സുവാർത്ത ഇന്റർനെറ്റിൽ
നമ്മുടെ ഈ സാങ്കേതിക യുഗത്തിൽ, ചിലയാളുകൾ വിവരങ്ങൾ സമ്പാദിക്കുന്നത് ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയാണ്. അതിൽ ഇന്റർനെറ്റും ഉൾപ്പെടുന്നു. അതുകൊണ്ട് സൊസൈറ്റി, യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചു കൃത്യമായ ഏതാനും വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
നമ്മുടെ ഇന്റർനെറ്റ് വെബ്ബ് സൈറ്റിന്റെ വിലാസം http://www.watchtower.org എന്നാണ്. ഇതിൽ ഇംഗ്ലീഷ്, ചൈനീസ് (ലളിതലിപി), ജർമൻ, റഷ്യൻ, സ്പാനിഷ് എന്നിവയിലും മറ്റു ഭാഷകളിലുമുള്ള ലഘുലേഖകളുടെയും ലഘുപത്രികകളുടെയും വീക്ഷാഗോപുരം, ഉണരുക! മാസികകളിലെ ലേഖനങ്ങളുടെയും ഒരു ശേഖരംതന്നെ ലഭ്യമാണ്. സഭകളിൽ നേരത്തേതന്നെ ലഭ്യമായിട്ടുള്ള, വയലിൽ ഉപയോഗിച്ചു വരുന്ന പ്രസിദ്ധീകരണങ്ങളാണ് ഈ വെബ്ബിലുള്ളത്. പുതിയ പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്യുക എന്നതല്ല നമ്മുടെ വെബ്ബ് സൈറ്റിന്റെ ഉദ്ദേശ്യം. പകരം, പൊതുജനത്തിന് ഇലക്ട്രോണിക് മാധ്യമം വഴി വിവരങ്ങൾ പ്രദാനം ചെയ്യുകയെന്നതാണ്. യഹോവയുടെ സാക്ഷികളെ സംബന്ധിച്ച, നമ്മുടെ പ്രവർത്തനങ്ങളെയും വിശ്വാസങ്ങളെയും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ആവശ്യക്കാർക്കുവേണ്ടി നമ്മുടെ ഔദ്യോഗിക വെബ്ബ് സൈറ്റിലുണ്ട്. അതുകൊണ്ട്, ആരും ഇന്റർനെറ്റിലെ ഉപയോഗത്തിനായി അവ വ്യക്തിപരമായി തയ്യാറാക്കേണ്ടതില്ല.
നമ്മുടെ സൈറ്റിൽ ഇലക്ട്രോണിക് തപാൽവഴി (ഇ-മെയിൽ) സന്ദേശങ്ങളയയ്ക്കാനുള്ള സൗകര്യമില്ലെങ്കിലും, അതിൽ സൊസൈറ്റിയുടെ ഗോളവ്യാപക ബ്രാഞ്ചുകളുടെ തപാൽ വിലാസങ്ങൾ കൊടുത്തിട്ടുണ്ട്. അപ്രകാരം, ആളുകൾക്ക് കൂടുതൽ വിവരങ്ങൾക്കോ പ്രാദേശിക സാക്ഷികളിൽ നിന്നുള്ള വ്യക്തിപരമായ സഹായത്തിനോ വേണ്ടി എഴുതാൻ സാധിക്കും. ഈ പ്രത്യേക മാധ്യമത്തിലൂടെ ബൈബിൾ സത്യം പഠിച്ചു തുടങ്ങാൻ സാധ്യതയുള്ള ഏവർക്കും മുകളിൽ കൊടുത്തിരിക്കുന്ന ഇന്റർനെറ്റ് വിലാസം നൽകാവുന്നതാണ്.