നാം അതു വീണ്ടും ചെയ്യുമോ?—സഹായ പയനിയറിങ്ങിനുള്ള ആഹ്വാനം ഒരിക്കൽക്കൂടി
1 നാം വീണ്ടും എന്തു ചെയ്യുമോ എന്ന്? സ്മാരകകാലത്ത് നാം സഹായ പയനിയറിങ് ചെയ്യുമോ? 1997 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ തടിച്ച അക്ഷരത്തിലുള്ള തലക്കെട്ടോടുകൂടിയ അനുബന്ധം നമ്മുടെയെല്ലാം ശ്രദ്ധ ആകർഷിക്കുകയുണ്ടായി: “ആവശ്യമുണ്ട്—4,000 സഹായ പയനിയർമാരെ.” ആ ക്ഷണം നിങ്ങൾ ഗൗരവപൂർവം എടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. മാർച്ച്, ഏപ്രിൽ, മേയ് എന്നീ മൂന്നു മാസങ്ങളിലായി 4,250-ഓളം പ്രസാധകർ സഹായ പയനിയർമാരായി പ്രവർത്തിച്ചുവെന്ന് ഞങ്ങളുടെ സർവേ വ്യക്തമാക്കി, അത് അത്യന്തം സന്തോഷകരമായ കാര്യമായിരുന്നു. 1997 ഏപ്രിലിൽ മാത്രം 2,093 പേർ സഹായ പയനിയർ സേവനത്തിൽ ഏർപ്പെട്ടു! ആ സംഖ്യയോട് അതേ മാസം റിപ്പോർട്ടു ചെയ്ത 797 നിരന്തര പയനിയർമാരെയും 288 പ്രത്യേക പയനിയർമാരെയും കൂട്ടിയാൽ, മൊത്തം പ്രസാധകരുടെ 18-ലധികം ശതമാനം പയനിയർസേവനത്തിൽ ഏർപ്പെട്ടതായി നാം കാണുന്നു. ഈ സ്മാരകകാലത്ത് നാം അതു വീണ്ടും ചെയ്യുമോ?
2 കഴിഞ്ഞ വർഷം തങ്ങളുടെ വയൽപ്രവർത്തനം വർധിപ്പിക്കുന്നതിനായി പ്രത്യേക ശ്രമം ചെയ്ത എല്ലാവരെയും ഞങ്ങൾ ഊഷ്മളമായി അഭിനന്ദിക്കുന്നു. നിങ്ങളെല്ലാവരും യഹോവയാം ദൈവത്തോടും അയൽക്കാരനോടുമുള്ള നിസ്വാർഥ സ്നേഹത്താൽ പ്രേരിതരായിരുന്നുവെന്നു വ്യക്തമാണ്. (ലൂക്കൊ. 10:27; 2 പത്രൊ. 1:5-8) വ്യത്യസ്ത ജീവിതതുറകളിലുള്ള പ്രസാധകർ സഹായ പയനിയറിങ് നടത്താൻ സമയം കണ്ടെത്തി. ഒരു സഭയിലാണെങ്കിൽ, ഒരേ മാസംതന്നെ 51 പ്രസാധകർ പയനിയറിങ് നടത്തി. അതിൽ മിക്ക മൂപ്പന്മാരും 15 മാസം പ്രായമുള്ള ഒരു പെൺകുഞ്ഞിന്റെ അമ്മയും പയനിയറിങ് നടത്തുന്നതിനായി തന്റെ ജോലി ഉപേക്ഷിച്ച് അംശകാല ജോലി കണ്ടെത്തിയ ഒരു സഹോദരിയും മുമ്പൊരിക്കലും പയനിയറിങ് നടത്തിയിട്ടില്ലാഞ്ഞ പ്രായമുള്ള ഒരു സഹോദരിയും ഉണ്ടായിരുന്നു. ഒരു സർക്കിട്ട് മേൽവിചാരകൻ എഴുതി: “പ്രസംഗവേലയിൽ വമ്പിച്ച ശ്രമം ചെയ്യപ്പെടുന്നുണ്ട്. . . . അത് പ്രദേശത്തിന്മേൽ നല്ല സ്വാധീനം ചെലുത്തുന്നതോടൊപ്പം സഭകളിലെ ഉത്സാഹം വർധിക്കുന്നതിനും ഇടയാക്കുന്നു. സഹോദരങ്ങൾ പരസ്പരം അടുത്തറിയുന്നതും അതുപോലെ ശുശ്രൂഷയിൽ നല്ല ഫലങ്ങൾ കാണുന്നതും ആസ്വദിക്കുന്നു.”
