“നിങ്ങളുടെ കുടുംബം കെട്ടുപണിചെയ്യുക”
1 ലോകവ്യാപകമായി എല്ലാ സംസ്കാരങ്ങളിലും കുടുംബജീവിതം ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സാത്താന്റെ ലോകം വഞ്ചനയിലും അധാർമികതയിലും കിടന്നുരുളുകയാണ്. (1 യോഹ. 5:19) അതു നാം ‘നമ്മുടെ കുടുംബം കെട്ടുപണിചെയ്യു’ന്നതിന്റെയും മറ്റുള്ളവരെ അതു ചെയ്യാൻ പഠിപ്പിക്കുന്നതിന്റെയും അടിയന്തിരതയ്ക്ക് അടിവരയിടുന്നു.—സദൃ. 24:3, 27, NW.
2 ബൈബിൾ തത്ത്വങ്ങൾ സംരക്ഷണം: ബൈബിൾ തത്ത്വങ്ങളുടെ ബാധകമാക്കലിലാണു യഥാർഥ കുടുംബസന്തുഷ്ടിയുടെ രഹസ്യം കുടികൊള്ളുന്നത്. ശക്തമായ ആ തത്ത്വങ്ങൾ കുടുംബത്തിലെ ഓരോ അംഗത്തിനും ജീവിതത്തിന്റെ എല്ലാ തുറകളിലും പ്രയോജനം കൈവരുത്തുന്നു. അവ ബാധകമാക്കുന്ന കുടുംബം സന്തുഷ്ടി മാത്രമല്ല ദൈവസമാധാനവും ആസ്വദിക്കും.—യെശയ്യാവു 32:17, 18 താരതമ്യം ചെയ്യുക.
3 നമ്മുടെ കുടുംബം കെട്ടുപണിചെയ്യുന്നതിനു സഹായകമായിരിക്കുന്ന തത്ത്വങ്ങൾ, കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുതിയ പുസ്തകത്തിൽ സംഗ്രഹിച്ചിരിക്കുന്നു. കുടുംബാംഗങ്ങൾ ഓർത്തിരിക്കേണ്ട തത്ത്വങ്ങൾക്ക് ഊന്നൽ നൽകുന്ന സഹായകമായ പഠിപ്പിക്കൽചതുരം ഓരോ അധ്യായത്തിന്റെയും ഒടുവിൽ നൽകിയിരിക്കുന്നു. ആ ചതുരങ്ങളിൽ മിക്കതും പിൻവരുന്ന ചോദ്യത്തോടെ തുടങ്ങുന്നു: “ഈ ബൈബിൾ തത്ത്വങ്ങൾക്ക് . . . എങ്ങനെ സഹായിക്കാനാവും?” അവ ദൈവത്തിന്റെ ചിന്താഗതിയിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. തന്മൂലം ചർച്ചയ്ക്കു വിധേയമായിരിക്കുന്ന വിഷയത്തെക്കുറിച്ച് അവന്റെ ചിന്താഗതി മനസ്സിലാക്കാൻ നമുക്കു കഴിയുന്നു.—യെശ. 48:17.
4 ആ പുസ്തകം നന്നായി അപഗ്രഥിക്കുക. വ്യത്യസ്ത പ്രശ്നങ്ങൾ പൊന്തിവരുമ്പോൾ സഹായിച്ചേക്കാവുന്ന തത്ത്വങ്ങൾ അതിലെവിടെയാണെന്നു കണ്ടുപിടിക്കാൻ പഠിക്കുക. ആ പുസ്തകം ഇത്തരം വിവരങ്ങൾ ചർച്ചചെയ്യുന്നു: ഒരു പ്രതിശ്രുത ഇണയുടെ കാര്യം പരിചിന്തിക്കുമ്പോൾ ഒരാൾ എന്തെല്ലാം സംഗതികൾ ശ്രദ്ധിക്കണം? (അധ്യായം 2), നിലനിൽക്കുന്ന വിവാഹസന്തുഷ്ടിക്കു മർമപ്രധാനമായ രണ്ടു താക്കോലുകൾ ഏവ? (അധ്യായം 3), മാതാപിതാക്കൾക്കു കൗമാരപ്രായത്തിലുള്ള മക്കളെ ഉത്തരവാദിത്വബോധവും ദൈവഭയവുമുള്ള മുതിർന്നവരായി എങ്ങനെ വളർത്തിക്കൊണ്ടുവരാൻ കഴിയും? (അധ്യായം 6), നശീകരണ സ്വാധീനങ്ങളിൽനിന്നു കുടുംബത്തെ സംരക്ഷിക്കാവുന്ന വിധം (അധ്യായം 8), മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളെ സഹായിക്കുന്ന തത്ത്വങ്ങൾ (അധ്യായം 9), മദ്യാസക്തിയാലും അക്രമത്താലും വലയുന്ന കുടുംബങ്ങൾക്ക് ആത്മീയ സഹായം (അധ്യായം 12), വിവാഹബന്ധം തകർച്ചയുടെ വക്കിലായിരിക്കുമ്പോൾ ചെയ്യേണ്ടത് (അധ്യായം 13), വൃദ്ധ മാതാപിതാക്കളെ ബഹുമാനിക്കുന്നതിനു ചെയ്യാവുന്നത് (അധ്യായം 15), ഒരുവന്റെ കുടുംബത്തിനു നിലനിൽക്കുന്ന ഭാവി സുരക്ഷിതമാക്കാവുന്ന വിധം (അധ്യായം 16).
5 പുതിയ പുസ്തകം പരമാവധി പ്രയോജനപ്പെടുത്തുക: നിങ്ങളിതുവരെ കുടുംബസന്തുഷ്ടി പുസ്തകത്തിന്റെ അധ്യയനം നടത്തിയിട്ടില്ലെങ്കിൽ ഒരു കുടുംബമെന്ന നിലയിൽ അതു ചെയ്യരുതോ? മാത്രമല്ല, നിങ്ങളുടെ കുടുംബം പുതിയ പ്രശ്നങ്ങളെയോ വെല്ലുവിളികളെയോ അഭിമുഖീകരിക്കുമ്പോഴെല്ലാം അവയെക്കുറിച്ചു ചർച്ച ചെയ്യുന്ന അധ്യായങ്ങൾ പുനരവലോകനം ചെയ്യുകയും അതിലെ ബുദ്ധ്യുപദേശങ്ങൾ എങ്ങനെ ബാധകമാക്കണമെന്നു പ്രാർഥനാപൂർവം പരിചിന്തിക്കുകയും ചെയ്യുക. അതിനുപുറമേ, മാർച്ചിൽ വയൽശുശ്രൂഷയ്ക്ക് നിർലോഭം സമയം മാറ്റിവയ്ക്കുക. അങ്ങനെ, കുടുംബസന്തുഷ്ടിയുടെ രഹസ്യം പരമാവധി ആളുകൾക്കു സമർപ്പിക്കുന്നതിനു നിങ്ങൾക്കു പരിശ്രമിക്കാനാകും.
6 ദൈവഭക്തി ആചരിക്കുന്ന കുടുംബങ്ങൾ ആത്മീയമായി ബലിഷ്ഠവും ഏകീകൃതവും ആയിരിക്കുമെന്നു മാത്രമല്ല സാത്താന്റെ ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ സുസജ്ജവുമായിരിക്കും. (1 തിമൊ. 4:7, 8; 1 പത്രൊ. 5:8, 9) കുടുംബത്തിന്റെ കാരണഭൂതനിൽനിന്നു ദിവ്യ പ്രബോധനം ലഭിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്!