ഒരു നിരീശ്വരവാദിയോടു നിങ്ങൾ എന്തു പറയും?
1 “ഞാനൊരു നിരീശ്വരവാദിയാണ്,” പോളണ്ടുകാരിയായ ഒരു പ്രൊഫസർ ആഫ്രിക്കയിലുള്ള ഒരു മിഷനറിയോടു പറഞ്ഞു. എന്നുവരികിലും, അവരുമായി ഒരു ചർച്ച നടത്തുന്നതിനും ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകം സമർപ്പിക്കുന്നതിനും സഹോദരിക്കു സാധിച്ചു. പിറ്റേ ആഴ്ച ആ മിഷനറി മടങ്ങിച്ചെന്നപ്പോൾ പ്രൊഫസർ ഇങ്ങനെ പറഞ്ഞു: “ഇനിമേൽ ഞാൻ ഒരു നിരീശ്വരവാദിയല്ല!” അതിനോടകം സൃഷ്ടി പുസ്തകം വായിച്ചുതീർത്ത അവർ, ഒരു ബൈബിളധ്യയനവും ആവശ്യപ്പെട്ടു. തങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്നു പറയുന്നവർക്കു വിജയകരമായി സാക്ഷ്യം നൽകാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ആളുകൾ അങ്ങനെ പറയുന്നതിന്റെ വ്യത്യസ്ത കാരണങ്ങൾ പരിചിന്തിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്.
2 അവിശ്വാസത്തിനു കാരണമാകുന്ന ഘടകങ്ങൾ: എല്ലാ നിരീശ്വരവാദികളും ആ വിധത്തിൽ വളർത്തപ്പെട്ടവരല്ല. ഏതെങ്കിലുമൊരു മതത്തിന്റെ സ്വാധീനഫലമായി ഒരുകാലത്തു ദൈവത്തിൽ വിശ്വസിച്ചിരുന്നവരാണ് അനേകരും. എങ്കിലും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ കുടുംബപ്രശ്നങ്ങളോ അവർ അനുഭവിച്ച ചില അനീതികളോ ആണ് അവരുടെ വിശ്വാസത്തെ ദുർബലമാക്കിയത്. മറ്റു ചിലരെ സംബന്ധിച്ചിടത്തോളം, ഉന്നതതല വിദ്യാഭ്യാസ കോഴ്സുകൾ ആയിരിക്കാം ദൈവത്തെ സംബന്ധിച്ച അവരുടെ കാഴ്ചപ്പാടുകളിന്മേൽ നിഷേധാത്മക ഫലം ഉളവാക്കിയിരിക്കുന്നത്. യഹോവയാം ദൈവത്തിൽ ക്രമേണ ശക്തമായ വിശ്വാസം വളർത്തിയെടുക്കുകയും അവന്റെ സാക്ഷികൾ ആയിത്തീരുകയും ചെയ്ത നിരീശ്വരവാദികളുടെ പിൻവരുന്ന ദൃഷ്ടാന്തങ്ങൾ ശ്രദ്ധിക്കുക.
3 പാരീസിലെ ഒരു സ്ത്രീക്കു ജന്മനാതന്നെ, ശരീരത്തെ ദുർബലമാക്കുന്ന ഒരു അസ്ഥിരോഗം ഉണ്ടായിരുന്നു. കത്തോലിക്ക സഭാംഗമായി മാമ്മോദീസ ഏറ്റിരുന്നെങ്കിലും താൻ ഒരു നിരീശ്വരവാദിയാണെന്നാണ് അവർ പറഞ്ഞത്. ഇത്തരമൊരു വൈകല്യത്തോടെ താൻ ജനിക്കാൻ ദൈവം ഇടയാക്കിയത് എന്തുകൊണ്ടെന്ന് അവർ കന്യാസ്ത്രീകളോടു ചോദിച്ചപ്പോൾ, “ദൈവം നിന്നെ സ്നേഹിക്കുന്നതുകൊണ്ട്” എന്നായിരുന്നു കിട്ടിയ മറുപടി. എന്നാൽ, അവർ ആ അസംബന്ധം സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഭേദമാക്കാനാവാത്ത ഒരു പേശീരോഗമുള്ളതായി കണ്ടെത്തപ്പെട്ടതിനാൽ ചക്രക്കസേര ഉപയോഗിക്കേണ്ടിവന്ന ഫിൻലൻഡിലെ ഒരു ചെറുപ്പക്കാരന്റെ കാര്യമോ? അവന്റെ അമ്മ അവനെ രോഗികളെ സൗഖ്യമാക്കുന്നുവെന്ന് അവകാശപ്പെട്ട ഒരു പെന്തക്കോസ്തുകാരന്റെ അടുത്തു കൊണ്ടുപോയി. എന്നാൽ അത്ഭുതരോഗശാന്തിയൊന്നും ലഭിച്ചില്ല. തത്ഫലമായി, ആ ചെറുപ്പക്കാരൻ ദൈവത്തിലുള്ള താത്പര്യം നഷ്ടപ്പെട്ട് ഒരു നിരീശ്വരവാദിയായിത്തീർന്നു.
