‘തക്ക സമയത്ത് പറയുന്ന വാക്ക്’
1 മറ്റുള്ളവരുമായി ജീവരക്ഷാകരമായ സന്ദേശം പങ്കുവെക്കുന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണോ? ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സങ്കീർണമായ കാര്യങ്ങൾ പറയണമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? പ്രസംഗവേലയ്ക്കായി യേശു തന്റെ ശിഷ്യന്മാരെ അയച്ചപ്പോൾ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.” (മത്താ. 10:7) ആ സന്ദേശം ലളിതമായിരുന്നു, പങ്കുവെക്കാനും എളുപ്പമായിരുന്നു. അതിന് ഇന്നും മാറ്റമില്ല.
2 മിക്കപ്പോഴും ഏതാനും വാക്കുകൾ മതി ഒരു സംഭാഷണം ആരംഭിക്കാൻ. ഫിലിപ്പൊസ് എത്യോപ്യൻ ഷണ്ഡനെ കണ്ടുമുട്ടിയപ്പോൾ ഇങ്ങനെ ചോദിച്ചു: “നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ?” (പ്രവൃ. 8:30) “തക്ക സമയത്തു പറഞ്ഞ വാക്കു” നിമിത്തം എത്ര പ്രതിഫലദായകമായ ഒരു ചർച്ചയാണ് തുടർന്നു നടന്നത്!—സദൃ. 25:11.
3 ശുശ്രൂഷയിൽ നിങ്ങൾക്കും സമാനമായ ഒരു സമീപനം സ്വീകരിക്കാവുന്നതാണ്. എങ്ങനെ? സാഹചര്യങ്ങളെ അടുത്തു നിരീക്ഷിക്കുകയും സന്ദർഭത്തിന് ഇണങ്ങുന്ന വാക്കുകൾ തിരഞ്ഞെടുക്കുകയും ചെയ്തുകൊണ്ട്. ഒരു ചോദ്യം ചോദിക്കുക, അതിനുള്ള മറുപടി ശ്രദ്ധിക്കുക.
4 ചില അടിസ്ഥാന ചോദ്യങ്ങൾ: ഒരു സംഭാഷണം തുടങ്ങുന്നതിന് നിങ്ങൾക്കു പിൻവരുന്ന ഏതെങ്കിലും ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്:
◼ “ആരാധനയുടെ സമയത്ത് നിങ്ങൾ കർത്തൃപ്രാർഥന അഥവാ സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർഥന ചൊല്ലാറില്ലേ?” (മത്താ. 6:9, 10) അതിന്റെ ആദ്യ ഭാഗം ചൊല്ലിയിട്ട് ഇങ്ങനെ പറയുക: “‘ഏതു നാമം പൂജിതമാകണമേ എന്നു പ്രാർഥിക്കാനാണ് യേശു പഠിപ്പിച്ചത്?’ എന്നു ചില ആളുകൾ ചോദിക്കാറുണ്ട്. മറ്റു ചിലരാകട്ടെ, ‘നാം ഏതു രാജ്യത്തിനു വേണ്ടി പ്രാർഥിക്കാനാണ് യേശു പഠിപ്പിച്ചത്?’ എന്നു ചോദിക്കാറുണ്ട്. താങ്കൾക്ക് ഈ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരങ്ങൾ ലഭിച്ചിട്ടുണ്ടോ?”
◼ “‘ജീവിതത്തിന്റെ അർഥം എന്താണ്?’ എന്നു താങ്കൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” അത് ദൈവത്തെ കുറിച്ച് അറിയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുക.—സഭാ. 12:13; യോഹ. 17:3.
◼ “മരണം എന്നെങ്കിലും ഇല്ലായ്മ ചെയ്യപ്പെടുമെന്ന് താങ്കൾ വിചാരിക്കുന്നുണ്ടോ?” വിശ്വാസയോഗ്യമായ ഉത്തരം നൽകാൻ യെശയ്യാവു 25:8-ഉം വെളിപ്പാടു 21:4-ഉം ഉപയോഗിക്കുക.
◼ “ഈ ലോകത്തിലെ പ്രക്ഷുബ്ധാവസ്ഥയ്ക്ക് ലളിതമായ ഒരു പരിഹാരമുണ്ടോ?” ‘കൂട്ടുകാരനെ സ്നേഹിക്കാൻ’ ദൈവം നമ്മെ പഠിപ്പിക്കുന്നുവെന്ന് അദ്ദേഹത്തെ കാണിക്കുക.—മത്താ. 22:39.
◼ “ഒരു പ്രാപഞ്ചിക വിപത്തിനാൽ ഭൂമി നശിപ്പിക്കപ്പെടുമോ?” ഭൂമി എന്നേക്കും നിലനിൽക്കുമെന്ന ബൈബിൾ വാഗ്ദാനം അദ്ദേഹവുമായി പങ്കുവെക്കുക.—സങ്കീ. 104:5.
5 ലളിതമായ വിധത്തിൽ, ദയാപുരസ്സരം സുവാർത്ത അവതരിപ്പിക്കുക. സത്യത്തെക്കുറിച്ച് മറ്റുള്ളവരുമായി ഒരു “വാക്ക്”എങ്കിലും പങ്കുവെക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും.