നിങ്ങളുടെ സഭയ്ക്കു വലിയ പ്രദേശമാണോ ഉള്ളത്?
1 പുരാതന ഇസ്രായേലിലെ യെഹൂദ്യ നഗരങ്ങൾ മുതൽ ഗലീലയിലെ ഗ്രാമങ്ങൾ വരെയുള്ള വിസ്തൃതമായ പ്രദേശത്ത് യേശു സമഗ്രമായ ഒരു സാക്ഷ്യം നൽകി. (മർക്കൊ. 1:38, 39; ലൂക്കൊ. 23:5) നാമും കഴിയുന്നത്ര ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ ശ്രമിക്കണം. (മർക്കൊ. 13:10) എന്നിരുന്നാലും, ഇന്ത്യയിൽ ആകെയുള്ള പ്രദേശത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ സഭകൾക്കു നിയമിച്ചുകൊടുത്തിട്ടുള്ളൂ. അവിടങ്ങളിൽപ്പോലും സമഗ്രവും ക്രമീകൃതവുമായ വിധത്തിൽ ഇനിയും പ്രവർത്തിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടുതൽ ആളുകളുടെ അടുക്കൽ എത്തിച്ചേരുന്നതിന് നമുക്ക് എന്തു ചെയ്യാൻ കഴിയും?
2 ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യുക: സഭാപ്രദേശം 200 മുതൽ 300 വരെ മാത്രം വീടുകൾ അടങ്ങുന്ന മാപ്പുകളായി തിരിച്ചിട്ടുണ്ടെന്ന് സേവന മേൽവിചാരകനും സഭാപ്രദേശത്തിന്റെ ചുമതല വഹിക്കുന്ന സഹോദരനും ഉറപ്പുവരുത്താനാകും. മാത്രമല്ല, ഒരു വർഷംകൊണ്ടു പൂർണമായി പ്രവർത്തിച്ചു തീർക്കാവുന്നതിൽ കൂടുതൽ പ്രദേശം സഭയ്ക്കില്ല എന്നും അവർക്ക് ഉറപ്പു വരുത്താനാകും. ചില പ്രദേശങ്ങളിൽ യാഥാസ്ഥിതികരായ ആളുകൾ സാക്ഷീകരണ പ്രവർത്തനത്തെ തുടർച്ചയായി എതിർക്കുന്നുണ്ടെന്ന് അവർക്ക് അറിയാമെങ്കിൽ, ആ പ്രദേശങ്ങൾക്കു പകരമായി, ആർക്കും നിയമിച്ചുകൊടുത്തിട്ടില്ലാത്തതും സുവാർത്ത കേൾക്കാൻ താത്പര്യമുള്ള ആളുകൾ ഉള്ളതുമായ പ്രദേശങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. (ലൂക്കൊസ് 9:5, 6 താരതമ്യം ചെയ്യുക) എന്നാൽ അവർ വിവേചന ഉപയോഗിക്കണം. ഒരു പ്രദേശത്തെ ഒരു പ്രത്യേക വ്യക്തി മാത്രമാണ് കൂടെക്കൂടെ എതിർപ്പു പ്രകടമാക്കുന്നതെങ്കിൽ, പ്രദേശമാപ്പിൽ അയാളുടെ വീടോ ആ തെരുവോ “സന്ദർശിക്കരുത്” എന്നു രേഖപ്പെടുത്തിയിട്ട് ബാക്കിയുള്ള പ്രദേശത്ത് പ്രശ്നങ്ങൾക്ക് ഇടയാകാത്ത വിധം വിവേചനയോടെ പ്രവർത്തിക്കാവുന്നതാണ്.
3 വീടുതോറുമുള്ള ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാൻ മുഴു സഭയ്ക്കും പ്രോത്സാഹനം നൽകാവുന്നതാണ്. വയൽസേവനത്തിനുവേണ്ടി ഒരുക്കങ്ങൾ നടത്തുന്നതിനും വയൽസേവന യോഗത്തിനു ഹാജരാകുന്നതിനും പലപ്പോഴും കൂടുതൽ സമയം ആവശ്യമാണ്. ഈ ശ്രമമെല്ലാം ചെയ്തിട്ടും നമ്മുടെ അയൽക്കാരെ സന്ദർശിക്കാൻ ഒരു മണിക്കൂറോ അതിൽകുറഞ്ഞ സമയമോ മാത്രമേ ചെലവഴിക്കുന്നുള്ളുവെങ്കിൽ അത് എത്ര സങ്കടകരമാണ്. നമുക്കു ബൈബിൾ അധ്യയനങ്ങളോ മടക്കസന്ദർശനങ്ങളോ നടത്തേണ്ടതുണ്ടായിരിക്കാം. എന്നാൽ, നമ്മുടെ നിയമിത പ്രദേശത്ത് രണ്ടോ മൂന്നോ മണിക്കൂർ പ്രവർത്തിച്ചശേഷം അതിനുവേണ്ടി പോകാവുന്നതാണ്. വീടുകൾ ചെറുതും ആളുകൾ തിങ്ങിപ്പാർക്കുന്നതുമായ ഇടങ്ങളിൽ നൂറുകണക്കിന് ആളുകൾ ഉണ്ടായിരിക്കും. സുരക്ഷിതമാണെങ്കിൽ, അത്തരം പ്രദേശങ്ങളിൽ ഒറ്റയ്ക്കു പ്രവർത്തിക്കുന്നത് പ്രയോജനം ചെയ്യില്ലേ? സഹസാക്ഷിയുടെ കാഴ്ചയിൽനിന്നു മറയാതെ ഒറ്റയ്ക്കു പ്രവർത്തിക്കുന്നത് ഇരട്ടി പ്രദേശം പ്രവർത്തിച്ചുതീർക്കുന്നതിനും ഓരോ വീട്ടിലും വ്യക്തിപരമായി സാക്ഷീകരിക്കുന്നതിനും സഹായിക്കും.
