മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന വിധം
1 മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ അഥവാ സമ്മതിപ്പിക്കാൻ കഴിവുള്ള ഒരു ശുശ്രൂഷകൻ എന്ന കീർത്തി അപ്പൊസ്തലനായ പൗലൊസിന് ഉണ്ടായിരുന്നു. (പ്രവൃ. 19:26) അഗ്രിപ്പാ രാജാവുപോലും അവനോട് ഇങ്ങനെ പറഞ്ഞു: “ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു.” (പ്രവൃ. 26:28) അത്തരത്തിലുള്ള ഒരു ശുശ്രൂഷകൻ ആയിത്തീരാൻ പൗലൊസിനെ സഹായിച്ചത് എന്താണ്? തന്റെ ശ്രോതാക്കൾക്കു ചേർന്ന വാദമുഖങ്ങൾ ഉപയോഗിച്ചുകൊണ്ട് അവൻ യുക്ത്യാനുസൃതം തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്തു.—പ്രവൃ. 28:23.
2 പൗലൊസിനെപ്പോലെ നമുക്കും ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിയണം. ഇത് എങ്ങനെ ചെയ്യാൻ കഴിയും? മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും അവരെ ശ്രദ്ധിക്കുമ്പോഴും ഉൾക്കാഴ്ച ഉപയോഗിക്കുന്നതിനാൽ. (സദൃ. 16:23, NW) പിൻവരുന്ന മൂന്നു സുപ്രധാന പടികൾ അതിനു നമ്മെ സഹായിക്കും:
3 ശ്രദ്ധിച്ചു കേൾക്കുക: ചർച്ച തുടരുന്നതിനുള്ള പൊതുവായ ഒരു അടിസ്ഥാനം ലഭിക്കാൻവേണ്ടി മറ്റെയാൾ സംസാരിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുക. വ്യക്തിക്ക് ഒരു സംഗതിയോട് എതിർപ്പുണ്ടെങ്കിൽ, അതിനു പിന്നിലെ അയാളുടെ യുക്തി എന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. അയാൾ എന്താണു വിശ്വസിക്കുന്നതെന്നും അതിനുള്ള കാരണം എന്താണെന്നും ഏതെല്ലാം സംഗതികളാണ് പ്രസ്തുത കാര്യം അയാളെ ബോധ്യപ്പെടുത്തിയതെന്നും കൃത്യമായി അറിയാൻ അതു നമ്മെ സഹായിക്കും. (സദൃ. 18:13) ഇക്കാര്യങ്ങൾ നയപൂർവം വ്യക്തിയിൽനിന്നു മനസ്സിലാക്കുക.
4 ചോദ്യങ്ങൾ ചോദിക്കുക: വ്യക്തി ത്രിത്വത്തിൽ വിശ്വസിക്കുന്നെങ്കിൽ, നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം: “താങ്കൾ എല്ലായ്പോഴും ഇങ്ങനെയാണോ വിശ്വസിച്ചിട്ടുള്ളത്?” ഇങ്ങനെ പറഞ്ഞുകൊണ്ട് തുടരുക: “താങ്കൾ എന്നെങ്കിലും ഈ വിഷയത്തെക്കുറിച്ച് ബൈബിളിൽ ഒരു ഗഹനമായ പഠനം നടത്തിയിട്ടുണ്ടോ?” നിങ്ങൾക്ക് ഇങ്ങനെയും കൂടെ ചോദിക്കാവുന്നതാണ്: “ദൈവം ഒരു ത്രിത്വത്തിന്റെ ഭാഗമാണെങ്കിൽ, ബൈബിൾ അതു വ്യക്തമായി പറയുമെന്ന് നമുക്കു പ്രതീക്ഷിക്കാനാവില്ലേ?” ലഭിക്കുന്ന മറുപടികൾ, തിരുവെഴുത്തുകൾ ഉപയോഗിച്ച് വ്യക്തിയുമായി ന്യായവാദം ചെയ്യാൻ നിങ്ങളെ സഹായിക്കും.
5 നന്നായി ന്യായവാദം ചെയ്യുക: യേശു ദൈവമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സ്ത്രീയോട് ഒരു സാക്ഷി ചോദിച്ചു: ‘രണ്ടു വ്യക്തികൾ തുല്യരാണെന്ന് ദൃഷ്ടാന്തീകരിക്കാൻ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾ ഏതു കുടുംബബന്ധം ആയിരിക്കും അതിനുവേണ്ടി ഉപയോഗിക്കുക?’ അവർ ഇങ്ങനെ മറുപടി പറഞ്ഞു: “ഞാൻ ചിലപ്പോൾ രണ്ടു സഹോദരന്മാരുടെ കാര്യമാകും ഉപയോഗിക്കുക.” സാക്ഷി പറഞ്ഞു: “ഒരുപക്ഷേ, ഒരേപോലിരിക്കുന്ന ഇരട്ടകളുടെപോലും. എന്നാൽ, ദൈവത്തെ പിതാവ് ആയും തന്നെ പുത്രൻ ആയും വീക്ഷിക്കാൻ നമ്മെ പഠിപ്പിച്ചതിലൂടെ, യേശു എന്തു സന്ദേശം നൽകുകയായിരുന്നു?” ഒരാൾ കൂടുതൽ പ്രായവും അധികാരവും ഉള്ളവനാണെന്ന കാര്യം ആ സ്ത്രീക്ക് ബോധ്യമായി. (മത്താ. 20:23; യോഹ. 14:28; 20:17) ബോധ്യം വരുത്തുന്ന ആ ന്യായവാദം അവരുടെ ഹൃദയത്തിലും മനസ്സിലും പതിഞ്ഞു.
6 നമ്മുടെ അവതരണം എത്ര കൃത്യവും യുക്തിസഹവും ആയിരുന്നാലും എല്ലാവരും സത്യം സ്വീകരിക്കുകയില്ല. എങ്കിലും, അപ്പൊസ്തലനായ പൗലൊസിനെപ്പോലെ നമുക്കു നമ്മുടെ പ്രദേശത്തുള്ള ആത്മാർഥ ഹൃദയരെ തിരഞ്ഞുപിടിക്കുന്നതിൽ ഉത്സാഹമുള്ളവർ ആയിരിക്കാം. രാജ്യസന്ദേശം ബോധ്യപ്പെടുത്തുംവിധം അവതരിപ്പിച്ചുകൊണ്ട് അതു സ്വീകരിക്കാൻ നമുക്കവരെ സഹായിക്കാം.—പ്രവൃ. 19:8.