ആളുകളുടെ പ്രത്യേക താത്പര്യത്തിന് ഇണങ്ങുന്ന ലേഖനങ്ങൾ തിരഞ്ഞെടുക്കുക
1 തങ്ങളുടെ അസ്ത്രങ്ങൾ സൂക്ഷ്മമായി ഉന്നംവെക്കുന്ന വില്ലാളികളെപ്പോലെ, പല സഭാ പ്രസാധകരും പയനിയർമാരും തങ്ങളുടെ പ്രദേശത്തെ ആളുകളുടെ പ്രത്യേക താത്പര്യത്തിന് ഇണങ്ങും വിധം വീക്ഷാഗോപുരത്തിൽ നിന്നും ഉണരുക!യിൽ നിന്നുമുള്ള തിരഞ്ഞെടുത്ത ലേഖനങ്ങൾ ഉപയോഗിക്കുന്നതിൽ വിജയം കണ്ടെത്തുന്നു. ചില പ്രത്യേക ലേഖനങ്ങൾ ആരിലൊക്കെ താത്പര്യം ഉണർത്തിയേക്കാമെന്ന് അവർ മുൻകൂട്ടി കണ്ടുപിടിക്കുകയും പ്രസ്തുത ലേഖനങ്ങൾ ഉപയോഗിച്ചുകൊണ്ട് അത്തരം പ്രത്യേക വ്യക്തികളെ നമ്മുടെ മാസികകളുടെ വരിക്കാരാകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവർ ഇതു ചെയ്യുന്നത് എങ്ങനെയാണ്?
2 ആദ്യം അവർ മാസികയുടെ ഓരോ ലക്കവും പുറത്തോടുപുറം വായിക്കുന്നു. എന്നിട്ട്, ഏതു തരം ആളുകളെയാണ് ഇതിലെ ഓരോ ലേഖനവും ആകർഷിക്കുക എന്നു സ്വയം ചോദിക്കുന്നു. അതിനുശേഷം ആ ലേഖനം വായിക്കാൻ താത്പര്യം കാട്ടിയേക്കാവുന്ന വ്യക്തികളെ സന്ദർശിക്കാൻ ശ്രമം നടത്തുന്നു. അവരിൽ താത്പര്യം ഉണർത്തുന്നതിനായി പ്രസ്തുത ലേഖനം കാണിച്ചശേഷം വരിസംഖ്യ വാഗ്ദാനം ചെയ്യുന്നു. ഒരു പ്രത്യേക ലക്കം തങ്ങളുടെ പ്രദേശത്തെ വളരെയേറെ ആളുകളെ ആകർഷിച്ചേക്കാമെന്ന് തോന്നുന്നെങ്കിൽ അവർ കൂടുതൽ എണ്ണത്തിന് ഓർഡർ ചെയ്യുന്നു.
3 നമ്മുടെ മാസികകൾ വളരെ വിലമതിക്കപ്പെടുന്നു: നൈജീരിയയിലെ ഏറ്റവും അധികം വായനക്കാരുള്ള ഒരു അന്താരാഷ്ട്ര മാസികയുടെ പിന്നണി പ്രവർത്തകനും നമ്മുടെ വരിക്കാരിൽ ഒരുവനുമായ ഒരു വ്യക്തി ഉണരുക!യെപ്പറ്റി ഇപ്രകാരം പറഞ്ഞു: “ലോകത്തിന്റെ പൊതു താത്പര്യത്തെ ലക്ഷ്യം വെച്ചുകൊണ്ടു പ്രവർത്തിക്കുന്ന ഏറ്റവും മികച്ച മാസികയ്ക്ക് അഭിനന്ദനങ്ങൾ.” നമ്മുടെ മാസികകളുടെ ഉത്സുകനായ മറ്റൊരു വായനക്കാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “വിലതീരാത്ത ജ്ഞാനത്തിന്റെ എത്രയോ അത്ഭുതകരമായ രത്നങ്ങൾ! എനിക്കു താത്പര്യജനകമായ ഒരു കാര്യമെങ്കിലും ഈ [പത്രികകളുടെ] പേജുകളിൽ എവിടെയെങ്കിലും ചർച്ചചെയ്യപ്പെടാതെ പോയിട്ടില്ല.”
