നല്ല ശുശ്രൂഷകരായിത്തീരാൻ കുട്ടികളെ പരിശീലിപ്പിക്കുക
1. സങ്കീർത്തനം 148:12, 13-ലെ വാക്കുകൾ എന്തു ചെയ്യാനാണ് മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നത്?
1 തന്നെ സ്തുതിക്കാൻ കുട്ടികളെ ക്ഷണിക്കുകയാണ് യഹോവ. (സങ്കീ. 148:12, 13) അതുകൊണ്ടാണ് ക്രിസ്തീയ മാതാപിതാക്കൾ മക്കളെ ബൈബിൾ സത്യങ്ങളും ദൈവത്തിന്റെ ധാർമികതത്ത്വങ്ങളും പഠിപ്പിക്കുന്നതു കൂടാതെ സുവാർത്തയുടെ ശുശ്രൂഷകരായിരിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യുന്നത്. മാതാപിതാക്കൾക്ക് ഇത് എങ്ങനെ ചെയ്യാനാകും?
2. മാതാപിതാക്കളുടെ നല്ല മാതൃക കുട്ടികളെ എങ്ങനെ സ്വാധീനിച്ചേക്കാം?
2 നല്ല മാതൃക: “ഞാൻ ചെയ്യുന്നതുനോക്കി അതുപോലെ ചെയ്വിൻ” എന്ന് ന്യായാധിപനായ ഗിദെയോൻ 300 പുരുഷന്മാരോട് പറയുകയുണ്ടായി. (ന്യായാ. 7:17) മാതാപിതാക്കൾ ചെയ്യുന്നതു നോക്കി അവരെ അനുകരിക്കാനാണ് കുട്ടികളുടെ പൊതുവെയുള്ള പ്രവണത. രാത്രിയിൽ ജോലിചെയ്യുന്ന ഒരു പിതാവിന്റെ കാര്യം ഉദാഹരണമായെടുക്കുക. ജോലി കഴിഞ്ഞ് ശനിയാഴ്ച രാവിലെ വീട്ടിലെത്തുമ്പോഴേക്കും അദ്ദേഹം നന്നേ ക്ഷീണിച്ചിരിക്കും. പക്ഷേ ഉറങ്ങി ക്ഷീണം തീർക്കുന്നതിനുപകരം അദ്ദേഹം കുട്ടികളെയും കൂട്ടി വയൽസേവനത്തിനു പോകും. ശുശ്രൂഷയുടെ പ്രാധാന്യം തന്റെ മക്കളെ പഠിപ്പിക്കുകയാണ് ഈ പിതാവ്; വാക്കിലൂടെയല്ല, തന്റെതന്നെ മാതൃകയിലൂടെ. (മത്താ. 6:33) നിങ്ങൾ ഉത്സാഹത്തോടെ യഹോവയെ ആരാധിക്കുന്നത് മക്കൾ കാണുന്നുണ്ടോ? പ്രാർഥിക്കുന്നതും ബൈബിൾ വായിക്കുന്നതും യോഗങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നതും പ്രസംഗവേലയിൽ പങ്കെടുക്കുന്നതുമൊക്കെ? കുട്ടികൾക്ക് തികവുറ്റ ഒരു മാതൃകവെക്കാൻ നിങ്ങൾക്കാവില്ല എന്നതു ശരിതന്നെ. പക്ഷേ ദൈവസേവനത്തിലെ നിങ്ങളുടെ തീക്ഷ്ണത അവർക്ക് ഗുണംചെയ്യും. എങ്ങനെ? യഹോവയെ ആരാധിക്കാൻ മക്കളെ പഠിപ്പിക്കാനായി നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളോട് നന്നായി പ്രതികരിക്കാൻ അത് അവരെ പ്രചോദിപ്പിക്കും.—ആവ. 6:6, 7; റോമ. 2:21, 22.
3. ഏതെല്ലാം ആത്മീയ ലക്ഷ്യങ്ങൾ വെക്കാനും കൈവരിക്കാനും മാതാപിതാക്കൾ മക്കളെ പ്രോത്സാഹിപ്പിക്കണം?
3 ലക്ഷ്യങ്ങൾ വെക്കുക: നടക്കാനും സംസാരിക്കാനും വസ്ത്രം ധരിക്കാനും ഒക്കെ ചെറുപ്പംമുതലേ മാതാപിതാക്കൾ കുട്ടികളെ പരിശീലിപ്പിക്കും. കുട്ടികൾ വളർച്ചയുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും മാതാപിതാക്കൾ അവർക്കായി പുതിയ ലക്ഷ്യങ്ങൾ വെക്കും. ക്രിസ്തീയ മാതാപിതാക്കളാണെങ്കിൽ, മക്കളുടെ പ്രായത്തിനും പ്രാപ്തിക്കും യോജിച്ച ആത്മീയ ലക്ഷ്യങ്ങൾ വെക്കാനും അവ കൈവരിക്കാനും അവരെ സഹായിക്കും. (1 കൊരി. 9:26) സ്വന്തവാക്കുകളിൽ ഉത്തരം പറയാനും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പ്രസംഗങ്ങൾ ലഭിക്കുമ്പോൾ സ്വന്തമായി തയ്യാറാക്കാനും നിങ്ങൾ മക്കളെ പഠിപ്പിക്കുന്നുണ്ടോ? (സങ്കീ. 35:18) ശുശ്രൂഷയുടെ വ്യത്യസ്ത മേഖലകളിൽ പങ്കുപറ്റാൻ നിങ്ങൾ അവരെ പരിശീലിപ്പിക്കുന്നുണ്ടോ? സമർപ്പിച്ചു സ്നാനമേൽക്കാനും മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാനുമുള്ള ലക്ഷ്യം വെക്കാൻ നിങ്ങൾ മക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? അവരെ പ്രോത്സാഹിപ്പിക്കാനായി തീക്ഷ്ണതയുള്ള രാജ്യഘോഷകരുമായി സഹവസിക്കാനുള്ള അവസരം നിങ്ങൾ അവർക്ക് ഒരുക്കിക്കൊടുക്കുന്നുണ്ടോ?—സദൃ. 13:20.
4. ശുശ്രൂഷകരായിത്തീരാൻ മക്കളെ ചെറുപ്പംമുതലേ പരിശീലിപ്പിക്കുന്നതിന്റെ പ്രയോജനമെന്ത്?
4 “ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു” എന്ന് സങ്കീർത്തനക്കാരൻ എഴുതി. (സങ്കീ. 71:17) ശുശ്രൂഷകരായിത്തീരാൻ ചെറുപ്പംമുതലേ കുട്ടികളെ പരിശീലിപ്പിക്കുക. ചെറുപ്പത്തിൽത്തന്നെ ഒരു ആത്മീയ അടിത്തറയിടാൻ നിങ്ങൾ അവരെ സഹായിക്കുന്നെങ്കിൽ ഭാവിയിൽ അത് അവർക്ക് പ്രയോജനംചെയ്യും, തീർച്ച!—സദൃ. 22:6.