3 ചെറുപ്പക്കാരെയും ഒഴിവാക്കിയില്ല. 13 വയസ്സുള്ള സ്നാപനമേൽക്കാത്ത ഒരു പ്രസാധിക യഹോവയ്ക്കുള്ള തന്റെ സമർപ്പണത്തെ പ്രതീകപ്പെടുത്താൻ കഴിയുന്ന സമയത്തിനായി ആകാംക്ഷാപൂർവം കാത്തിരിക്കുകയായിരുന്നു. ഫെബ്രുവരിയിൽ സ്നാപനമേറ്റശേഷം മാർച്ചിൽ സഹായ പയനിയറിങ് നടത്താനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അവൾ എഴുതി: “ഇപ്പോൾ എനിക്കു തടസ്സമായി യാതൊന്നും ഇല്ലാതിരുന്നതിനാൽ, ഞാൻ പെട്ടെന്നുതന്നെ അപേക്ഷാഫാറം പൂരിപ്പിച്ചു കൊടുത്തു. . . . പയനിയറിങ്ങിനുള്ള നിങ്ങളുടെ സ്നേഹപൂർവകമായ ക്ഷണം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ ആസ്വദിച്ച ആ അനേകം നല്ല അനുഭവങ്ങൾ ഒരിക്കലും യാഥാർഥ്യമാകുമായിരുന്നില്ല. പ്രതികരിച്ച . . . അനേകരിലൊരാളായിരിക്കുന്നതിനുള്ള പദവി ലഭിച്ചതിൽ ഞാൻ യഹോവയോടു നന്ദിയുള്ളവളാണ്.” വീണ്ടും ഇതു ചെയ്യുന്നതിന് അവൾ ലക്ഷ്യം വെച്ചിട്ടുണ്ട്.
4 ഒരുപക്ഷേ, കഴിഞ്ഞ മാർച്ചിൽ സഹായ പയനിയർ പ്രവർത്തനത്തിൽ ഏർപ്പെട്ട 1,715 പേരിലോ, ഏപ്രിലിലെ 2,093 പേരിലോ മേയിലെ 1,523 പേരിലോ ഒരാളായിരുന്നിരിക്കാം നിങ്ങളും. ഈ വർഷം നിങ്ങൾ അതു വീണ്ടും ചെയ്യുമോ? കഴിഞ്ഞ വേനൽക്കാലത്ത് നിങ്ങൾക്കു പയനിയറിങ് നടത്താൻ കഴിഞ്ഞില്ലെന്നുവരികിലും ഈ വർഷം നിങ്ങൾക്കതിനു കഴിയുമോ? കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സഹായ പയനിയറിങ് ചെയ്തവരുടെ സംഖ്യയായ 2,093-നെ മറികടക്കാൻ നമുക്കാകുമോ? ഇന്ത്യയിൽ ഇതേവരെ ഏറ്റവും കൂടുതൽ സഹായ പയനിയർമാർ ഉണ്ടായിരുന്നിട്ടുള്ള മാസമാണത്.
5 ഏപ്രിലിലും മേയിലും ശ്രദ്ധ കേന്ദ്രീകരിക്കുക: ഈ വർഷത്തെ സ്മാരകം ഏപ്രിൽ 11 ശനിയാഴ്ചയാണ്, അത് ഏപ്രിലിനെ ശുശ്രൂഷയിൽ വർധിച്ച പ്രവർത്തനത്തിനുള്ള ഉത്തമ മാസമാക്കുന്നു. (2 കൊരി. 5:14, 15) മാസത്തിലെ ആദ്യത്തെ 11 ദിവസം, സാധ്യമാകുന്നത്ര താത്പര്യക്കാരെ സ്മാരകത്തിനു ക്ഷണിക്കുന്നതിലായിരിക്കും നാം ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ സഹായ പയനിയറിങ് നടത്താൻ തീരുമാനിക്കുന്നെങ്കിൽ, തുടങ്ങുന്ന തീയതിക്ക് വളരെ മുന്നമേ തന്നെ ദയവായി നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക.—1 കൊരി. 14:40.
6 മേയ് മാസത്തിന് അഞ്ചു വാരാന്ത്യങ്ങളുള്ളതിനാൽ മുഴുസമയ ലൗകിക ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പ്രസാധകർ ആ മാസം സഹായ പയനിയറിങ് നടത്തുന്നത് കൂടുതൽ എളുപ്പമാണെന്നു കണ്ടെത്തിയേക്കാം. കൂടാതെ മിക്ക കുട്ടികൾക്കും മേയിൽ സ്കൂൾ അവധിയായിരിക്കും. അഞ്ചു വാരാന്ത്യങ്ങളിൽ ഓരോന്നിലും വയൽസേവനത്തിൽ പത്തു മണിക്കൂർ വീതം ചെലവഴിക്കുന്നെങ്കിൽ 60 മണിക്കൂർ ലക്ഷ്യത്തിലെത്തിച്ചേരുന്നതിന് ആ മാസം കൂടുതലായി പത്തു മണിക്കൂർകൂടി പ്രവർത്തിച്ചാൽ മതിയാകും.
