നേതൃത്വം വഹിക്കുന്ന മേൽവിചാരകന്മാർ—സെക്രട്ടറി
1 ‘സകലവും ഉചിതമായും ക്രമമായും നടക്കു’ന്നുവെന്ന് ഉറപ്പാക്കുന്നതിൽ സഭാ സെക്രട്ടറി മർമപ്രധാനമായ ഒരു പങ്കു വഹിക്കുന്നു. (1 കൊരി. 14:39ബി) സഭാ സേവന കമ്മിറ്റിയിലെ ഒരു അംഗം എന്ന നിലയിൽ, സഭയുടെ എഴുത്തുകുത്തുകളും പ്രധാന രേഖകളും അദ്ദേഹം കൈകാര്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ ചുമതലകൾ മറ്റു മൂപ്പന്മാരുടെ ചുമതലകൾപോലെ അത്ര ദൃശ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ സേവനം വളരെ അനുപേക്ഷണീയവും വിലമതിക്കപ്പെടുന്നതുമാണ്.
2 സൊസൈറ്റിയിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ കത്തുകൾ ലഭിക്കുമ്പോൾ, അതു കൈപ്പറ്റി യഥാസമയം അതിനു മറുപടി അയയ്ക്കുന്നുവെന്ന് സെക്രട്ടറി ഉറപ്പുവരുത്തുന്നു. ലഭിക്കുന്ന കത്തുകൾ മറ്റു മൂപ്പന്മാർക്കു വായിക്കാൻ തക്കവണ്ണം ലഭ്യമാക്കിയശേഷം, ഭാവി ഉപയോഗത്തിനായി ഫയലിൽ സൂക്ഷിക്കുന്ന കാര്യത്തിൽ അദ്ദേഹം ശ്രദ്ധയുള്ളവനാണ്. മാസികയ്ക്കും സാഹിത്യത്തിനുമുള്ള അപേക്ഷകൾ പരിശോധിച്ച ശേഷം സൊസൈറ്റിക്ക് അയയ്ക്കുന്നത് അദ്ദേഹമാണ്. കണക്കും വരിസംഖ്യയും കൈകാര്യം ചെയ്യുന്നവർക്കും അതുപോലെ കൺവെൻഷൻ സംബന്ധിച്ചുള്ള കാര്യാദികൾക്കും അദ്ദേഹം നേരിട്ടു മേൽനോട്ടം വഹിക്കുന്നു.
3 മാസത്തിന്റെ ആറാം തീയതിയോടെ സെക്രട്ടറി സഭയുടെ വയൽ സേവന റിപ്പോർട്ട് സൊസൈറ്റിക്ക് അയയ്ക്കേണ്ടതുള്ളതിനാൽ, നാമെല്ലാവരും ഓരോ മാസാവസാനവും കൃത്യമായി നമ്മുടെ വയൽ പ്രവർത്തനം റിപ്പോർട്ടു ചെയ്യേണ്ടത് അനിവാര്യമാണ്. അദ്ദേഹം അതു സഭാ പ്രസാധക രേഖാ കാർഡിൽ ചേർക്കുന്നതാണ്. തന്റെ പ്രവർത്തനത്തിന്റെ വ്യക്തിപരമായ രേഖ കാണാൻ ഏതൊരു പ്രസാധകനും ആവശ്യപ്പെടാവുന്നതാണ്.
4 ഒരു പ്രസാധകൻ തന്റെ സഭയിലേക്കു വരുമ്പോൾ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു കത്തിനും അദ്ദേഹത്തിന്റെ സഭാ പ്രസാധക രേഖാ കാർഡിനും വേണ്ടി ആ വ്യക്തി സഹവസിച്ചിരുന്ന സഭയിലെ മൂപ്പന്മാരോടു സെക്രട്ടറി അഭ്യർഥിക്കുന്നു. തന്റെ സഭയിൽനിന്ന് ഒരു പ്രസാധകൻ മാറിപ്പോകുമ്പോൾ, സെക്രട്ടറി മേൽപ്പറഞ്ഞ രേഖകൾ വ്യക്തിയുടെ പുതിയ സഭയിലേക്ക് അയച്ചുകൊടുക്കുന്നു.—നമ്മുടെ ശുശ്രൂഷ, പേ. 104-5.
5 സെക്രട്ടറി പയനിയർമാരുടെ പ്രവർത്തനം പുനരവലോകനം ചെയ്യുകയും അവർ അഭിമുഖീകരിച്ചേക്കാവുന്ന ഏതൊരു പ്രശ്നവും മറ്റു മൂപ്പന്മാരെ, വിശേഷിച്ച് സേവന മേൽവിചാരകനെ അറിയിക്കുകയും ചെയ്യുന്നു. വയൽ സേവനത്തിൽ ക്രമമില്ലാത്ത പ്രസാധകരെ കുറിച്ച് അദ്ദേഹം പുസ്തകാധ്യയന നിർവാഹകർക്കു മുന്നറിയിപ്പു കൊടുക്കുന്നു. നിഷ്ക്രിയരെ സഹായിക്കാനുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിൽ സെക്രട്ടറിയും സേവന മേൽവിചാരകനും നേതൃത്വമെടുക്കുന്നു.—നമ്മുടെ രാജ്യ ശുശ്രൂഷ (ഇംഗ്ലീഷ്), ഡിസംബർ 1987, പേ. 1.
6 സെക്രട്ടറിയുടെ ചുമതലകളോടു കൂടുതൽ വിലമതിപ്പു പ്രകടമാക്കിക്കൊണ്ട് നമുക്ക്, തന്റെ ഗൃഹവിചാരണ സുഗമമായി നിർവഹിക്കാൻ അദ്ദേഹത്തെ സഹായിക്കാൻ ആകുന്നതെല്ലാം ചെയ്യാം.—1 കൊരി. 4:2.