“ഞാൻ മാറിപ്പാർക്കണമോ?”
1 “പുറപ്പെട്ടു . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ കൽപ്പനയോടുള്ള പ്രതികരണമായി, യഹോവയുടെ അനേകം സമർപ്പിത ദാസന്മാർ ആവശ്യം അധികം ഉള്ളിടത്ത് സേവിക്കാനായി മാറിപ്പാർത്തിട്ടുണ്ട്. (മത്താ. 28:19, 20) അതുവഴി അവർ, “മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക” എന്ന അഭ്യർഥനയോട് പ്രതികരിച്ച പൗലൊസിനെ അനുകരിക്കുകയാണു ചെയ്യുന്നത്. (പ്രവൃ. 16:9) ഇത് പ്രായോഗികമായ വിധത്തിൽ എങ്ങനെ ചെയ്യാനാകും?
2 കാര്യങ്ങൾ പടിപടിയായി ചെയ്യുക: നിങ്ങളുടെ സഭയുടെ പരിധിയിൽത്തന്നെ വളരെ കുറച്ചുമാത്രം പ്രവർത്തിച്ചിട്ടുള്ള സ്ഥലങ്ങൾ ഉണ്ടോ? ഉണ്ടെങ്കിൽ, അത്തരം പ്രദേശങ്ങളിൽ നിങ്ങൾക്കു പ്രവർത്തിക്കാവുന്നതാണ്. മറ്റൊരു പ്രദേശത്തേക്കു മാറാൻ തീരുമാനിക്കുന്നതിനുമുമ്പ് നിങ്ങൾ അതിനു സജ്ജനാണെന്ന് മൂപ്പന്മാർക്കു തോന്നുന്നുണ്ടോ എന്നറിയാൻ അവരുമായി കാര്യങ്ങൾ ചർച്ച ചെയ്യുക. നിങ്ങൾക്കു പോയി പ്രവർത്തിക്കാൻ കഴിയുന്ന ഏതെങ്കിലും സഭകൾ അടുത്ത് എവിടെയെങ്കിലും ഉണ്ടോ എന്ന് നിങ്ങളുടെ സഞ്ചാര മേൽവിചാരകനോടു ചോദിക്കാവുന്നതാണ്. ഒരുപക്ഷേ, ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷം, രാജ്യത്തിന്റെ മറ്റൊരു ഭാഗത്തു പോയി സേവിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. അങ്ങനെയെങ്കിൽ, നിങ്ങളുടെ ദിവ്യാധിപത്യപരമായ പശ്ചാത്തലവും എവിടെയാണ് സേവിക്കാൻ താത്പര്യപ്പെടുന്നതെന്നും കാണിച്ചുകൊണ്ട് നിങ്ങളും മൂപ്പന്മാരുടെ സംഘവും ബ്രാഞ്ച് ഓഫീസിന് കത്തെഴുതണം. സ്ഥിരമായി മാറിത്താമസിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിനു മുമ്പ് നിങ്ങൾ ആ സ്ഥലം സന്ദർശിക്കുന്നതു ബുദ്ധിപൂർവകമായിരുന്നേക്കാം.
3 കുടിയേറിപ്പാർക്കുന്നതു സംബന്ധിച്ച് ജാഗ്രത പാലിക്കുക: മെച്ചപ്പെട്ട ജീവിത നിലവാരമോ അടിച്ചമർത്തലിൽനിന്നുള്ള വിടുതലോ തേടി അനേകം സഹോദരങ്ങൾ മറ്റു ദേശങ്ങളിലേക്കു മാറിപ്പാർക്കുന്നുണ്ട്. അങ്ങനെ പോയ ചിലർ, പുതിയ സ്ഥലത്തു താമസമാക്കുന്നതിനു വേണ്ട സഹായമൊക്കെ ചെയ്തുതരാമെന്നു വാഗ്ദാനം ചെയ്ത് പണവും മറ്റും തട്ടിയെടുത്തു കടന്നുകളയുന്ന തത്ത്വദീക്ഷയില്ലാത്ത ചിലരുടെ വലയിൽ കുടുങ്ങിയിട്ടുണ്ട്. ചില കേസുകളിൽ, ഇത്തരം വ്യക്തികൾ കുടിയേറ്റക്കാരെ അധാർമിക കാര്യങ്ങൾക്കു നിർബന്ധിക്കുകപോലും ചെയ്തിട്ടുണ്ട്. വിസമ്മതിക്കുന്നവർ, ആ രാജ്യത്ത് അഭയാർഥികളെപോലെ കഴിയേണ്ടിവരികയും ചെയ്തിരിക്കുന്നു. അങ്ങനെ കുടിയേറ്റക്കാരുടെ അവസ്ഥ സ്വന്തം രാജ്യത്ത് ആയിരുന്നതിനെക്കാൾ മോശമായിത്തീർന്നിട്ടുണ്ട്. അതു മാത്രമല്ല അവർക്ക്, ഇപ്പോൾത്തന്നെ പ്രശ്നങ്ങളും പ്രാരബ്ധങ്ങളുമായി മല്ലിടുന്ന ക്രിസ്തീയ സഹോദരങ്ങളോട് പാർപ്പിട സൗകര്യങ്ങളോ മറ്റു സഹായങ്ങളോ ആവശ്യപ്പെടേണ്ടി വന്നേക്കാം. ഇത് മറ്റു ക്രിസ്തീയ കുടുംബങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് വരുത്തിവെക്കുന്നു. വേണ്ടത്ര വിവരങ്ങൾ മനസ്സിലാക്കാതെ മാറിത്താമസിച്ച ചില കുടുംബങ്ങളിലെ അംഗങ്ങൾ അകന്നു താമസിക്കേണ്ടി വരികയും കുടുംബങ്ങളുടെ ആത്മീയ ആരോഗ്യം ക്ഷയിക്കുകയും ചെയ്തിട്ടുണ്ട്.—1 തിമൊ. 6:8-11.
4 വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടിയാണ് നിങ്ങൾ സ്ഥലം മാറുന്നതെങ്കിൽ ഒരു കാര്യം മനസ്സിൽ പിടിക്കുക, നിങ്ങൾ എവിടെ പോയാലും അവിടെയെല്ലാം പ്രശ്നങ്ങൾ നേരിടേണ്ടിവരും. അതുകൊണ്ട്, പരിചയമില്ലാത്ത ഒരു ചുറ്റുപാടിൽ ചെന്ന് പുതിയൊരു തുടക്കം കുറിക്കുന്നതിനെക്കാൾ എളുപ്പം, ഭാഷയും സംസ്കാരവും അറിയാവുന്നിടത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതായിരിക്കും.