7 ഏപ്രിൽ, മേയ് മാസങ്ങളിൽ നമ്മുടെ സാഹിത്യസമർപ്പണം വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യയായിരിക്കും. ഇത് നമ്മിൽ കൂടുതൽപേരെ പയനിയറിങ് നടത്താൻ പ്രോത്സാഹിപ്പിക്കേണ്ടതാണ്. നാം അങ്ങനെ പറയുന്നതെന്തുകൊണ്ട്? ശുശ്രൂഷയിൽ മാസികകൾ അവതരിപ്പിക്കുന്നത് എളുപ്പവും അതുപയോഗിച്ചു പ്രവർത്തിക്കുന്നത് ആസ്വാദ്യവുമാണ്. സേവനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും—വീടുതോറുമോ കടകൾതോറുമോ ഉള്ള വേലയിലും അതുപോലെതന്നെ തെരുവിലോ പാർക്കിങ് സ്ഥലങ്ങളിലോ പാർക്കുകളിലോ മറ്റ് അനൗപചാരിക അവസരങ്ങളിലോ ഒക്കെ ആളുകളെ സമീപിക്കുമ്പോഴും—അവ ഫലകരമായി ഉപയോഗിക്കാൻ കഴിയും. ഏറ്റവും പ്രധാനം, വീക്ഷാഗോപുരവും ഉണരുക!യും രാജ്യസത്യത്തെ ഉയർത്തിപ്പിടിക്കുന്നുവെന്നതാണ്. ദൈവരാജ്യം ഭരിക്കുന്നുവെന്നു തെളിയിച്ചുകൊണ്ട് അവ ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. ആളുകളുടെ യഥാർഥ ആവശ്യങ്ങൾ പ്രതിപാദിക്കുന്നതിനാൽ അവ വായനക്കാരുടെ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ഈ വിലയേറിയ ആനുകാലിക പ്രസിദ്ധീകരണങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നുവെന്ന് ചിന്തിക്കുന്നെങ്കിൽ ഏപ്രിലിലും മേയിലും അവ ഏറെ വിപുലമായി വിതരണം ചെയ്യുന്നതിന് നാം പ്രേരിതരായിത്തീരും.
8 ഊർജിതമായ ഈ മാസികാവേലയ്ക്കുള്ള തയ്യാറെടുപ്പെന്നനിലയിൽ പിൻവരുന്ന ലേഖനങ്ങൾ പുനരവലോകനം ചെയ്യുകവഴി നിങ്ങൾ പ്രയോജനം അനുഭവിക്കും: “വീക്ഷാഗോപുരവും ഉണരുക!യും സത്യത്തിന്റെ സമയോചിതമായ പത്രികകൾ” (1994 ജനുവരി 1 വീക്ഷാഗോപുരം), “നമ്മുടെ മാസികകൾ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുക” (1996 ജനുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷ), “സ്വന്തം മാസികാ അവതരണം തയ്യാറാക്കുക” (1996 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷ).
9 മൂപ്പന്മാർ നേതൃത്വമെടുക്കുന്നു: കഴിഞ്ഞ വേനൽക്കാല മാസങ്ങളിൽ പയനിയറിങ് നടത്തിയ എല്ലാ പ്രസാധകരുടെയും പ്രയോജനത്തിനായി ഒരു സഭയിലെ മൂപ്പന്മാർ മാസത്തിലെ ഒരു ശനിയാഴ്ച മുഴുസഭയുടെയും പ്രത്യേക സേവനദിവസമായി നീക്കിവെച്ചു. സാക്ഷീകരണത്തിന്റെ വിവിധ വശങ്ങളിൽ പങ്കെടുക്കുന്നതിന് സഭയിലെ എല്ലാവർക്കും അവസരം ലഭിക്കത്തക്കവണ്ണം ആ ദിവസം പല വ്യത്യസ്ത സമയങ്ങളിലായി കൂടിവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. ബിസിനസ് സ്ഥലങ്ങളിലെ പ്രവർത്തനവും തെരുവുസാക്ഷീകരണവും വീടുതോറുംപോകുന്നതും മടക്കസന്ദർശനങ്ങൾ നടത്തുന്നതും കത്തുകൾ എഴുതുന്നതും ടെലഫോണിലൂടെ സാക്ഷീകരിക്കുന്നതുമെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു. പ്രതികരണം ശ്രദ്ധേയമായിരുന്നു. ആ ദിവസം 117 പ്രസാധകർ വയൽസേവനത്തിൽ പങ്കെടുത്തു. അവർ മൊത്തം 521 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിച്ചു, മാസികകളും ലഘുപത്രികകളും പുസ്തകങ്ങളും എല്ലാം കൂടി 617 സമർപ്പണങ്ങളും! ശനിയാഴ്ചത്തെ ഉത്സാഹം ഞായറാഴ്ചയും നീണ്ടുനിന്നു, ആ ആഴ്ചത്തെ പരസ്യയോഗത്തിനും വീക്ഷാഗോപുര അധ്യയനത്തിനും റെക്കോർഡിനടുത്ത ഹാജരുണ്ടായിരുന്നു.
