പ്രസംഗിക്കാൻ സ്നേഹം നമ്മെ പ്രചോദിപ്പിക്കുന്നു
1 യഹോവയുടെ സാക്ഷികളായ നാം രാജ്യസന്ദേശം ഉത്സാഹത്തോടെ പ്രസംഗിക്കുന്നതിനു പേരുകേട്ടവരാണ്. (മത്താ. 24:14) ലോകവ്യാപകമായി 60 ലക്ഷത്തിലധികം പേർ ഈ വേലയിൽ ഏർപ്പെട്ടിരിക്കുന്നു; പുതിയവരും പ്രസംഗവേലയിൽ നമ്മോടു ചേരുന്നു. പ്രസംഗവേലയിൽ പങ്കെടുക്കുന്നവരുടെ അടിസ്ഥാനത്തിലാണ് സാക്ഷികളുടെ എണ്ണം കണക്കാക്കപ്പെടുന്നത്.
2 വെല്ലുവിളി നിറഞ്ഞ ഇത്തരം ഒരു നിയമനത്തിൽ സ്വമേധയാ ഏർപ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്താണ്? ആരെങ്കിലും നിർബന്ധിച്ചതിനാലോ ഭൗതിക നേട്ടങ്ങളാൽ വശീകരിക്കപ്പെട്ടതിനാലോ പ്രത്യേക സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടതിനാലോ അല്ല നാം ഈ വേല ചെയ്യുന്നത്. നാം ഈ വേലയ്ക്ക് അയോഗ്യരാണെന്ന ചിന്തയും ആളുകളുടെ പ്രതികൂല പ്രതികരണവും തുടക്കത്തിൽ നമ്മിൽ മിക്കവരെയും ഭയപ്പെടുത്തിയിരുന്നു. (മത്താ. 24:9) സുവാർത്താ പ്രസംഗത്തിനു നമ്മെ പ്രചോദിപ്പിക്കുന്നത് എന്താണെന്നു മിക്ക നിരീക്ഷകർക്കും മനസ്സിലാകുന്നില്ല. ഇതിൽ തുടരുന്നതിന് നമുക്ക് ശക്തമായ ഒരു പ്രേരക ഘടകം ഉണ്ടായിരിക്കണം.
3 സ്നേഹത്തിന്റെ ശക്തി: ‘നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും ആത്മാവോടും മനസ്സോടും ശക്തിയോടും കൂടെ സ്നേഹിക്കേണം’ എന്നു പ്രസ്താവിച്ചപ്പോൾ, ഏറ്റവും മുഖ്യ കൽപ്പന ഏതാണെന്ന് യേശു വ്യക്തമാക്കുകയുണ്ടായി. (മർക്കൊ. 12:30) യഹോവയോടുള്ള നമ്മുടെ സ്നേഹം, അവന്റെ വ്യക്തിത്വവും സ്ഥാനവും സംബന്ധിച്ച വിലമതിപ്പിന്റെ ആഴമായ ബോധ്യത്തിൽ വേരൂന്നിയതാണ്. അവൻ ‘മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യനായ’ അഖിലാണ്ഡ ഭരണാധിപനും സകലത്തിന്റെയും സ്രഷ്ടാവും ആണെന്ന ബോധ്യമാണ് അത്. (വെളി. 4:11) അവന്റെ മഹത്തായ ഗുണങ്ങൾ അതുല്യമാണ്.—പുറ. 34:6, 7.
4 യഹോവയെ സംബന്ധിച്ച അറിവും അവനോടുള്ള സ്നേഹവും ആളുകളുടെ മുമ്പാകെ നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. (മത്താ. 5:16) നാം പരസ്യമായി അവനെ സ്തുതിക്കുകയും അവന്റെ വിസ്മയ പ്രവൃത്തികളെക്കുറിച്ച് സംസാരിക്കുകയും അവന്റെ രാജ്യത്തെ കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ നമ്മുടെ വെളിച്ചം പ്രകാശിക്കുന്നു. ആകാശമധ്യേ പറക്കുന്ന ദൂതനെപ്പോലെ നമ്മുടെ പക്കൽ, “സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ . . . ഒരു നിത്യസുവിശേഷം” ഉണ്ട്. (വെളി. 14:6) ലോകവ്യാപക പ്രസംഗവേലയുടെ പിന്നിലുള്ള പ്രേരകശക്തി സ്നേഹമാണ്.
5 അവഗണിച്ചു കളയേണ്ട “ഭോഷത്വ”മായിട്ടാണ് ലോകം നമ്മുടെ പ്രസംഗത്തെ വീക്ഷിക്കുന്നത്. (1 കൊരി. 1:18) നമ്മുടെ വേലയെ അടിച്ചമർത്താൻ വിപുലമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, അപ്പൊസ്തലന്മാരെപ്പോലെ പ്രഖ്യാപിക്കാൻ നമ്മുടെ വിശ്വസ്ത സ്നേഹം നമ്മെ പ്രേരിപ്പിച്ചിരിക്കുന്നു: “ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല. . . . മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” (പ്രവൃ. 4:20; 5:29) എതിർപ്പ് ഉണ്ടായിട്ടും പ്രസംഗവേല ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു.
6 യഹോവയോടുള്ള നമ്മുടെ സ്നേഹം കത്തുന്ന തീ പോലെയാണ്. അവന്റെ സദ്ഗുണങ്ങളെ ഘോഷിക്കാൻ അതു നമുക്കു പ്രചോദനമേകുന്നു. (യിരെ. 20:9; 1 പത്രൊ. 2:9) നാം തുടർന്നും ‘അവന്റെ പ്രവൃത്തികളെ അറിയിക്കും. അവൻ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു’!—യെശ. 12:4, 5.