പുതിയ സർക്കിട്ട് സമ്മേളന പരിപാടി
യഹോവയാം ദൈവം നമ്മുടെ സ്നേഹത്തിനും അനന്യ ഭക്തിക്കും യോഗ്യനാണെന്നു നമുക്കറിയാം. എന്നിരുന്നാലും, അവനുമായി ഉറ്റബന്ധം നിലനിറുത്തുന്നതിൽനിന്നു നമ്മെ അകറ്റാൻ ലോകം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. (യോഹ. 17:14) യഹോവയോടുള്ള നമ്മുടെ സ്നേഹത്തെ ബലിഷ്ഠമാക്കാനും നമ്മുടെ ആത്മീയതയെ അപകടപ്പെടുത്തുന്ന ലൗകിക കാര്യങ്ങളെ ചെറുത്തുനിൽക്കാനും നമ്മെ ബലപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ് 2001 സേവന വർഷത്തിലെ സർക്കിട്ട് സമ്മേളന പരിപാടി. “ദൈവത്തെ സ്നേഹിക്കുക—ലോകത്തിലുള്ളവയെ അല്ല” എന്നതാണ് അതിന്റെ വിഷയം.—1 യോഹ. 2:15-17.
യഹോവയോടുള്ള അഗാധ സ്നേഹമാണ് അവനെക്കുറിച്ചു സാക്ഷീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. എങ്കിൽപ്പോലും, ദൈവജനത്തിൽ അനേകരെ സംബന്ധിച്ചും വയൽസേവനം അത്ര എളുപ്പമല്ല. എന്നാൽ ഈ വേലയിൽ പൂർണമായി ഏർപ്പെടാൻ കഴിയേണ്ടതിന് ലജ്ജയെയും മറ്റു പ്രതിബന്ധങ്ങളെയും അനേകർ തരണം ചെയ്തിരിക്കുന്നത് എങ്ങനെയെന്ന് “ദൈവത്തോടുള്ള സ്നേഹം ശുശ്രൂഷയിൽ ഏർപ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്നു” എന്ന പരിപാടിയിൽനിന്ന് നമുക്കു പഠിക്കാൻ കഴിയും.
ലോകത്തിന്റെ അധഃപതിച്ചുകൊണ്ടിരിക്കുന്ന നിലവാരങ്ങൾ നമ്മെ സ്വാധീനിക്കുന്നത് എങ്ങനെയാണ്? ഒരുകാലത്ത് മോശമെന്നു കരുതിയിരുന്ന പ്രവൃത്തികൾ ഇപ്പോൾ വെറുമൊരു സാധാരണ സംഗതി ആയിത്തീർന്നിരിക്കുന്നു. “യഹോവയെ സ്നേഹിക്കുന്നവർ ദോഷത്തെ വെറുക്കുന്നു” എന്ന പ്രസംഗവും “ലോകത്തിലുള്ളവ—നാം അവയെ എങ്ങനെ വീക്ഷിക്കുന്നു?” എന്ന സിമ്പോസിയവും തെറ്റായ ആഗ്രഹങ്ങൾ ഒഴിവാക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ അരക്കിട്ടുറപ്പിക്കും.
മാതൃകാ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളും സേവനയോഗവും കൂടാതെ പ്രസ്തുത വാരത്തിലെ വീക്ഷാഗോപുര അധ്യയന ലേഖനത്തിന്റെ സംഗ്രഹവും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “സ്നേഹവും വിശ്വാസവും ലോകത്തെ ജയിച്ചടക്കുന്ന വിധം” എന്ന പരസ്യ പ്രസംഗം, ലൗകിക സമ്മർദങ്ങളെ ചെറുത്തുനിൽക്കുന്നതിൽ യേശുവിനെ അനുകരിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കും. (യോഹ 16:33) നിങ്ങളുടെ ബൈബിൾ വിദ്യാർഥികളെ സമ്മേളനത്തിനു ക്ഷണിക്കാൻ മറക്കരുത്. സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും അക്കാര്യം കഴിവതും നേരത്തെ അധ്യക്ഷമേൽവിചാരകനെ അറിയിക്കണം. അങ്ങനെയാകുമ്പോൾ അദ്ദേഹത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ കഴിയും.
യഹോവയുടെ സമൃദ്ധമായ അനുഗ്രഹം ആസ്വദിക്കുന്നതിന് നമ്മുടെ സ്നേഹം എവിടെ കേന്ദ്രീകരിക്കണമോ അവിടെ ശ്രദ്ധ പതിപ്പിക്കാൻ ഈ സർക്കിട്ട് സമ്മേളന പരിപാടി നമ്മെ സഹായിക്കും. ഇതിലെ ഒരു പരിപാടിയും നഷ്ടപ്പെടുത്തരുത്!