അവരെ സഹായിക്കാനുള്ള ഒരു മാർഗം
സത്യക്രിസ്ത്യാനികൾ സുവാർത്ത വ്യാപിപ്പിച്ചുകൊണ്ട് പരസ്യ ശുശ്രൂഷയിൽ പങ്കെടുക്കുന്നു. (ഫിലി. 2:17) അതിനുള്ള ഒരു മാർഗം എന്ന നിലയിൽ 20 ഭാഷകളിലായി ചില അടിസ്ഥാന ലഘുപത്രികകൾ, ലഘുലേഖകൾ, ലേഖനങ്ങൾ എന്നിവ ഇന്റർനെറ്റിലെ www.watchtower.org എന്ന വെബ്സൈറ്റിൽ ലഭ്യമായിരുന്നിട്ടുണ്ട്. ഇത്, യഹോവയുടെ സാക്ഷികൾക്ക് പുതിയ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യാനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒന്നല്ല. യഹോവയുടെ സാക്ഷികൾ ബൈബിളിൽനിന്ന് എന്തു പഠിപ്പിക്കുന്നു എന്നതു സംബന്ധിച്ച് പൊതുജനത്തിന് കൃത്യമായ വിവരം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
അടുത്തയിടെ, ശ്രദ്ധേയമായ ഒരു പ്രസിദ്ധീകരണം കൂടെ നമ്മുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടുത്തുകയുണ്ടായി. ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയാണ് അത്. 220-ലധികം ഭാഷകളിൽ അതു ലഭ്യമാക്കിയിരിക്കുന്നു. കൂടാതെ, 2004 ജനുവരി 1, ജനുവരി 8 ലക്കങ്ങൾ മുതൽ എല്ലാ ഭാഷകളിലും വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും അവസാന പേജിൽ നമ്മുടെ വെബ് അഡ്രസ്സ് നൽകാൻ തുടങ്ങി.
ഈ ഉപകരണം നിങ്ങൾക്ക് എങ്ങനെ ഉപയോഗിക്കാനാകും? താത്പര്യമുള്ളതായി കാണപ്പെടുന്നെങ്കിലും മറ്റൊരു ഭാഷ മാത്രം മനസ്സിലാകുന്ന ഒരു വ്യക്തിയെ നിങ്ങൾ കണ്ടുമുട്ടിയേക്കാം. അദ്ദേഹത്തിന് ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ വീക്ഷാഗോപുരത്തിന്റെയോ ഉണരുക!യുടെയോ പിൻപേജിലുള്ള വെബ് അഡ്രസ്സ് നിങ്ങൾക്കു ശ്രദ്ധയിൽ പെടുത്താവുന്നതാണ്. അദ്ദേഹത്തിന്റെ ഭാഷയിലുള്ള സാഹിത്യവുമായി നിങ്ങൾ മടങ്ങിച്ചെല്ലുന്നതുവരെ, വെബ്സൈറ്റിൽ തന്റെ സ്വന്തം ഭാഷയിലുള്ള ആവശ്യം ലഘുപത്രിക പരിശോധിക്കാൻ ഒരുപക്ഷേ അദ്ദേഹത്തിനു സാധിക്കും. അല്ലെങ്കിൽ, ആ വ്യക്തിയുടെ ഭാഷ ഉപയോഗിക്കുന്ന ഒരു സഭയ്ക്കോ കൂട്ടത്തിനോ ആ മടക്കസന്ദർശനം കൈമാറാൻ നിങ്ങൾക്കു കഴിഞ്ഞേക്കും.