയമനത്തിനായി തയ്യാറാകുമ്പോൾ വിദ്യാർഥി വായനാ സമയം ശ്രദ്ധാപൂർവം കണക്കാക്കിയിട്ട്, ഈ ഭാഗത്തിന് അനുവദിച്ചിരിക്കുന്ന അഞ്ചു മിനിട്ടിൽ എത്രമാത്രം സമയം മുഖവുരയ്ക്കും ഉപസംഹാരത്തിനുമായി ഉപയോഗിക്കാവുന്നതാണെന്നു നിശ്ചയിക്കണം. സമയം പൂർണമായി ഉപയോഗപ്പെടുത്താനും തന്റെ വായനാപ്രാപ്തിയും മുൻകൂട്ടി തയ്യാറായി പ്രസംഗിക്കുന്നതിലെ വൈദഗ്ധ്യവും വികസിപ്പിക്കാനും ഇതു വിദ്യാർഥിയെ അനുവദിക്കും.—1 തിമൊ. 4:13.
5 പരിജ്ഞാനം പുസ്തകത്തെ അധികരിച്ചുള്ള 3-ാം നമ്പർ നിയമനത്തിലെ അവതരണങ്ങളുടെ ഒരു സാധ്യമായ രംഗവിധാനം എന്ന നിലയിൽ അനൗപചാരിക സാക്ഷീകരണം കൂട്ടിച്ചേർത്തിട്ടുണ്ട്. അതുകൊണ്ട്, ഒരു മടക്കസന്ദർശനമോ ഭവനബൈബിളധ്യയനമോ അനൗപചാരിക സാക്ഷീകരണമോ ഈ നിയമനത്തിന്റെ രംഗവിധാനമായി ഒരു സഹോദരിക്കു തെരഞ്ഞെടുക്കാവുന്നതാണ്. തീർച്ചയായും തുടർന്നും മുഖ്യ ഊന്നൽ നൽകുന്നത് രംഗവിധാനത്തിനായിരിക്കരുത് മറിച്ച് ഫലപ്രദമായ പഠിപ്പിക്കലിനായിരിക്കണം.
6 പ്രബോധന പ്രസംഗം, ബൈബിൾ വിശേഷാശയങ്ങൾ, വിദ്യാർഥി നിയമനം ഇവയിൽ ഏതു നടത്താനുള്ള പദവിയാണു നിങ്ങൾക്കുള്ളതെങ്കിലും, നിങ്ങളുടെ ഭാഗം നന്നായി തയ്യാറാകുകയും പരിശീലിക്കുകയും ചെയ്യുക, ബോധ്യത്തോടും ഉത്സാഹത്തോടും കൂടെ അവതരിപ്പിക്കുക, സമയം കൂടുതൽ എടുക്കാതിരിക്കുക, സ്കൂൾ മേൽവിചാരകന്റെ ബുദ്ധ്യുപദേശം ശ്രദ്ധിക്കുകയും ബാധകമാക്കുകയും ചെയ്യുക, നിങ്ങളുടെ നിയമനം എല്ലായ്പോഴും വിശ്വസ്തമായി നിറവേറ്റാൻ പരിശ്രമിക്കുക എന്നീ കാര്യങ്ങളാൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനോടുള്ള വിലമതിപ്പു നിങ്ങൾക്കു പ്രകടിപ്പിക്കാവുന്നതാണ്. അങ്ങനെ നിങ്ങൾക്കും ഹാജരായിരിക്കുന്ന എല്ലാവർക്കും സ്കൂളിലെ നിങ്ങളുടെ പേർ ചാർത്തൽ ഒരു അനുഗ്രഹമെന്നു തെളിയും.