4 ഹോണ്ടുറാസിലെ ഒരു മനുഷ്യൻ കത്തോലിക്കനായാണു വളർത്തപ്പെട്ടതെങ്കിലും സോഷ്യലിസ്റ്റ് തത്ത്വശാസ്ത്രവും നിരീശ്വരവാദവും പഠിച്ചു. മനുഷ്യവർഗം പരിണാമത്തിന്റെ ഉത്പന്നമാണെന്ന് സർവകലാശാല പഠനത്തിലൂടെ ബോധ്യപ്പെട്ട അദ്ദേഹം, ദൈവവിശ്വാസം ഉപേക്ഷിച്ചു. സമാനമായി, ഐക്യനാടുകളിലെ ഒരു സ്ത്രീ മെഥഡിസ്റ്റുകാരിയായാണു വളർന്നുവന്നത്. കോളെജിൽ അവൾ പഠിച്ചതു മനശ്ശാസ്ത്രമാണ്. അത് അവളുടെ വിശ്വാസത്തെ എങ്ങനെ ബാധിച്ചു? അവൾ പറഞ്ഞു: “ഏതാണ്ട് മൂന്ന് മാസക്കാലം കൊണ്ടു ഞാൻ പഠിച്ച കാര്യങ്ങൾ ഹേതുവായി എനിക്ക് മതത്തിലുണ്ടായിരുന്ന മുഴു വിശ്വാസവും നഷ്ടമായി.”
5 ആത്മാർഥതയുള്ളവരുടെ ഹൃദയങ്ങളിൽ എത്തിച്ചേരൽ: ദൈവവിശ്വാസമില്ലെന്നു പറയുന്ന മിക്കവരും മോശമായ ആരോഗ്യം, കുടുംബച്ഛിദ്രം, അനീതി തുടങ്ങിയ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമുണ്ടോ എന്ന് അറിയാൻ ഇഷ്ടപ്പെടുന്നവരാണ്. ‘തിന്മ ഉള്ളതെന്തുകൊണ്ട്?’ ‘നല്ലവർക്കു മോശമായ കാര്യങ്ങൾ സംഭവിക്കുന്നതെന്തുകൊണ്ട്?’ ‘ജീവിതത്തിന്റെ അർഥമെന്ത്?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിൽ അവർ ആത്മാർഥമായി തത്പരരാണ്.
6 ഫിൻലൻഡിലെ ഒരു ദമ്പതികളുടെ കാര്യമെടുക്കാം. അവർ ഇരുവരും വളർത്തപ്പെട്ടതുതന്നെ നിരീശ്വരവാദികളായാണ്. അതുകൊണ്ട്, ആദ്യമായി സത്യം കേട്ടപ്പോൾ അവർ നിഷേധാത്മകമായാണു പ്രതികരിച്ചത്. ഗുരുതരമായ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്ന അവർ വിവാഹമോചനം നേടുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ആ സാക്ഷി വീണ്ടും അവരെ സന്ദർശിച്ചപ്പോൾ, പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് ബൈബിളിൽ നിന്ന് ആ ദമ്പതികളെ കാണിച്ചുകൊടുത്തു. തിരുവെഴുത്തുകളിലെ പ്രായോഗിക നിർദേശം ആ ദമ്പതികളെ അത്ഭുതപ്പെടുത്തി. അവർ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. അവരുടെ വിവാഹബന്ധം ബലിഷ്ഠമായി, ആത്മീയ പുരോഗതി പ്രാപിച്ച അവർ സ്നാപനമേൽക്കുകയും ചെയ്തു.
