പയനിയർമാർ മറ്റുള്ളവരെ സഹായിക്കുന്നു
1 “കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിൻ” എന്ന് യേശു പറഞ്ഞു. ഒന്നാം നൂറ്റാണ്ടിൽ കൊയ്ത്തുകാർ ചുരുക്കമായിരുന്നു. മാത്രവുമല്ല അവർക്കു പ്രവർത്തിക്കാനായി ധാരാളം പ്രദേശവുമുണ്ടായിരുന്നു. അതുകൊണ്ട് ഓരോ ആളെ വീതം അയച്ച്, സാധ്യമാകുന്നത്ര ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ യേശുവിനു ക്രമീകരണം ചെയ്യാമായിരുന്നു. എന്നാൽ അവൻ അവരെ “ഈരണ്ടായി അയച്ചു.” (ലൂക്കൊ. 10:1, 2) എന്തുകൊണ്ടാണ് അവൻ അവരെ ഈരണ്ടായി അയച്ചത്?
2 ആ ശിഷ്യന്മാർ പുതിയവരും അനുഭവപരിചയം കുറഞ്ഞവരും ആയിരുന്നു. ഒന്നിച്ചു പ്രവർത്തിക്കുന്നതിനാൽ അവർക്ക് മറ്റേ ആളിൽനിന്നു പഠിക്കുന്നതിനും അന്യോന്യം പ്രോത്സാഹിപ്പിക്കുന്നതിനും കഴിയുമായിരുന്നു. ശലോമോന്റെ വാക്കുകളിൽ പറഞ്ഞാൽ, “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു.” (സഭാ. 4:9, 10) പൊ.യു. 33-ലെ പെന്തക്കോസ്തിൽ പരിശുദ്ധാത്മാവ് പകരപ്പെട്ടതിനു ശേഷവും പൗലൊസും ബർന്നബാസും മറ്റും ശുശ്രൂഷയിൽ സഹവിശ്വാസികളോടൊപ്പം പോയി. (പ്രവൃ. 15:34) പ്രാപ്തരായ അത്തരം ആളുകളിൽനിന്നു വ്യക്തിപരമായി പരിശീലനം ലഭിക്കുകയെന്നത് എന്തൊരു അനുഭവമായിരുന്നിരിക്കണം!
3 ഒരു ഉത്തമ പരിശീലന പരിപാടി: ഒന്നാം നൂറ്റാണ്ടിലെ സഭയെപ്പോലെ, ആധുനിക ക്രിസ്തീയ സഭയും പ്രസംഗ പ്രവർത്തനം നടത്തുന്ന ഒരു സംഘടനയാണ്. അതു നമുക്കു പരിശീലനവും പ്രദാനം ചെയ്യുന്നുണ്ട്. സാധ്യമാകുന്നത്ര ഫലകരമായി സുവാർത്ത അവതരിപ്പിക്കുക എന്നതായിരിക്കണം വ്യക്തികളെന്നനിലയിൽ നമ്മുടെ ആത്മാർഥമായ ആഗ്രഹം. കൂടുതൽ പ്രസാധകർക്ക് തങ്ങളുടെ ഫലപ്രദത്വം വർധിപ്പിക്കാൻ സാധിക്കത്തക്കവണ്ണം സഹായം ലഭ്യമാണ്.
4 അടുത്ത കാലത്തു നടത്തപ്പെട്ട രാജ്യശുശ്രൂഷാ സ്കൂളിൽവെച്ച്, വയൽ ശുശ്രൂഷയിൽ പയനിയർമാർ മറ്റുള്ളവരെ സഹായിക്കുന്ന ഒരു പരിപാടി സംബന്ധിച്ച് സൊസൈറ്റി അറിയിക്കുകയുണ്ടായി. ഈ പരിപാടിയുടെ ആവശ്യം ഉണ്ടോ? തീർച്ചയായും ഉണ്ട്. കഴിഞ്ഞ മൂന്നു വർഷംകൊണ്ട് ഒരു ദശലക്ഷത്തിലധികം പ്രസാധകർ സ്നാപനമേൽക്കുകയുണ്ടായി. പ്രസംഗവേലയിൽ കൂടുതൽ ഫലപ്രദരാകുന്നതിന് അവരിൽ പലർക്കും പരിശീലനം ആവശ്യമാണ്. അതിനായി ആരെയാണ് ഉപയോഗിക്കാവുന്നത്?
