ആവശ്യം ലഘുപത്രിക ഉപയോഗിച്ച് അധ്യയനങ്ങൾ ആരംഭിക്കൽ
1 ആളുകളെ സത്യം പഠിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു ഉപകരണമാണ് ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക എന്ന് ലോകമെമ്പാടും നിന്നുള്ള റിപ്പോർട്ടുകൾ പ്രകടമാക്കുന്നു. ഈ ലഘുപത്രിക ഉപയോഗിച്ച് ഓരോ വാരത്തിലും ആയിരക്കണക്കിനു ബൈബിൾ അധ്യയനങ്ങളാണ് ആരംഭിക്കുന്നത്. ആവശ്യം ലഘുപത്രിക ഉപയോഗിച്ച് ബൈബിൾ അധ്യയനം ആരംഭിക്കുന്നതിലും നടത്തുന്നതിലും നിങ്ങൾക്കു വിജയിക്കാൻ കഴിഞ്ഞിട്ടുണ്ടോ?
2 ഈ ലഘുപത്രിക സമർപ്പിക്കുന്നത് എളുപ്പമാണെന്നു മിക്കവരും കണ്ടെത്തുന്നു. എന്നാൽ, അത് ഉപയോഗിച്ച് ഒരു ബൈബിൾ അധ്യയനം ആരംഭിക്കാനായി എന്തു പറയണമെന്ന കാര്യത്തിൽ ചിലർക്കു ബുദ്ധിമുട്ടുള്ളതായി കാണപ്പെടുന്നു. ആവശ്യം ലഘുപത്രിക ഉപയോഗിച്ച് ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ ഫലപ്രദമെന്നു മറ്റുള്ളവർ കണ്ടെത്തിയിരിക്കുന്ന മാർഗങ്ങൾ ഏവയാണ്? പിൻവരുന്ന നിർദേശങ്ങൾ സഹായകം ആയിരുന്നേക്കാം.
3 അധ്യയനം നടത്തുന്ന വിധം കാട്ടിക്കൊടുക്കാമെന്നു പറയുക: പ്രഥമ സന്ദർശനം നടത്തുമ്പോൾ അല്ലെങ്കിൽ മടക്കസന്ദർശനം നടത്തുമ്പോൾ, കേവലം ബൈബിൾ അധ്യയനത്തെ കുറിച്ചു വീട്ടുകാരനോടു പറയുന്നതിനു പകരം ബൈബിൾ അധ്യയനം എങ്ങനെയാണു നടത്തപ്പെടുന്നതെന്നു നമുക്കു കാട്ടിക്കൊടുക്കാൻ കഴിയും. “അധ്യയനം” എന്ന പദത്തോടു ബന്ധപ്പെട്ട് പല വീട്ടുകാർക്കും ഉള്ള സംശയവും ഉത്കണ്ഠയും ദൂരീകരിക്കാൻ ഇതു സഹായിക്കും. അതു കാണിച്ചുകൊടുക്കാൻ നാം പഠിച്ചുകഴിഞ്ഞാൽ, ലളിതമായ ചില കാര്യങ്ങൾ ആമുഖമായി പറഞ്ഞുകൊണ്ട് അധ്യയനം തുടങ്ങാനാകുമെന്നു നാം കണ്ടെത്തും.
4 തയ്യാറാകൽ മുഖ്യം: ബൈബിൾ അധ്യയനങ്ങൾ തുടങ്ങുന്നതിലെ നമ്മുടെ ഉത്സാഹം നാം എത്ര നന്നായി തയ്യാറായിരിക്കുന്നു എന്നതിനോടു ബന്ധപ്പെട്ടിരിക്കുന്നു. ബൈബിൾ അധ്യയന പ്രവർത്തനത്തിൽ പങ്കെടുക്കുന്നതിൽ നമുക്കുണ്ടായിരുന്നേക്കാവുന്ന വൈമുഖ്യം തരണം ചെയ്യാൻ മുൻകൂട്ടിയുള്ള തയ്യാറാകൽ സഹായിക്കും. നമ്മുടെ അവതരണം പലയാവർത്തി പരിശീലിക്കുകവഴി നാം കൂടുതൽ സംഭാഷണമികവ് ഉള്ളവർ ആയിരിക്കും, സ്വാഭാവികമായും സ്വന്തം വാക്കുകളിൽ സംസാരിക്കാൻ നമുക്കു സാധിക്കും. ഇതു നമ്മുടെയും വീട്ടുകാരന്റെയും പിരിമുറുക്കം കുറയ്ക്കാൻ തീർച്ചയായും സഹായകമാണ്.
