ഭവനങ്ങളിൽ ആളില്ലാത്തപ്പോൾ
1. വീടുതോറുമുള്ള വേലയിൽ ഏർപ്പെടുമ്പോൾ പൊതുവേ ഏതു പ്രശ്നം നേരിടുന്നു?
1 മിക്ക സ്ഥലങ്ങളിലും ആളുകളെ വീട്ടിൽ കണ്ടെത്തുക എന്നത് ഒന്നിനൊന്നു പ്രയാസമായിക്കൊണ്ടിരിക്കുന്നു. ഈ “ദുർഘടസമയങ്ങ”ളിൽ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി അനേകർക്കും ദീർഘനേരം ജോലിചെയ്യേണ്ടിവരുന്നു. (2 തിമൊ. 3:1) ചിലർ സാധനങ്ങൾ വാങ്ങുന്നതിനോ ഉല്ലാസങ്ങൾക്കോ വേണ്ടി എവിടെയെങ്കിലും പോയിരിക്കുകയാകാം. അത്തരത്തിലുള്ളവരുടെ പക്കൽ നാം എങ്ങനെയാണു സുവാർത്ത എത്തിക്കുക?
2. ആളില്ലാഭവനങ്ങൾ വിട്ടുകളയുന്നില്ലെന്ന് നമുക്കെങ്ങനെ ഉറപ്പുവരുത്താം?
2 കൃത്യമായ രേഖ സൂക്ഷിക്കുക: ആളില്ലാഭവനങ്ങൾ ഏതൊക്കെയാണെന്നു കുറിച്ചുവെക്കുന്നതാണ് ആദ്യപടി. കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശമാണ് നിങ്ങളുടേതെങ്കിൽ ഇത് വിശേഷാൽ പ്രാധാന്യമർഹിക്കുന്നു. തെരുവിന്റെ പേര്, പ്രദേശത്തിന്റെ നമ്പർ, നിങ്ങളുടെ പേര്, തീയതി എന്നിവ നിങ്ങൾ എഴുതിവെക്കാറുണ്ടോ? നിങ്ങളോ മറ്റൊരു പ്രസാധകനോ ആളില്ലാഭവനങ്ങൾ സന്ദർശിക്കാൻ മടങ്ങിച്ചെല്ലുമ്പോൾ കൂടുതൽ വിവരങ്ങൾ എഴുതുന്നതിനായി വീടുതോറുമുള്ള രേഖയിൽ ആവശ്യത്തിന് സ്ഥലമിടുക. വയൽസേവനത്തിന്റെ ഒടുവിൽ ഇത് ആ പ്രദേശം നിയമിച്ചുകിട്ടിയിരിക്കുന്ന സഹോദരനെ ഏൽപ്പിക്കുക. എന്നാൽ ആളില്ലാഭവനങ്ങളിൽ മടങ്ങിച്ചെല്ലാൻ ആ സഹോദരൻ നിങ്ങളെ അനുവദിക്കുന്നപക്ഷം ഈ രേഖ അദ്ദേഹത്തെ ഏൽപ്പിക്കേണ്ടതില്ല. ആ പ്രദേശത്തു കണ്ടുമുട്ടിയ ഏതെങ്കിലും താത്പര്യക്കാരെ നിങ്ങൾതന്നെ സന്ദർശിക്കാനാഗ്രഹിക്കുന്നെങ്കിൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ മറ്റൊരു ഷീറ്റിൽ കുറിച്ചുവെക്കുക.
3. ആളില്ലാഭവനങ്ങളിൽ സാക്ഷ്യം നൽകുന്നതിനുള്ള ചില മാർഗങ്ങൾ ഏവ?
