വിശ്വാസത്തിൽ ഉറപ്പുള്ളവരായിരിക്കാൻ നമ്മെ എന്തു സഹായിക്കും?
1 യഹോവയുടെ സംഘടനയോടൊത്തു സഹവസിക്കാൻ തുടങ്ങിയ നാൾ മുതൽ നാം നേടിയിരിക്കുന്ന ആത്മീയ പുരോഗതി നമുക്ക് എത്ര സന്തോഷം കൈവരുത്തിയിരിക്കുന്നു! എന്നിരുന്നാലും ‘വിശ്വാസത്തിൽ വേരുറച്ചവരും, പണിയപ്പെട്ടവരും, ഇളകാത്തവരും’ ആയി തുടരാൻ നാം ആത്മീയമായി വളരേണ്ടത് അനിവാര്യമാണ്. (കൊലൊ. 2:6, 7, NW) മിക്കവരും ആത്മീയമായി നല്ല പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും ചിലർ “വിശ്വാസത്തിൽ ഉറപ്പുള്ളവരായിരിക്കാൻ” പരാജയപ്പെട്ടതിന്റെ ഫലമായി ഒഴുകി പോയിരിക്കുന്നു. (1 കൊരി. 16:13, NW) എന്നാൽ, നമുക്ക് ഇത് ഒഴിവാക്കാനാകും. എങ്ങനെ?
2 തുടർച്ചയായ ആത്മീയ പ്രവർത്തനം: യഹോവയുടെ സംഘടനയുമൊത്തു സഹവസിച്ചുകൊണ്ട് ഒരു നല്ല ആത്മീയ ദിനചര്യ വളർത്തിയെടുക്കുക. സംഘടന നമ്മുടെ ആത്മീയ ആവശ്യങ്ങൾക്കായി സമൃദ്ധമായി കരുതുന്നു. സഭായോഗങ്ങൾ, കൺവെൻഷനുകൾ, സമ്മേളനങ്ങൾ എന്നിവയെല്ലാം നമ്മെ ആത്മീയമായി വളരുന്നവരും ഇളകാത്തവരും ആക്കിത്തീർക്കും. എന്നാൽ ഈ പ്രയോജനങ്ങൾ ലഭിക്കണമെങ്കിൽ നാം മുടങ്ങാതെ അവയ്ക്കെല്ലാം ഹാജരാകേണ്ടതുണ്ട്. (എബ്രാ. 10:24, 25) ബൈബിൾ, വീക്ഷാഗോപുരം, ഉണരുക!, ദൈവവചനത്തിലെ കട്ടിയായ ആഹാരം അടങ്ങുന്ന പുസ്തകങ്ങൾ എന്നിവ ക്രമമായി വായിക്കുമ്പോൾ നമ്മുടെ ആത്മീയ വേരുകൾ ആഴ്ന്നിറങ്ങുകയും കൂടുതൽ ബലിഷ്ഠമായിത്തീരുകയും ചെയ്യും. (എബ്രാ. 5:14) കൂടാതെ, വ്യക്തിപരമായ ആത്മീയ ലാക്കുകൾ വെക്കുന്നതും അവ എത്തിപ്പിടിക്കാൻ ഉത്സാഹപൂർവം പ്രവർത്തിക്കുന്നതും നിലനിൽക്കുന്ന പ്രയോജനങ്ങളിൽ കലാശിക്കും.—ഫിലി. 3:16, NW.
3 പക്വതയുള്ള സഹോദരങ്ങളുടെ സഹായം: സഭയിലെ ആത്മീയ പക്വതയുള്ളവരുമായുള്ള സഹവാസം വിശാലമാക്കാൻ യത്നിക്കുക. മൂപ്പന്മാരെ അടുത്തറിയാൻ ശ്രമിക്കുക, കാരണം, നമ്മെ മുഖ്യമായും ശക്തീകരിക്കാനാകുന്നത് അവർക്കാണ്. (1 തെസ്സ. 2:11, 12) അവർ നൽകുന്ന ഏതു ബുദ്ധിയുപദേശവും നിർദേശവും സ്വാഗതം ചെയ്യുക. (എഫെ. 4:11-16) വിശ്വാസത്തിൽ ഉറപ്പുള്ളവരായി നിലകൊള്ളാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ ശുശ്രൂഷാദാസന്മാരും തത്പരരാണ്, അതിനാൽ പ്രോത്സാഹനത്തിനായി ഇവരിലേക്കും നോക്കുക.
4 ശുശ്രൂഷയിൽ നിങ്ങൾക്കു സഹായം ആവശ്യമുണ്ടോ? എങ്കിൽ മൂപ്പന്മാരെ സമീപിക്കാൻ മടിക്കരുത്. ഒരുപക്ഷേ ‘പയനിയർമാർ മറ്റുള്ളവരെ സഹായിക്കുന്നു’ എന്ന ക്രമീകരണത്തിൽ നിങ്ങളെ ഉൾപ്പെടുത്താൻ അവർക്കു കഴിഞ്ഞേക്കും. നിങ്ങൾ പുതുതായി സ്നാപനമേറ്റ ഒരു വ്യക്തിയാണോ? നമ്മുടെ ശുശ്രൂഷ പുസ്തകം പഠിക്കുന്നതും അതിലെ ആശയങ്ങൾ ബാധകമാക്കുന്നതും ആത്മീയ പക്വതയിലേക്കുള്ള നിങ്ങളുടെ പുരോഗതിയെ ത്വരിതപ്പെടുത്തും. നിങ്ങൾ ഒരു മാതാവോ പിതാവോ ആണോ? എങ്കിൽ, നിങ്ങളുടെ കുട്ടികളെ ആത്മീയമായി ശക്തീകരിക്കുന്നതിൽ തുടരുക.—എഫെ. 6:4.
5 വിശ്വാസത്തിൽ വേരുറച്ചവരും ഇളകാത്തവരും ആയിരിക്കുമ്പോൾ നാം യഹോവയുമായി ഒരു അടുത്ത ബന്ധവും സഹോദരങ്ങളുമായി ഊഷ്മളമായ സഹവാസവും ആസ്വദിക്കും. അങ്ങനെ, നമുക്കു സാത്താന്റെ തീയമ്പുകളെ ചെറുത്തുനിൽക്കാനും ഒരു നിത്യ ഭാവിയിലുള്ള നമ്മുടെ വിശ്വാസത്തെ ശക്തീകരിക്കാനും സാധിക്കും.—1 പത്രൊ. 5:9, 10.