5 റിഹേഴ്സൽ നടത്തുമ്പോൾ, നിങ്ങളുടെ അവതരണം എത്ര ദൈർഘ്യം ഉള്ളതായിരിക്കും എന്നു നിർണയിക്കുന്നതു സഹായകമാണ്. അങ്ങനെയെങ്കിൽ, അധ്യയനം പ്രകടിപ്പിച്ചു കാണിക്കാൻ എത്ര സമയം വേണ്ടിവരുമെന്ന് നിങ്ങൾക്കു വീട്ടുകാരനോടു പറയാൻ കഴിയും. സ്വയം പരിചയപ്പെടുത്തിയ ശേഷം ഒരു സഹോദരൻ പറയുന്നത് ഇങ്ങനെയാണ്: “ഞങ്ങളുടെ സൗജന്യ ബൈബിൾ പഠന പരിപാടി നിങ്ങൾക്കു കാണിച്ചുതരാനാണു ഞാൻ വന്നിരിക്കുന്നത്. അതു പ്രകടിപ്പിക്കാൻ അഞ്ചു മിനിറ്റേ എടുക്കൂ. അത്രയും സമയം എടുക്കാൻ ബുദ്ധിമുട്ടുണ്ടോ?” ആവശ്യം ലഘുപത്രികയുടെ 1-ാമത്തെ പാഠം അഞ്ചു മിനിറ്റുകൊണ്ട് പ്രകടിപ്പിച്ചു കാണിക്കാവുന്നതാണ്. തീർച്ചയായും, തിരഞ്ഞെടുത്ത തിരുവെഴുത്തുകൾ മാത്രമേ ആ സമയത്തിനുള്ളിൽ വായിക്കാനാവൂ. ഏതാനും മിനിറ്റുകൾകൊണ്ട് ആദ്യത്തെ പാഠം പൂർത്തിയാക്കി കഴിയുമ്പോൾ ആദ്യത്തെ അധ്യയനം അനുഭവിച്ചറിയാൻ വീട്ടുകാരനു കഴിയും. രണ്ടാമത്തെ പാഠം പഠിക്കാൻ മടങ്ങിച്ചെല്ലുമ്പോൾ 15 മിനിറ്റേ എടുക്കൂ എന്ന് വീട്ടുകാരനോടു പറയുക.
