ബോധ്യംവരുംവിധം പഠിപ്പിക്കുക
1. ശുശ്രൂഷയിൽ ദൈവവചനം ഫലകരമായി കൈകാര്യംചെയ്യുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
1 പൗലോസ് അപ്പൊസ്തലനെപ്പോലെ, “സത്യവചനത്തെ ശരിയാംവണ്ണം കൈകാര്യം”ചെയ്യുന്നതിന് തിരുവെഴുത്തുകൾ ഉദ്ധരിച്ചാൽമാത്രം പോരെന്ന് ഫലപ്രദരായ ശുശ്രൂഷകർക്ക് അറിയാം. (2 തിമൊ. 2:15) “ബോധ്യപ്പെടുത്തുന്ന വാദങ്ങൾ ഉപയോഗിച്ചുകൊണ്ട്” നമുക്ക് എങ്ങനെ ദൈവവചനം പഠിപ്പിക്കാനാകും?—പ്രവൃ. 28:23.
2. ദൈവവചനത്തോടുള്ള ആളുകളുടെ വിലമതിപ്പു വർധിപ്പിക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
2 തിരുവെഴുത്തുകൾ സംസാരിക്കട്ടെ: ആദ്യംതന്നെ, ബൈബിളിൽ അടങ്ങിയിരിക്കുന്ന ദൈവികജ്ഞാനത്തിന്റെ ശ്രേഷ്ഠത തിരിച്ചറിയാനും അതു വിലമതിക്കാനും സഹായിക്കുന്ന വിധത്തിൽ അതിലേക്കു ശ്രദ്ധ ക്ഷണിക്കുക. ബൈബിളിലുള്ള നമ്മുടെ വിശ്വാസം കാണുമ്പോൾ, നാം വായിക്കുന്ന തിരുവെഴുത്തുകൾക്ക് അടുത്ത ശ്രദ്ധനൽകാൻ ശ്രോതാക്കളും പ്രേരിതരായേക്കും. (എബ്രാ. 4:12) നമുക്ക് ഒരുപക്ഷേ ഇങ്ങനെ പറയാം: “ഇതേക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം മനസ്സിലാക്കിയത് എനിക്കു പ്രയോജനം ചെയ്തിട്ടുണ്ട്. അവന്റെ വചനം ഇതു സംബന്ധിച്ച് എന്തു പറയുന്നുവെന്നു നോക്കാം.” സാധ്യമായിരിക്കുമ്പോഴെല്ലാം ദൈവവചനത്തിൽനിന്ന് നേരിട്ടു വായിച്ചുകേൾപ്പിക്കുക; അങ്ങനെ തിരുവെഴുത്തുകൾ അവരോടു സംസാരിക്കട്ടെ.
3. ഒരു തിരുവെഴുത്തു വായിച്ചിട്ട് അതിന്റെ അർഥം മനസ്സിലാക്കാൻ ശ്രോതാവിനെ എങ്ങനെ സഹായിക്കാം?
3 രണ്ടാമത്, തിരുവെഴുത്തുകൾ വിശദീകരിക്കുക. ആദ്യമായി ഒരു വാക്യം വായിച്ചുകേൾക്കുമ്പോൾ പലർക്കും അത് മനസ്സിലായെന്നു വരില്ല. ചർച്ചചെയ്യുന്ന വിഷയവുമായി തിരുവെഴുത്തിനുള്ള ബന്ധം വിശദീകരിക്കേണ്ടത് മിക്കപ്പോഴും ആവശ്യമായിരുന്നേക്കാം. (ലൂക്കോ. 24:26, 27) ആ വിഷയത്തോടു ബന്ധപ്പെട്ട വാക്കുകൾ തിരുവെഴുത്തുകളിൽനിന്ന് ചൂണ്ടിക്കാണിക്കുക. ആശയം കൃത്യമായി മനസ്സിലാക്കിയെന്ന് ഉറപ്പുവരുത്തുന്നതിന് ഒരു ചോദ്യം ചോദിക്കുന്നത് സഹായകമായിരുന്നേക്കാം.—സദൃ. 20:5; പ്രവൃ. 8:30.
4. ബോധ്യംവരുത്തുംവിധം പഠിപ്പിക്കുന്നതിന് നാം മറ്റെന്തുകൂടി ചെയ്യണം?
4 തിരുവെഴുത്തുകളെ ആധാരമാക്കി ന്യായവാദം ചെയ്യുക: മൂന്നാമതായി, മനസ്സിനെയും ഹൃദയത്തെയും പ്രചോദിപ്പിക്കുംവിധം ന്യായവാദം ചെയ്യുക. വായിക്കുന്ന തിരുവെഴുത്ത് വീട്ടുകാരന്റെ വ്യക്തിജീവിതത്തിൽ എങ്ങനെ ബാധകമാകുന്നുവെന്നു കാണാൻ സഹായിക്കുക. തിരുവെഴുത്തുകളെ ആധാരമാക്കി ന്യായവാദം ചെയ്യുന്നത് ചിന്താഗതിക്കു മാറ്റംവരുത്താൻ ഒരു വ്യക്തിയെ പ്രചോദിപ്പിച്ചേക്കാം. (പ്രവൃ. 17:2-4; 19:8) ഉദാഹരണത്തിന്, സങ്കീർത്തനം 83:18 വായിച്ചശേഷം, ഒരാളുടെ പേര് അറിയുന്നത് ആ വ്യക്തിയുമായി ഉറ്റബന്ധം വളർത്തിയെടുക്കുന്നതിന് എത്ര അനിവാര്യമാണെന്നു മനസ്സിലാക്കാൻ സഹായിക്കുക. എന്നിട്ട്, ഒരുപക്ഷേ ഇങ്ങനെ ചോദിക്കാം: “ദൈവത്തിന്റെ പേര് അറിയുന്നത് നിങ്ങളുടെ പ്രാർഥന കൂടുതൽ അർഥവത്താക്കില്ലേ?” ഇങ്ങനെ തിരുവെഴുത്തുകൾ വ്യക്തിജീവിതത്തിൽ എങ്ങനെ ബാധകമാക്കാമെന്നു കാണിച്ചുകൊടുക്കുമ്പോൾ അവർ അവയുടെ പ്രായോഗികമൂല്യം തിരിച്ചറിയും. ഇത്തരത്തിൽ ദൈവവചനത്തിൽനിന്ന് നാം ബോധ്യംവരുത്തുംവിധം പഠിപ്പിക്കുന്നത് ജീവനുള്ള സത്യദൈവമായ യഹോവയുടെ ആരാധകരായിത്തീരാൻ ആത്മാർഥഹൃദയരെ പ്രേരിപ്പിക്കും.—യിരെ. 10:10.