5 മുഴുസമയ പയനിയർമാർക്ക് സഹായിക്കാവുന്നതാണ്. യഹോവയുടെ സംഘടന അവർക്കു ധാരാളം ബുദ്ധ്യുപദേശവും പരിശീലനവും നൽകുന്നുണ്ട്. ദ്വിവാര പയനിയർ സേവന സ്കൂളിലൂടെ, തങ്ങളുടെ ആവശ്യങ്ങൾക്ക് ഇണങ്ങും വിധമുള്ള നിർദേശങ്ങൾ അവർക്കു ലഭിക്കുന്നു. സർക്കിട്ട്, ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാരുമൊത്തുള്ള യോഗങ്ങളിൽനിന്നും മൂപ്പന്മാരുടെ മാർഗനിർദേശങ്ങളിൽനിന്നും അവർക്കു പ്രയോജനം ലഭിക്കുന്നു. എല്ലാ പയനിയർമാരും പൗലൊസിനെയും ബർന്നബാസിനെയും പോലെ അനുഭവ സമ്പന്നരല്ലെങ്കിലും, അവർക്കു വിലയേറിയ പരിശീലനം ലഭിച്ചിട്ടുണ്ട്. അതു പങ്കു വെക്കാൻ അവർക്കു സന്തോഷമേയുള്ളൂ.
6 ആരൊക്കെ പ്രയോജനം നേടും? ഈ പരിപാടിയിൽ പങ്കുപറ്റാനുള്ള പദവി പുതിയ പ്രസാധകർക്കും പുതുതായി സ്നാപനമേറ്റവർക്കും മാത്രമേയുള്ളോ? ഒരിക്കലുമല്ല! സത്യം മനസ്സിലാക്കിയിട്ട് അനേക വർഷങ്ങളായ യുവാക്കളും പ്രായമായവരും സഭയിലുണ്ട്. എന്നാൽ ശുശ്രൂഷയുടെ ചില പ്രത്യേക വശങ്ങളിൽ ലഭിക്കുന്ന സഹായത്തെ അവർ വിലമതിക്കും. ധാരാളം സാഹിത്യങ്ങൾ സമർപ്പിക്കുന്നതിൽ ചിലർ വളരെ ഫലപ്രദരാണെങ്കിലും മടക്ക സന്ദർശനങ്ങൾ നടത്തുന്നതിനും ബൈബിൾ അധ്യയനം ആരംഭിക്കുന്നതിനും അവർക്കു ബുദ്ധിമുട്ടുണ്ട്. മറ്റു ചിലർക്കാകട്ടെ, എളുപ്പത്തിൽ ബൈബിൾ അധ്യയനം ആരംഭിക്കാൻ സാധിക്കുന്നുണ്ടെങ്കിലും അവരുടെ വിദ്യാർഥികൾ പുരോഗമിക്കുന്നില്ല. പുരോഗതി പ്രാപിക്കുന്നതിൽനിന്ന് അവരെ തടയുന്നത് എന്താണ്? ഇത്തരം സാഹചര്യങ്ങളിൽ സഹായം പ്രദാനം ചെയ്യാൻ പരിചയസമ്പന്നരായ പയനിയർമാരോട് അഭ്യർഥിക്കാവുന്നതാണ്. താത്പര്യം വളർത്തിയെടുക്കുന്നതിലും ബൈബിൾ അധ്യയനം ആരംഭിക്കുന്നതിലും പുതിയ വിദ്യാർഥികളെ സംഘടനയിലേക്കു നയിക്കുന്നതിലും ചില പയനിയർമാർ സമർഥരാണ്. അവരുടെ അനുഭവ സമ്പത്ത് ഈ പുതിയ പരിപാടിക്ക് ഒരു മുതൽക്കൂട്ടായിരിക്കും.
7 സഭയുടെ ക്രമമായ വയൽ സേവന ക്രമീകരണത്തിൽ നിങ്ങൾക്ക് ആഗ്രഹിക്കുന്നത്ര പങ്കുപറ്റാൻ സാധിക്കാതെ വരുന്നുണ്ടോ? മറ്റു പ്രസാധകർക്കു വരാൻ സാധിക്കാത്തപ്പോൾ, ഇടയ്ക്കിടെ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഒരു പയനിയർക്കു സാധിച്ചേക്കും.