7 ഒരു നിരീശ്വരവാദിയോടു നിങ്ങൾക്കു പറയാൻ കഴിയുന്നത്: ആരെങ്കിലും താൻ ഒരു നിരീശ്വരവാദിയാണെന്നു പറയുമ്പോൾ അയാൾ അങ്ങനെ പറയുന്നതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുക. അത് അയാൾക്കു ലഭിച്ച വിദ്യാഭ്യാസം, അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങൾ എന്നിവയൊക്കെ നിമിത്തമാണോ, അതോ ചുറ്റും നിരീക്ഷിച്ചിട്ടുള്ള മത കപടഭക്തിയും വ്യാജോപദേശങ്ങളും നിമിത്തമാണോ? നിങ്ങൾക്ക് അയാളോട് ഇങ്ങനെ ചോദിക്കാവുന്നതാണ്: “താങ്കൾക്ക് എല്ലായ്പോഴും ഇങ്ങനെയാണോ തോന്നിയിട്ടുള്ളത്?” അല്ലെങ്കിൽ “താങ്കളുടെ ഈ നിഗമനത്തിനു കാരണം എന്താണ്?” അദ്ദേഹത്തിന്റെ ഉത്തരം, എന്തു പറയണമെന്നു തീരുമാനിക്കാൻ നിങ്ങളെ സഹായിക്കും. ശക്തമായ വാദമുഖങ്ങൾ ആവശ്യമായിരിക്കുന്നിടത്ത് നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്തകം ഉപയോഗിക്കാൻ കഴിയും.
8 ഒരു നിരീശ്വരവാദിയോടു പിൻവരുന്ന പ്രകാരം ചോദിച്ചുകൊണ്ടു നിങ്ങൾക്കു സംഭാഷണം തുടരാവുന്നതാണ്:
◼“‘ഒരു ദൈവമുണ്ടെങ്കിൽ ഇത്രയധികം കഷ്ടപ്പാടുകളും അനീതിയും ലോകത്തിൽ നടമാടുന്നത് എന്തുകൊണ്ട്?’ എന്നു താങ്കൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [മറുപടി പറയാൻ അനുവദിക്കുക.] ഈ വിഷയം സംബന്ധിച്ചു ബൈബിൾ പറയുന്നത് ഞാൻ താങ്കളെ ഒന്നു കാണിക്കട്ടെ?” യിരെമ്യാവു 10:23 വായിക്കുക. അതിനുശേഷം, ആ വാക്യത്തെ കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ആരായുക. പിന്നെ, യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കിലും ഉണ്ടാകുമോ? (ഇംഗ്ലീഷ്) എന്ന ലഘുപത്രികയുടെ 16, 17 പേജുകൾ അദ്ദേഹത്തെ കാണിക്കുക. അല്ലെങ്കിൽ, സ്രഷ്ടാവ് പുസ്തകത്തിന്റെ 10-ാം അധ്യായം ഉപയോഗിക്കാവുന്നതാണ്. പുസ്തകത്തിന്റെ ഒരു പ്രതി സ്വീകരിച്ച് അതിലെ വിവരങ്ങൾ വായിച്ചുനോക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക.—കൂടുതലായ നിർദേശങ്ങൾക്ക്, ന്യായവാദം പുസ്തകത്തിന്റെ 150-1 പേജുകൾ കാണുക.
9 എല്ലാ നിരീശ്വരവാദികളും സത്യം സ്വീകരിക്കുകയില്ല എന്നത് ശരിതന്നെ. എന്നാൽ മറ്റൊരു കാഴ്ചപ്പാടു പരിശോധിച്ചുനോക്കാൻ തയ്യാറുള്ള അനേകം ആളുകളുണ്ട്. ന്യായയുക്തതയും പ്രേരണയും എല്ലാറ്റിനുമുപരി സത്യം കണ്ടെത്താൻ അവരെ സഹായിക്കുന്നതിന് ദൈവവചനത്തിനുള്ള ശക്തിയും ഉപയോഗിക്കുക.—പ്രവൃ. 28:23, 24, NW; എബ്രാ. 4:12.