മാതാപിതാക്കളേ—നിങ്ങളുടെ കുട്ടികളെ ശൈശവം മുതൽ പരിശീലിപ്പിക്കുക
1 “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” (സദൃ. 22:6) മാതാപിതാക്കളേ, കുട്ടികൾ സത്യത്തിന്റെ വഴി ‘വിട്ടുമാറാൻ’ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ എപ്പോഴാണ് ആ പരിശീലനം തുടങ്ങേണ്ടത്? ശൈശവത്തിൽത്തന്നെ!
2 തിമൊഥെയൊസിന്റെ ആത്മീയ വിദ്യാഭ്യാസം “ശൈശവം മുതൽ” ആയിരുന്നുവെന്ന് പൗലൊസ് പറഞ്ഞപ്പോൾ, ഒരു കൈക്കുഞ്ഞായിരുന്ന അവസ്ഥയിൽത്തന്നെ അതു തുടങ്ങി എന്നാണ് അവൻ അർഥമാക്കിയത്. (2 തിമൊ. 3:14, 15, NW) തത്ഫലമായി, തിമൊഥെയൊസ് വളരെ മികച്ച ഒരു ആത്മീയ പുരുഷനായി വളർന്നുവന്നു. (ഫിലി. 2:19-22) മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളും ‘യഹോവയുടെ സന്നിധിയിൽ വളർന്നുവരുന്നതിന്’ അവർക്ക് ആവശ്യമായ പരിശീലനം നിങ്ങൾ “ശൈശവം മുതൽ” തന്നെ കൊടുത്തു തുടങ്ങണം.—1 ശമൂ. 2:21.
3 അവർക്കു വളരാൻ ആവശ്യമായ ജലം നൽകുക: ഒരു വൻ വൃക്ഷമായി വളരുന്നതിന് ഒരു വൃക്ഷത്തൈക്കു നിരന്തരം വെള്ളം ആവശ്യമായിരിക്കുന്നതു പോലെ, എല്ലാ പ്രായത്തിൽപ്പെട്ട കുട്ടികളും പക്വതയുള്ള ദൈവദാസരായി വളരുന്നതിന് അവർ ബൈബിൾ സത്യമാകുന്ന ജലത്തിൽ കുതിരേണ്ടതുണ്ട്. കുട്ടികളെ സത്യം പഠിപ്പിക്കുന്നതിനും യഹോവയുമായി ഒരു ഉറ്റ ബന്ധം സമ്പാദിക്കാൻ അവരെ സഹായിക്കുന്നതിനും ഉള്ള മുഖ്യ വിധം ക്രമമായ കുടുംബ ബൈബിൾ അധ്യയനം ഉണ്ടായിരിക്കുക എന്നതാണ്. എന്നാൽ മാതാപിതാക്കളേ, ഓരോ കുട്ടിയുടെയും ശ്രദ്ധാദൈർഘ്യം കണക്കിലെടുക്കുക. കൊച്ചുകുട്ടികളുടെ കാര്യത്തിൽ, ഏതാനും ദീർഘസമയ പ്രബോധന പരിപാടിയെക്കാൾ ഫലപ്രദമായിരിക്കുന്നത് കൂടെക്കൂടെയുള്ള ഹ്രസ്വസമയ പ്രബോധന പരിപാടി ആയിരിക്കും.—ആവ. 11:18, 19.
4 പഠിക്കാനുള്ള നിങ്ങളുടെ കുട്ടിയുടെ പ്രാപ്തിയെ ഒരിക്കലും താഴ്ത്തി മതിക്കരുത്. ബൈബിൾ കഥാപാത്രങ്ങളെ കുറിച്ചുള്ള കഥകൾ അവരോടു പറയുക. ബൈബിൾ രംഗങ്ങളുടെ ചിത്രങ്ങൾ വരയ്ക്കാനോ ബൈബിൾ സംഭവങ്ങൾ അഭിനയിക്കാനോ അവരോട് ആവശ്യപ്പെടുക. നമ്മുടെ വീഡിയോകളും ബൈബിൾ നാടകങ്ങൾ ഉൾപ്പെടെയുള്ള ഓഡിയോ കാസെറ്റുകളും നന്നായി ഉപയോഗപ്പെടുത്തുക. കുടുംബ അധ്യയനത്തെ കുട്ടികളുടെ പ്രായത്തിനും പഠന പ്രാപ്തിക്കും അനുയോജ്യമാക്കുക. ആദ്യ പരിശീലനം പ്രാഥമികവും ചെറിയ തോതിലുള്ളതും ആയിരിക്കും; എന്നാൽ കുട്ടി വളരുന്നതനുസരിച്ച് അവന്റെ പരിശീലനം വിപുലവും പുരോഗമനാത്മകവും ആയിരിക്കണം. ബൈബിൾ പ്രബോധനങ്ങളെ ജീവസ്സുറ്റതും വ്യത്യസ്തതയുള്ളതും ആക്കുക. നിങ്ങളുടെ കുട്ടി വചനത്തോട് “വാഞ്ഛ” വളർത്തിയെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു, അതുകൊണ്ട് അധ്യയനം കഴിയുന്നത്ര ആസ്വാദ്യമാക്കുക.—1 പത്രൊ. 2:3.