6 പിൻവരുന്ന അവതരണം ഫലപ്രദമെന്നു തെളിഞ്ഞിരിക്കുന്നു:
◼“ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ഈ ലഘുപത്രിക ഉപയോഗിച്ച് ലളിതവും ഹ്രസ്വവുമായ ഒരു ഭവന ബൈബിൾ അധ്യയന പരിപാടി നിങ്ങൾക്കു കാണിച്ചുതരാൻ ഞാൻ ആഗ്രഹിക്കുന്നു. ആഴ്ചയിൽ ഏകദേശം 15 മിനിറ്റു വീതം എടുക്കുകവഴി, 16 ആഴ്ചകൾകൊണ്ട് പ്രധാന ബൈബിൾ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരങ്ങൾ ബൈബിളിൽനിന്നു തങ്ങൾക്കു കണ്ടെത്താനാകുമെന്നു പലരും തിരിച്ചറിഞ്ഞിരിക്കുന്നു.” ഉള്ളടക്കം ഹ്രസ്വമായി കാണിക്കുക. 1-ാം പാഠത്തിലേക്കു തിരിഞ്ഞ് ഇങ്ങനെ പറയുക: “അഞ്ചു മിനിറ്റ് എടുക്കാമെങ്കിൽ, അത് എങ്ങനെ സാധിക്കുമെന്നു കാണിച്ചുതരാം. 1-ാമത്തെ അധ്യായത്തിന്റെ ശീർഷകം ‘ദൈവം ആവശ്യപ്പെടുന്നതു നിങ്ങൾക്കു കണ്ടുപിടിക്കാൻ കഴിയുന്ന വിധം’ എന്നാണ്.” തുടർന്ന്, ചോദ്യങ്ങൾ മൂന്നും വായിച്ച് വലയങ്ങൾക്കുള്ളിൽ കൊടുത്തിരിക്കുന്ന അക്കങ്ങൾ എന്തിനെ കുറിക്കുന്നു എന്നു വിശദീകരിക്കുക. ഒന്നാമത്തെ ഖണ്ഡിക വായിച്ചിട്ട് അതിന്റെ ഉത്തരം എങ്ങനെ കണ്ടെത്താമെന്നു വീട്ടുകാരനു കാട്ടിക്കൊടുക്കുക. അതിനുശേഷം 2-ാമത്തെ ഖണ്ഡിക വായിക്കാൻ വീട്ടുകാരനോട് ആവശ്യപ്പെടാവുന്നതാണ്. തുടർന്ന് ഇങ്ങനെ പറയുക: “ഇപ്പോൾ വായിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾ ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയും? [വീണ്ടും ചോദ്യം വായിച്ചിട്ട് ഉത്തരം പറയാൻ വീട്ടുകാരനെ അനുവദിക്കുക.] ഓരോ ഖണ്ഡികയിലും തിരുവെഴുത്തുകൾ കൊടുത്തിരിക്കുന്നതു നിങ്ങൾക്കു കാണാനാകും. ഈ ചോദ്യങ്ങൾക്കുള്ള ബൈബിൾ ഉത്തരങ്ങളിലേക്ക് അവ നമ്മുടെ ശ്രദ്ധ തിരിക്കുന്നു. ഉദാഹരണത്തിന്, 2 തിമൊഥെയൊസ് 3:16, 17 വായിച്ച് ബൈബിളിന്റെ ഗ്രന്ഥകർത്താവിനെ കുറിച്ച് നിങ്ങൾ നൽകിയ ഉത്തരത്തെ അതു പിന്താങ്ങുന്നുണ്ടോ എന്നു നോക്കാം.” 3-ാമത്തെ ഖണ്ഡിക വായിക്കുക, അതിന്റെ ചോദ്യം പരിചിന്തിക്കുക, യോഹന്നാൻ 17:3 വായിക്കുക. എന്നിട്ട് 1-ാമത്തെ പാഠം പരിചിന്തിക്കുകവഴി എന്തെല്ലാം കാര്യങ്ങൾ പഠിച്ചു എന്നതിലേക്കു വീട്ടുകാരന്റെ ശ്രദ്ധ തിരിക്കുക. ഇനി നിങ്ങൾക്കു രണ്ടാം പാഠത്തിലേക്കു മറിച്ച്, “നമുക്കു ദൈവത്തെക്കുറിച്ച് ഏതു രണ്ടു വിധങ്ങളിൽ പഠിക്കാവുന്നതാണ്?” എന്ന അതിലെ അവസാനത്തെ ചോദ്യം ചോദിക്കാവുന്നതാണ്. എന്നിട്ട് ഇങ്ങനെ ചോദിക്കുക: “2-ാമത്തെ പാഠം പരിചിന്തിച്ച് അതിന്റെ ഉത്തരം കണ്ടെത്താൻ നിങ്ങൾക്ക് എപ്പോഴാണു സമയമുള്ളത്?”