10 ഏപ്രിൽ, മേയ് മാസങ്ങളിലെ എല്ലാ സേവനയോഗത്തിലും തുടർന്നു വരുന്ന ആഴ്ചത്തെ വയൽസേവനയോഗം എവിടെ, എപ്പോൾ ആയിരിക്കും നടത്തുക എന്നതു സംബന്ധിച്ച് സഭയെ അറിയിക്കണം. പ്രത്യേകിച്ച് പതിവിൽനിന്നു വ്യത്യസ്തമായി കൂടുതലായ എന്തെങ്കിലും ക്രമീകരണമുണ്ടെങ്കിൽ. സാഹചര്യം അനുവദിക്കുന്നതുപോലെ, നിരന്തര പയനിയർമാരും സഹായ പയനിയർമാരല്ലാത്ത പ്രസാധകരും ഈ ക്രമീകരണത്തെ പിന്തുണയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു.
11 കൂടെക്കൂടെ പ്രവർത്തിക്കാത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിന് സേവനമേൽവിചാരകൻ പ്രദേശങ്ങൾ നിയമിക്കുന്ന സഹോദരനുമായി ആസൂത്രണം നടത്തേണ്ടതാണ്. ആളില്ലാഭവനങ്ങൾക്കും തെരുവിലും കടകൾതോറുമുള്ള സാക്ഷീകരണത്തിനും കൂടുതലായ ശ്രദ്ധ നൽകാവുന്നതാണ്. സായാഹ്നസാക്ഷീകരണത്തിന് ഊന്നൽ കൊടുക്കാവുന്നതാണ്. വിശേഷിച്ച്, ആ മാസങ്ങളിൽ പകലിനു ദൈർഘ്യം കൂടുതലുള്ള സ്ഥിതിക്ക്. വർധിച്ച പ്രവർത്തനം മുന്നിൽ കണ്ടുകൊണ്ട് ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് വേണ്ടത്ര മാസികകൾക്ക് ഓർഡർ നൽകണം.
12 പല പ്രസാധകർക്കും യോഗ്യത നേടാം: സഹായ പയനിയർസേവന അപേക്ഷാഫാറത്തിന്റെ ആദ്യ വാചകം ഇങ്ങനെ പറയുന്നു: “യഹോവയോടുള്ള എന്റെ സ്നേഹവും അവനെയും അവന്റെ സ്നേഹപൂർവകമായ ഉദ്ദേശ്യങ്ങളെയും കുറിച്ചു പഠിക്കുന്നതിന് ആളുകളെ സഹായിക്കുന്നതിനുള്ള ആഗ്രഹവും നിമിത്തം ഒരു സഹായ പയനിയറായി പേർചാർത്തിക്കൊണ്ട് വയൽസേവനത്തിലുള്ള എന്റെ പങ്കു വർധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” യഹോവയോടുള്ള സ്നേഹവും മറ്റുള്ളവരെ ആത്മീയമായി സഹായിക്കുന്നതിനുള്ള ആഗ്രഹവുമാണ് നമ്മുടെ സമർപ്പണത്തിന്റെ അടിസ്ഥാനം. (1 തിമൊ. 4:8, 10) സഹായ പയനിയറിങ് നടത്താൻ യോഗ്യനായിത്തീരുന്നതിന്, ഒരാൾ സ്നാപനമേറ്റ, നല്ല ധാർമിക നിലയുള്ള വ്യക്തിയായിരിക്കുകയും ആ മാസം ശുശ്രൂഷയിൽ 60 മണിക്കൂർ പ്രവർത്തിക്കാൻ സാധിക്കുന്ന നിലയിലായിരിക്കുകയും വേണം. നാമെല്ലാം നമ്മുടെ സാഹചര്യങ്ങൾ ശ്രദ്ധാപൂർവം പരിഗണിച്ചാൽ, മുമ്പൊരിക്കലും പയനിയറിങ് നടത്തിയിട്ടില്ലാത്ത നമ്മിൽ ചിലർക്കെങ്കിലും ഈ വർഷം ഏപ്രിലിലോ മേയിലോ അങ്ങനെ ചെയ്യാൻ കഴിയുമോ?