4 ആവശ്യമായ ഭാഷയിലുള്ള സാഹിത്യം കൊണ്ടുപോകുന്നതും നല്ല ആസൂത്രണത്തിന്റെ ഭാഗമാണ്. വൻ നഗരങ്ങളിൽ ഓരോ പ്രദേശമാപ്പിലും ഭാഷകൾ കൂടെ രേഖപ്പെടുത്തേണ്ടത് ആവശ്യമായിരിക്കാം. അങ്ങനെയാകുമ്പോൾ, തങ്ങളുടെ കൂട്ടങ്ങൾ സേവനത്തിനു സുസജ്ജരാണെന്നു പുസ്തകാധ്യയന മേൽവിചാരകന്മാർക്ക് ഉറപ്പുവരുത്താനാകും.
5 പൂർണമായി സഹകരിക്കുക: വലിയ ഒരു പ്രദേശത്തു പ്രവർത്തിക്കാൻ സഭയിലെ മുഴു അംഗങ്ങളുടെയും സഹകരണം ആവശ്യമാണ്. നിങ്ങളുമായി സംസാരിക്കാൻ മനസ്സൊരുക്കമുള്ള ഒരു വീട്ടുകാരനെ കണ്ടുമുട്ടുന്നെങ്കിൽ, നല്ല വിവേചന ഉപയോഗിക്കണം. പ്രദേശത്തെ എല്ലാവരുടെയും അടുക്കൽ ചെല്ലേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് എല്ലായ്പോഴും ബോധവാനായിരിക്കുകയും നിങ്ങളുടെ വയൽസേവന കൂട്ടത്തിൽ കാത്തുനിൽക്കുന്ന മറ്റുള്ളവരോടു പരിഗണനയുള്ളവർ ആയിരിക്കുകയും ചെയ്യുക. താത്പര്യമുള്ള വ്യക്തിയുമായി നീണ്ട ഒരു ചർച്ച നടത്താൻ ആഗ്രഹിക്കുന്നെങ്കിൽ, കൂട്ടത്തിലെ മറ്റുള്ളവർ കാത്തുനിന്നു സമയം കളയാതിരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യരുതോ?
6 താത്പര്യം കാണിച്ച എല്ലാവരുടെയും അടുക്കൽ മടങ്ങിച്ചെല്ലാനുള്ള സുനിശ്ചിത ക്രമീകരണങ്ങൾ ചെയ്യുക. താത്പര്യക്കാരന്റെ മേൽവിലാസത്തിനു പുറമേ, അദ്ദേഹത്തിന്റെ ഫോൺ നമ്പരും വാങ്ങാൻ ശ്രമിക്കുക. അങ്ങനെയാകുമ്പോൾ ടെലിഫോണിലൂടെ കൂടുതലായ സാക്ഷ്യം നൽകാൻ കഴിയും. റോഡുകൾക്കു പേരോ വീടുകൾക്കു നമ്പരോ ഇല്ലെങ്കിൽ, മടക്കസന്ദർശനം നടത്തുന്നതിനു താത്പര്യമുള്ള വ്യക്തിയെ എങ്ങനെ കണ്ടുപിടിക്കാനാകും എന്നു കാണിക്കുന്ന ഒരു രേഖാ ചിത്രം ശ്രദ്ധാപൂർവം തയ്യാറാക്കുകയോ വിശദമായ ഒരു കുറിപ്പ് എഴുതിവെക്കുകയോ ചെയ്യുക.
7 “ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ” എന്ന യേശുവിന്റെ നിർദേശം നിറവേറ്റാനുള്ള എത്ര മഹത്തായ പദവിയാണ് നമുക്കുള്ളത്! (മത്താ. 10:11) ഏറ്റവും പ്രതിഫലദായകമായ ഈ വേലയിൽ നിങ്ങൾ മനസ്സോടെ ഏർപ്പെടുമ്പോൾ യഹോവ നിങ്ങളുടെ ശ്രമങ്ങളെ തീർച്ചയായും അനുഗ്രഹിക്കും!