5 സഭാപ്രവർത്തനങ്ങളിൽ അവരെ ഉൾപ്പെടുത്തുക: കുട്ടികൾ സഭാപരിപാടികളിൽ പൂർണമായി ഉൾപ്പെടാൻ തക്കവണ്ണം അവർക്കു വേണ്ടി പുരോഗമനാത്മകമായ ലക്ഷ്യങ്ങൾ വെക്കുക. എന്തായിരിക്കണം അവരുടെ ആദ്യ ലക്ഷ്യം? രണ്ടു കൊച്ചു കുട്ടികളുള്ള മാതാപിതാക്കൾ ഇപ്രകാരം പറഞ്ഞു: “രണ്ടു കുട്ടികൾക്കും രാജ്യഹാളിൽ ശാന്തരായി ഇരിക്കാനുള്ള പരിശീലനം നൽകാൻ തുടങ്ങി.” പിന്നീട്, സ്വന്തം വാചകത്തിൽ അഭിപ്രായങ്ങൾ പറയുന്നതിനു കുട്ടികളെ സഹായിക്കുക. അതിനുശേഷം ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർ ചാർത്തുക എന്ന ലക്ഷ്യം അവരുടെ മുമ്പാകെ വെക്കുക. വയൽസേവനത്തിൽ, വീട്ടുവാതിൽക്കൽ ഒരു ലഘുലേഖ നൽകുന്നതും ഒരു വാക്യം വായിക്കുന്നതും ഒരു മാസികാവതരണം നടത്തുന്നതും വീട്ടുകാരനെ അർഥവത്തായ ഒരു സംഭാഷണത്തിൽ ഉൾപ്പെടുത്തുന്നതും മറ്റും എത്തിപ്പിടിക്കാവുന്ന നല്ല ലക്ഷ്യങ്ങളാണ്.
6 ഉത്സാഹപൂർവകമായ മാതൃക വെക്കുക: നിങ്ങൾ ദൈനംദിനം യഹോവയെ കുറിച്ചു സംസാരിക്കുന്നതും അവനോടു പ്രാർഥിക്കുന്നതും നിങ്ങളുടെ കുട്ടികൾ കേൾക്കുന്നുണ്ടോ? നിങ്ങൾ അവന്റെ വചനം പഠിക്കുന്നതും യോഗങ്ങൾക്കു ഹാജരാകുന്നതും വയൽശുശ്രൂഷയിൽ പങ്കെടുക്കുന്നതും ദൈവേഷ്ടം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്നതും അവർ കാണുന്നുണ്ടോ? (സങ്കീ. 40:8) അവർ ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നതും നിങ്ങൾ ഒത്തൊരുമിച്ച് ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നതും മർമപ്രധാനമാണ്. ആറു മക്കളെ വിശ്വസ്ത സാക്ഷികളായി വളർത്തിക്കൊണ്ടുവന്ന ഒരു മാതാവിനെ കുറിച്ച് അവരുടെ മുതിർന്ന ഒരു മകൾ പറഞ്ഞു: “അമ്മയുടെ ആ നല്ല മാതൃകയാണു ഞങ്ങളിൽ ഏറ്റവും അധികം മതിപ്പുളവാക്കിയത്—അതു വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിച്ചു.” നാലു മക്കളുള്ള ഒരു മാതാവ് ഇപ്രകാരം പറഞ്ഞു: “‘യഹോവയ്ക്കാണ് ഒന്നാം സ്ഥാനം’ എന്നതു കേവലമൊരു പല്ലവി മാത്രമായിരുന്നില്ല, ഞങ്ങൾ ജീവിച്ച രീതിയായിരുന്നു അത്.”
7 മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളെ ദൈവവചനത്തിൽനിന്നു സത്യം പഠിപ്പിച്ചുകൊണ്ടും പുരോഗമനാത്മകമായ ലക്ഷ്യങ്ങൾ അവർക്കു വേണ്ടി വെച്ചുകൊണ്ടും നിങ്ങൾതന്നെ ഏറ്റവും മെച്ചപ്പെട്ട മാതൃകയായി വർത്തിച്ചുകൊണ്ടും അവരെ എത്രയും ചെറുപ്പത്തിലേ തന്നെ പരിശീലിപ്പിക്കാൻ തുടങ്ങുക. അതു നിങ്ങൾക്കു സന്തുഷ്ടി കൈവരുത്തും!