4 ഈ മാസികകൾ നാനാതരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ബൈബിൾ, ലോകസംഭവങ്ങൾ, കുടുംബപരമായ കാര്യങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ, ചരിത്രം, ശാസ്ത്രം, സസ്യ-ജന്തു ജീവൻ തുടങ്ങിയവ അവയിൽ ചിലതാണ്. ഒരു വ്യക്തി തന്റെ ആവശ്യങ്ങളോടും ചുറ്റുപാടുകളോടും തൊഴിലിനോടും ബന്ധപ്പെട്ട കാര്യങ്ങൾ വായിക്കാൻ തീർച്ചയായും ചായ്വുള്ളവനാണ്. തങ്ങളുടേതായ പ്രത്യേക ഇഷ്ടാനിഷ്ടങ്ങളും പ്രശ്നങ്ങളുമുള്ള നിരവധി ആളുകളോട് നാം സംസാരിക്കുന്നതിനാൽ, കണ്ടുമുട്ടുന്ന ആളുകളെ ആകർഷിക്കത്തക്ക വിധത്തിലുള്ള ലേഖനങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ ഫലപ്രദമാണ്.
5 രണ്ടു സാക്ഷികൾ ഒരു പത്രത്തിന്റെ പംക്തിയെഴുത്തുകാരനെ 1996 സെപ്റ്റംബർ 8 ലക്കം ഉണരുക! കാണിച്ചപ്പോൾ എന്തു സംഭവിച്ചുവെന്നു ശ്രദ്ധിക്കുക. അദ്ദേഹം എഴുതി: “താത്പര്യമില്ലെന്നു പറയാൻ ഒരു അവസരം കിട്ടുന്നതിനു മുമ്പേ അവരിലൊരാൾ കൂട്ടിച്ചേർത്തു: ‘അമേരിക്കൻ ഇന്ത്യക്കാരെക്കുറിച്ചുള്ള ഒരു ലേഖനം ഇതിലുണ്ട്. ആ വിഷയത്തെക്കുറിച്ച് താങ്കൾ വളരെയധികം എഴുതിയിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം.’” അദ്ദേഹം ആ മാസിക സ്വീകരിക്കുകയും പ്രഭാതഭക്ഷണ സമയത്ത് അമേരിക്കൻ ഇന്ത്യക്കാരെക്കുറിച്ചുള്ള ലേഖനങ്ങൾ വായിക്കുകയും ചെയ്തു. പിന്നീട്, ‘അത് അതിവിശിഷ്ടമായിരുന്നു’വെന്നും “ഉള്ളടക്കത്തോട് അങ്ങേയറ്റം സത്യസന്ധത പുലർത്തി”യെന്നും അദ്ദേഹം സമ്മതിച്ചു പറഞ്ഞു.
6 നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ താത്പര്യം ഉണർത്തുന്ന വിഷയങ്ങൾ ഏവ? നിങ്ങളുടെ പ്രദേശത്തെ കടക്കാരുടെയും ഇതര തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും നിങ്ങളുടെ അയൽക്കാർ, സഹജോലിക്കാർ, സഹപാഠികൾ തുടങ്ങിയവരുടെയും താത്പര്യം ഉണർത്തിയേക്കാവുന്ന എന്തൊക്കെ വിവരങ്ങൾ നിങ്ങൾ സമീപ മാസങ്ങളിലെ ലക്കങ്ങളിൽ നിരീക്ഷിച്ചു? അഭിഭാഷകർ, അധ്യാപകർ, പ്രൊഫസർമാർ, പ്രിൻസിപ്പൽമാർ, കുടുംബ-സ്കൂൾ ഉപദേഷ്ടാക്കൾ, യുവജന ഉപദേഷ്ടാക്കൾ, സാമൂഹിക പ്രവർത്തകർ, ഡോക്ടർമാർ, നേഴ്സുമാർ തുടങ്ങിയവർക്കു പ്രത്യേകിച്ചു താത്പര്യം തോന്നിയേക്കാവുന്ന വിഷയങ്ങൾ ഏവയാണ്? ഓരോ ലക്കവും വിശകലനം ചെയ്യവേ നിങ്ങളുടെ പ്രസംഗം കേൾക്കുന്നവരെ മനസ്സിൽപ്പിടിക്കുന്നത് സത്യത്തിന്റെ വചനം മികച്ച രീതിയിൽ പ്രചരിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ പ്രദാനം ചെയ്യും.
