‘നന്ദിയുള്ളവരായിരിപ്പിൻ’
1 ആരെങ്കിലും മര്യാദയോ ദയയോ കാട്ടുമ്പോൾ നന്ദി പറയാൻ നമ്മിലനേകരും ചെറുപ്പത്തിലേ പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ട്. എല്ലായ്പോഴും ‘നന്ദിയുള്ളവരായിരിപ്പിൻ’ എന്നു പൗലൊസ് നമ്മെ അനുശാസിക്കുന്നു. നാം പ്രത്യേകിച്ചും യഹോവയോടു നന്ദിയുള്ളവരായിരിക്കണം. (കൊലൊ. 3:15, 16) എന്നാൽ നമുക്കെങ്ങനെ നമ്മുടെ മഹാ സ്രഷ്ടാവിനോടു നന്ദി പ്രകടിപ്പിക്കാൻ കഴിയും? അവനോടു നന്ദിയുള്ളവരായിരിക്കുന്നതിനു നമുക്കു പ്രത്യേകമായ എന്തെല്ലാം കാരണങ്ങളാണുള്ളത്?
2 പൗലൊസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം [“നന്ദി,” NW]!” (1 കൊരി. 15:57) ദൈവവും ക്രിസ്തുവും നമുക്കു നിത്യജീവന്റെ പ്രത്യാശയേകുന്ന മറുവില പ്രദാനം ചെയ്തതിലൂടെ കാട്ടിയ കലവറയില്ലാത്ത സ്നേഹത്തെക്കുറിച്ച് ഓരോ വർഷവും സ്മാരകത്തിനു നമ്മെ ഓർമിപ്പിക്കുന്നു. (യോഹ. 3:16) നമ്മിൽ മിക്കവർക്കും പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടിട്ടുള്ള സ്ഥിതിക്ക്, പുനരുത്ഥാനത്തെക്കുറിച്ചുള്ള യേശുവിന്റെ വാഗ്ദത്തത്തിൽ നാം എത്ര നന്ദിയുള്ളവരാണ്! ഒരിക്കലും മരിക്കാതെ ഈ വ്യവസ്ഥിതിയെ അതിജീവിക്കാനുള്ള പ്രത്യാശയെക്കുറിച്ചു ചിന്തിക്കുമ്പോൾ നമ്മുടെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞുതുളുമ്പുന്നു. (യോഹ. 11:25, 26) വരാൻപോകുന്ന ഭൗമിക പറുദീസയിൽ യഹോവയുടെ കരങ്ങളാൽ നാം ആസ്വദിക്കാൻ പോകുന്ന മഹത്തായ അനുഗ്രഹങ്ങൾക്കു നന്ദി പ്രകടിപ്പിക്കാൻ വാക്കുകൾ കണ്ടെത്തുക ദുഷ്കരമാണ്. (വെളി. 21:4) ദൈവത്തോടു ‘നന്ദിയുള്ളവനായിരിപ്പാൻ’ ഇതിലും മെച്ചമായ എന്തു കാരണങ്ങളാണ് ഒരുവനുണ്ടായിരിക്കാനാകുക?