13 തങ്ങളുടേതിനു സമാനമായ സാഹചര്യങ്ങളുള്ള മറ്റുള്ളവർ സഹായ പയനിയർമാരായി പേർചാർത്തുന്നതു കാണുമ്പോൾ തങ്ങൾക്കും പയനിയറിങ് നടത്താൻ സാധിക്കുമെന്ന് സഭയിൽ പലരും തിരിച്ചറിഞ്ഞേക്കാം. സ്കൂൾ കുട്ടികളും പ്രായമായവരും മുഴുസമയ ലൗകിക ജോലിക്കാരും മൂപ്പന്മാരോ ശുശ്രൂഷാദാസന്മാരോ ആയിരിക്കുന്നവരും മറ്റുള്ളവരും വിജയകരമായി സഹായ പയനിയറിങ് നടത്തിയിട്ടുണ്ട്. രണ്ടു കുട്ടികളുള്ള, മുഴുസമയ ജോലിക്കാരിയായ ഒരു വീട്ടമ്മ ഒരു മാസം 60 മണിക്കൂർ പ്രവർത്തിച്ചു. സഹായ പയനിയറിങ് നടത്തിയ ആ മാസം അവർ 108 മാസികകൾ സമർപ്പിക്കുകയും 3 ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയും ചെയ്തു. അവർക്ക് അതെങ്ങനെ ചെയ്യാൻ കഴിഞ്ഞു? ഉച്ചയ്ക്കത്തെ ഇടവേളയിൽ അവർ ജോലിസ്ഥലത്തിനടുത്തുള്ള പ്രദേശങ്ങളിൽ പ്രവർത്തിച്ചു, കത്തുകളിലൂടെ സാക്ഷീകരിച്ചു, പാർക്കിങ് സ്ഥലങ്ങളിലും തെരുവിലും സാക്ഷീകരണം നടത്തി. കൂടാതെ സഭയോടൊത്ത് വയൽസേവനത്തിൽ ചെലവഴിച്ചുകൊണ്ട് അവർ തന്റെ പ്രതിവാര അവധിദിവസം പരമാവധി പ്രയോജനപ്പെടുത്തി. എത്തിച്ചേരാൻ കഴിയാത്ത ഒരു ലക്ഷ്യമായി അവർ സഹായ പയനിയറിങ്ങിനെ ആദ്യമൊക്കെ കണക്കാക്കിയിരുന്നെങ്കിലും മറ്റുള്ളവരിൽനിന്നുള്ള പ്രോത്സാഹനവും പ്രായോഗികമായ ഒരു പട്ടികയും ലഭിച്ചപ്പോൾ തടസ്സങ്ങൾ തരണം ചെയ്യാൻ അവർക്കു സാധിച്ചു.
14 യേശു തന്റെ ശിഷ്യന്മാർക്ക് ഉറപ്പു നൽകി: “എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.” (മത്താ. 11:30) 1995 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിലെ ഒരു പ്രോത്സാഹജനകമായ ലേഖനത്തിന്റെ തലക്കെട്ടായിരുന്നു അത്. വളരെ സമ്മർദമുള്ള ഒരു മുഴുസമയ ലൗകിക ജോലിക്കാരിയായ ഒരു സഹോദരിയെക്കുറിച്ച് ആ ലേഖനം പറയുകയുണ്ടായി. സഹായ പയനിയർസേവനം തീർച്ചയായും തനിക്കുള്ളതല്ല എന്ന് അവർ വിചാരിച്ചോ? ഇല്ല. മറിച്ച്, എല്ലാ മാസവും സഹായ പയനിയറിങ് ചെയ്യാൻ തക്കവണ്ണം അവർ കാര്യാദികൾ ക്രമീകരിച്ചു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സമനില പാലിക്കാൻ വാസ്തവത്തിൽ പയനിയറിങ് തന്നെ സഹായിച്ചതായി അവർ വിചാരിച്ചു. തന്റെ തിരക്കേറിയ ജീവിതത്തിൽ അവർക്ക് സന്തോഷത്തിനുള്ള ഏറ്റവും വലിയ ഉറവ് ബൈബിൾ സത്യം പഠിക്കാൻ ആളുകളെ സഹായിക്കുകയും ദൈവാംഗീകാരം നേടാൻ തക്കവണ്ണം അവർ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതു കാണുകയും ചെയ്യുന്നതായിരുന്നു.—സദൃ. 10:22.