7 ഒരു വ്യക്തി വീക്ഷാഗോപുരത്തിലെയോ ഉണരുക!യിലെയോ ഒരു ലേഖനത്തിൽ പ്രത്യേക താത്പര്യം പ്രകടിപ്പിക്കുകയും മാസിക സ്വീകരിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “നിങ്ങൾക്കു താത്പര്യം തോന്നിയേക്കും എന്ന് ഞാൻ കരുതുന്ന ഒരു ലേഖനം ഭാവി ലക്കങ്ങളിൽ വരുന്നപക്ഷം അതിന്റെ ഒരു പ്രതി കൊണ്ടുവന്നു തരാൻ എനിക്കു സന്തോഷമുണ്ട്.” ആ വ്യക്തിയെ നിങ്ങളുടെ മാസികാറൂട്ടുകളിൽ ഉൾപ്പെടുത്തുകയും പുതിയ ലക്കം മാസികകൾ കിട്ടിയാലുടൻ അവയുമായി അവരെ സന്ദർശിക്കുകയും ചെയ്യാവുന്നതാണ്. ഇത് നമ്മുടെ മാസികകളിലെ ഏതെങ്കിലും പ്രത്യേക വിഷയത്തിൽ താത്പര്യം ഉണ്ടായിരിക്കാൻ ഇടയുള്ള വ്യക്തികൾക്ക് മടക്ക സന്ദർശനം നടത്താനുള്ള ഒരു തുറന്ന ക്ഷണം നേടുന്നതിനു തുല്യമാണ്.
8 ഒരു ആത്മീയ ലക്ഷ്യമുണ്ടായിരിക്കുക: ഏതാനും വർഷം മുമ്പ് തൊഴിലിനു വളരെ പ്രാധാന്യം കൊടുത്തിരുന്ന ഒരു വ്യക്തി, തനിക്കു താത്പര്യം തോന്നിയ ഒരു പ്രത്യേക വിഷയം പ്രതിപാദിച്ച ഒരു ഉണരുക! വാങ്ങി. എങ്കിലും മതഭക്തനായ ആ മനുഷ്യൻ അതോടൊപ്പം ലഭിച്ച വീക്ഷാഗോപുരം മാസികയും വായിച്ചു. താൻ അന്നോളം വിശ്വസിച്ചിരുന്ന ത്രിത്വത്തെക്കുറിച്ച് ഒരു സൂക്ഷ്മ വിചിന്തനം നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഒരു ലേഖനം ആ മാസികയിൽ ഉണ്ടായിരുന്നു. ആറു മാസത്തിനുശേഷം അദ്ദേഹം സ്നാപനമേറ്റു! അതുകൊണ്ട്, നമ്മുടെ മാസികകളുടെ വായനക്കാരെ ആത്മീയ ചർച്ചകളിൽ ഉൾപ്പെടുത്താൻ മടിക്കരുത്. നിങ്ങൾക്ക്, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക പരിചയപ്പെടുത്തുകയും പുതിയ ലക്കം മാസികകൾ കൊടുക്കാൻ ചെല്ലുമ്പോഴൊക്കെ ഏതാനും മിനിറ്റു മാത്രമെടുത്ത് അതിലെ ഓരോ പാഠം വീതം ചർച്ച ചെയ്യാമെന്നു പറയുകയും ചെയ്യാവുന്നതാണ്.
9 നിങ്ങൾ മടക്കസന്ദർശനം നടത്തുകയോ ബിസിനസ് ആവശ്യങ്ങൾക്കായി കണ്ടുമുട്ടുകയോ ചെയ്യുന്നവരിൽ ആരൊക്കെ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യ ലഭിക്കുന്നതു വിലമതിച്ചേക്കും എന്നു ശ്രദ്ധാപൂർവം പരിചിന്തിക്കുക. അതിനുശേഷം അവരുടെ അടുക്കൽ എത്തിച്ചേരാൻ ഒരു ആത്മാർഥ ശ്രമം നടത്തുക. ഈ വിലയേറിയ പത്രികകളുമായി സാധിക്കുന്നത്ര ആളുകളെ സമീപിക്കുക. അവർ താത്പര്യം കാണിക്കുകയും എന്നാൽ വരിസംഖ്യ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം, ഓരോ പുതിയ ലക്കത്തിൽനിന്നും അവരുടെ പ്രത്യേക താത്പര്യത്തിന് അനുയോജ്യമെന്നു തോന്നുന്ന ഒരു ലേഖനം ചൂണ്ടിക്കാണിച്ചുകൊണ്ട് അവ ക്രമമായി അവർക്ക് എത്തിച്ചുകൊടുക്കുക. കൂടുതൽ ആളുകളെ നമ്മുടെ മാസികകൾ വായിക്കാൻ സഹായിക്കവേ നിങ്ങൾ നിങ്ങളുടെ “അപ്പത്തെ വെള്ളത്തിന്മേൽ എറിക”യാണെന്ന് ഒരിക്കലും മറക്കരുത്. ഒരുപക്ഷേ, കാലക്രമേണ ഭാവി ശിഷ്യരെ കണ്ടെത്തുന്നതിൽ നിങ്ങൾ വിജയം വരിച്ചേക്കാം.—സഭാ. 11:1, 6.