3 മറ്റൊരു സമയത്തു സന്ദർശിക്കുക: ജോലിദിവസങ്ങളിൽ പകൽസമയത്തു വീട്ടിൽ ഇല്ലാതിരുന്ന ചിലർ വൈകുന്നേരത്തോ വാരാന്തത്തിലോ വീട്ടിൽ കണ്ടെന്നുവരാം. അതുകൊണ്ട് അത്തരമൊരു സമയത്ത് അവരെ സന്ദർശിക്കാൻ നിങ്ങൾക്കു സാധിക്കുമോ? (1 കൊരി. 10:24) നിങ്ങൾക്ക് അതിനു കഴിയുന്നില്ലെങ്കിൽ, മറ്റൊരു സമയത്ത് അവരെ സന്ദർശിക്കാൻ സാധിക്കുന്ന ഒരു പ്രസാധകനെ ആ രേഖ ഏൽപ്പിക്കാനാകും. അല്ലെങ്കിൽ, ഒരുപക്ഷേ നിങ്ങൾക്കു കത്തിലൂടെയോ ടെലിഫോണിലൂടെയോ അവരുമായി ബന്ധപ്പെടാൻ കഴിയും. വീടുതോറുമുള്ള സേവനത്തിലേർപ്പെടാൻ പ്രയാസമനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഈ വിധത്തിൽ നിങ്ങളെ സഹായിക്കാൻ സന്തോഷമുള്ളവരായിരിക്കും.
4. ആളില്ലാഭവനങ്ങളിൽ മടങ്ങിച്ചെല്ലേണ്ടത് എത്ര പ്രാധാനമാണെന്നു ദൃഷ്ടാന്തീകരിക്കുക.
4 വീട്ടിൽ കണ്ടുമുട്ടാൻ സാധിക്കാത്തവരുമായി ബന്ധപ്പെടേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കുന്നതാണ് പിൻവരുന്ന സംഭവം. പ്രസാധകർ പലപ്രാവശ്യം ഒരു വീടു സന്ദർശിച്ചെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ അതിനു സാധിച്ചു—മൂന്നു വർഷത്തിനുശേഷം! ഈ വീട്ടുകാരി മറ്റൊരു സ്ഥലത്തായിരുന്നപ്പോൾ ബൈബിൾ പഠിക്കാൻ തുടങ്ങിയിരുന്നു; അതു തുടരുന്നതിനായി സാക്ഷികൾ വരുന്നതും കാത്തിരിക്കുകയായിന്നു ഇക്കാലമത്രയും.
5. ഒരു പ്രദേശം പ്രവർത്തിച്ചു തീർന്നതായി കണക്കാക്കുന്നത് എപ്പോൾ?
5 പ്രദേശം പ്രവർത്തിച്ചു തീർക്കുക: ഒരു പ്രദേശം പ്രവർത്തിച്ചു തീർന്നതായി കണക്കാക്കുന്നത് എപ്പോഴാണ്? ഓരോ ഭവനത്തിലെയും ആരെയെങ്കിലുമായി ബന്ധപ്പെടുന്നതിന് ന്യായമായ ശ്രമം ചെയ്തുകഴിഞ്ഞാൽ സാധാരണഗതിയിൽ ആ പ്രദേശം പ്രവർത്തിച്ചു തീർന്നതായി കണക്കാക്കാം. ആളില്ലാഭവനങ്ങളിൽ, മറ്റാരും ശ്രദ്ധിക്കാത്തവിധം ഒരു ലഘുലേഖയോ പഴയ മാസികയോ വെക്കുന്നത് നന്നായിരിക്കും, പ്രത്യേകിച്ച് കൂടെക്കൂടെ പ്രവർത്തിക്കാത്ത പ്രദേശമാണെങ്കിൽ. നാലു മാസത്തിനുള്ളിൽ പ്രദേശം പ്രവർത്തിച്ചു തീർക്കണം. തുടർന്ന് സഭാ രേഖകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി അത് പ്രദേശദാസനെ തിരിച്ചേൽപ്പിക്കുക.
6. നമ്മുടെ പ്രദേശത്തെ എല്ലാവരുടെയും പക്കൽ സുവാർത്ത എത്തിക്കാൻ നാം ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
6 യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിന് കഴിയുന്നത്ര ആളുകളെ സഹായിക്കാനും അങ്ങനെ അവരെ രക്ഷയിലേക്കു നയിക്കാനുമാണ് നാം ആഗ്രഹിക്കുന്നത്. (റോമർ 10:13, 14) നാം സന്ദർശിക്കുമ്പോൾ വീട്ടിൽ ഇല്ലാത്തവരും ഇതിൽപ്പെടുന്നു. അപ്പൊസ്തലനായ പൗലൊസിനെപ്പോലെ, “ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം” [“സമഗ്രസാക്ഷ്യം,” NW] നൽകുക എന്നതായിരിക്കട്ടെ നിങ്ങളുടെയും ആഗ്രഹം.—പ്രവൃ. 20:24.