15 പയനിയറിങ്ങിനായി ഒരുവൻ വ്യക്തിപരമായി ചെയ്യുന്ന ത്യാഗങ്ങളുടെയും ക്രമീകരണങ്ങളുടെയും ഫലമായി സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കുന്നു. സഹായ പയനിയറിങ് നടത്തിയപ്പോൾ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ഒരു സഹോദരി എഴുതി: “എന്റെ മനസ്സിനെ എന്നിൽത്തന്നെ കേന്ദ്രീകരിക്കാതെ മറ്റുള്ളവരെ സഹായിക്കുന്നതിൽ കൂടുതൽ കേന്ദ്രീകരിക്കാൻ അതെന്നെ സഹായിച്ചു. . . . ചെയ്യാൻ സാധിക്കുന്ന എല്ലാവർക്കും ഞാനതു ശുപാർശ ചെയ്യുന്നു.”
16 അതിന് നല്ലൊരു പട്ടിക ആവശ്യമാണ്: 1997 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ കൊടുത്തിരുന്ന മാതൃകാ പട്ടിക ഈ അനുബന്ധത്തിന്റെ അവസാന പേജിൽ കൊടുത്തിട്ടുണ്ട്. ഒരുപക്ഷേ ഇതിലേതെങ്കിലും നിങ്ങളുടെ സാഹചര്യത്തിനു യോജിക്കുന്നതായിരിക്കാം. അതു പുനരവലോകനം ചെയ്യവേ, നിങ്ങളുടെ പ്രതിമാസ പ്രവർത്തനക്രമങ്ങൾ വിലയിരുത്തുക. ആ മാസം നിങ്ങളുടെ ഭവനത്തോടു ബന്ധപ്പെട്ട ഏതെല്ലാം കാര്യങ്ങൾ നിങ്ങൾക്കു മുൻകൂട്ടി ചെയ്തു തീർക്കുകയോ തത്കാലത്തേക്കു മാറ്റിവെക്കുകയോ ചെയ്യാൻ കഴിയും? ഉല്ലാസത്തിനും വിനോദത്തിനും അതുപോലുള്ള മറ്റു കാര്യങ്ങൾക്കുമായി ചെലവഴിക്കുന്ന കുറേ സമയമെങ്കിലും നിങ്ങൾക്കു മാറ്റിവെക്കാനാകുമോ? മൊത്തം ആവശ്യമായിരിക്കുന്ന 60 മണിക്കൂറിനെക്കുറിച്ചു ചിന്തിക്കുന്നതിനു പകരം ദൈനംദിന അടിസ്ഥാനത്തിലോ പ്രതിവാര അടിസ്ഥാനത്തിലോ നിങ്ങളുടെ പട്ടിക തയ്യാറാക്കുക. ദിവസവും 2 മണിക്കൂർ അല്ലെങ്കിൽ ഒരു വാരത്തിൽ 15 മണിക്കൂർ ആണ് സഹായ പയനിയറിങ്ങിന് ആവശ്യമായിരിക്കുന്നത്. കൊടുത്തിരിക്കുന്ന മാതൃകാ പട്ടിക കാണുക, വ്യക്തിപരമായ സേവന പട്ടികയെന്ന നിലയിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഏറ്റവും അനുയോജ്യമായത് ഏതെന്ന് ഒരു പെൻസിൽ ഉപയോഗിച്ച് അടയാളപ്പെടുത്തുക.
17 കഴിഞ്ഞ വർഷം ശുശ്രൂഷയിൽ സഭ പ്രകടമാക്കിയ നല്ല പ്രതികരണവും കൂടുതലായ പിന്തുണയും ഒരു നിരന്തര പയനിയറുടെ ഉത്സാഹത്തെ വർധിപ്പിച്ചു. അവർ എഴുതി: “സഹായ പയനിയറിങ്ങിനെ പിന്തുണയ്ക്കുന്നതിനായി കൂടുതലായ ശ്രമം ചെയ്യാനുള്ള നിങ്ങളുടെ സ്നേഹപൂർവകമായ പ്രോത്സാഹനത്തിനു വളരെ നന്ദി. . . . മുമ്പൊരിക്കലും പയനിയറിങ്ങ് നടത്തിയിട്ടില്ലാത്ത പലർക്കും തങ്ങളെക്കൊണ്ട് അതു സാധിക്കും എന്നു മനസ്സിലാക്കാൻ നിങ്ങൾ നിർദേശിച്ച പട്ടിക സഹായിച്ചു. . . . യഹോവയുടെ സ്ഥാപനത്തിന്റെ ഭാഗമായിരിക്കുന്നതിലും വിശ്വസ്തനും വിവേകിയുമായ അടിമയുടെ സ്നേഹപൂർവകമായ നേതൃത്വം പിൻപറ്റുന്നതിലും ഞാൻ വളരെയധികം സന്തുഷ്ടയാണ്.” എന്തായാലും, അഞ്ചു വാരാന്ത്യങ്ങളുള്ള ആഗസ്റ്റ് മാസത്തിൽ സഹായ പയനിയർമാരായി പ്രവർത്തിക്കുന്നതിനു നമുക്കു വീണ്ടും നോക്കിപ്പാർത്തിരിക്കാം. ആഗസ്റ്റിൽ സേവനവർഷം അവസാനിക്കവേ, ശുശ്രൂഷയിൽ എല്ലാവർക്കും പരമാവധി പങ്കുണ്ടായിരിക്കാൻ തക്കവണ്ണം നമുക്കു കൂട്ടായ ശ്രമം ചെയ്യാവുന്നതാണ്.