8 നല്ല സഹകരണം ആവശ്യം: പയനിയർമാർ മറ്റുള്ളവരെ സഹായിക്കുന്നു എന്ന പരിപാടിയിൽ നിന്നു വ്യക്തിപരമായ സഹായം നേടാൻ ആഗ്രഹിക്കുന്ന പ്രസാധകർക്കു വേണ്ട ക്രമീകരണങ്ങൾ മൂപ്പന്മാർ വർഷത്തിൽ രണ്ടു പ്രാവശ്യം ചെയ്യും. അത്തരം സഹായം സ്വീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളെ സഹായിക്കാൻ നിയമിക്കപ്പെട്ടിരിക്കുന്ന പയനിയർ പ്രസാധകനുമായി ബന്ധപ്പെടുക. എന്നിട്ട്, സേവനത്തിനായി ഒരു പ്രായോഗിക പട്ടിക ഉണ്ടാക്കി, അതിനോടു പറ്റിനിൽക്കുക. നിശ്ചയിച്ച പ്രകാരം കൃത്യസമയത്തുതന്നെ സ്ഥലത്തെത്തുക. ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ, സുവാർത്ത അവതരിപ്പിക്കുന്നതിനുള്ള ഫലകരമായ മാർഗങ്ങൾ നിരീക്ഷിക്കുക. ചില സമീപന രീതികൾ ഫലകരമായിരിക്കുന്നത് എന്തുകൊണ്ടെന്ന് അവലോകനം ചെയ്യുക. നിങ്ങളുടെ അവതരണം മെച്ചപ്പെടുത്തുന്നതിന് പയനിയർ പ്രസാധകൻ നൽകിയേക്കാവുന്ന നിർദേശങ്ങൾ പരിഗണിക്കുക. പഠിച്ച കാര്യങ്ങൾ ബാധകമാക്കവേ, ശുശ്രൂഷയിലെ നിങ്ങളുടെ പുരോഗതി നിങ്ങൾക്കും മറ്റുള്ളവർക്കും പ്രകടമാകും. (1 തിമൊഥെയൊസ് 4:15 കാണുക.) നിങ്ങൾക്കു വ്യക്തിപരമായ സഹായം ആവശ്യമുള്ള വശങ്ങൾ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്, അനൗപചാരിക സാക്ഷീകരണം ഉൾപ്പെടെ, ശുശ്രൂഷയുടെ എല്ലാ മേഖലകളിലും പങ്കുപറ്റിക്കൊണ്ട് സാധ്യമാകുമ്പോഴെല്ലാം ഒന്നിച്ചു പ്രവർത്തിക്കുക.
9 നിങ്ങൾ വരുത്തുന്ന പുരോഗതിയിൽ സേവന മേൽവിചാരകൻ തത്പരനാണ്. ഈ പരിപാടിയിൽനിന്ന് നിങ്ങൾ എങ്ങനെ പ്രയോജനം നേടുന്നു എന്നു മനസ്സിലാക്കുന്നതിന് അദ്ദേഹം സഭാ പുസ്തകാധ്യയന നിർവാഹകനുമൊത്ത് കാര്യാദികൾ ഇടയ്ക്കിടെ ചർച്ചചെയ്യും. അതുപോലെ, സഭ സന്ദർശിക്കുമ്പോൾ സർക്കിട്ട് മേൽവിചാരകനും നിങ്ങളെ സഹായിക്കും.
10 തന്റെ ജനം പരിശീലിതരും “സകല സത്പ്രവൃത്തിക്കും സജ്ജ”രും ആയിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (2 തിമൊ. 3:17, NW) വചനം പ്രസംഗിക്കാനുള്ള പ്രാപ്തി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള ഒരു ഉത്തമ കരുതലായി വേണം പയനിയർമാർ മറ്റുള്ളവരെ സഹായിക്കുന്നു എന്ന ക്രമീകരണത്തെ വീക്ഷിക്കാൻ. ഈ പരിപാടിയിൽ പങ്കുപറ്റാനുള്ള പദവി നിങ്ങൾക്കുണ്ടെങ്കിൽ, കൃതജ്ഞതയോടും താഴ്മയോടും സന്തോഷത്തോടും കൂടെ അങ്ങനെ ചെയ്യുക.