7 ചർച്ച ലളിതമാക്കി നിർത്തുന്നതും സാധ്യമാകുമ്പോഴൊക്കെ വീട്ടുകാരനെ അഭിനന്ദിക്കുന്നതും പ്രധാനമാണ്. അടുത്ത സന്ദർശനത്തിനായി ക്രമീകരണം ചെയ്യുമ്പോൾ, തുടരാൻ ആഗ്രഹമുണ്ടോ എന്നു ചോദിക്കുന്നതിനു പകരം അടുത്ത പാഠത്തിലും ഇതേ രീതി പിൻപറ്റാമെന്ന് അയാളോടു പറയുക. മടങ്ങിവരാൻ താൻ അതിയായി ആഗ്രഹിക്കുന്നുവെന്ന് അയാളോടു പറയുക. ഒരു കൃത്യസമയം നിശ്ചയിക്കാൻ ബുദ്ധിമുട്ടായിരിക്കുമ്പോൾ ഫോണിലൂടെ ഒരു പാഠം പരിചിന്തിക്കാൻ ചില പ്രസാധകർ ക്രമീകരണം ചെയ്തിട്ടുണ്ട്. താൻ അടുത്ത പ്രാവശ്യം സന്ദർശിക്കുമ്പോൾ പെട്ടെന്ന് എടുക്കാൻ കഴിയുന്ന ഒരു സ്ഥാനത്ത് ലഘുപത്രിക വെക്കുന്നത് സൗകര്യപ്രദം ആയിരിക്കുമെന്നും നിങ്ങൾക്കു വീട്ടുകാരനോടു പറയാൻ കഴിയും.
8 നിശ്ചയദാർഢ്യം ഉള്ളവരായിരിക്കുക: വിജയത്തിന്റെ പ്രധാന ഘടകം തയ്യാറാകലാണ്. എന്നാൽ, താത്പര്യക്കാരുടെ അടുക്കൽ മടങ്ങിച്ചെല്ലാൻ നാം നിശ്ചയദാർഢ്യം ഉള്ളവർ ആയിരിക്കണം. ഏതാനും മിനിറ്റുകൾകൊണ്ട് ഒരു പാഠത്തിലുള്ള വിവരങ്ങൾ പഠിപ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞ ഒരു സംഗതി ആയിരിക്കാൻ കഴിയും. അതുകൊണ്ട് അധ്യയനം പ്രകടിപ്പിച്ചു കാണിക്കുമ്പോൾ സംഭാഷണ തടസ്സം ഉണ്ടാകാതിരിക്കത്തക്കവണ്ണം പല പ്രാവശ്യം പരിശീലിക്കാൻ നിശ്ചയദാർഢ്യം ഉള്ളവരായിരിക്കുക. നിങ്ങൾ വീടുകളിൽ കണ്ടുമുട്ടുന്ന ഏതൊരാൾക്കും അതുപോലെ അനൗപചാരികമായും ഫോണിലൂടെയും നിങ്ങൾ സാക്ഷ്യം കൊടുക്കുന്നവർക്കും ഒരു അധ്യയനം പ്രകടിപ്പിച്ചു കാണിക്കാൻ ശ്രമിക്കുക. ഒരു ബൈബിൾ അധ്യയനം തുടങ്ങുന്നതിൽ നിങ്ങൾക്കു ബുദ്ധിമുട്ടു നേരിടുന്നെങ്കിൽ, നിരുത്സാഹപ്പെടരുത്. ബൈബിൾ അധ്യയനം തുടങ്ങുന്നതിൽ വിജയിക്കാൻ നിശ്ചയദാർഢ്യവും മറ്റുള്ളവരെ സത്യം അറിയിക്കാനുള്ള ആത്മാർഥമായ ആഗ്രഹവും ആവശ്യമാണ്.—ഗലാ. 6:9.
9 ഈ നിർദേശങ്ങൾ പിൻപറ്റുകവഴി, ആവശ്യം ലഘുപത്രിക ഉപയോഗിച്ച് ബൈബിൾ അധ്യയനം ആരംഭിക്കുകയും നടത്തുകയും ചെയ്തുകൊണ്ട് ജീവന്റെ പാതയിലേക്ക് ഒരുവനെ നയിക്കുന്നതിനുള്ള പദവി നിങ്ങൾക്കു ലഭിച്ചേക്കാം.—മത്താ. 7:14.