18 സദൃശവാക്യങ്ങൾ 21:5 നമുക്ക് ഉറപ്പു നൽകുന്നു: “ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു.” സദൃശവാക്യങ്ങൾ 16:3 നമ്മെ പ്രോത്സാഹിപ്പിക്കുന്നു: “നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും.” അതേ, നമ്മുടെ തീരുമാനങ്ങളിൽ യഹോവയെ പ്രാർഥനാപൂർവം ഉൾപ്പെടുത്തുന്നതിനാലും വിജയിക്കുന്നതിനുള്ള സഹായത്തിനായി അവനിൽ പൂർണമായി ആശ്രയിക്കുന്നതിനാലും സഹായ പയനിയറിങ് ചെയ്യുന്നതു സംബന്ധിച്ച നമ്മുടെ ആസൂത്രണത്തിൽ നമുക്കു ക്രിയാത്മക മനോഭാവമുള്ളവരായിരിക്കാൻ കഴിയും. ഒന്നോ രണ്ടോ മാസം നമ്മുടെ സഹായ പയനിയറിങ് പട്ടിക എത്ര വിജയകരമായിരുന്നു എന്നു കണ്ടിട്ട്, സഹായ പയനിയർ അപേക്ഷാ ഫാറത്തിൽ കൊടുത്തിരിക്കുന്ന, “വീണ്ടും ഒരറിയിപ്പുണ്ടാകുന്നതുവരെ തുടർച്ചയായി ഒരു സഹായ പയനിയറായി സേവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇവിടെ അടയാളപ്പെടുത്തുക” എന്ന ചതുരത്തിൽ നിങ്ങൾക്ക് അടയാളപ്പെടുത്താൻ കഴിഞ്ഞേക്കും.
19 “ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; . . . അതിൽ വലിയതും അവൻ ചെയ്യും” എന്ന് യേശു പ്രവചിച്ചു. (യോഹ. 14:12) ഈ പ്രവചനത്തിന്റെ മഹത്തായ നിവൃത്തി നടക്കവേ ദൈവത്തിന്റെ കൂട്ടുവേലക്കാരായി പ്രവർത്തിക്കുന്നതിനുള്ള സന്തോഷകരമായ പദവിയാണു നമുക്കുള്ളത്. മുമ്പെന്നത്തെക്കാൾ കൂടുതൽ തീക്ഷ്ണതയോടെ സുവാർത്ത പ്രസംഗിക്കുന്നതിനുള്ള സമയം ഇപ്പോഴാണ്. ഈ വേലയ്ക്കായി നാം അവസരോചിത സമയം വിലയ്ക്കു വാങ്ങേണ്ടതുണ്ട്. (1 കൊരി. 3:9; കൊലൊ. 4:5) സാധ്യമാകുമ്പോഴെല്ലാം സഹായ പയനിയർ സേവനത്തിൽ പങ്കെടുക്കുന്നത് രാജ്യഘോഷകരെന്ന നിലയിൽ നമ്മുടെ പങ്കു നിർവഹിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്. ഈ സ്മാരകകാലത്ത് സഹായ പയനിയർമാരിൽനിന്നുള്ള ഈ സ്തുതിഗീതം എത്ര ഗംഭീരമായിരിക്കും എന്നു കാണാൻ ഞങ്ങൾ ആകാംക്ഷാപൂർവം കാത്തിരിക്കുന്നു. (സങ്കീ. 27:6) കഴിഞ്ഞ വേനൽക്കാല മാസങ്ങളിലെ ഫലംവെച്ചു നോക്കുമ്പോൾ ഞങ്ങൾ ചിന്തിക്കുകയാണ്, ‘നാം അതു വീണ്ടും ചെയ്യുമോ?’ എന്ന്. ഉവ്വ് എന്നതിൽ ഞങ്ങൾക്ക് പൂർണവിശ്വാസമുണ്ട്!