3 ദൈവത്തിനു നന്ദി പ്രകടിപ്പിക്കേണ്ട വിധം: യഹോവയ്ക്ക് അവന്റെ നന്മയെപ്രതി പ്രാർഥനയിൽ നന്ദി പ്രകടിപ്പിക്കുന്നത് എല്ലായ്പോഴും ഉചിതമാണ്. (സങ്കീ. 136:1-3) ക്രിയാത്മകമായ മറ്റു വിധങ്ങളിലും അവനോടു നന്ദി പ്രകടിപ്പിക്കാൻ നാം പ്രേരിതരാകുന്നു. ഉദാഹരണത്തിന്, മാർച്ച് 23 ഞായറാഴ്ച നാം തീർച്ചയായും ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിനു ഹാജരായിരിക്കും. പ്രാദേശിക സഭയുടെയും ലോകവ്യാപക വേലയുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനു നാം സന്തോഷപൂർവം ‘യഹോവയെ നമ്മുടെ വിലയേറിയ വസ്തുക്കൾകൊണ്ടു ബഹുമാനിക്കുന്നു.’ (സദൃ. 3:9, NW) മൂപ്പന്മാരെ പൂർണമായി പിന്തുണയ്ക്കുകയും അവരോടു സഹകരിക്കുകയും ചെയ്തുകൊണ്ട്, അവർ മുഖാന്തരം യഹോവ നൽകുന്ന സഹായത്തിനു നാം അവനു നന്ദിയേകുന്നു. (1 തെസ്സ. 5:12, 13) ദിനംതോറും ദൈവനാമത്തിനു മഹത്ത്വം കരേറ്റുന്ന നീതിനിഷ്ഠമായ നടത്ത കാത്തുകൊള്ളാൻ നാം കിണഞ്ഞു പരിശ്രമിക്കുന്നു. (1 പത്രൊ. 2:12) നമ്മുടെ ഈ കൃതജ്ഞതാ പ്രകടനത്തിൽ യഹോവ പ്രസാദിക്കുന്നു.—1 തെസ്സ. 5:18.
4 നമ്മുടെ നന്ദിയുടെ ഉത്തമ പ്രകടനം: രാജ്യപ്രസംഗ വേലയിൽ മുഴു ദേഹിയോടെ പങ്കുപറ്റുന്നതും യഹോവയുടെ നാമത്തിനു ബഹുമതി കരേറ്റുന്നതും പ്രാർഥനയിൽ നന്ദി പ്രകടിപ്പിക്കുന്നതും വിശ്വസ്തതയോടെ സത്യത്തിനുവേണ്ടി വാദിക്കുന്നതും നമ്മുടെ സ്രഷ്ടാവു നമുക്കുവേണ്ടി ചെയ്തിരിക്കുന്ന സകലത്തിനും നാം അവനേകുന്ന ഹൃദയംഗമമായ നന്ദിയുടെ ഉത്തമ പ്രകടനങ്ങളിൽപ്പെടുന്നു. “എല്ലാത്തരം മനുഷ്യരും രക്ഷിക്കപ്പെടണമെന്നു”ള്ള അവന്റെ ഇഷ്ടത്തിനു ചേർച്ചയിൽ നാം വിശുദ്ധ സേവനമർപ്പിക്കുന്നതു കാണുന്നതിൽ യഹോവ പ്രസാദിക്കുന്നു. (1 തിമൊ. 2:3, 4, NW) അതുകൊണ്ടാണു ഫെബ്രുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ വന്ന ആഹ്വാനത്തിനു പ്രത്യുത്തരമായി, സാഹചര്യമനുവദിക്കുന്ന ഒട്ടനവധി പ്രസാധകർ മാർച്ച്, ഏപ്രിൽ, മേയ് എന്നീ മാസങ്ങളിൽ ഒന്നോ അതിലധികമോ തവണ സഹായ പയനിയർമാരായി പേർചാർത്തുന്നത്. ശുശ്രൂഷയിൽ കൂടുതലായ ശ്രമങ്ങൾ ചെലുത്തുന്നതു ദൈവത്തോടു ‘നാം നന്ദിയുള്ളവരാണ്’ എന്നു കാട്ടുന്നതിനുള്ള ഒരു ഉത്തമ വിധമാണ്. ഏപ്രിലിലോ മേയിലോ പയനിയർമാരുടെ അണിയിൽ നിങ്ങൾക്കു ചേരാനാകുമോ?
5 എന്നേക്കും ജീവിക്കുന്നതിനുള്ള ഒരു സുനിശ്ചിത പ്രത്യാശ അവൻ നമുക്കു നൽകിയിട്ടുണ്ട്. അതു നിറവേറുന്നതു കാണുമ്പോൾ ദിനംതോറും യഹോവയ്ക്കു സന്തോഷപൂർവം നന്ദി നൽകുന്നതിനു സമൃദ്ധമായ കൂടുതൽ കാരണങ്ങൾ നമുക്കുണ്ടായിരിക്കും.—സങ്കീ. 79:13.