[3-ാം പേജിലെ ചിത്രം]
നിങ്ങൾക്ക് സഹായ പയനിയറായിരിക്കാൻ കഴിയുമോ?
“നിങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങൾ എന്തായിരുന്നാലും, നിങ്ങൾ സ്നാപനമേറ്റയാളാണെങ്കിൽ, നല്ല ധാർമികനില ഉണ്ടെങ്കിൽ, വയൽശുശ്രൂഷയിൽ ഒരു മാസം 60 മണിക്കൂർ ചെലവഴിക്കുകയെന്ന വ്യവസ്ഥ പാലിക്കുന്നതിനു ക്രമീകരിക്കാൻ കഴിയുമെങ്കിൽ, ഒരു സഹായ പയനിയറെന്ന നിലയിൽ ഒന്നോ അധികമോ മാസങ്ങളിൽ സേവിക്കാൻ കഴിയുമെന്നു വിശ്വസിക്കുകയും ചെയ്യുന്നുവെങ്കിൽ, ഈ സേവനപദവിക്കു വേണ്ടിയുള്ള നിങ്ങളുടെ അപേക്ഷ പരിഗണിക്കാൻ സഭാമൂപ്പന്മാർക്കു സന്തോഷമുണ്ടായിരിക്കും.”—നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ, പേജ് 113.
[6-ാം പേജിലെ ചിത്രം]
സഹായ പയനിയർ പട്ടികകൾ
ഓരോ ആഴ്ചയും 15 മണിക്കൂർ വയൽസേവനം പട്ടികപ്പെടുത്താനുള്ള വിധങ്ങളുടെ മാതൃകകൾ
രാവിലെ—തിങ്കൾമുതൽ ശനിവരെ
ഏതെങ്കിലും ദിവസത്തിനു പകരമായി ഞായറാഴ്ച ഉപയോഗിക്കാം
ദിവസം സമയഘട്ടം മണിക്കൂർ
തിങ്കൾ രാവിലെ 2 1/2
ചൊവ്വ രാവിലെ 2 1/2
ബുധൻ രാവിലെ 2 1/2
വ്യാഴം രാവിലെ 2 1/2
വെള്ളി രാവിലെ 2 1/2
ശനി രാവിലെ 2 1/2
മൊത്തം മണിക്കൂർ: 15
രണ്ടു മുഴുദിവസവും
ആഴ്ചയിലെ ഏതെങ്കിലും രണ്ടു ദിവസം തിരഞ്ഞെടുക്കാം
ദിവസം സമയഘട്ടം മണിക്കൂർ
ബുധൻ മുഴുദിവസവും 7 1/2
ശനി മുഴുദിവസവും 7 1/2
മൊത്തം മണിക്കൂർ: 15
രണ്ടു സായാഹ്നങ്ങളും വാരാന്ത്യവും
വാരത്തിലെ ഏതെങ്കിലും രണ്ടു സായാഹ്നങ്ങൾ തിരഞ്ഞെടുക്കാം
ദിവസം സമയഘട്ടം മണിക്കൂർ
തിങ്കൾ സായാഹ്നം 1 1/2
ബുധൻ സായാഹ്നം 1 1/2
ശനി മുഴുദിവസവും 8
ഞായർ അരദിവസം 4
മൊത്തം മണിക്കൂർ: 15
വാരത്തിലെ ഉച്ചകഴിഞ്ഞുള്ള സമയവും ശനിയാഴ്ചയും
ഏതെങ്കിലും ദിവസത്തിനു പകരമായി ഞായറാഴ്ച ഉപയോഗിക്കാം
ദിവസം സമയഘട്ടം മണിക്കൂർ
തിങ്കൾ ഉച്ചകഴിഞ്ഞ് 2
ചൊവ്വ ഉച്ചകഴിഞ്ഞ് 2
ബുധൻ ഉച്ചകഴിഞ്ഞ് 2
വ്യാഴം ഉച്ചകഴിഞ്ഞ് 2
വെള്ളി ഉച്ചകഴിഞ്ഞ് 2
ശനി മുഴുദിവസവും 5
മൊത്തം മണിക്കൂർ: 15
എന്റെ വ്യക്തിപരമായ സേവന പട്ടിക
ഓരോ സമയഘട്ടത്തിലും എത്ര മണിക്കൂറെന്നു തീരുമാനിക്കുക
ദിവസം സമയഘട്ടം മണിക്കൂർ
തിങ്കൾ
ചൊവ്വ
ബുധൻ
വ്യാഴം
വെള്ളി
ശനി
ഞായർ
മൊത്തം മണിക്കൂർ: 15